അവർക്ക് നടുവിലായി ഇരിക്കുന്ന ആ മൂന്നാമത്തെ വ്യക്തിയെ കണ്ടപ്പോൾ ഷാഹിദിന്റെ നെഞ്ചിടിപ്പൊന്ന് കൂടി. സാക്ഷാൽ രോഹിത് കുമാർ. വളരെ എലഗന്റ് ആയ, കൃത്യമായി ഫിറ്റ് ചെയ്ത ഒരു നേവി ബ്ലൂ സ്യൂട്ടായിരുന്നു അയാളുടെ വേഷം.
ഗൂഗിൾ റിവ്യൂകളിൽ വായിച്ചതുപോലെയുള്ള ഭയപ്പെടുത്തുന്ന ഒരു ബോസിനെ ആയിരുന്നില്ല ഷാഹിദ് അവിടെ കണ്ടത്. പകരം, വളരെ പ്രസന്നമായ മുഖമുള്ള, ചുണ്ടിൽ സദാ സമയവും നേരിയൊരു ചിരിയുള്ള വളരെ ഗ്രേസ്ഫുൾ (graceful) ആയ ഒരു മനുഷ്യൻ.
ഷാഹിദിനെ കണ്ടതും അയാൾ വളരെ ഊഷ്മളമായി പുഞ്ചിരിച്ചു.
“Please take a seat, Shahid.
Would you like some water before we begin?” (ഇരിക്കൂ ഷാഹിദ്. നമ്മൾ തുടങ്ങുന്നതിന് മുൻപ് കുറച്ചു വെള്ളം കുടിക്കുന്നോ?) ആ ചോദ്യത്തിലെ കരുതലും അയാളുടെ ശബ്ദത്തിലെ സൗമ്യതയും ഷാഹിദിലെ ടെൻഷൻ പാതി കുറച്ചു.
അയാളുടെ പെരുമാറ്റത്തിൽ ആരെയും പെട്ടെന്ന് ആകർഷിക്കുന്ന വല്ലാത്തൊരു മാന്ത്രികതയുണ്ടായിരുന്നു. ഒട്ടും ശബ്ദമുയർത്താതെയോ അല്ലെങ്കിൽ അതോറിറ്റി ഒന്നും കാണിക്കാതെ തന്നെ, ആ റൂമിലെ പൂർണ്ണ നിയന്ത്രണം തന്നിലാണെന്ന് തോന്നിപ്പിക്കുന്ന ഒരു സോഫ്റ്റ് പവർ അയാളിൽ പ്രകടമായിരുന്നു.
ഇന്റർവ്യൂ പ്രധാനമായും നയിച്ചത് ഡേവിഡ് എന്ന ആ സീനിയർ മാനേജർ ആയിരുന്നു. ഷാഹിദിന് മനസ്സിലായില്ലെങ്കിലും അവിടെ ഒരു ‘ബാഡ് കോപ്പിന്റെ’ (bad cop) റോളാണ് അയാൾ കൃത്യമായി കളിച്ചത്.
ഷാഹിദിന്റെ റെസ്യൂമെയിലേക്ക് തുറിച്ചുനോക്കിക്കൊണ്ട് വളരെ ഷാർപ്പ് ആയ ചോദ്യങ്ങൾ അയാൾ ചോദിച്ചു തുടങ്ങി.
“Shahid, you have a Master’s degree, but your only Canadian experience is working night shifts at a gas station.
This is a very fast-paced warehouse environment. How do you think a survival job qualifies you to handle the administrative stress here?”
(ഷാഹിദ്, നിനക്കൊരു മാസ്റ്റേഴ്സ് ഡിഗ്രി ഉണ്ട്, പക്ഷെ കാനഡയിൽ ഒരു ഗ്യാസ് സ്റ്റേഷനിലെ നൈറ്റ് ഷിഫ്റ്റ് മാത്രമാണ് നിന്റെ എക്സ്പീരിയൻസ്. ഇതൊരു വലിയ വെയർഹൗസ് പരിസരമാണ്.
നിന്റെ ആ സർവൈവൽ ജോലി വെച്ച് ഇവിടുത്തെ അഡ്മിനിസ്ട്രേറ്റീവ് സ്ട്രെസ്സ് കൈകാര്യം ചെയ്യാൻ നിനക്കാവുമെന്ന് നീ എങ്ങനെ വിശ്വസിക്കുന്നു?)
ആ ചോദ്യം വളരെ മൂർച്ചയുള്ളതായിരുന്നു.
ഷാഹിദ് ശരിക്കും ഒന്നു പതറിപ്പോയി. ആദ്യത്തെ ഇന്റർവ്യൂ ആയതുകൊണ്ട് ആ കോംപ്ലക്സ് ചോദ്യത്തിന് മുന്നിൽ അവന്റെ ഉത്തരം ഒന്ന് തടഞ്ഞു.
എന്ത് പറയണം എന്നറിയാതെ അവൻ ഒരു നിമിഷം നിശബ്ദനായി.
ഷാഹിദിൻ്റെ പതർച്ചയും സ്റ്റാർട്ടിങ് ട്രബിൾ എല്ലാം കണ്ടപ്പോൾ ഷാഹിദിനെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് രോഹിത് വളരെ ശാന്തമായി ഇടപെട്ടു. ഡേവിഡിനെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു, “David, let’s be fair.
Survival jobs teach you more about patience, customer handling, and crisis management than any textbook. I started my journey here with odd jobs too.
Is it not, Shahid?” (ഡേവിഡ്, നമുക്ക് യാഥാർത്ഥ്യങ്ങൾ നോക്കാം. സർവൈവൽ ജോലികൾ ഏതൊരു പുസ്തകത്തേക്കാളും ക്ഷമയും, കസ്റ്റമർ ഹാൻഡ്ലിങ്ങും, പ്രതിസന്ധികളെ നേരിടാനുമൊക്കെ ഒരാളെ പഠിപ്പിക്കും.
ഞാനും ഇവിടെ എന്റെ ജീവിതം തുടങ്ങിയത് ഇത്തരം ചെറിയ ജോലികളിലൂടെയാണ്. അങ്ങനെയല്ലേ ഷാഹിദ്?) എന്ന് പറഞ്ഞ് അയാൾ ഷാഹിദിനെ നോക്കി വളരെ സൗഹാർദ്ദപരമായി വളരെ നേർത്തതായി ഒന്ന് പുഞ്ചിരിച്ചു.
രോഹിത്തിന്റെ ആ ഒരൊറ്റ ചോദ്യത്തിൽ ഷാഹിദിന് അയാളോട് വല്ലാത്തൊരു അടുപ്പവും ബഹുമാനവും തോന്നി. തന്നെ ജഡ്ജ് ചെയ്യാതെ, തന്റെ സ്ട്രഗിൾ, തൻ്റെ സിറ്റുവേഷൻ മനസ്സിലാക്കി രോഹിത്തിന്റെ ഇടപെടൽ!
അതോടെ ഷാഹിദിന് വല്ലാത്തൊരു ആത്മവിശ്വാസം കൈവന്നു. അവൻ ഗ്യാസ് സ്റ്റേഷനിലെ തന്റെ നൈറ്റ് ഷിഫ്റ്റിലെ അനുഭവങ്ങൾ വെച്ച് വളരെ കോൺഫിഡന്റായി ഉത്തരം പറഞ്ഞു തുടങ്ങി.
