രാഹുൽ പറഞ്ഞത് നൂറുശതമാനം ശരിയാണെന്ന് ഷാഹിദിന് തോന്നി. ഭക്ഷണം ഒക്കെ കഴിഞ്ഞ് രാത്രി ആറ് മണിയോടെ എല്ലാരും അവരവരുടെ റൂമിലോട്ട് അണഞ്ഞു.
ഷാഹിദ് വീണ്ടും അന്നത്തെ നൈറ്റ് ഷിഫ്റ്റിലോട്ട് പോവാനുള്ള തയാറെടുപ്പ് തുടങ്ങി. ഇൻ്റർവ്യൂവിന് നല്ല രീതിയിൽ പ്രിപ്പയർ ചെയ്യേണ്ടതുണ്ട്. എന്തായാലും ഒരാഴ്ച ഉണ്ടല്ലോ ഇൻ്റർവ്യൂവിന് എന്നത് കൊണ്ട് അവന് ചെറിയൊരു ആശ്വാസം ഉണ്ടായിരുന്നു.
ഈ 12 മണിക്കൂർ നൈറ്റ് ഷിഫ്റ്റ് ഷാഹിദിനെ വല്ലാതെ തളർത്തുന്നുണ്ടെങ്കിലും മാസാവസാനം വരുന്ന ശമ്പളം അവന് മുന്നോട്ട് പോവാൻ അത്യാവശ്യം ആയിരുന്നതുകൊണ്ട് ഒട്ടും മടുപ്പ് കാണിക്കാതെ അവൻ കോട്ടും ബാക്കി ആവശ്യമുളളതെല്ലാം ധരിച്ചു പുറത്തെ മഞ്ഞിലോട്ട് ഇറങ്ങി നടന്നു.
ആ ഒരാഴ്ച ഷാഹിദിനെ സംബന്ധിച്ച് വല്ലാത്തൊരു ഓട്ടമായിരുന്നു. ആഴ്ചയിൽ അഞ്ച് ദിവസവും അവന്
നീണ്ട പന്ത്രണ്ട് മണിക്കൂർ നൈറ്റ് ഷിഫ്റ്റ് ഉണ്ടായിരുന്നു.
രാത്രിയിൽ ഗ്യാസ് സ്റ്റേഷനിൽ തിരക്കൊഴിഞ്ഞ പാതിരാത്രി സമയങ്ങളിൽ കൗണ്ടറിന് പിന്നിലിരുന്ന് ലാപ്ടോപ്പ് തുറന്നുവെച്ച് അവൻ ഇന്റർവ്യൂവിനായി തയ്യാറെടുപ്പുകൾ നടത്തി. ആർ.കെ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ, കാനഡയിലെ വെയർഹൗസ് ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ മാനേജ്മെന്റ് എന്നിവയെക്കുറിച്ചൊക്കെ അവൻ അത്യാവശ്യം നല്ല രീതിയിൽ തന്നെ നോക്കിവെച്ചു.
രണ്ട് ദിവസത്തെ വീക്കെൻഡ് അവധി അവൻ റൂമിൽ കൂട്ടുകാർക്കൊപ്പം ചിലവഴിച്ചു. ഈ ആഴ്ച പുറത്ത് എവിടെയും അധികം ഷാഹിദ് കറങ്ങാൻ പോയില്ല.
ഇടയ്ക്ക് എന്നത്തേയും പോലെ നാട്ടിലേക്ക് ഉപ്പയെയും ഉമ്മയെയും വിളിച്ച് സംസാരിക്കാനും അവൻ സമയം കണ്ടെത്തി. അധികം വിശേഷങ്ങൾ ഒന്നും പിന്നെ ഉണ്ടായില്ല.
വീട്ടുകാര് ഷാഹിദിൻ്റെ ജോലി കാര്യത്തിലും, അവൻ നാട്ടിൽ വരുന്നതും പ്രതീക്ഷിചും ഒക്കെ ഇരിക്കുകയാണ്. കല്യാണക്കാര്യങ്ങൾ ഇനി ഷാഹിദ് നാട്ടിൽ എത്തിയ ശേഷമേ ഇനി നടക്കൂ എന്നുള്ളതുകൊണ്ട് പിന്നെ അതിൻ്റെ അധികം സംസാരം ഉണ്ടായിട്ടില്ല.
ആകെ ഒരു ഫോട്ടോ മാത്രമേ ഒള്ളു എങ്കിലും ഗാലറിയിലുള്ള ജസ്നയുടെ ഫോട്ടോ എടുത്ത് സൂം ചെയ്ത് നോക്കുന്നത് അവനൊരു സ്ഥിരം ശീലമായി മാറിയിരുന്നു.
ഇൻസ്റ്റഗ്രാമിൽ എല്ലാം പല രീതിയിൽ ജസ്ന എന്ന് അടിച്ചു നോക്കിയെങ്കിലും അവൻ്റെ സ്വപ്നസുന്ദരിയെ അവന് കണ്ടെത്താൻ കഴിഞ്ഞില്ല.
അങ്ങനെ കാത്തിരുന്ന ആ തിങ്കളാഴ്ച വന്നെത്തി. രാവിലത്തെ കൊടും തണുപ്പിനെയും മഞ്ഞുവീഴ്ചയെയും വകവെക്കാതെ, വളരെ കോൺഫിഡന്റായി തന്നെ അവൻ മിസ്സിസാഗയിലെ ആർ.കെ ഗ്രൂപ്പിന്റെ ഓഫീസിലെത്തി.
റിസപ്ഷനിൽ റിപ്പോർട്ട് ചെയ്ത ശേഷം അവിടുത്തെ അഡ്മിൻ സ്റ്റാഫ് അവനെ ഒരു ചെറിയ വെയിറ്റിംഗ് റൂമിലിരുത്തി.
ഏകദേശം അര മണിക്കൂറോളം അവിടെ കാത്തിരുന്നപ്പോൾ അവന്റെ ഉള്ളിൽ ചെറിയൊരു
ടെൻഷൻ തുടങ്ങിയിരുന്നു. കാനഡയിൽ വന്നതിന് ശേഷം ആദ്യമായിട്ടാണ് ഇത്രയും വലിയൊരു കോർപ്പറേറ്റ് പാനൽ ഇന്റർവ്യൂ അവൻ ഫേസ് ചെയ്യുന്നത്.
ഉള്ളിൽ വലിയൊരു കൊടുംകാറ്റ് അടിക്കുന്നതുപോലെ. ആദ്യത്തെ ഇന്റർവ്യൂവിന്റെ ആ ഒരു പരിഭ്രമം അവനെ പതിയെ പിടികൂടിത്തുടങ്ങി. കൈപ്പത്തികൾ വിയർക്കുന്നുണ്ടായിരുന്നു. കൂടെക്കൊണ്ടുവന്ന റെസ്യൂമെയിലെ വരികൾ അവൻ വീണ്ടും വീണ്ടും മനസ്സിലിട്ട് ഉരുവിട്ടു.
ഇടയ്ക്കിടെ ടൈ ഒന്ന് നേരെയാക്കി, ഗ്ലാസ്സിലെ വെള്ളം കുറച്ചുകുടിച്ചു തൊണ്ടയിലെ വരൾച്ച മാറ്റി. ഒടുവിൽ വാതിൽ തുറന്ന് ഒരു സ്റ്റാഫ് വന്ന് അവനെ മെയിൻ ബോർഡ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ബോർഡ് റൂമിന്റെ വാതിൽ തുറന്ന് അകത്തുകയറിയപ്പോൾ തണുത്ത എസിയുടെ കാറ്റും നേരിയൊരു കോർപ്പറേറ്റ് പെർഫ്യൂമിന്റെ മണവും അവനെ വരവേറ്റു. വിശാലമായ ആ റൂമിൽ വലിയൊരു ഗ്ലാസ്സ് ടേബിളിന് ചുറ്റുമായി മൂന്നുപേർ ഇരിപ്പുണ്ടായിരുന്നു.
കഴിഞ്ഞ തവണ ഇന്റർവ്യൂ ചെയ്ത അതേ എച്ച്.ആർ ലേഡി, മറ്റൊരാൾ ഡേവിഡ് എന്ന് പേരുള്ള, സീനിയർ മാനേജർ എന്ന് തോന്നിക്കുന്ന ഗൗരവക്കാരനായ ഒരു കനേഡിയൻ പൗരൻ.
