അതുവരെ മസിലും പെരുപ്പിച്ച് ഇരുന്ന എന്റെ ഗ്യാസ് പോയി! ഞാൻ ചൂളി പെട്ടന്ന് എണീറ്റ് മുണ്ട് താഴ്ത്തി ഇട്ട് ഇരുന്നു!
നവാഗതരെ സ്വീകരിക്കാൻ ആയി എല്ലാവരും കൂടി തിരഞ്ഞെടുത്ത വേഷമാണ് കടുംനീല ഹാഫ് സ്ലീവ് ഷർട്ടും കറുപ്പ് കരയുള്ള ചുവന്ന മുണ്ടും!
അമ്മായിമാരും ഇതേ വേഷം തന്നെയാണ്!
മുണ്ടിന് അടിയിൽ ഓരോ ചുവപ്പ് പാവാടകൾ കൂടി ഉണ്ടെന്ന് മാത്രം!
പേര് റൂബി! റൂബി ചെറിയാൻ!
സ്വദേശം കൊട്ടാരക്കര!
പ്രവാസി ദമ്പതികളുടെ മൂത്ത മകൾ ഒരനിയൻ ഉണ്ട്!
നാരങ്ങാവെള്ളം വന്നു… സ്ട്രോ ഒരു സിപ്പ് വലിച്ചിട്ട് റൂബി നുണക്കുഴി കാട്ടി…
“അച്ചാച്ചനെന്റാങ്ങളേപ്പോലാ കാണാൻ!”
അപ്പോൾ ചുമ്മാതല്ല അതാണ് ആദ്യം കണ്ടപ്പോൾ അവൾ അമ്പരന്ന് നോക്കിയത്!
പിന്നീട് ഫോണിൽ പടം കാട്ടിയപ്പോൾ ഞാനുമായി ഒരു വിദൂരസാമ്യം ഉണ്ട്!
കാന്റീനോട് ചേർന്നുള്ള ഷെഡ്ഡിൽ നിന്ന് ഞാൻ എന്റെ ഡ്യൂക്ക് എടുത്തു…
“കേറ് ഒന്നു കറങ്ങീട്ടുവരാം പിന്നാരും റാഗാൻ വരില്ല!”
അവൾ എന്റെ തോളിൽ പിടിച്ച് ബൈക്കിൽ കയറി ഇരു കൈകളാലും എന്റെ ഇരു തോളിലും പിടിച്ചു…
ആ കാമ്പസാകെ ഞങ്ങൾ ഒന്ന് കറങ്ങി… അന്ന് എന്റെ ബൈക്കിന്റെ പിന്നിൽ കയറിയതാണ് റൂബി!
പിന്നീട് ഒരുത്തനും ആ ബൈക്കിൽ ഇടം കിട്ടിയിട്ടില്ല!
വീട്ടിൽപോക്കും വരവും എല്ലാം ബൈക്കിൽ തന്നെ ആണ്!
അവൾ കൊട്ടാരക്കരയിൽ നിന്നും തിരുവല്ലയിൽ എത്തി നിൽക്കും അവിടെ നിന്ന് ഞങ്ങൾ ഒരുമിച്ച്!
എന്റെ പഠനം കഴിഞ്ഞിട്ടും ഞാൻ ആണ് അവളെ കോളജിൽ കൊണ്ട് ചെന്ന് വിടുന്നതും തിരികെ കൊണ്ടുവരുന്നതും!
ഞങ്ങളുടെ പോക്ക് വരവുകൾ ആദ്യം എന്റെ വീട്ടിൽ അറിഞ്ഞു.
പിന്നീട് അവളുടെ വീട്ടിലൂം!
അച്ചനും അമ്മയും ചേച്ചിയും കൂടി ആദ്യം ഒന്ന് ഉപദേശിച്ച് നോക്കി.
മിശ്രവിവാഹത്തിന്റെ വരും വരായ്കകൾ പറഞ്ഞ് പിൻതിരിപ്പിക്കാൻ നോക്കി! അവളെ ഉപദേശിക്കാൻ!
വഴങ്ങില്ല എന്ന് കണ്ടപ്പോൾ അവളെ കൊണ്ട് ചെല്ലാൻ പറഞ്ഞു!
റൂബിയെ കണ്ടതും ഉപദേശി ആകാൻ പാവം അച്ചൻ ഒറ്റയായി!
അമ്മയും ചേച്ചിയും കാലുമാറി ഞങ്ങളുടെ കക്ഷിയായി!
ഇടതുപക്ഷക്കാരനായ ജാതിയും മതവും പോയിട്ട് ദൈവം പോലുമില്ലാത്ത അച്ചന് പിന്നെന്ത് മിശ്രം!
“ആദ്യം മോടെ പഠനം കഴിയണം!
ഇവളുടെ കല്യാണോം കഴിയണം!
വളർത്തി ഇത്രേമാക്കിയ മാതാപിതാക്കളെ ധിക്കരിച്ചാവരുത്!
സമയമെടുത്താലും അവരെ വിശ്വാസത്തിലെടുത്ത് നടത്തി തന്നില്ലെങ്കിലും അവരുടെ മൌനസമ്മതത്തോടെ എങ്കിലും വേണം!”
അച്ചന്റെ ഡിമാന്റുകൾ ഞങ്ങൾ ഇരുവരും അപ്പാടെ അംഗീകരിച്ചു!
അതവിടെ തീർന്നു…!
അവളുടെ വീട്ടിൽ അറിഞ്ഞപ്പോൾ ആണ് ഭൂകമ്പം നടന്നത്!
റൂബി അക്ഷരാർത്ഥത്തിൽ തടങ്കലിൽ ആയി!
അപ്പാപ്പൻ കോളജിൽ പോക്കിനും വരവിനും അകമ്പടി സേവിച്ചു!
വീട്ടിൽ നിന്ന് ആൾ എത്താതെ പുറത്ത് വിടരുത് എന്ന് കോളജ് അധികൃതരെ അറിയിച്ചു!
ഫോൺ പിടിച്ചെടുത്തു!
റൂബി അവസാന വർഷം ആയപ്പോൾ ആണ് ഈ പുകിലുകൾ ഒക്കെ!
ഈ ഒരൊറ്റ കാരണത്താൽ അവളുടെ പപ്പയും മമ്മിയും പ്രവാസജീവിതം അവസാനിപ്പിച്ച് വീട്ടിൽ എത്തി!
പരിചയമില്ലാത്ത ഒരു നന്വർ കണ്ട് ഞാൻ ഇത് ആരെന്ന സന്ദേഹത്തിൽ ഫോൺ എടുത്തു….
മറുതലയ്ക്കൽ റൂബിയുടെ പരിഭ്രാന്ത ശബ്ദം…
“അച്ചാച്ചാ ഞാനിവിടെ പന്തളം സ്റ്റാന്റിലൊണ്ട് വേഗംവാ…”
ഫോൺ കട്ടായി! ടൌണിൽ തന്നെ ഉണ്ടായിരുന്ന ഞാൻ അഞ്ച് മിനിട്ട് കൊണ്ട് അവളുടെ അടുത്ത് എത്തി!
“ഇന്നിപ്പ രജിസ്റ്റർമാര്യേജു നടത്തണം!”
എന്നെ കണ്ടതും കല്ലിച്ച മുഖവുമായി കളിപ്പാട്ടത്തിന് വാശി പിടിക്കുന്ന കൊച്ചു കുട്ടിയുടെ മുഖഭാവത്തോടെ റൂബി ശഠിച്ചു!
“എടീ മോളേയിങ്ങനെ ഇടിപിടീന്നു നടത്തുന്ന രജിസ്റ്ററിനൊരു വെലേമില്ല!”
“ആ ഒള്ളവെലമതി! രണ്ടിലാരേലും തള്ളിപ്പറയുംവരെ അതിനു വെലയൊണ്ട്! വേഗാട്ടാരെയാന്നാ വിളി!”
റൂബി ദേഷ്യപ്പെട്ടപ്പോൾ ഞാൻ പെട്ടന്ന് അവളെ കൈയ്യിൽ പിടിച്ച് വലിച്ച് കാറിന് അടുത്തേയ്ക്ക് കൊണ്ടുപോയി!
“ആദ്യഞ്ഞാനെന്റെ പൊന്നിനെ ഇങ്ങനൊന്നു ശരിക്കു കാണട്ടെ! അതുകഴിഞ്ഞു ബാക്കി”
