എന്റെ ലോകവും സ്വപ്നങ്ങളും വേറെയാണ്. ലക്ഷ്യം ഒന്നേയുള്ളൂ… യുകെ. അവിടെയൊരു ജോലി, പിന്നെ അവിടെത്തന്നെ സെറ്റിൽ ആകണം. എന്റെ ഡിഗ്രി ക്വാളിഫിക്കേഷനും വെച്ച് യുകെയിലെ കുറച്ചു കമ്പനികൾക്കൊക്കെ ഞാൻ സിവി അയച്ചു കാത്തിരിക്കുകയാണ്.
കൂട്ടത്തിൽ ഏതെങ്കിലും ഒരെണ്ണം ചുളുവിലങ്ങ് ശരിയായാൽ പിന്നെ തിരിഞ്ഞു നോക്കാനില്ല. ദിവസവും രാവിലെ എഴുന്നേറ്റാലുടൻ ഫോണിൽ മെയിൽ
ചെക്ക് ചെയ്യലാണ് ഇപ്പോഴത്തെ എന്റെ പ്രധാന പരിപാടി.
ഏതോ ഒരു സായിപ്പ് എനിക്കായി ഒരു ഓഫർ ലെറ്റർ അയക്കുന്നതും കാത്ത് ഞാനിങ്ങനെ ഇരിപ്പാണ്.
അച്ഛന്റെയും അമ്മയുടെയും നിരന്തരമുള്ള കുറ്റപ്പെടുത്തലുകൾക്കിടയിലും എന്റെ ഈ യുകെ സ്വപ്നത്തിന് കട്ട സപ്പോർട്ടുമായി നിൽക്കുന്നത് ഒരേയൊരാളാണ്; എന്റെ സ്വന്തം ദിവ്യ മേമ.
“അവന് ഇഷ്ടമുള്ളടത്ത് പോയി ജോലി ചെയ്യട്ടെ, അവനെ ഇങ്ങനെ കെട്ടിയിടണ്ട…”
എന്ന് പറഞ്ഞ് അച്ഛന്റെയും അമ്മയുടെയും മുഖത്തു നോക്കി എനിക്ക് വേണ്ടി വാദിക്കാൻ മേമയ്ക്ക് മാത്രമേ കഴിയൂ. ഞാൻ യുകെയിൽ പോയാൽ പിന്നെ ഇങ്ങോട്ടൊക്കെ വരവ് ഉണ്ടാവുമോ എന്ന് ഇടയ്ക്ക് മേമ ചോദിക്കുമെങ്കിലും, എന്റെ സന്തോഷം മാത്രമാണ് മേമയ്ക്ക് വലുത്.
അതുകൊണ്ട് തന്നെ ഈ വീടിനുള്ളിൽ എനിക്കേറ്റവും സമാധാനം കിട്ടുന്നതും സുരക്ഷിതമായി തോന്നുന്നതും മേമയുടെ ഈ മടിയിലാണ്.
നേരം പതുക്കെ സന്ധ്യയോട് അടുക്കുകയായിരുന്നു. ജനാലയിലൂടെ വരുന്ന ഇളം കാറ്റിന് ഇപ്പോൾ ചെറിയൊരു തണുപ്പുണ്ട്. ഈ വീടിന്റെ സമാധാനത്തിൽ നിന്ന് മാറി ചിന്തിച്ചാൽ, കുറച്ചകലെയായി വെള്ളായണി കായലിന്റെ തീരത്താണ് അമ്മയുടെ തറവാട്.
അവിടെയാണ് ബാക്കി കുടുംബാംഗങ്ങളൊക്കെ ഉള്ളത്. അമ്മമ്മ ദേവകി, അമ്മാച്ചൻ കൃഷ്ണവാര്യർ, പിന്നെ സിദ്ധാർഥ് മാമനും ഭാര്യ രോഹിണി അമ്മായിയും.
ഇവർക്കൊക്കെ പുറമെ തറവാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരാളുണ്ട്മാമന്റെ ഒരേയൊരു മകൾ ഹരണിക. ഇരുപത്തിരണ്ട് വയസ്സുകാരിയായ ഒരു പെൺകുട്ടി. ഇപ്പോൾ pg ക്ക് പഠിക്കുന്നു. ഒരു teacher ആകാനാണ് പ്ലാൻ.
ഹരണികയുടെ കാര്യം പറയുമ്പോൾ എനിക്ക് വല്ലാത്തൊരു വീർപ്പുമുട്ടലാണ്. കാരണം മറ്റൊന്നുമല്ല, അവൾക്ക് എന്നെ ജീവനാണ്. ഇന്നോ ഇന്നലെയോ തുടങ്ങിയ ഒന്നല്ല ഇത്.
അവൾക്ക് വകതിരിവ് വന്ന കാലം തൊട്ടേ എന്നെയാണ് നോട്ടം. അതിനൊരു കാരണവുമുണ്ട്. ഹരണിക ജനിച്ച് വീണപ്പോൾ തന്നെ അച്ഛനും അമ്മയും കൂടി ഒരു വാക്ക് കൊടുത്തിരുന്നു
“ഇവൾ ഞങ്ങളുടെ ശ്രീഹരിയുടെ താലിക്ക് ഇരയാകാൻ ഉള്ളതാണെന്ന്.”
പിന്നെ പറയേണ്ടതില്ലല്ലോ, അവൾ വളർന്നു തുടങ്ങിയപ്പോൾ
മുതൽ ഈ വാക്ക് അവൾക്കും ചുറ്റുമുള്ളവർക്കും ഒരു വലിയ സത്യമായി മാറി. “ശ്രീഹരിയാണ് നിന്റെ ഭാവി വരൻ” എന്ന് അവളുടെ കാതിൽ നിരന്തരം ഓതിക്കൊടുത്തു അവർ.
പക്ഷെ, സത്യം പറയാമല്ലോ… എനിക്ക് അവളെ ഒരു കസിൻ എന്നതിനപ്പുറം വേറൊരു ചിന്തയുമില്ല. കാരണം, എനിക്ക് പറ്റിയ ഒരു പെണ്ണല്ല അവൾ.
എന്റെ ഭാവി വധു എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ച് എനിക്ക് എന്റേതായ ചില സങ്കല്പങ്ങളുണ്ട്. അത് എനിക്ക് മാത്രമല്ല, ഏത് ചെറുപ്പക്കാരനും കാണില്ലേ?
ഹരണികയ്ക്ക് അവളെന്തൊക്കെയോ ആണെന്ന തോന്നലുണ്ടാകാം, പക്ഷേ എന്റെ സങ്കല്പങ്ങളിലെ വധുവുമായി അവൾക്ക് യാതൊരു സാമ്യവുമില്ല. ഈ കാര്യം വീട്ടിൽ പലതവണ ചർച്ചയ്ക്ക് വന്നിട്ടുണ്ട്.
അപ്പോഴൊക്കെ എന്റെ ഭാഗത്ത് നിന്ന് സംസാരിക്കാൻ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്റെ മേമ.
“അവന് ഇഷ്ടമുള്ള പെണ്ണിനെ അവൻ കല്യാണം കഴിക്കട്ടെ. ആരുടെ കൂടെ ജീവിക്കണം എന്നുള്ളത് അവന്റെ മാത്രം തീരുമാനമാണ്. അതിൽ അഭിപ്രായം പറയാൻ നമുക്കാർക്കും അവകാശമില്ല,”
എന്ന് മേമ എപ്പോഴും ഉറപ്പിച്ചു പറയുമായിരുന്നു.
ഞാൻ പറയുന്നത് എപ്പോഴും ശരിയാണെന്ന് വിശ്വസിക്കുന്ന ഒരാൾ. അതാണ് ഞാനും മേമയും തമ്മിലുള്ള ആ ഒരു പ്രത്യേക ബോണ്ട്. എനിക്ക് വേണ്ടി സ്വന്തം വീട്ടുകാരോട് പോലും തർക്കിക്കാൻ മേമ എപ്പോഴും തയ്യാറായിരുന്നു…
