ഇണക്കുരിവികള്‍ 3

” എന്റെ പൊന്നു ഷമീറെ , നീയത് വിട്, എനിക്ക് ആരുടേം ഉമ്മയും വേണ്ട ബാപ്പയും വേണ്ടാ..” ഞാൻ വേഗം സബ്ജെക്ട് മാറ്റാനായി നോക്കി

അവൻ എന്നെ പിന്നെയും അത്ഭുതത്തോടെ നോക്കി

” അയ്യേ, ഇതിപ്പോ അനക്കു തലയ്ക്കു വെല്ല അടിയും കിട്ടിയാ.,” അവനെന്റെ തല പിടിച്ചു കുനിച്ചു അങ്ങോട്ട് ഇങ്ങോട്ടും ഇളക്കി നോക്കി തുടർന്ന്

” ഇത്തിരിമുന്നേ വരെ, താരേ താരേ, എന്നും പറഞ്ഞു കാറിക്കൊണ്ടു നടന്ന ചെക്കനാ, ഇപ്പ ഒന്നും വേണ്ടാന്നേ., അവൾടെയാ ആ ചോന്ന ചുണ്ടോണ്ടു ഈ കവിളത്തു ഒരുമ്മ കിട്ടുമ്പോ ഈ പിരാന്തോക്കെ മാറിക്കോളും..” അവൻ പെട്ടെന്ന് ചിരിച്ചോണ്ട് പിന്നിലേയ്ക്ക് ആഞ്ഞു, ഞാൻ അവന്റെ നോട്ടം, ചിരിയും സഹിക്കാൻ പറ്റാതെ കീഴ്പോട്ടു നോക്കി, എന്റെ ഊരിപ്പോയ ചെരുപ്പെടുക്കാനായി കുനിഞ്ഞു

‘ടപ്പേ’ പെട്ടെന്നാണ് ഒരലർച്ചയോടെ ആ ശബ്ദം ഞാൻ കേട്ടത് , എന്താണ് സംഭവമെന്ന് എനിയ്ക്കു മനസിലാവുന്നതിനു മുന്നേ

” എന്റള്ളോ.. എന്റെ തലേ..” എന്ന് പറഞ്ഞു , പിന്നിലേയ്ക്ക് ആഞ്ഞ ഷമീറു അതേ വേഗത്തിൽ നിലവിളിച്ചുകൊണ്ട് താഴേയ്ക്ക് വീഴുന്നതാണ് ഞാൻ പിന്നെ കണ്ടത്, എനിയ്ക്കു എന്താണ് സംഭവിച്ചതെന്ന് പിന്നെയും ഒരു എത്തുംപിടിയും കിട്ടിയില്ല,

നിലത്തേക്ക് വീണ ഷമീര് പെട്ടെന്ന് കിടന്നുകൊണ്ട് ഒന്ന് വെട്ടി തിരിഞ്ഞു, തലയ്ക്കു കയ്യും കൊടുത്തു അവന് അനുവിനെ നോക്കി,
അനു അപ്പോഴും സംഹാര രുദ്രപോലെ കയ്യിൽ ആ അഭിജ്ഞാനശാകുന്തളം നിവർത്തി പിടിച്ചു അവനടുക്കലേയ്ക്ക് ചീറിയടുത്തു,

ഏകദേശം കാര്യത്തിന്റെ കിടപ്പു വശം മനസിലായ ഞാൻ,

അനുവിനെ വേഗം കയറി വട്ടം പിടിച്ചു ,

അല്ലേൽ അവൾ അഭിജ്ഞശാകുന്തളം വെച്ച് ഷമീറിനെ അവില് പരുവമാക്കുമെന്നു ഇത്തിരിമുന്നേ അവളുടെ കൈക്കരുത്തു ശെരിക്കും അറിഞ്ഞ എനിയ്ക്കു അറിയാമായിരുന്നു,

അനു എന്റെ കയ്യിൽ കിടന്നു പിന്നെയും കുതറാൻ ശ്രമിച്ചു, അവളെ പിടിക്കാൻ പെടാപാട് പെട്ട് ഞാൻ

” എന്റെ പൊന്നു അനു , നീയൊന്നടങ്ങു, അവൻ തമാശയ്ക്കാ അങ്ങനെ പറഞ്ഞതു , നീ ചുമ്മാ അവനെ തല്ലികൊല്ലല്ലേ, അവന്റെ ഒച്ചപ്പാടെങ്ങാനും കേട്ട് ആളുകൾ ഓടികൂടിയാൽ സംഗതി പ്രശ്നമാകും കേട്ടോ..” ഞാൻ എന്റെ കയ്യിൽ കിടന്നു കുതറാൻ ശ്രമിച്ച അനുവിനെ അമർത്തി പിടിച്ചുകൊണ്ടു പറഞ്ഞു,

ഈർക്കിലി പോലിരിക്കുന്ന അവളുടെ ശക്തി എന്നെ ശെരിക്കും അത്ബുധപെടുത്തിയിരുന്നു,

ഇനി ഇവൾക്ക് വണ്ണവും കൂടി ഉണ്ടാരുന്നേൽ ഈ ലൈബ്രറി ഷമീറിന്റെ ഖബറിടം ആയേനെ

കാര്യത്തിന്റെ ഗൗരവം മനസിലായ അനു, പിന്നെ തണുത്തു,

” ആ എന്നെ വിട്, ഞാനൊന്നും ചെയ്യില്ല..” അവൾ മെല്ലെ എന്റെ കൈയിലേക്ക് പിന്നെയും ചാഞ്ഞു, അവളാകെ കിതയ്ക്കുന്നുണ്ടായിരുന്നു

ഞാൻ മെല്ലെ നോക്കി അവളെ വിട്ടു, അവൾ മെല്ലെ അടുത്തുകണ്ട ബെഞ്ചിലേക്ക് കയറിയിരുന്നു, അവളുടെ കിതപ്പ് അപ്പോഴും കുറഞ്ഞിരുന്നില്ല, ഞാനവളെ പിന്നെയും നോക്കി,

എനിക്കിപ്പോൾ ഏറ്റവും വലിയ പേടി ഇപ്പൊ മറ്റൊന്നായിരുന്നു, ഇവളുടെ സ്നേഹം ഇങ്ങനെയൊക്കെ അക്രമപരമായാൽ എന്റെ അവസ്ഥ ഇനി എന്താവുമോ എന്ന ചിന്ത എന്നെ ശെരിയ്കും ഭയപ്പെടുത്താൻ തുടങ്ങിയിരുന്നു,. ഉടനെ കരാട്ടെ പഠിക്കണമെന്ന് ഞാൻ മനസാ ഉറപ്പിച്ചു, അല്ലേൽ ഇവളെന്നെ മിണ്ടുമ്പോൾ മിണ്ടുമ്പോൾ ചവിട്ടി കൂട്ടാൻ വരെ ചാൻസുണ്ടെ.!

ഞാനപ്പോഴാണ് നിലത്തു സംഭവിച്ചതിന്റെ എ ബി സി ഡി മനസ്സിലാവാതെ എന്നെയും അനുവിനെയും മാറി മാറി നോക്കി തലയിൽ കൈയും കൊടുത്തു ഇരിക്കുന്ന ഷമീറിനെ കുറിച്ചോർത്തതു,

ഞാൻ മെല്ലെ അവനെ പിടിച്ചു ബെഞ്ചിൽ ഇരുത്തി, അവനു ബുക്ക് വെച്ച് കിട്ടിയ അടിയിൽ ചെറുതായി തല കറങ്ങുന്നുണ്ടെന്നു എനിയ്ക്കു മനസിലായി

“എന്നാലും എന്റെ ഷമീറെ, ലൈബ്രറിയിൽ കേറിയ നീ ബോധം കേട്ട് പോവുമെന്ന് പറഞ്ഞെങ്കിലും, അത് ഇങ്ങനെ അച്ചട്ടാവുമെന്നു ഞാൻ സ്വപ്നത്തിൽ കരുതിയില്ല..” എനിയ്ക്കു അറിയാതെ ചിരിപൊട്ടി

അനുവും ചെറുതായി ചിരിക്കുണ്ടെന്നുള്ളത് എനിയ്ക്കു ആശ്വാസം നൽകി,

ഇപ്പഴും എന്തിനാ അടികൊണ്ടതെന്നു മനസിലാവാതെ അവൻ എന്നെയും അവളെയും കണ്ണ് മിഴിച്ചു നോക്കി

Leave a Reply

Your email address will not be published. Required fields are marked *