അങ്ങനെ അച്ഛൻ ഹോസ്പിറ്റലിൽ ആയി. അച്ഛന്റെ രണ്ട് കാലും മുറിച്ചു മാറ്റേണ്ടി വന്നു. അന്ന് രാത്രിയിൽ മറ്റൊരു സങ്കടപെടുത്തുന്ന വാർത്തയാണ് ഞങ്ങൾ നേരിട്ടത്. അത് അപ്പച്ചി ട്രെയിനിനു മുന്നിൽ ചാടി മരിച്ചെന്നാണ്. ”
അത് കേട്ട് ശ്യാമ വീണ്ടും ഞെട്ടി തേങ്ങികരയാൻ തുടങ്ങി. സുധി അവളെ ആശ്വസിപ്പിച്ചുകൊണ്ട് തുടർന്നു.
“കണ്ടാൽ തിരിച്ചറിയാൻ പോലും പറ്റാത്ത തരത്തിൽ ഞങ്ങളുടെ അപ്പച്ചിയുടെ ശവശരീരം മുത്തശ്ശന്റെയും മുത്തശ്ശിയുടേയും ശവശരീരത്തിന്റെ കൂടെ അടക്കം ചെയ്തു. അതൊക്കെ ഞങ്ങൾക്ക് കരഞ്ഞുകൊണ്ട് നോക്കിനിൽക്കേണ്ടി വന്നു.
കാര്യങ്ങൾ എല്ലാം അറിഞ്ഞപ്പോൾ അന്ന് പട്ടാളത്തിൽ ഉണ്ടായിരുന്ന ഞങ്ങളുടെ സുന്ദരൻ അമ്മാവൻ വന്നു. ഞങ്ങളെ എല്ലാവരേയും കൂട്ടി മറ്റൊരു സ്ഥലത്തേക്ക് പോയി. രണ്ടു കാലും ഇല്ലാതെ ആയ അച്ഛൻ, ഞാനും അമ്മുവും കണ്ണനും ചെറിയ കുട്ടികൾ. ആകെ എന്ത് ചെയ്യണം എന്ന് അറിയാത്ത അമ്മയും അമ്മായിയും. പിന്നെ എല്ലാം നേരെ ആക്കിയത് അമ്മാവൻ ആണ്.
ഞങ്ങളെ വളർത്തിയത്, പഠിപ്പിച്ചത്, അച്ഛന്റെ ചികിത്സ, അങ്ങനെ എല്ലാം. അമ്മാവൻ നോക്കി. ഞങ്ങളുടേതായി ഒന്നും അന്ന് ഉണ്ടായിരുന്നില്ല. എല്ലാം അവർ നശിപ്പിച്ചിരുന്നു.. അതിനിടയിൽ ഇതിന്റെ എല്ലാം പിന്നിൽ ആരാണെന്ന് അറിയാൻ ഉള്ള ശ്രമവും അമ്മാവൻ നടത്തി. അതിന് പട്ടാളത്തിൽ ഉള്ള അമ്മാവന്റെ ചില സുഹൃത്തുക്കളും സഹായിച്ചു.
അങ്ങനെ അത് അമ്മാവൻ അറിഞ്ഞു. ആരാണ് ഇതിന്റെയൊക്കെ പിന്നിൽ എന്ന്. അത് അവർ ആയിരുന്നു ആ വലിയപറമ്പന്മാർ.. ”
സുധി പറയുന്നത് കേട്ട് വീണ്ടും ഞെട്ടിയ ശ്യാമ ഇടയ്ക്ക് കയറി ചോദിച്ചു.
“ആര്..? മുതലാളിമാരോ…?”
“അതേ അവർ തന്നെ. അന്ന് അതിന്റെ കാരണവർ ആയിരുന്ന ആൾ. അയാളാണ് എല്ലാം തുടങ്ങി വെച്ചത്.
എല്ലാം കണ്ട് പിടിച്ചിട്ടും അമ്മാവൻ കാത്തിരുന്നു. പകരം വീട്ടാൻ . അതിന് വേണ്ടി ആയിരുന്നു അമ്മാവന്റെ പിന്നെയുള്ള ശ്രമം. പക്ഷെ നമുക്ക് നഷ്ട്ടമായ മുത്തശ്ശൻ, മുത്തശ്ശി, അപ്പച്ചി. അത് സഹിക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല. . കൂടെ അച്ഛന്റെ കാലുകളും. അതിൽ നിന്ന് കരകയറാൻ തന്നെ വർഷങ്ങൾ ഞങ്ങൾക്ക് വേണ്ടി വന്നു.
കൃത്രിമമായി പിടിപ്പിച്ച കാലുകൊണ്ട് വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ അച്ഛൻ മെല്ലെ നടക്കാൻ തുടങ്ങി. അങ്ങനെ അച്ഛൻ നടക്കാൻ തുടങ്ങിയപ്പോൾ അവർ മറുപണി തുടങ്ങി. പക്ഷെ അതിന് വർഷങ്ങൾ വേണ്ടി വന്നു. വലിയ പറമ്പന്മാർ ശക്തരായിരുന്നു. അതിന് അവർ പണവും , മദ്യവും, മയക്ക് മരുന്നുകളും ഉപയോഗിച്ചു. കൂടെ പാവപ്പെട്ട വീട്ടിലെ പെൺകുട്ടികളെ തിരഞ്ഞു പിടിച്ച് വലവീശി. അവരെ നശിപ്പിച്ച് അവരേയും അവർ അതിന് വേണ്ടി ഉപയോഗിച്ചു. അതിന് അവർക്ക് വേണ്ടി കുറേ പിമ്പുകളും ഉണ്ടായിരുന്നു. അതിൽ ഒരുവൻ ആണ് എന്റെ ശ്യാമയേയും.”
സുധി പറഞ്ഞു നിർത്തി. ശ്യാമ കരഞ്ഞുകൊണ്ട് സുധിയെ കെട്ടിപിടിച്ചു..
“ഏയ് കരയല്ലേ പെണ്ണെ.. നീ എന്തിനാ കരയുന്നത്. നിന്റെ കൂടെ ഞാൻ ഇല്ലേ. ബാക്കിയൊക്കെ മറന്നു കളഞ്ഞേക്ക്. ഇതാണ് ഞാൻ നിന്നോട് ഒന്നും പറയാതിരുന്നത്. ഇതൊക്കെ നീ അറിഞ്ഞാൽ നിനക്ക് സഹിക്കാൻ കഴിയില്ല എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.. കരയല്ലേ പെണ്ണേ കരയല്ലേ. ”
സുധിയെ കെട്ടിപിടിച്ചു കരഞ്ഞ ശ്യാമ കുറച്ചു കഴിഞ്ഞു പറഞ്ഞു.
“ഇല്ല കരയില്ല അപ്പു ഏട്ടൻ പറഞ്ഞോ” . സുധി തുടർന്നു.
“അന്ന് ആ പ്രശ്നം ഉണ്ടാക്കിയ ഓരോരുത്തരെ ആയി അവർ കണ്ടെത്തി . ആരും അറിയാതെ അവരെയൊക്കെ പിടിച്ചു കൊണ്ട് വന്ന്. അവരെ ചോദ്യം ചെയ്തു. അറിയേണ്ടതൊക്കെ അറിഞ്ഞു. അതിൽ ഓരോരുത്തരെ ആയി ആരും അറിയാതെ അവർ കൊന്നു കളഞ്ഞു. ഒരു തെളിവ് പോലും ഇല്ലാതെ.
അപ്പോഴേക്കും ഞാൻ പോലീസിലും കണ്ണൻ പട്ടാളത്തിലും ആയിരുന്നു. പിന്നെ കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ അമ്മു ഡോക്ടർ കൂടെ ആയി അതോടെ ഞങ്ങളും അവർക്കൊപ്പം നിന്നു.
