എല്ലാം അവസാനിച്ചു എന്ന് കരുതിയ നേരത്ത്, ഇരുട്ടിൽ എവിടെ നിന്നോ വെളിച്ചം നിറഞ്ഞ ഒരു വാതിൽ തുറന്നുകിട്ടിയത് പോലെ. ഞാൻ വേഗം അലമാര തുറന്ന് നാളത്തേക്ക് ഇടാനുള്ള നല്ലൊരു ഷർട്ട് എടുത്തു പുറത്തേക്ക് വെച്ചു.
പ്രതീക്ഷയുടെ ഒരൊറ്റ ഇതൾ എനിക്ക് നേരെ പാറി വരുന്നത് പോലെ തോന്നി….
രാത്രി പത്തര കഴിഞ്ഞിട്ടുണ്ടാകും. മുറ്റത്തൊരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ചിന്തകളിൽ നിന്നുണർന്നത്. അച്ഛൻ വന്നിട്ടുണ്ട്. എറണാകുളത്ത് നിന്നുള്ള വരവാണ്, നല്ല ക്ഷീണം കാണും.
പതിവില്ലാത്ത ഒരു ധൈര്യം മനസ്സിലുള്ളത് കൊണ്ടാകണം, ഊൺമേശയ്ക്ക് അടുത്തേക്ക് ചെല്ലുമ്പോൾ എന്നത്തേതുമുള്ള ആ ഒരു ഭയം എനിക്കുണ്ടായിരുന്നില്ല.
ഊൺമേശയ്ക്ക് ചുറ്റുമുള്ള ആ നിശബ്ദതയ്ക്ക് എപ്പോഴും വല്ലാത്തൊരു കനമാണ്. അച്ഛനും അമ്മയും ഞാനും. അച്ഛൻ ഒന്നും മിണ്ടാതെ കഴിക്കുകയായിരുന്നു. പെട്ടെന്ന് ആ നിശബ്ദതയെ മുറിച്ചുകൊണ്ട് അച്ഛൻ സംസാരിച്ചു
തുടങ്ങി.
“എറണാകുളത്തെ ഡീലർമാരുമായി ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. കാര്യങ്ങളൊക്കെ കുറച്ചുകൂടി വിപുലീകരിക്കാൻ നോക്കുവാ. നീയൊന്ന് എന്റെ കൂടെ നിന്നിരുന്നെങ്കിൽ എനിക്ക് വലിയൊരു ആശ്വാസമായേനെ ഹരീ. വയസ്സുകാലത്ത് എനിക്കിങ്ങനെ ഓടി നടക്കാൻ വയ്യ.”
അച്ഛന്റെ ശബ്ദത്തിൽ ക്ഷീണമുണ്ടായിരുന്നു. പക്ഷെ അതൊരു അഭ്യർത്ഥനയായിരുന്നില്ല, മറിച്ച് ഞാൻ അനുസരിക്കാൻ ബാധ്യസ്ഥനായ ഒരു കല്പന പോലെയാണ് എനിക്ക് തോന്നിയത്.
അമ്മയ്ക്ക് ഇത് കേൾക്കേണ്ട താമസം, കൂട്ടുപിടിച്ചു.
“ഞാൻ വൈകുന്നേരവും അവനോട് ഇത് തന്നെയാ പറഞ്ഞത്. എവിടെ കേൾക്കാൻ! അവനിപ്പോഴും ആ യുകെ എന്നും പറഞ്ഞ് നടക്കുവാ. ഇതിനിടയിൽ ഹരണികയുടെ വീട്ടുകാർ കല്യാണക്കാര്യം ചോദിച്ച് പിന്നാലെ നടപ്പുണ്ട്.
എനിക്കാണെങ്കിൽ അവരുടേക്കെ മുഖത്ത് നോക്കാൻ വയ്യാത്ത അവസ്ഥയാ.”
പെട്ടെന്ന് എനിക്ക് ചോറ് ഇററങ്ങാതായി. കഴിച്ചു കൊണ്ടിരുന്ന പാത്രം പതുക്കെ മുന്നിലേക്ക് നീക്കിവെച്ച് ഞാൻ അച്ഛന്റെ മുഖത്തേക്ക് നോക്കി. നാളത്തെ ദിവസം തന്നൊരു പ്രതീക്ഷ എന്റെ ഉള്ളിലുണ്ടായിരുന്നു. അത് വാക്കുകളായി പുറത്തേക്ക് വന്നു.
“അച്ഛാ… ഞാൻ നാളെ രാവിലെ ഒരു ഇന്റർവ്യൂവിന് പോകുവാ. പാളയത്ത് വെച്ചാണ്. ഒരു യുകെ കമ്പനിയുടെ ഡയറക്റ്റ് റിക്രൂട്ട്മെന്റ് ആണ്.”
അച്ഛൻ കഴിക്കുന്നത് നിർത്തി. എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി. മുഖത്തെ ആ ക്ഷീണം മാറി അവിടെ പെട്ടെന്ന് ദേഷ്യം നിറയുന്നത് ഞാൻ കണ്ടു.
“എന്ത് യുകെ? ആരുടെ റിക്രൂട്ട്മെന്റ്? ഞാൻ ഇവിടെ കഷ്ടപ്പെട്ട് ഉണ്ടാക്കിവെച്ചതൊക്കെ ആരെ ഏൽപ്പിക്കാനാടാ?”
“അച്ഛാ, എനിക്ക് ഈ ബിസിനസ്സ് ചെയ്യാൻ താല്പര്യമില്ല എന്ന് ഞാൻ പലവട്ടം പറഞ്ഞതല്ലേ. അതെനിക്ക് വഴങ്ങില്ല. എന്റെ ക്വാളിഫിക്കേഷന് പറ്റിയൊരു ജോലി, അതെന്റെ സ്വപ്നമാണ്.”
ഞാൻ ശാന്തമായി തന്നെ പറയാൻ ശ്രമിച്ചു.
പക്ഷെ അതോടെ അച്ഛന്റെ നിയന്ത്രണം വിട്ടു.
കഴിച്ചു കൊണ്ടിരുന്ന പാത്രത്തിൽ നിന്ന് കൈയെടുത്ത് അച്ഛൻ മേശപ്പുറത്ത് ശക്തിയായി ഒന്നടിച്ചു.
“നിന്റെയൊരു സ്വപ്നം! സ്വന്തമായിട്ട് പത്ത് പൈസ ഉണ്ടാക്കാൻ കഴിവില്ലാത്തവന്റെ വലിയ വലിയ സ്വപ്നങ്ങൾ. ഞാൻ ഉണ്ടാക്കിയതിന്റെ
തണലിൽ തിന്നും കുടിച്ചും കിടക്കുമ്പോൾ നിനക്ക് പല സ്വപ്നങ്ങളും വരും.
ഞാൻ ഇത്രയും കാലം എന്റെ ചോര നീരാക്കി ഉണ്ടാക്കിയത് മുഴുവൻ എന്തിനാ? നിനക്ക് വേണ്ടിയല്ലേ? എന്നിട്ട് അതെല്ലാം വലിച്ചെറിഞ്ഞിട്ട് അവന്റെയൊരു യുകെ കമ്പനി!”
അച്ഛന്റെ ശബ്ദം ആ വീടാകെ മുഴങ്ങി.
“നിങ്ങളൊന്ന് പതുക്കെ പറ… ആരെങ്കിലും കേൾക്കും,”
അമ്മ ഇടപെടാൻ ശ്രമിച്ചു.
“കേൾക്കട്ടെ… ഇവന്റെ തന്നിഷ്ടം കാരണം നാളെ എന്റെ കുടുംബക്കാർക്ക് മുന്നിൽ ഞാൻ തല കുനിക്കേണ്ടി വരും. കൊടുത്ത വാക്ക് തെറ്റിച്ചു എന്ന് അവർ പറയുമ്പോൾ എനിക്ക് മറുപടി ഇല്ല.”
അച്ഛൻ വീണ്ടും ഹരണികയുടെ കാര്യത്തിലേക്ക് തന്നെ വന്നു.
“അതിന്റെ പേരിൽ എനിക്ക് ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ ജീവിക്കാൻ പറ്റില്ല അച്ഛാ. അവളുമായി ഒരു ജീവിതം എനിക്കില്ല. എനിക്കെന്റെ സ്വന്തം കാലിൽ നിൽക്കണം.”
