ആ ഗുഹയുടെ ഇരുണ്ട പശ്ചാത്തലത്തിൽ, കോട്ടും സ്യൂട്ടും ധരിച്ച കുറേ അധികം ആളുകൾ വരിവരിയായി നിൽക്കുന്നു. ആധുനിക വേഷമാണ് അവർ ധരിച്ചിരിക്കുന്നതെങ്കിലും, അവരുടെ കൈകളിൽ ഉണ്ടായിരുന്നത് തോക്കോ യന്ത്രങ്ങളോ ഒന്നുമല്ലായിരുന്നു.
പകരം… തിളങ്ങുന്ന കത്തികൾ!
അതൊരു സാധാരണ കത്തിയല്ലെന്ന് കണ്ടാലറിയാം. വിചിത്രമായ കൊത്തുപണികളുള്ള, മൂർച്ചയേറിയ, പല നിറങ്ങളിൽ തിളങ്ങുന്ന നീളൻ കത്തികൾ… അല്ലെങ്കിൽ വാളുകൾ എന്ന് പറയുന്നതാവും ശരി.
ആ ഗുഹയുടെ ഒത്ത നടുക്കായി… വായുവിൽ തങ്ങിനിൽക്കുന്ന പച്ചയും നീലയും കലർന്നൊരു വെളിച്ചം! ആ പ്രകാശത്തിന് ചുറ്റും കൃത്യമായ അകലത്തിൽ തിളങ്ങുന്ന ഒരു തീ കൊണ്ടുണ്ടാക്കിയ ഒരു വലയം പോലെ ഒന്ന്…
ആ ഗുഹയുടെ വന്യതയും, കോട്ടിട്ടവരുടെ കൈകളിലെ ആ തിളങ്ങുന്ന കത്തികളും, നടുവിൽ ഒഴുകി നിൽക്കുന്ന ആ പച്ചയും നീലയും വെളിച്ചവുമെല്ലാം കൂടി കണ്ടപ്പോൾ വല്ലാത്തൊരു കൗതുകമാണ് എനിക്ക് തോന്നിയത്.
ഇതെന്താ സംഭവം എന്നൊരു ആലോചനയോടെ, ഒട്ടും ഭാവവ്യത്യാസമില്ലാതെ ഞാൻ വാഷ്റൂമിലേക്ക് കയറി വാതിലടച്ചു. ഇതൊക്കെ വെറും ഗ്രാഫിക്സോ മറ്റോ ആയിരിക്കുമോ എന്ന് വിചാരിച്ച് നിൽക്കുമ്പോഴാണ് രാത്രി നടന്ന കാര്യങ്ങളെല്ലാം എന്റെ ഓർമയിലേക്ക് വന്നത്…
വാഷ്റൂമിലെ കണ്ണാടിയിൽ സ്വന്തം മുഖം നോക്കി നിൽക്കുമ്പോൾ എന്റെ മനസ്സ് ആകെ കലങ്ങി മറിയുകയായിരുന്നു.
ആ തള്ള പറഞ്ഞ കാര്യങ്ങളും, ഇപ്പോൾ ആ ലാപ്ടോപ്പിൽ കണ്ട കാഴ്ച്ചയും… ഇത് രണ്ടും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?
അവർ പറഞ്ഞത് ‘അഞ്ച് അഗ്നിവലയങ്ങൾ’ എന്നല്ലേ? പക്ഷേ ആ ചിത്രത്തിൽ ആ വിചിത്രമായ പ്രകാശത്തിന് ചുറ്റും ഞാൻ കണ്ടത് ഒരൊറ്റ വലയം മാത്രമാണ്. ബാക്കി നാലെണ്ണം എവിടെ? ഇനി ആ ഗുഹയുടെ ഇരുളിൽ എവിടെയെങ്കിലും അത് മറഞ്ഞിരിക്കുകയാണോ? അതോ എന്റെ കണ്ണിന് പിടികൊടുക്കാത്ത വിധം അത് ചെറുതാണോ? ചിന്തിക്കും തോറും തല പെരുക്കുന്നത് പോലെ തോന്നി.
ഒരുപാട് ചോദ്യങ്ങൾ മനസ്സിലിട്ട് ഞാൻ മുഖം കഴുകി പുറത്തിറങ്ങി.
തിരികെ സീറ്റിലെത്തിയിട്ടും എന്റെ കണ്ണുകൾ ആ ലാപ്ടോപ്പിലായിരുന്നു. പക്ഷേ അപ്പോഴേക്കും അവർ അത് അടച്ച് വെച്ചിരുന്നു.
ആദ്യം അവർ എന്നെയാണ് ശ്രദ്ധിച്ചിരുന്നതെങ്കിലും പിന്നീട്, ഞാൻ അവരെ നിരീക്ഷിക്കാൻ തുടങ്ങി.
എന്റെ പ്രതീക്ഷകൾക്ക് വിപരീതമായി സംശയകരമായ ഒന്നും തന്നെ അവരുടെ ഭാഗത്തുനിന്നും പിന്നീട് ഉണ്ടായില്ല. സാധാരണ യാത്രക്കാരെപ്പോലെ അവർ ശാന്തരായി ഇരുന്നു.
റോബോട്ടുകളെപ്പോലെയാണെങ്കിലും, അപകടകാരികളാണെന്ന് തോന്നിക്കുന്ന യാതൊരു ചലനവും അവരുടെ ഭാഗത്തുനിന്നും കണ്ടില്ല. അതുകൊണ്ട് തന്നെ കൂടുതൽ ഒന്നും മനസ്സിലാക്കാനും എനിക്ക് സാധിച്ചില്ല.
അങ്ങനെ കുറച്ചു സമയം കൂടി കടന്നുപോയി. ഒടുവിൽ എനിക്ക് ഇറങ്ങാനുള്ള സ്റ്റേഷൻ എത്തി. ഞാൻ ബാഗുകളെല്ലാം എടുത്ത് ട്രെയിനിൽ നിന്നിറങ്ങി, പ്ലാറ്റ്‌ഫോമിലെ ഒരു ബെഞ്ചിൽ പോയി ഇരുന്നു.
ആ രണ്ടുപേരും അവിടെത്തന്നെ ഇറങ്ങിയിരുന്നു. പക്ഷേ അവർ എന്നെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ, തിരക്കിട്ട് മറ്റെങ്ങോട്ടോ നടന്നുനീങ്ങി.
അവരുടെ കറുത്ത കോട്ടുകൾ മാഞ്ഞുപോകുന്നത് വരെ ഞാൻ നോക്കിയിരുന്നു.
പിന്നീട് ദിവസങ്ങൾ കടന്നുപോയി… തിരക്കുകൾക്കിടയിൽ ആ ട്രെയിൻ യാത്രയും, ആ വിചിത്രമായ സ്ത്രീയും, ആ ഫോട്ടോയും എല്ലാം ഞാൻ മറന്നുതുടങ്ങിയിരുന്നു. അതൊരു വെറും സ്വപ്നം പോലെ എന്നിൽ മാഞ്ഞുപോയിരുന്നു….
“പക്ഷേ…”
കൃതിക ഒന്ന് നിർത്തി, നിധിയെ നോക്കി.
“അന്ന് നിധി ഗ്രൗണ്ടിൽ വെച്ച് ആ കാര്യങ്ങൾ തുറന്നു പറഞ്ഞപ്പോഴാണ്… ലൂപ്പുകളെക്കുറിച്ചും മരണത്തെക്കുറിച്ചുമെല്ലാം അവൾ പറഞ്ഞപ്പോഴാണ്… ഉറങ്ങിക്കിടന്നിരുന്ന ആ ഓർമ്മകൾ എല്ലാം ഞെട്ടലോടെ എന്റെ മനസ്സിലേക്ക് വീണ്ടും ഓടിയെത്തിയത്. അന്ന് ആ തള്ള പറഞ്ഞതും ഇവൾ പറയുന്നതും തമ്മിൽ എന്തോ വലിയ ബന്ധമുണ്ടെന്ന് എനിക്ക് മനസ്സിലായി….”
