മേമയുടെ വിരലുകൾ എന്റെ മുടിയിഴകളിൽ നിന്ന് പെട്ടെന്ന് നിശ്ചലമായത് പോലെ തോന്നി. ഞാൻ പതുക്കെ കണ്ണ് തുറന്ന് നോക്കുമ്പോൾ മേമ എന്തോ ആലോചനയിലായിരുന്നു.
മുഖത്തെ ആ ചിരി മാഞ്ഞുപോയിരിക്കുന്നു. പെട്ടെന്ന് എന്തോ ഓർമ്മ വന്നതുപോലെ മേമ എന്റെ തല പതുക്കെ താഴേക്ക് വെച്ചിട്ട് ചാടി എഴുന്നേറ്റു.
“അയ്യോ… സമയം പോയതറിഞ്ഞില്ല! ഇനിയിപ്പോ നാലുകാലിൽ വരും അങ്ങേരു… എടി ഞാൻ പോകുവാ, നാളെ കാണാം. പോട്ടെടാ ചക്കരേ…”
ധൃതിയിൽ എന്നെയൊന്ന് നോക്കി ചിരിച്ചിട്ട് മേമ പോകാൻ തിരിഞ്ഞു. ആ വാക്കുകളിൽ ഒളിപ്പിച്ചുവെച്ച ഭയവും സങ്കടവും എനിക്ക് നന്നായി
മനസ്സിലാകുന്നുണ്ടായിരുന്നു. ചെറിയച്ഛന്റെ കാര്യമാണ് പറയുന്നത്.
ഇരുട്ടിവെളുത്താൽ പിന്നെ കുടി തുടങ്ങുന്ന ആ മനുഷ്യനെ പേടിച്ചാണ് മേമ ഇപ്പോൾ ഇത്രയും ധൃതിയിൽ ഇറങ്ങുന്നത്.
“ഹാ… എന്തെങ്കിലും കഴിച്ചിട്ട് പോകാമെടി…”
കൈയിലൊരു പ്ലേറ്റുമായി അടുക്കളയിൽ നിന്നും പുറത്തേക്ക് വന്നുകൊണ്ട് അമ്മ പറഞ്ഞു. മേമയുടെ ധൃതി കണ്ടിട്ടാകണം, അമ്മയുടെ മുഖത്തും ഒരു നേരിയ സങ്കടം മിന്നിമറഞ്ഞു.
“ഇപ്പോഴും നല്ല കുടിയുണ്ടല്ലേടി അവന്?”
അമ്മ ചോദിച്ചു.
അതിന് മറുപടിയായി മേമ ഒന്നുമൂളുക മാത്രം ചെയ്തു. കൂടുതൽ പറഞ്ഞാൽ ചിലപ്പോൾ ആ കണ്ണുകൾ നിറഞ്ഞേക്കുമെന്ന് മേമയ്ക്ക് അറിയാമായിരിക്കും. പെട്ടെന്ന് ആ വിഷയം മാറ്റാനായി മേമ ചോദിച്ചു.
“ശങ്കരേട്ടൻ വരാറായില്ലേ?”
എന്റെ അച്ഛൻ ജയശങ്കറിനെക്കുറിച്ചാണ് മേമ ചോദിക്കുന്നത്.
“എന്തോ ബിസിനസ്സ് കാര്യമായിട്ട് എറണാകുളം വരെ പോകും എന്ന് പറഞ്ഞിരുന്നു. ചിലപ്പോൾ നാളെയേ വരൂ…”
അമ്മ മറുപടി കൊടുത്തു.
“ശരി എന്നാ…”
മേമ വാതിൽ പടിയിറങ്ങി പോയതോടെ ആ വീട്ടിലെ സമാധാനവും കൂടെ പോയെന്ന് എനിക്ക് തോന്നി. ഞാൻ പതുക്കെ സോഫയിൽ നിന്നെഴുന്നേറ്റ് ഫോണുമെടുത്ത് ഉമ്മറത്തേക്ക് നടക്കാൻ തുടങ്ങി.
“ഹരീ…”
പിന്നിൽ നിന്നുള്ള അമ്മയുടെ വിളി കേട്ട് എന്റെ കാലുകൾ നിന്നു. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ, അമ്മ ഡൈനിങ് ടേബിളിനടുത്ത് നിൽപ്പുണ്ടായിരുന്നു. മുഖത്ത് ദേഷ്യമാണോ സങ്കടമാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു ഭാവം.
“എന്താ അമ്മേ?”
ഞാൻ ചോദിച്ചു.
“നിനക്കിങ്ങനെ നടന്നാൽ മതിയോ? എത്ര കാലം ഇങ്ങനെ ഈ ഫോണും നോക്കി യുകെ എന്നും പറഞ്ഞ് വീട്ടിലിരിക്കും നീ?”
അമ്മയുടെ ശബ്ദം പതുക്കെ ആയിരുന്നെങ്കിലും, അതിലെ നിരാശ എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു. ഞാൻ ഒന്നും മിണ്ടാതെ നിന്നു.
“അച്ഛനാണെങ്കിൽ രാവിലെ പോയാൽ പാതിരാത്രിയാ വരുന്നേ. ആ ബിസിനസ്സ് നോക്കാൻ ഒരു സഹായത്തിന് ചെല്ലാൻ പറഞ്ഞാൽ നീയൊട്ട് കേൾക്കില്ല. കൂടെ പഠിച്ച പിള്ളേരെല്ലാം ജോലി മേടിച്ച് പോയില്ലേടാ? നിനക്ക് മാത്രം എന്താ ഇങ്ങനെ?”
സ്ഥിരം
പല്ലവി. ഇതെത്ര തവണ ഞാൻ കേട്ടിരിക്കുന്നു. പക്ഷെ ഇന്ന് അമ്മയുടെ ശബ്ദത്തിൽ വല്ലാത്തൊരു ഭാരമുണ്ടായിരുന്നു. ഞാൻ പതുക്കെ അമ്മയുടെ അടുത്തേക്ക് നടന്നു.
“അമ്മ, ഞാൻ വെറുതെ ഇരിക്കുവല്ലല്ലോ. എനിക്ക് പറ്റിയ ഒരു ജോലിക്കല്ലേ ഞാൻ ശ്രമിക്കുന്നത്. അച്ഛന്റെ ബിസിനസ്സ് എനിക്ക് വഴങ്ങില്ല എന്ന് അമ്മയ്ക്കും അറിയാവുന്നതല്ലേ?
എന്റെ ക്വാളിഫിക്കേഷന് അനുസരിച്ചുള്ള ഒരു ലൈഫ്, അതാണ് ഞാൻ നോക്കുന്നത്. അത് കിട്ടും.”
ഞാൻ പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിച്ചു.
അമ്മ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി. ആ നോട്ടത്തിൽ ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു.
“ശരി, നിന്റെ ജോലി നിന്റെ ഇഷ്ടം. പക്ഷെ ഹരണികയുടെ കാര്യമോ?”
അമ്മ ചോദിച്ചു.
അത് പ്രതീക്ഷിച്ചതായിരുന്നു. എന്റെ യുകെ സ്വപ്നങ്ങളെക്കാൾ അമ്മയ്ക്ക് ഇപ്പോൾ പ്രധാനപ്പെട്ട വിഷയം അതാണെന്ന് എനിക്കറിയാം.
“അമ്മ, വീണ്ടും വീണ്ടും അത് തന്നെ പറയണോ? ഞാൻ പല തവണ പറഞ്ഞതല്ലേ അവൾ എനിക്ക് ചേർന്ന കുട്ടിയല്ല എന്ന്.”
എന്റെ ശബ്ദത്തിൽ ചെറിയൊരു അലോസരം കലർന്നിരുന്നു.
“നീ പറഞ്ഞാൽ മാത്രം മതിയോ ഹരീ? അവൾക്ക് അങ്ങനെയല്ലല്ലോ. ചെറുപ്പം തൊട്ടേ അവളുടെ മനസ്സിൽ നീയാ. നിന്നെക്കൊണ്ട് അവളെ കെട്ടിക്കാമെന്ന് ഈ ഞാൻ തന്നെയാ അവൾക്ക് വാക്ക് കൊടുത്തത്. അതൊക്കെ എങ്ങനെയാ ഒറ്റയടിക്ക് മാറ്റി പറയുന്നേ?”
