ഷാഹിദ് ചിരിച്ചുകൊണ്ട് പറഞ്ഞു, “അവര് ആദ്യം ഒന്ന് മടിച്ചു. വിന്റർ ആയതുകൊണ്ട് സ്റ്റാഫ് കുറവാണെന്നൊക്കെ പറഞ്ഞു. പക്ഷെ ഞാൻ കല്യാണത്തിന്റെ കാര്യം പറഞ്ഞപ്പോ പുള്ളിക്കാരിക്ക്
ഭയങ്കര സന്തോഷമായി.
എന്തായാലും ഈ മാസം അവസാനത്തേക്ക് എനിക്ക് രണ്ടാഴ്ചത്തെ ലീവ് അവര് അപ്രൂവ് ചെയ്തു തന്നിട്ടുണ്ട്.”
“രണ്ടാഴ്ചയെ കിട്ടിയൊള്ളൂ? അനക്ക് ഒരു മാസത്തെ ലീവ് എടുത്തോടെ നോ? …” ഉപ്പ വിചാരിച്ച അത്ര ലീവ് എനിക്ക് കിട്ടാത്തതുകൊണ്ടുള്ള ചെറിയൊരു നിരാശ ഉപ്പയുടെ വാക്കുകളിൽ ഉണ്ടായിരുന്നു.
“എന്തായാലും കിട്ടിയത് കിട്ടി. എന്നാൽ നീ നാട്ടിലോട്ട് ടിക്കറ്റ് എടുക്കാൻ നോക്കൂ. ഞാൻ ഇന്നലെ തന്നെ ബഷീർക്കയോട് കാര്യങ്ങൾ സംസാരിച്ചിരുന്നു. അവരോട് നീ വരാൻ വേണ്ടി കാത്തിരിക്കുകയാണെന്ന് പറഞ്ഞിട്ടുണ്ട്.
നീ വന്ന ഉടനെ തന്നെ നമുക്ക് പോയി കണ്ട് നിശ്ചയം നടത്താം.”
“പിന്നെ ഉപ്പാ, എനിക്കൊരു കാര്യം കൂടി പറയാനുണ്ട്…” ഷാഹിദ് തന്റെ ഉള്ളിലെ ഏറ്റവും വലിയ ആവേശം പുറത്തെടുത്തു.
“എന്താടാ? എന്താ കാര്യം?” ഉപ്പ ആകാംക്ഷയോടെ ചോദിച്ചു. ഉമ്മയും ഫോണിന്റെ സ്ക്രീനിലേക്ക് കൂടുതൽ അടുത്തുവന്നു.
“ഞാൻ കുറെ കമ്പനികളിലേക്ക് സിവി അയച്ചിരുന്നല്ലോ. അതിലൊരു വലിയ കമ്പനിയിൽ നിന്നും എനിക്കൊരു ജോബ് ഇന്റർവ്യൂ വന്നിട്ടുണ്ട്. നാളെ രാവിലെയാണ് ഇന്റർവ്യൂ.
എന്റെ ഫീൽഡിൽ തന്നെയുള്ള ജോലിയാ. അത് ശരിയായാൽ പിന്നെ എനിക്ക് പി.ആർ അപ്ലൈ ചെയ്യാനും, ബാക്കി കാര്യങ്ങളൊക്കെ ഒന്നും കൂടെ ഉഷാറാക്കാനും എന്നെക്കൊണ്ട് പറ്റും”
ഇതുകേട്ടതും ഉമ്മയുടെ കണ്ണ് നിറഞ്ഞു. ഉമ്മ ഇടയ്ക്കുകയറി പറഞ്ഞു, “പടച്ചോൻ എന്റെ കുട്ടീടെ പ്രാർത്ഥന കേട്ടു. നീ കുറെ കാലമായില്ലേ ഇതിനുവേണ്ടി കഷ്ടപ്പെടുന്നു.
എന്തായാലും ആ കല്യാണത്തിന് മുന്നേ തന്നെ ഈ ജോലി അങ്ങോട്ട് ശരി ആയാൽ എൻ്റെ കുട്ടൻ്റെ ആഗ്രഹം പോലെ തന്നെ ആയിനു.
നീ പോയിട്ട് ഇൻ്റർവ്യൂ നല്ലോണം കൊടുക്കൂ മോനെ.
എല്ലാം ശരിയാകും.”
ഉപ്പയും അത് ശരിവെച്ചു, “അതെ, എല്ലാം പടച്ചോന്റെ അനുഗ്രഹമാണ്. നീ എന്തായാൽ പോയി ഇന്റർവ്യൂ ഉഷാറായി അറ്റൻഡ് ചെയ്യ്. ബാക്കി കാര്യങ്ങളൊക്കെ നമുക്ക് വഴിയെ ശരിയാക്കാം.
നീയ്യ് പോയി വല്ലതും കഴിച്ച് ഉറങ്ങാൻ നോക്ക്, നല്ല ക്ഷീണം ഉണ്ടാകും.”
“ശരി ഉപ്പാ, ഞാൻ നാളെ ഇന്റർവ്യൂ കഴിഞ്ഞിട്ട് വിളിക്കാം,” എന്ന് പറഞ്ഞ് ഷാഹിദ് കോൾ കട്ട് ചെയ്തു.
നാട്ടിലേക്കുള്ള യാത്രയും, പുതിയ പെണ്ണും, നാളത്തെ ഇന്റർവ്യൂവും… എല്ലാം അനുകൂലമായി വരുന്നതിന്റെ വലിയൊരു ആത്മവിശ്വാസത്തിലും സന്തോഷത്തിലുമാണ് ഷാഹിദ് അന്ന് പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടിയത്.
കാനഡയിൽ വന്നതിന് ശേഷം ആദ്യമായാണ് ഭാവി ഇത്രയും ശോഭനമാണെന്ന് അവന് തോന്നുന്നത്. ഇൻറർവ്യൂവിനെ കുറിച്ചുള്ള ടെൻഷൻ ഉണ്ടെങ്കിലും, മൊത്തത്തിൽ ആ ഒരു പ്രതീക്ഷകളുടെ ചിറകിലേറി അവൻ പെട്ടെന്ന് തന്നെ ഗാഢനിദ്രയിലേക്ക് വഴുതിവീണു.
തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് തന്നെ ഷാഹിദ് എഴുന്നേറ്റു. ഇസ്തിരിയിട്ട വെള്ള ഷർട്ടും ഫോർമൽ പാന്റ്സും ടൈയും ധരിച്ചു. അതിനുമുകളിലായി വിന്റർ ജാക്കറ്റും ഇട്ട് അവൻ മിസ്സിസാഗയിലേക്ക് (Mississauga) പുറപ്പെട്ടു.
കെന്നഡിയിൽ നിന്നും സബ്വേ പിടിച്ച് കിലിങ്സ്റ്റണിൽ ഇറങ്ങി, അവിടുന്ന് ബസ്സ് കയറി മിസ്സിസാഗയിലെ ആർ.കെ ഗ്രൂപ്പിന്റെ ഓഫീസിന് മുന്നിലെത്തുമ്പോഴേക്കും പത്തുമണി കഴിഞ്ഞിരുന്നു.
വലിയൊരു വെയർഹൗസിനോട് ചേർന്നുള്ള വിശാലമായ ഓഫീസ്. അകത്ത് കയറിയപ്പോൾ തന്നെ നല്ല തിരക്കും ബഹളവുമുണ്ടായിരുന്നു. റിസപ്ഷനിൽ ചെന്ന് പേര് പറഞ്ഞപ്പോൾ അവർ അവനെ ഒരു കോൺഫറൻസ് റൂമിലേക്ക് കൊണ്ടുപോയി.
ഒരു മണിക്കൂർ നീളുന്ന ഒരു ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (Aptitude test) ആയിരുന്നു ആദ്യം. ഇംഗ്ലീഷ് ഗ്രാമർ, ബേസിക് മാത്സ്, ചില സിറ്റുവേഷൻ മാനേജ്മന്റ് ചോദ്യങ്ങൾ.
അതൊക്കെ ഷാഹിദ്
വളരെ എളുപ്പത്തിൽ തന്നെ ചെയ്തു തീർത്തു.
അത് കഴിഞ്ഞ് പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ കമ്പനിയുടെ എച്ച്.ആർ മാനേജർ എന്ന് തോന്നിക്കുന്ന ഒരു കനേഡിയൻ സ്ത്രീ അവിടേക്ക് വന്നു. വളരെ സ്ട്രിക്റ്റ് ആയ മുഖഭാവം.
