ഞാൻ കാര്യം ഏതാണ്ട് ചോദിക്കാമെന്നുള്ള അവസ്ഥ ആയപ്പോൾ , അവളുടെ അടുത്തേയ്ക്കു നീങ്ങിയിരുന്നു, ‘അമ്മ വരുന്നുണ്ടോന്നു ഒന്നുകൂടി അടുക്കളയിലേക്കു നോക്കി ഉറപ്പാക്കി
” അതേ, എടി ഇത് എനിയ്ക്കുള്ള ഡൌട്ട് അല്ല, എന്റെ ഒരു ഫ്രെണ്ടിനാണ്,” ഞാൻ ഒന്ന് കൂടി മുരടനക്കി തുടർന്നു
” എടി അവനെ ഇന്ന് ഒരു പെണ്ണ് ഇഷ്ടമാണെന്നു പറഞ്ഞു, പെണ്ണ് കാണാനൊക്കെ സുന്ദരിയാണ്,
പക്ഷെ ഇത്തിരി ഓവർ പൊസ്സസ്സീവ് അല്ലെന്നു അവനൊരു ഡൌട്ട്, അല്ല മറ്റുള്ള പെൺപിള്ളേരോട് സംസാരിക്കുന്നതു പോലും അവൾക്കു ഇഷ്ടമല്ലത്രേ, അവനാണേൽ പ്രേമിച്ചു ഒരു പരിചയവുമില്ല, അവനാണേൽ അവളോട് പ്രണയമുണ്ടോ എന്ന് പോലും ഒരു പിടിയുമില്ലാത്ത അവസ്ഥ..!”
ഞാൻ ഇത്രയും പറഞ്ഞു അവളുടെ മുഖത്തേയ്ക്കു നോക്കി,
അവൾ ആ ഉണ്ട കണ്ണ് വെച്ച് എന്നെ സൂക്ഷിച്ചു നോക്കി, പിന്നെ ചെറുതായൊന്നു ചിരിച്ചു
” എനിയ്ക്കു ഇതിനെ പറ്റി അത്ര ആധികാരികമായി പറയാൻ അറിഞ്ഞുകൂടാ, എന്നാലും ഒന്ന് പറയാം, ഞങ്ങൾ പെണ്ണുങ്ങൾ ഒരാളെ ആത്മാർത്ഥമായി സ്നേഹിക്കുകയാണേൽ, അയാൾ ഞങ്ങളുടെ മാത്രമായിരിക്കും, തിരിച്ചും അങ്ങനെ തന്നെ..!” അവൾ പെട്ടെന്ന് ഒന്ന് നിർത്തി
“അല്ലേ ഇനിയിപ്പോ നിന്റെ ആ ഫ്രണ്ടിന്റെ പേര് സുനിൽ എന്നെങ്ങാനും ആണേൽ, അമ്മയോട് പറഞ്ഞു ഞാൻ ഇപ്പൊ തന്നെ നിന്റെ പുറം പൂരപ്പറമ്പാക്കും..!” അവൾ എന്നെ പെട്ടെന്ന് ഭീഷണിപ്പെടുത്തി
” ഒന്ന് പോയെടി, എന്നെയൊക്കെ ആര് പ്രേമിക്കാനാ, ഇത് ക്ലാസ്സിലുള്ള വേറൊരുത്തനാ..!” ഞാൻ പെട്ടെന്ന് അവിടെന്നു തടിതപ്പാനായി നോക്കി
” ആ ആയാൽ കൊള്ളാം, എന്തായാലും നീയാ ഫ്രണ്ടിനോട് പറഞ്ഞേരെ, നല്ല പെൻകുട്ടിയാണേൽ വിടാണ്ട് പിടിച്ചോളാൻ..” ഇതും പറഞ്ഞു ഒരു ചിരിയും പാസ്സാക്കി അവൾ പിന്നെയും ടിവിയിലേയ്ക്ക് മറിഞ്ഞു
ഞാൻ എന്ത് തീരുമാനിക്കണമെന്നറിയാതെ കുഴങ്ങി, ഇനിയെന്തായാലും വരുന്നത് വഴിയേ നേരിടാമെന്നു ഉറച്ചു ഞാൻ എന്റെ റൂമിലേയ്ക്ക് വിട്ടു, നാളെത്തേയ്ക്കുള്ള നാടക ഡയലോഗെല്ലാം പഠിക്കാൻ ഇപ്പൊ ഒരു പ്രത്യേക ആവേശം.. അത് വായിച്ചു ഞാൻ എന്തൊക്കെയോ സ്വപ്നങ്ങളും കണ്ടു അന്നത്തെ ദിവസം എങ്ങനെയോ തള്ളി നീക്കി
പിറ്റേന്ന് ഞാൻ നേരത്തെയെ ക്ലാസിലെത്തി, പതിവുപോലെ ഷമീറും, കുറച്ചു പേരുമെ ക്ലാസ്സിൽ ഉണ്ടായിരുന്നുള്ളു, ഞാൻ അവന്റെ അടുത്തുവന്നു ചുമ്മാ ക്ലാസ്സു മുഴുവൻ ഒന്നുകൂടി ഓടിച്ചു നോക്കി, എന്റെ നോട്ടം ആരെ പരതിയാണെന്നുള്ളതു അവനു മനസ്സിലായിരുന്നു
” ഓള് എത്തിയിട്ടില്ല ഹിമാറെ, ഒറ്റ ദിവസംകൊണ്ടു അനക്ക് ഹൂറിയെ കാണാണ്ടിരിക്കാതിരിക്കാൻ പറ്റാതായോ.!” അവൻ എന്റെ ചുമലിൽ പിടിച്ചു കൊട്നു ചോദിച്ചു,
ഞാൻ പെട്ടെന്ന് അവന്റെ കൈ തട്ടി മാറ്റി
” ഒന്ന് പോയെടാ, ഞാൻ അവളെയൊന്നുമല്ല തേടിയത്, ചുമ്മാ ഇങ്ങനെ ഇരുന്നപ്പോൾ നോക്കിയെന്നെ ഉള്ളു..”
” ഹമ് ഹമ് ആയിക്കോട്ടെ, പറഞ്ഞപോലെ എന്റ പെണ്ണും ഇന്ന് വന്നട്ടില്ലല്ലോ.”
പിന്നെ ഞാനും അവനും കൂടെ ഒരുമിച്ചായി ക്ലാസ് റൂമിന്റെ വാതിലിലേയ്ക്ക് നോക്കിയിരിപ്പു, ശെരിക്കും ഈ പ്രണയത്തിന്റെ ഏറ്റവും സുഖമുള്ള ഒരു ഭാഗമാണ് ഈ കാത്തിരിപ്പ്, അത് ശെരിക്കും ആസ്വദിച്ചു തന്നെ അറിയണം
അരമണിക്കൂറൊക്കെ എനിയ്ക്കു ഒരു യുഗമായി ഫീൽ ചെയ്യാൻ തുടങ്ങിയിരുന്നു,
അവസാനം കലപിലയുമായി ഒന്ന് രണ്ടു കൂട്ടുകാരികളുടെ കൂടെ അനു ക്ലാസ്സിലേക്ക് കയറിവന്നു,
കയറിവന്ന പാടെ അവൾ കണ്ണുകൊണ്ടു ഞാൻ ഇരിക്കാറുള്ള ഭാഗത്തേയ്ക്ക് ഒന്ന് പാളി നോക്കി
എന്നെ കണ്ടതും കണ്ണുകൊണ്ടു അവളെത്തന്നെ നോക്കിയിരുന്ന എന്നെ നോക്കി ‘എന്തെ’ എന്ന ഭാവത്തിൽ അവൾ പിരികമനക്കി, ഞാൻ ഒന്നുമില്ല എന്ന അർത്ഥത്തിൽ വെറുതെ ചിരിച്ചു, അവളും മെല്ലെ എന്നെ നോക്കി ചിരിച്ചു, പിന്നെയും അവളുടെ കൂട്ടുകാരികളുടെ കൂടെപോയി ഇരുന്നു, ഇപ്പോൾ ഞങ്ങൾ തമ്മിൽ കണ്ണുകൊണ്ടു മാത്രം എത്രയോ സംസാരിക്കുന്നെന്ന് ഞാൻ തിരിച്ചറിഞ്ഞു.
ഇടയ്ക്കിടയ്ക്ക് അവളുടെ അടുത്തേയ്ക്കു ഞാൻ അറിയാതെ എന്റെ കണ്ണുകൾ ഓടിക്കൊണ്ടേ ഇരുന്നു , ഇടയ്ക്കെല്ലാം അവളും എന്നെ നോക്കുണ്ടായിരുന്നു , ഒരു തരം നിശബ്ദ പ്രണയം
