അപ്പോഴേക്കും സീറ്റിലിരുന്ന ആ വയോധിക മെല്ലെ എഴുന്നേറ്റു.
അവർ എന്റെ നേർക്ക് നടന്നടുത്തപ്പോൾ ട്രെയിൻ വല്ലാതെ ആടിയുലയുന്നുണ്ടായിരുന്നു.
പക്ഷേ, അവർക്ക് മാത്രം ഒരു കുലുക്കവുമുണ്ടായിരുന്നില്ല. വായുവിൽ ഒഴുകി വരുന്നതുപോലെ അവർ എന്റെ തൊട്ടടുത്ത് വന്നിരുന്നു.
എന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട്, ചുളിവ് വീണ ആ കൈകൾ ഉയർത്തി അവർ എന്റെ മുടിയിൽ മെല്ലെ തഴുകി.
കൈ തട്ടിമാറ്റണമെന്നുണ്ടായിരുന്നെങ്കിലും എന്തോ എനിക്കതിന് കഴിഞ്ഞില്ല…
പുറത്തെ മഴയുടെ ഇരമ്പലിനെക്കാളും ഗാംഭീര്യമുള്ള ശബ്ദത്തിൽ അവർ എന്തോ പിറുപിറുക്കാൻ തുടങ്ങി.
ആദ്യം എനിക്കൊന്നും വ്യക്തമായില്ല. പക്ഷേ, പിന്നീട് ആ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി…
“എന്താ അവർ പറഞ്ഞത്…. ”
രാഹുൽ കൃതികയോട് ചോദിച്ചു….
കൃതിക ഞങ്ങളെ എല്ലാവരെയും കുറച്ചു നേരം നോക്കിയിരുന്നു…
“””””””പ്രകാശത്തിനു വേണ്ടി ദാഹിക്കുന്ന ദേവഗണങ്ങളും… അന്ധകാരത്തിൽ ശക്തി തേടുന്ന അസുരന്മാരും… ഇരുവരും ലക്ഷ്യം വെക്കുന്നത് അവളെയാണ്… ഈശ്വരന്റെ ആ മഹത്തായ സൃഷ്ടിയെ!”
“കാലത്തിന്റെ നാഭീച്ചുഴിയിൽ… അനന്തതയെപ്പോലും തടഞ്ഞുനിർത്തുന്ന ആ വജ്രം… അതിന് കാവലായി അഞ്ച് അഗ്നിവലയങ്ങൾ!
ഒന്നാമത്തേത് എരിഞ്ഞു തീരുമ്പോൾ രണ്ടാമത്തേത് ജ്വലിക്കും… ”
“ഓർക്കുക, ഓരോ വലയവും ഓരോ പൂർണ്ണവിരാമമാണ്… അതിലേറെ വലിയൊരു തുടക്കവും. അഞ്ചാമത്തെ അഗ്നിവലയവും ഭേദിക്കപ്പെടുമ്പോൾ… അന്ന്… വിധി തിരുത്തിയെഴുതപ്പെടും!”
അവർ പറഞ്ഞതിന്റെ പൊരുൾ എന്താണെന്ന് ചിന്തിക്കാൻ പോലും എനിക്ക് സാവകാശം കിട്ടിയില്ല. കണ്ണിന് മുന്നിൽ ഇരുട്ട് പരക്കാൻ തുടങ്ങി. ബോധം മറയുന്നതിനിടയിലും അവരുടെ ശബ്ദം എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു.
അവർ എന്റെ മുഖത്തേക്ക് ഒന്നുകൂടി ചേർന്നുനിന്നു. തീർത്തും സ്വകാര്യമായ ഒരു രഹസ്യം പറയുന്നത് പോലെ അവർ എന്റെ ചെവിയിൽ മന്ത്രിച്ചു:
”നമ്മളെല്ലാവരും… അവളെ രക്ഷിക്കാനുള്ള നിമിത്തങ്ങൾ മാത്രമാണ്!”
”അതിനാദ്യം യുഗങ്ങളായി തടവിലാക്കപ്പെട്ട ആ മഹാശക്തി… അവളെ സ്വതന്ത്രയാക്കുക അതിനുവേണ്ടി കാലം തിരഞ്ഞെടുത്ത വെറും ഉപകരണങ്ങൾ മാത്രമാണ് ഞാനും നീയും ബാക്കിയുള്ളവരും എല്ലാം…അവളേ രക്ഷിക്കണമെങ്കിൽ അവർ മൂന്ന് പേരും വീണ്ടും ഒന്നായി മാറണം…”
”ഉറങ്ങിക്കോ… എല്ലാം വിധി പോലെ നടക്കട്ടെ… പക്ഷെ, ആ പൂർണ്ണചന്ദ്രനെ… അതിനെ സൂക്ഷിക്കുക..”
അവരുടെ ശബ്ദം നേർത്തുവന്നു… പിന്നീട് എന്ത് സംഭവിച്ചു എന്ന് എനിക്കറിയില്ല. കനത്ത ഇരുട്ടിലേക്ക് ഞാൻ പൂർണ്ണമായും വഴുതിവീണു.
കണ്ണ് തുറക്കുമ്പോൾ സമയം എത്രയായെന്ന് ഒരു നിശ്ചയവുമില്ലായിരുന്നു.
ആ തള്ള ഇരുന്ന സീറ്റിലേക്കാണ് ഞാൻ ആദ്യം നോക്കിയത്…
പക്ഷേ, അവിടെ ആരുമുണ്ടായിരുന്നില്ല. ആ സീറ്റ് ശൂന്യമായി കിടക്കുന്നു!
അപ്പോഴാണ് എന്റെ ശ്രദ്ധ എതിർവശത്തെ സീറ്റിലേക്ക് പോയത്. നേരത്തെ ഞാൻ പറഞ്ഞ ആ രണ്ടുപേർ… കോട്ടും സ്യൂട്ടും ഇട്ട, റോബോട്ടുകളെപ്പോലെ തോന്നിച്ച ആ മനുഷ്യർ. അവർ അവിടെത്തന്നെയുണ്ടായിരുന്നു….
അവർ രണ്ടുപേരും കൂടി ഒരു ലാപ്ടോപ്പ് തുറന്നുവെച്ച് അതിൽ എന്തോ ഗൗരവമായി പരിശോധിക്കുകയാണ്.
എന്നെ അവർ ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പുവരുത്തി, ഞാൻ സീറ്റിൽ നിന്നും മെല്ലെ എഴുന്നേറ്റു. മുഖം കഴുകാനെന്ന വ്യാജേന വാഷ്റൂമിലേക്ക് നടന്നു.
നടക്കുന്നതിനിടയിൽ വളരെ കാഷ്വലായി, ആരുമറിയാതെ ഞാനൊന്ന് ആ ലാപ്ടോപ്പ് സ്ക്രീനിലേക്ക് പാളി നോക്കി.
ഒരു നിമിഷം… വെറും ഒരു നിമിഷം മാത്രമേ എനിക്ക് ആ സ്ക്രീനിലേക്ക് നോക്കാൻ സാധിച്ചുള്ളൂ. പക്ഷേ ആ കാഴ്ച എന്റെ മനസ്സിൽ പതിഞ്ഞുപോയി.
അതൊരു ഫോട്ടോ ആയിരുന്നു…
അതൊരു സാധാരണ സ്ഥലമായിരുന്നില്ല. കരിമ്പാറകൾ നിറഞ്ഞ ഒരു ഗുഹയ്ക്കുള്ളിൽ വെച്ചെടുത്ത ഫോട്ടോയാണതെന്ന് ഒറ്റനോട്ടത്തിൽ എനിക്ക് മനസ്സിലായി.
