അവരാണ് ഷാഹിദിന്റെ ആദ്യ റൗണ്ട് ഇന്റർവ്യൂ എടുത്തത്. ഷാഹിദിന്റെ എക്സ്പീരിയൻസ്, കാനഡയിലെ അവൻ്റെ സ്റ്റാറ്റസ്, വെയർഹൗസ് ഓപ്പറേഷൻസിനെക്കുറിച്ചുള്ള അവബോധം എന്നിങ്ങനെ പല കാര്യങ്ങളും അവർ ചോദിച്ചറിഞ്ഞു.
യാതൊരു പതർച്ചയുമില്ലാതെ, തനിക്ക് അറിയാവുന്ന കാര്യങ്ങൾ ഷാഹിദ് വളരെ കോൺഫിഡന്റായി തന്നെ മറുപടി നൽകി.
“Thank you, Shahid. Your test scores are good. This was just an initial screening. We have a few more candidates to interview.
We will review everything and our team will get back to you soon if you are selected for the final panel round,” (നന്ദി ഷാഹിദ്.
നിങ്ങളുടെ ടെസ്റ്റ് സ്കോറുകൾ മികച്ചതാണ്. ഇതൊരു പ്രാരംഭ സ്ക്രീനിംഗ് മാത്രമായിരുന്നു. ഞങ്ങൾക്ക് കുറച്ചു പേരെക്കൂടി ഇന്റർവ്യൂ ചെയ്യാനുണ്ട്. ഞങ്ങൾ എല്ലാം വിലയിരുത്തിയ ശേഷം, ഫൈനൽ പാനൽ റൗണ്ടിലേക്ക് നിങ്ങളെ തിരഞ്ഞെടുക്കുകയാണെങ്കിൽ ഉടൻ തന്നെ അറിയിക്കാം) അവർ പറഞ്ഞു.
മൊത്തത്തിൽ എല്ലാം പോസിറ്റീവ് ആയി വന്നത് കൊണ്ട് തന്നെ വലിയൊരു പ്രതീക്ഷയോടെയാണ് ഷാഹിദ് അവിടെ നിന്നും ഇറങ്ങിയത്. ഇന്റർവ്യൂ നന്നായി ചെയ്യാൻ കഴിഞ്ഞു എന്ന വിശ്വാസം അവനുണ്ടായിരുന്നു.
തിരിച്ച് റൂമിലേക്കുള്ള യാത്രയിൽ അവൻ്റെ മനസ്സ് മുഴുവൻ ഭാവി പരിപാടികളെക്കുറിച്ചായിരുന്നു. ജോലി കിട്ടിയാൽ എങ്ങാനും ഇനി അത് നാട്ടിൽ
പോവുന്നതിനെ ബാധിക്കുമോ എന്നൊക്കെ ചെറിയ ഒരു പേടി അവന് തോന്നി.
അങ്ങനെ എങ്ങാനും സംഭവിച്ചാൽ ജസ്നയേ മറ്റാരെങ്കിലും കെട്ടി കൊണ്ട് പോവുമോ എന്നുള്ളത് ഷാഹിദിന് വലിയ ഒരു ഭയം ആയി മാറിയിരുന്നു. കല്യാണം ഉറപ്പിക്കുന്നത് വരെ ആ ഒരു റിസ്ക് എപ്പോളും ഉണ്ടെന്ന് അവനറിയായിരുന്നു.
വൈകുന്നേരം റൂമിലെത്തി അവൻ ക്ഷീണത്തോടെ ബെഡിലേക്ക് വീണു. രാഹുലും അജിംസും മൻസൂറും അവനെ കാത്തിരിപ്പുണ്ടായിരുന്നു. ഇന്റർവ്യൂവിന്റെ വിശേഷങ്ങളെല്ലാം അവൻ അവരുമായി പങ്കുവെച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ ഫോണിൽ ഒരു ഇമെയിൽ നോട്ടിഫിക്കേഷൻ വന്നു. ഷാഹിദ് വേഗം ഫോണെടുത്ത് നോക്കി. ആർ.കെ ഗ്രൂപ്പിൽ നിന്നുള്ള മെയിൽ ആണ്. നെഞ്ചിടിപ്പോടെ അവൻ അത് തുറന്നു.
“Dear Shahid, Congratulations! You have successfully cleared the initial assessment round. We would like to invite you for the final panel interview…”
(പ്രിയ ഷാഹിദ്, അഭിനന്ദനങ്ങൾ! നിങ്ങൾ ആദ്യ റൗണ്ട് അസെസ്മെന്റ് വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു. ഫൈനൽ പാനൽ ഇന്റർവ്യൂവിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു…)
മെയിൽ വായിച്ചതും ഷാഹിദ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. “ടാ, എനിക്ക് ഫൈനൽ ഇന്റർവ്യൂവിന് കോൾ വന്നെടാ!” അവൻ കൂട്ടുകാരോട് വിളിച്ചുപറഞ്ഞു.
എന്തായാലും ഷാഹിദിന് ഒരു ജോലി ശരിയാവുന്നതിൽ ബാക്കി മൂന്നു കൂട്ടുകാർക്കും ആത്മാർത്ഥമായ സന്തോഷം ഉണ്ടായിരുന്നു. അജിംസ് വന്ന് അവന്റെ തോളത്തടിച്ചു, “അപ്പൊ കാര്യം ഏതാണ്ട് സെറ്റായി അളിയാ.
ഈ ഫൈനൽ റൗണ്ട് കൂടെ കഴിഞ്ഞിട്ട് നീ ജോലിക്ക് കയറുമ്പോ നമുക്ക് വലിയൊരു പാർട്ടി നടത്തണം. എൽ.സി.ബി.ഒ (LCBO) യിൽ നിന്ന് നല്ലൊരു ഫുൾ ഞാൻ അന്ന്
പൊട്ടിക്കും.”
മൻസൂറും അത് ശരിവെച്ചു, “അതെ, അത് പിന്നെ പൊട്ടിക്കാതെ ഇരിക്കുമോ. അപ്പൊ നമുക്ക് അടിച്ചുപൊളിക്കാം. ഇതിപ്പോ പകുതി കടമ്പ അല്ലെ കഴിഞ്ഞിട്ടുള്ളൂ.
എന്തായാലും അടുത്ത ഇൻറർവ്യൂ കൂടെ കളർ ആക്കാൻ നോക്ക്.”
രാഹുൽ തന്റെ പതിവ് ശീലപ്രകാരം ഒരു ചെറിയ ജോയിന്റ് (joint) റോൾ ചെയ്യുന്നതിനിടയിൽ വളരെ സീരിയസ്സായി പറഞ്ഞു, “നീയിപ്പോ തന്നെ വല്ലാതെ ഇതുകണ്ട് ഓവർ എക്സൈറ്റഡ് ആകണ്ട ഷാഹിദേ.
ഇപ്പോളും മുന്നിൽ വലിയ ഒരു കടമ്പ ഉണ്ട്. ഫൈനൽ ഇന്റർവ്യൂ മിക്കവാറും ഒന്നൂടെ ടൈറ്റ് ആയിരിക്കും. അതിന് വരാൻ സാധ്യത ഉള്ള ചോദ്യങ്ങൾ ഒക്കെ നോക്കി വെച്ച് നീ നല്ല അടിപൊളിയായിട്ട് പ്രിപ്പയർ ചെയ്യണം.
പിന്നെ കമ്പനിയെക്കുറിച്ചും അവരുടെ പ്രവർത്തനങ്ങളെ കുറിച്ചും ഒക്കെ എന്തെങ്കിലുമൊക്കെ ഒന്ന് ഗൂഗിൾ ചെയ്ത് പഠിച്ചിട്ട് പോവുന്നത് നല്ലതായിരിക്കും.”
