അമ്മ ഭക്ഷണം എടുത്തു വെക്കുന്ന തിരക്കിൽ ആണ്.
“ഡാ അവൾ എവിടെ?” എന്നെ കണ്ടതും അമ്മ ചോദിച്ചു..
“അവൾ എന്നെ എണീപ്പിച്ചിട്ടു വന്നില്ലേ? ഡ്രസ്സ് മാറുകയായിരിക്കും..” എന്ന് പറഞ്ഞു ഞാൻ പ്ലേറ്റിൽ രണ്ടു ഇഡലി എടുത്തു ചട്ണി ഒഴിച്ചു കഴിക്കാൻ തുടങ്ങി..
റോസ് മുകളിൽ നിന്ന് ഓടി ഇറങ്ങി വന്നു എന്റെ പ്ലേറ്റ് പിടിച്ചു വാങ്ങി അതിൽ നിന്ന് തിന്നാൻ തുടങ്ങി.. അവൾ അങ്ങനെ ആണ്. കൊഞ്ചിച്ചാണ് ഇവളെ വളർത്തിയത്. വീട് വിട്ടു പോകാൻ ഇഷ്ടമല്ല എന്ന് പറഞ്ഞാണ് അവൾ ഇത്ര നാളും കല്യാണം പോലും കഴിക്കാതെ വാശി പിടിച്ചു നടക്കുന്നത്..
ഞാൻ പിന്നെ പറ്റിയ ആരെയും ഇതുവരെ കാണാത്തതു കൊണ്ട് ഒറ്റത്തടി ആയി നിൽക്കുന്നു.
“ഈ പെണ്ണിനെക്കൊണ്ടു… നിനക്ക് വേറെ എടുത്തു കഴിച്ചാൽ എന്താ? “ അമ്മ അവളോട് ദേഷ്യപ്പെട്ടു..
“അമ്മെ അവൾ കഴിച്ചോട്ടെ… “ എന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ “നീയാണ് ഇതിനൊക്കെ വളം വച്ച് കൊടുക്കുന്നത്…” എന്ന് അമ്മ എന്നെ കുറ്റപ്പെടുത്തി.
അപ്പോഴേക്കും അവൾ രണ്ടുമൂന്നു ഇഡലി കൂടി എടുത്തു വേഗം എന്റെ മടിയിൽ ഇരുന്നു എന്റെ വായിലേക്ക് ഇഡലി കഷ്ണം വച്ചിട്ട് അമ്മയെ നോക്കി കൊഞ്ഞനം കുത്തി..
അമ്മ അത് കണ്ടിട്ട് ചിരിയോടെ തലയ്ക്കു കൈ കൊടുത്തു റൂമിലേക്ക് പോയി..
ഇതാണ് ഇവിടുത്തെ അവസ്ഥ..
ഞാൻ അതിൽ നിന്ന് എടുത്തു കഴിച്ചു കുറച്ചു അവളുടെ വായിലും വച്ചു കൊടുത്തു.. ചായയും കുടിച്ചു ഞാൻ കൈ കഴുകി പുറത്തു ഇറങ്ങി.
വീട്ടിൽ ഒരു ഹോണ്ട സിറ്റിയും രണ്ടു ബൈക്കും ഉണ്ട്. രണ്ടും ഞാൻ വാങ്ങിയതാണ്. ഒരു റോയൽ എൻഫീൽഡ് ക്ലാസിക് 500 പിന്നെ ഒരു bmw g310r. അത് കൂടുതലും ഓടിക്കുന്നത് എന്റെ അനിയത്തി തന്നെ ആണ്. ചുരുക്കി പറഞ്ഞാൽ ഒരു മരംകേറി കൂടി ആണ് അവൾ.
ഞാൻ ചുവന്ന കളർ ഹോണ്ട സിറ്റി ഒന്ന് തുടച്ചു. അപ്പോഴേക്കും അച്ഛൻ റെഡി ആയി വന്നു. റോസും അച്ഛന്റെ തോളിൽ തൂങ്ങി ഒപ്പം ഉണ്ട്. ഇളം റോസ് നിറമുള്ള ചുരിദാർ അണിഞ്ഞു, ചെറുതായി കളർ ചെയ്ത മുടി വിടർത്തിയിട്ടു, നീലകല്ലുകൾ വച്ച കമ്മലും മാലയും വളകളും… സുന്ദരി തന്നെ എന്റെ റോസ്.. എന്ന് ഞാൻ മനസ്സിൽ പറഞ്ഞു അവളെ നോക്കി. ഞാൻ നോക്കിയതും അവൾ ഒന്ന് പുഞ്ചിരിച്ചു.. അവൾക്കറിയാം ഞാൻ എന്താ ഇപ്പോൾ ചിന്തിച്ചത് എന്ന്.. ഒരേ മനസാണ് ഞങ്ങൾക്ക്. മുഖം ഒന്ന് മാറിയാൽ തന്നെ ഉള്ളിൽ എന്താണെന്നു മനസിലാക്കാൻ കഴിയും..
അമ്മയും കൂടി വന്നപ്പോൾ അവൾ ചാടി കേറി ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു.. ഇനി അവളോട് പറഞ്ഞിട്ടു കാര്യമില്ല എന്ന് അറിയുന്നതുകൊണ്ടു ഞാൻ മുൻപിൽ ഇരുന്നു. അച്ഛനും അമ്മയും പുറകിൽ കയറി..
“ഇവന്റെ കല്യാണം കഴിഞ്ഞാൽ വണ്ടി മാറ്റേണ്ടി വരുമല്ലോ….!” എന്ന് അമ്മ അച്ഛനോട് പറഞ്ഞു.. “തല്ക്കാലം ഇവന്റെ കല്യാണം നടത്തുന്നില്ല…!” ഈ മറുപടി വന്നത് റോസിൽ നിന്നാണ്.. എല്ലാവരും അത് കേട്ട് ചിരിച്ചു.. അവൾ “ഹും..” എന്ന് മുഖം വക്രിപ്പിച്ചു കാറ് വെടിച്ചില്ലു പോലെ മുൻപോട്ടു വിട്ടു..
“ഡീ മെല്ലെ… “ ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു..
“നിങ്ങൾ രണ്ടും കല്യാണം കഴിക്കണ്ട.. പെങ്ങളും ആങ്ങളയും കൂടി ജീവിച്ചോ. “ അച്ഛൻ അത് പറഞ്ഞു അമ്മയെ നോക്കി ചിരിച്ചു.
“ഒന്ന് പോ ഇച്ഛയാ.. ഇവന്റെ കുട്ടിയെ കണ്ടിട്ട് വേണം എനിക്കൊന്നു കണ്ണടക്കാൻ…!” അമ്മ ആണ്..
“അപ്പൊ അമ്മ ഉറങ്ങുമ്പോൾ കണ്ണടക്കാറില്ലേ?” അവൾ കാറിന്റെ സ്പീഡ് ഒന്ന് കൂടി കൂട്ടി..
“നിനക്ക് അത് പറഞ്ഞാൽ മനസിലാകില്ല.. നീ സ്പീഡ് കുറക്കൂ.. റോസേ..”
ഓ ശരി എന്ന് പറഞ്ഞു അവൾ ഗിയർ തട്ടി വീണ്ടും ആക്സിലേറ്ററിൽ കാല് അമർത്തി.. വണ്ടി ഒരു വല്ലാത്ത മൂളലോടെ നൂറിന്റെ മുകളിലേക്ക് കയറി കുതിച്ചു പാഞ്ഞു..
ഞാൻ അവളുടെ തോളിൽ കൈ വച്ചു മെല്ലെ വിളിച്ചു…”ഡീ….! “
എന്നെ ഒന്ന് നോക്കിയ ശേഷം അവൾ വണ്ടിയുടെ സ്പീഡ് കുറച്ചു.. നേരെ അന്പതിലേക്കു വന്നു..
“അമ്മെ എന്റെ ഞങ്ങളുടെ കല്യാണക്കാര്യം ഇനി പറയണ്ട. എനിക്ക് ഇപ്പോൾ കല്യാണം വേണ്ട എന്ന് പറഞ്ഞതല്ലേ… സമാധാനമായി ജീവിച്ചോട്ടെ… “ എന്ന് പറഞ്ഞു ഞാൻ അവളെ നോക്കി കണ്ണടച്ച് കാണിച്ചു.
