“അത് ഷാഹിക്ക… വീട്ടിൽ എല്ലാവരും ഉണ്ടായിരുന്നില്ലേ… ഉപ്പയും ഉമ്മയുമൊക്കെ ഉറങ്ങാൻ കാത്തുനിന്നതാ. പിന്നെ റൂമിൽ ഇത്താത്തമാരും ഉണ്ടായിരുന്നു,” അവൾ
കാരണം ബോധിപ്പിച്ചു. കൂട്ടുകുടുംബമായി കഴിയുന്ന മലപ്പുറത്തെ ഒരു ശരാശരി മുസ്ലിം കുടുംബത്തിലെ പെൺകുട്ടികളുടെ പതിവ് പ്രശ്നങ്ങൾ ആണ് ഇതെന്ന് ഷാഹിദിന് നന്നായി അറിയാമായിരുന്നു.
“എങ്കിലും ഷാഹിക്കാ… എന്തിനാ ഇത്രയും വിലകൂടിയ ഫോൺ ഒക്കെ വാങ്ങിയത്? എന്താ ഇതിന്റെയൊക്കെ ആവശ്യം? ഉപ്പയൊക്കെ ചോദിക്കുന്നുണ്ടായിരുന്നു,” അവൾ ചെറിയൊരു പരിഭവത്തോടെ പറഞ്ഞു.
“ഇയ്യ് എന്റെ പെണ്ണാവാൻ പോവല്ലേ… എന്റെ പെണ്ണിന് എന്റെ കഴിവിൻ്റെ പരമാവധിയിൽ ഏറ്റവും മികച്ചത് തന്നെ കിട്ടണം എന്നെനിക്ക് നിർബന്ധമുണ്ട്. അതൊക്കെ പോട്ടെ, ഫോൺ ഇഷ്ടപ്പെട്ടോ നിനക്ക്?”
“ഒരുപാടിഷ്ടമായി… എന്റെ കൂട്ടുകാരികളൊക്കെ ചോദിക്കുവാരുന്നു, കാനഡക്കാരൻ ഷാഹിക്ക ഐഫോൺ ആണോ കൊണ്ടുവന്നേ എന്ന്,” അവളുടെ ശബ്ദത്തിലെ ആവേശം അവന് മനസ്സിലാകുന്നുണ്ടായിരുന്നു.
“ആഹാ… അപ്പൊ എന്നെ വിളിക്കേണ്ട പേരൊക്കെ തീരുമാനിച്ചോ? ഷാഹിക്ക എന്നാണോ ഇനി എന്നെ വിളിക്കാൻ പോവുന്നത്?” ഷാഹിദ് പെട്ടെന്ന് വിഷയം മാറ്റി.
“അല്ല, എല്ലാവരും അങ്ങനെ അല്ലേ വിളിക്കാറ്. ഇക്ക എന്ന് തന്നെയല്ലെ ഭർത്താവാകാൻ പോവുന്ന ആളെ വിളിക്കുന്നത്?” അവൾ തിരിച്ചു ചോദിച്ചു.
“അത് ശരി, അപ്പൊ എല്ലാവരും വിളിക്കുന്നത് കേട്ടു അത് പോലെ തന്നെ അങ്ങോട്ട് വിളിക്കുകയാണോ ചെയ്യാ? നമുക്ക് നമ്മുടെ ഇഷ്ടത്തിന് അനുസരിച്ചൊക്കെയല്ലേ അങ്ങോട്ടും ഇങ്ങോട്ടും പേരൊക്കെ വിളിക്കേണ്ടത്?” അവൻ തിരിച്ചു ചോദിച്ചു.
ഇതുകേട്ടതും ജസ്‌നയ്ക്ക് കുറച്ചു ടെൻഷനായി. ഇനി താൻ ഷാഹിക്ക എന്ന് വിളിക്കുന്നത് ഇഷ്ടമായില്ലേ എന്ന് അവളൊരു നിമിഷം ആലോചിച്ചു. “അല്ല ഇക്കാ, അപ്പോൾ ഞാൻ ഷാഹിക്കാ എന്ന് വിളിക്കുന്നത് ഇഷ്ടമായില്ലേ? സഫയൊക്കെ അങ്ങനെ വിളിക്കുന്നത് കേട്ടതുകൊണ്ടാ ഞാൻ…” ജസ്‌ന ഒരു ഇത്തിരി ടെൻഷനോട് കൂടി പറഞ്ഞു.
“ഏയ്, ഇഷ്ടക്കേടൊന്നുമില്ല. പക്ഷേ, ജസ്‌ന
എന്നെ ഷാഹി എന്ന് വിളിച്ചാൽ മതി.”
“പടച്ചോനെ! ഇക്കാനെ പേര് വിളിക്കാനോ? അല്ലാ… അതൊന്നും പറ്റൂല്ല… ഉമ്മയൊക്കെ കേട്ടാൽ പിന്നെ ഞാൻ ബാക്കിയുണ്ടാവൂല. ഞാൻ ഇക്ക അല്ലെങ്കിൽ ഷാഹിക്ക എന്ന് തന്നെ വിളിച്ചോളാം,” ജസ്‌ന വല്ലാത്തൊരു വെപ്രാളത്തോടെ പറഞ്ഞു.
“അതിന് എല്ലാവരും കേൾക്കെയൊന്നും ഇപ്പോഴേ വിളിക്കേണ്ടല്ലോ… നമ്മുടെ ദാമ്പത്യത്തിൽ നമ്മള് രണ്ടുപേരും ഈക്വൽസ് (equals) അല്ലെ, അപ്പൊ എന്നെ ഷാഹി എന്ന് വിളിച്ചാൽ മതി. എനിക്കതാ ഇഷ്ടം,” ഷാഹിദ് തർക്കിച്ചു.
“എന്നാലും എങ്ങനെയാ ഇക്ക ഞാൻ പേര് വിളിക്കുന്നെ? എനിക്ക് ആലോചിച്ചിട്ട് തന്നെ എന്തോ പോലെ…” ജസ്‌ന പറഞ്ഞു.
“അതൊക്കെ അങ്ങനെ പറഞ്ഞും വിളിച്ചും പതുക്കെ ശരിയായിക്കോളും. തൽക്കാലം ഇപ്പോ എന്നെ ജസ്റ്റ് ഒന്നു ഷാഹി എന്ന് വിളിച്ചേ,” ഷാഹിദ് അവളെ പ്രോത്സാഹിപ്പിച്ചു.
ഒരു ചെറിയ മൗനത്തിന് ശേഷം, “ഷാഹി….” ജസ്‌ന വളരെ നാണത്തോടെയും കുറച്ചു ബുദ്ധിമുട്ടോടെയും അവന്റെ നിർബന്ധത്തിന് വഴങ്ങി വിളിച്ചു. ആ വിളി കേട്ടപ്പോൾ ഷാഹിദിന്റെ ഉള്ളിലൂടെ ഒരു കുളിര് കടന്നുപോയി.
“ജസ്‌നയേ വീട്ടിൽ എല്ലാവരും പൊന്നു എന്നല്ലേ വിളിക്കുന്നേ? ഇൻ്റെ ഉമ്മ അങ്ങനെ പറഞ്ഞ പോലെ എനിക്കൊരു ഓർമ. ഞാൻ എന്താ വിളിക്കേണ്ടത്? എന്തു വിളിക്കുന്നതാ ഇഷ്ടം?” അവൻ ചോദിച്ചു.
“അത് ഇക്ക… അല്ല…. , ഷാഹിക്ക് ഇഷ്ടമുള്ള പോലെ വിളിച്ചാൽ മതി… വീട്ടില് എല്ലാവരും പൊന്നു എന്ന് വിളിക്കും… ഫ്രണ്ട്സ് ഒക്കെ ജാസി എന്നും വിളിക്കും,” ജസ്‌ന പറഞ്ഞു.
“ഹം… എന്നാല് ഞാൻ പൊന്നു എന്ന് തന്നെ വിളിക്കാം… പിന്നെ എനിക്ക് സ്നേഹം വരുമ്പോ, എനിക്ക് തോന്നുന്ന പേരൊക്കെ അപ്പൊൾ ഞാൻ
വിളിക്കും,” ഷാഹിദ് പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു. അതുകേട്ട് അവൾ മറുപടിയൊന്നും പറയാതെ നാണത്തോടെ ചെറുതായി ഒന്നു മൂളുക മാത്രം ചെയ്തു.
