ഞാൻ ഒരു ദീർഘശ്വാസം വിട്ടു. എങ്കിലും തൊട്ടടുത്ത നിമിഷം വീണ്ടും അതേ നമ്പറിൽ നിന്നും കോൾ വന്നു. ഇനി ഒളിച്ചോടിയിട്ട് കാര്യമില്ലെന്ന് എനിക്ക് മനസ്സിലായി. ഞാൻ രണ്ടും കൽപ്പിച്ച്, വിറയ്ക്കുന്ന വിരലുകളോടെ ഫോൺ എടുത്ത് കാതോടു ചേർത്തു.
“ഹ… ഹലോ സാർ…”
എന്റെ ശബ്ദം ഇടറിയിരുന്നു.
“ആഹ് ശ്യാം… എന്താടോ താൻ ഫോൺ എടുക്കാൻ ഇത്ര താമസം?”
ഫോണിന്റെ മറുതലയ്ക്കൽ നിന്നും സുധേവ് സാറിന്റെ പതിവ് ഗൗരവമുള്ള, എന്നാൽ ശാന്തമായ ശബ്ദം കേട്ടു.
അദ്ദേഹത്തിന്റെ സംസാരത്തിൽ കലിപ്പോ ദേഷ്യമോ ഒട്ടുമില്ലായിരുന്നു. തികച്ചും സാധാരണ മട്ടിലുള്ള പെരുമാറ്റം. അത് കേട്ടപ്പോഴാണ് എനിക്ക് മനസ്സിലായത്, ദേവൻ ഈ ക്രമക്കേടുകളെക്കുറിച്ചോ 8 കോടിയുടെ തട്ടിപ്പിനെക്കുറിച്ചോ അച്ഛനോട് ഒന്നും തന്നെ പറഞ്ഞിട്ടില്ല! വേദുവിനെ സ്വന്തമാക്കാൻ വേണ്ടി അവൻ ഈ രഹസ്യം സ്വന്തം അച്ഛനിൽ നിന്ന് പോലും ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്. എന്റെ ഉള്ളിലേക്ക് നേരിയൊരു ആശ്വാസം കടന്നുവന്നു.
“അത് സാർ… ഞാൻ ബാത്റൂമിലായിരുന്നു. സോറി
സാർ…”
ഞാൻ ഒരു കള്ളം പറഞ്ഞു.
“അതിരിക്കട്ടെ ശ്യാം… താൻ ഇന്ന് ഓഫീസിൽ വന്നിട്ടില്ലെന്ന് അറിഞ്ഞു. ലീവ് അപ്ലൈ ചെയ്തിട്ടുണ്ടല്ലോ, എന്ത് പറ്റി? തനിക്ക് എന്തെങ്കിലും അസുഖമാണോ?”
സുധേവ് സാർ ചോദിച്ചു.
“അത്… അതെ സാർ. ഇന്നലെ രാത്രി മുതൽ ചെറിയൊരു പനിയും തലവേദനയും ഉണ്ട്. അതുകൊണ്ട് ഓഫീസിൽ വരാൻ പറ്റിയില്ല,”
ഞാൻ പതുക്കെ തൊണ്ടയനക്കി പറഞ്ഞു.
“ഓഹോ… എന്നാ താൻ നന്നായി റസ്റ്റ് എടുക്കൂ ശ്യാം. തിടുക്കപ്പെട്ട് ഓഫീസിലേക്ക് വരേണ്ടതില്ല. പനിയൊക്കെ മാറിയിട്ട് പതിയെ വന്നാൽ മതി,”
സുധേവ് സാർ പറഞ്ഞു. അതിനുശേഷം അദ്ദേഹം മറ്റൊരു കാര്യം കൂടെ ഓർമ്മിപ്പിച്ചു
: “പിന്നെ ശ്യാം… നമ്മുടെ മലേഷ്യയിലെ പുതിയ ബ്രാഞ്ചിലേക്ക് തനിക്ക് ട്രാൻസ്ഫർ തരുന്ന കാര്യത്തെപ്പറ്റി ഞാൻ സംസാരിച്ചിരുന്നല്ലോ. അങ്ങോട്ട് മാറാൻ തനിക്ക് താല്പര്യമുണ്ടോ? എന്താണ് തന്റെ തീരുമാനം?”
മലേഷ്യൻ ബ്രാഞ്ചിന്റെ കാര്യം കേട്ടപ്പോൾ എനിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. ഇപ്പോൾ ഇതാ ഇവിടെ 8 കോടിയുടെ ചതിയിൽ പെട്ട് ജീവൻ പോലും അപകടത്തിൽ കിടക്കുന്നു.
“അത്… സാർ, ഇതുവരെ അതിലൊരു അന്തിമ തീരുമാനം എടുക്കാൻ പറ്റിയിട്ടില്ല സാർ. വേദുവുമായി കൂടെയൊന്ന് സംസാരിച്ചിട്ട് ഞാൻ ആലോചിച്ചു പറയാം സാർ…”
ഞാൻ പറഞ്ഞു.
“ശരി ശ്യാം… താൻ ആലോചിച്ച് പറഞ്ഞാൽ മതി. ,”
എന്ന് പറഞ്ഞ് സുധേവ് സാർ ഫോൺ കട്ട് ചെയ്തു.
ഫോൺ വെച്ചതും ഞാൻ കട്ടിലിലേക്ക് പതുക്കെ ചാരിയിരുന്നു. നെറ്റിയിലെ വിയർപ്പ് തുടയ്ക്കുമ്പോൾ എന്റെ ഉള്ളിൽ ദേവനോടുള്ള ഭയം വീണ്ടും കൂടി. അവൻ അച്ഛനോട് പറയാതെ ഈ കാര്യം ഒതുക്കി വെച്ചിരിക്കുന്നത് വേദുവിനെ അവന് അത്രമേൽ വേണമെന്നുള്ളതുകൊണ്ട് മാത്രമാണ്.
ഞാൻ പതുക്കെ കട്ടിലിൽ നിന്നും എഴുന്നേറ്റ് മുറിക്ക് പുറത്തേക്ക് നടന്നു. സമയം ഒരുപാടായിരുന്നു. വിശപ്പ് അനുഭവപ്പെട്ടതുകൊണ്ട് ഞാൻ അടുക്കളയിലേക്ക് ചെന്നുനോക്കി. എന്നാൽ അവിടെ അടുപ്പ് കത്തിച്ചിട്ടുപോലുമില്ലായിരുന്നു. ഭക്ഷണവും ഉണ്ടാക്കിയിട്ടില്ല. വേദു അവിടെയൊന്നും ഇല്ലായിരുന്നു.
ഞാൻ പതുക്കെ ഹാളിലേക്ക് നടന്നു. അവിടെ സോഫയുടെ ഒരു കോണിൽ മുട്ടുകൾ നെഞ്ചോട് ചേർത്തുവെച്ച്, ശൂന്യതയിലേക്ക് നോക്കി ഓരോന്ന് ആലോചിച്ചിരിക്കുകയായിരുന്നു വേദു. അവളുടെ കണ്ണുകൾ കരഞ്ഞ് ചുവന്നിട്ടുണ്ടായിരുന്നു. മുഖത്തെ ആ പ്രസന്നതയെല്ലാം മാറി ആകെ ഇരുണ്ടിരുന്നു.
ഞാൻ പതുക്കെ നടന്ന് അവളുടെ അരികിലേക്ക് ചെന്നു. അവൾ എന്നെ നോക്കിയതേയില്ല. ഞാൻ അവളുടെ തൊട്ടടുത്തായി സോഫയിലിരുന്നു. അവളുടെ ആ സങ്കടം കാണാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. ഒടുവിൽ ഞാൻ കടുത്തൊരു തീരുമാനമെടുത്തു.
“വേദു…”
ഞാൻ പതുക്കെ വിളിച്ചു.
അവൾ മിണ്ടിയില്ല.
“മോളേ… നീ ഒരു കാര്യം ചെയ്യ്. നീ നിന്റെ ബാഗ് പാക്ക് ചെയ്ത് അങ്ങോട്ട്… നിന്റെ വീട്ടിലേക്ക് പൊയ്ക്കോ . കുറച്ചു ദിവസത്തേക്ക് നീ അവിടെ നിൽക്ക്.”
