അതുവഴി കൂട്ടുകാരികൾക്കൊപ്പം സംസാരിച്ചു വന്ന ജസ്‌ന അവനെ കണ്ടതും വേഗം അവരിൽ നിന്നും വേർപെട്ടു. കോളേജിൽ യൂണിഫോം ഇല്ലാത്തതിനാൽ, മുകളിൽ കറുത്ത ഒരു അബായയും, ഹിജാബും ആയിരുന്നു അവളുടെ വേഷം.
ചുറ്റും കൂടിനിൽക്കുന്ന കൂട്ടുകാരികളുടെ ഇടയിൽ നിന്നും സാവധാനം നടന്ന് നീങ്ങിയ അവൾ, ഇടയ്ക്കിടെ നാട്ടുകാരോ പരിചയക്കാരോ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഭയത്തോടെ നോക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് കാറിന്റെ അടുത്തേക്ക് വന്ന അവൾ, വണ്ടിയുടെ ഡോർ തുറന്ന് മിന്നായം പോലെ മുൻസീറ്റിലേക്ക് കയറി വാതിൽ അടച്ചു.
പക്ഷേ, ആ ഭയത്തിനടിയിലും അവളുടെയുള്ളിൽ ഒരു വല്ലാത്ത തികട്ടൽ ഉണ്ടായിരുന്നു. വീട്ടുകാരുടെ കർശനമായ വിലക്കുകളെയും നിക്കാഹിന് മുമ്പുള്ള ആചാരങ്ങളെയും മറികടന്ന് അവനെ രഹസ്യമായി കാണുന്നു എന്ന യാഥാർത്ഥ്യം അവളിൽ ചെറിയൊരു കുറ്റബോധത്തോടൊപ്പം വാക്കുകൾ കൊണ്ട് പറഞ്ഞു അറിയിക്കാൻ കഴിയാത്ത തരത്തിലുള്ള ഒരു സുഖവും അവളെ പിടികൂടി. ഇത്രേം കാലത്തെ അവളുടെ അറിവ് വെച്ച് അവള് പാലിക്കേണ്ട നിയമം ലംഘിക്കുന്നതിന്റെ, തൻ്റെ ഭർത്താവാവാൻ പോവുന്ന ആളാണെങ്കിലും ആരും അറിയാതെ ഉള്ള
ഈ ഒരു കണ്ടുമുട്ടൽ, അതിൻ്റെ ഒരു നിരോധിത സുഖവും അവളുടെ മനസ്സ് നിറച്ചു. ഹൃദയം വേഗത്തിൽ മിടിക്കുന്ന ആ സാഹസികത അവളുടെ ആദ്യത്തെ അനുഭവം ആയിരുന്നെങ്കിലും, അത് അവള് ഉള്ളിൽക്കണ്ട് അത്രക്ക് ഇഷ്ടപ്പെടുന്നുണ്ടായിരുന്നു.
വാതിൽ അടച്ച ഉടൻ തന്നെ അവൾക്ക് നന്നായി ശ്വാസം മുട്ടുന്നുണ്ടായിരുന്നു. അവളുടെ നെഞ്ചുതുടിക്കുന്നത് ആ ചെറിയ ക്യാബിനിൽ പോലും ഷാഹിറിന് വ്യക്തമായി അറിയാൻ കഴിഞ്ഞു. മുഖത്ത് വല്ലാത്തൊരു ഭയവും, എന്നാൽ ഇത്രയും നാളത്തെ കാത്തിരിപ്പിനൊടുവിൽ, വീട്ടുകാരുടെ കണ്ണുവെട്ടിച്ച് അവനെ തനിച്ചു കാണുന്ന ആ പ്രണയത്തിന്റെ രഹസ്യ ആവേശവും അവളുടെ കൺകോണുകളിൽ തിളങ്ങിയിരുന്നു.
അവളുടെ മുഖത്തെ പതർച്ചയും അതേസമയം മിന്നിമറയുന്ന നാണവും കണ്ട ഷാഹിദ് വാത്സല്യത്തോടെ അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു. “പേടിക്കണ്ട പൊന്നു, ആരും കണ്ടിട്ടില്ല. റിലാക്സ് ചെയ്യ്…” എന്ന് പറഞ്ഞ് അവൻ സമാധാനിപ്പിച്ചു.
അവൻ പതുക്കെ വണ്ടി എടുത്തു. ആൾക്കൂട്ടത്തിനിടയിൽ എവിടെയെങ്കിലും വണ്ടി നിർത്തുക എന്നതു റിസ്കായിരുന്നു. മഞ്ചേരി തന്നെ ആയതു കൊണ്ട് രണ്ടു പേരെയും അറിയുന്ന ആരെങ്കിലും കണ്ടാൽ മോശം ആവുമല്ലോ എന്ന പേടി അവന് ഉണ്ടായിരുന്നു. അതിനാൽ അവൻ ടൗണിന്റെ ചെറിയ ഇടവഴികളിലൂടെയും, ആൾക്കാർ പെട്ടെന്ന് ശ്രദ്ധിക്കാത്ത ചില ഒതുക്കമുള്ള റോഡുകളിലൂടെയും വണ്ടി പതുക്കെ മുന്നോട്ട് എടുത്തു. കാറിനുള്ളിൽ എ.സി തണുത്ത കാറ്റ് നൽകിക്കൊണ്ടിരുന്നു. മ്യൂസിക് സിസ്റ്റത്തിൽ നിന്നും വളരെ നേർത്ത ശബ്ദത്തിൽ ഒരു പ്രണയഗാനം ഒഴുകിവരുന്നുണ്ടായിരുന്നു.
ഡ്രൈവിങ്ങിന് ഇടെ അവൻ മെല്ലെ അവൾക്ക് നേരെ തിരിഞ്ഞു കൊണ്ട് ചെറുചിരിയോടെ ചോദിച്ചു, “എന്താ പൊന്നു വിശേഷം? റിലാക്സ് ആയില്ലേ എൻ്റെ കുട്ടി? ഇപ്പോഴും പേടിയും ടെൻഷനും ആണോ?”
ഷാഹിദിന്റെ
മുഖത്തേക്ക് ഒളികണ്ണു കൊണ്ട് നോക്കിക്കൊണ്ട് ജസ്‌ന പതുക്കെ പറഞ്ഞു, “പടച്ചോനെ, ഒന്നും പറണ്ട… എനിക്ക് ആകെ കയ്യും കാലും വിറക്കുന്നു ഷാഹി… വല്ലാത്തൊരു പേടിയാ ഷാഹി ഉള്ളിൽ. ഉപ്പയോ മറ്റോ അറിഞ്ഞാൽ കൊന്നുകളയും എന്നെ. എന്നാലും… എനിക്കും വല്ലാണ്ട് കാണാൻ തോന്നിയിരുന്നു, ഇനി പോയാൽ എപ്പോള ഇങ്ങള് വര എന്നറിയില്ലല്ലോ…” അവൾ ലജ്ജയോടെ തല താഴ്ത്തി.
ആ ചെറിയ കാറിനുള്ളിൽ, ആരുടെയും കണ്ണുകൾ എത്താത്ത ആ സുരക്ഷിത ലോകത്ത്, ഡ്രൈവിങ്ങിൻ്റെ ഇടയിലും അവർ പരസ്പരം കണ്ണുകളിലേക്ക് നോക്കി കുറച്ചുനേരം നോക്കി നിന്ന്. ഇനി ഒരു അഞ്ചു ദിവസങ്ങളുടെ ആയുസ്സ് മാത്രം ശേഷിക്കുന്ന ആ കൂടിക്കാഴ്ച അവരുടെ ഹൃദയങ്ങളിൽ വല്ലാത്തൊരു വിറയലും അതിലേറെ ആഴത്തിലുള്ള പ്രണയവും ബാക്കി വെച്ചു.
ഷാഹിദ് ഡ്രൈവ് ചെയ്യുന്നതിനിടയിൽ കാറിലെ ആ നിശബ്ദതയെ ഭേദിച്ച് അവൻ പതിയെ തന്റെ ഇടതുകൈ നീട്ടി അവളുടെ വലതുകൈക്ക് മുകളിലായി വെച്ചു. നിശ്ചയത്തിന് ശേഷം ആദ്യമായാണ് അവർ തനിച്ചാകുന്നതും പരസ്പരം സ്പർശിക്കുന്നതും. മൈലാഞ്ചിയുടെ മണം മാറാത്ത, ടെൻഷൻ കാരണം തണുത്തുറഞ്ഞ അവളുടെ മൃദുവായ വിരലുകളിലേക്ക് അവന്റെ ചൂടുള്ള കൈവെള്ള ചേർന്നപ്പോൾ ജസ്‌നയൊന്ന് ഞെട്ടി. ജീവിതത്തിൽ ആദ്യമായി ഒരു പുരുഷന്റെ സ്പർശനം; വല്ലാത്തൊരു വിറയൽ ഒരു മിന്നൽപ്പിണർ പോലെ അവളുടെ കാൽവിരലുകൾ മുതൽ തലച്ചോറ് വരെ പാഞ്ഞുപോയത് അവൻ അറിഞ്ഞില്ലെങ്കിലും അവള് നന്നായി അറിഞ്ഞു. അവൾ കൈ പിൻവലിച്ചില്ല. നാണം കൊണ്ട് ആ മുഖം വല്ലാതെ ചുവന്നു തുടുക്കുന്നത് ഷാഹിദ് കണ്ണാടിയിലൂടെ കാണുന്നുണ്ടായിരുന്നു. അവളുടെ വിരലുകളെ അവൻ തന്റെ കൈവെള്ളക്കുള്ളിലാക്കി മുറുകെ പിടിച്ചു.
