കൃതികയുടെ വാക്കുകൾ ഒരു വെളിപാട് പോലെയാണ് ഞങ്ങളിൽ വന്നു പതിച്ചത്.
അവൾ തുടർന്നു…
“പിന്നീട് ഞാൻ വെറുതെ ഇരിക്കുകയായിരുന്നില്ല. ഓരോ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ സ്വയം തേടുകയായിരുന്നു. കാര്യങ്ങൾ കുറച്ചൊക്കെ വ്യക്തമായി വരുന്നുണ്ടായിരുന്നെങ്കിലും, പൂർണ്ണമായ ഒരു ചിത്രം എനിക്ക് കിട്ടിയിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് കുറച്ചുദിവസം മുൻപ് ഞാൻ ദേവയോട് ആ സംശയം ചോദിച്ചത്… ലൂപ്പുകൾ എങ്ങനെയാണ് റീസെറ്റ് ആവുക? എന്ന്.”
“പക്ഷേ അപ്പോഴേക്കും അവൻ അതിനുള്ള ഉത്തരം കണ്ടെത്തിയിരുന്നു.
അവനറിയാവുന്ന കാര്യങ്ങളെല്ലാം അവൻ എന്നോട് പങ്കുവെച്ചു. അപ്പോഴാണ് ഏകദേശം
കാര്യങ്ങളുടെ കിടപ്പ് എനിക്ക് പിടികിട്ടിയത്.”
അവൾ നിധിയെയും ആമിയെയും നോക്കിക്കൊണ്ട് പറഞ്ഞു.
“നിധിയും ആമിയും പറഞ്ഞതനുസരിച്ച്, അവരിപ്പോൾ തന്നെ ചുരുങ്ങിയത് ഒരു നാലുവട്ടമെങ്കിലും മരിച്ചു പുനർജനിച്ചിട്ടുണ്ടാകും. മാത്രമല്ല, നമ്മൾ ഒന്നും ചെയ്യാതെ ഇരുന്നാൽ പോലും, നിശ്ചിത സമയം കഴിയുമ്പോൾ ഈ ലൂപ്പ് താനേ അവസാനിക്കും എന്നും എനിക്ക് മനസ്സിലായി.”
അവൾ എല്ലാവരെയും ഒന്ന് ഉറ്റുനോക്കി. ശബ്ദം അല്പം താഴ്ത്തി, എന്നാൽ ഗൗരവത്തോടെ അവൾ പറഞ്ഞു:
“ഈ കാര്യങ്ങളെല്ലാം കൂട്ടിവായിച്ചപ്പോൾ ഞാൻ എത്തിയത് ഒരേയൊരു ഉത്തരത്തിലാണ്. അന്ന് ട്രെയിനിൽ വെച്ച് ആ ലാപ്ടോപ്പിലെ ഫോട്ടോയിൽ ഞാൻ കണ്ടത് ഒരൊറ്റ അഗ്നിവലയം മാത്രമായിരുന്നു. അതിന്റെ അർത്ഥം… ബാക്കിയുള്ള നാല് വലയങ്ങളും ഇതിനോടകം നശിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണ്! ഓരോ വലയം നശിക്കുമ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്ന ലൂപ്പ് അവസാനിക്കുകയും, അതൊരു പുതിയ ജീവിതത്തിന്റെ തുടക്കമായി മാറുകയും ചെയ്യുന്നു.”
അവളുടെ വാക്കുകൾ ഞങ്ങളുടെ നെഞ്ചിൽ ആഞ്ഞടിച്ചു.
“എന്റെ കണക്കുകൂട്ടലുകൾ ശരിയാണെങ്കിൽ… ഇനി നമുക്ക് മുന്നിലുള്ളത് ഒരൊറ്റ അവസരം മാത്രമാണ്. കാരണം, ഇനി അവശേഷിക്കുന്നത് ആ ഒരൊറ്റ അഗ്നിവലയം മാത്രമാണ്. ഒരുപക്ഷേ, ഈ തവണ കൂടി നമ്മൾ പരാജയപ്പെട്ടാൽ… ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ല. എല്ലാം അവിടെ അവസാനിക്കും.”
ഒരു നിമിഷം അവൾ നിശബ്ദയായി.
“ഇത്രയൊക്കെ കാര്യങ്ങൾ ഞാൻ ചിന്തിച്ചു കൂട്ടിയിരുന്നെങ്കിലും, അതെല്ലാം ഒന്ന് ഉറപ്പിക്കാൻ എനിക്ക് ശക്തമായൊരു തെളിവ് വേണമായിരുന്നു. ആ തെളിവ് തേടിയാണ് ഞാൻ ഇന്നലെ രാത്രി ആ ഗുഹയിലേക്ക് പോയത്. ഇന്നലെ തന്നേ പോവാനും ഒരു കാരണമുണ്ടായിരുന്നു.ഇന്നലെ പൗര്ണമിയായിരുന്നു…ചന്ദ്രൻ അതിന്റെ പൂർണ ഭംഗി കാണിക്കുന്ന ദിവസം….
ഗുഹക്കുള്ളിലോട്ട് പോയിനോക്കാനായിരുന്നു പ്ലാൻ പക്ഷേ… കാര്യങ്ങൾ കൈവിട്ടുപോയി, അവിടെ നടന്നതെന്താണെന്ന് നിങ്ങൾക്കും ഇപ്പോൾ അറിയാമല്ലോ…. അതോട് കൂടി എനിക്ക് വീണ്ടും ഒരു കാര്യം മനസ്സിലായി എല്ലാ പൗർണമി ദിവസങ്ങളിലും അവർ അവിടേ വന്ന് പോകുന്നുണ്ട്, വലയങ്ങൾ നശിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്….. ”
അവൾ ഒന്ന് ദീർഘശ്വാസം വിട്ടു.
“ഇപ്പോൾ ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ നൂറ് ശതമാനം സത്യമാണോ എന്ന് ചോദിച്ചാൽ… എനിക്കതിന് പൂർണ്ണമായി ഉത്തരം നൽകാൻ കഴിയില്ല. പക്ഷേ ഒന്നുണ്ട്… ഇന്നുവരെ എന്റെ കണ്ടെത്തലുകൾ തെറ്റിയിട്ടില്ല.”
അവളുടെ ആ വാക്കുകളിലെ ഉറപ്പ്… അതായിരുന്നു ഞങ്ങളെ ഏറ്റവുമധികം ഭയപ്പെടുത്തിയത്. കാരണം കൃതിക പറയുന്നത് സത്യമാണെങ്കിൽ, ഞങ്ങൾ നിൽക്കുന്നത് ഒരു വലിയ ഗർത്തത്തിന് തൊട്ടരികിലാണ്. തെറ്റായ ഒരൊറ്റ കാൽവെപ്പ് മതി, എല്ലാം അവസാനിക്കാൻ…..
******************
ശക്തികുറഞ്ഞെങ്കിലും മഴ ഇപ്പോഴും നിർത്താതെ പെയ്യുന്നുണ്ട്….
എന്ത് പറയണം എന്ത് ചെയ്യണം എന്നറിയുന്നില്ല….
ആ ഹാളിൽ ഞങ്ങളെല്ലാവരും താടിക്ക് കയ്യും കൊടുത്ത് ഒരേ ഇരിപ്പാണ്. മനസ്സിലാണെങ്കിൽ അവൾ പറഞ്ഞ കാര്യങ്ങളും അത് ഉണ്ടാക്കിയ അലയൊലികളും മാത്രം….
