ഇണക്കുരിവികള്‍

ഈർക്കിലി പോലിരിക്കുന്ന അവളുടെ ശക്തി എന്നെ ശെരിക്കും അത്ബുധപെടുത്തിയിരുന്നു,

ഇനി ഇവൾക്ക് വണ്ണവും കൂടി ഉണ്ടാരുന്നേൽ ഈ ലൈബ്രറി ഷമീറിന്റെ ഖബറിടം ആയേനെ

കാര്യത്തിന്റെ ഗൗരവം മനസിലായ അനു, പിന്നെ തണുത്തു,

” ആ എന്നെ വിട്, ഞാനൊന്നും ചെയ്യില്ല..” അവൾ മെല്ലെ എന്റെ കൈയിലേക്ക് പിന്നെയും ചാഞ്ഞു, അവളാകെ കിതയ്ക്കുന്നുണ്ടായിരുന്നു

ഞാൻ മെല്ലെ നോക്കി അവളെ വിട്ടു, അവൾ മെല്ലെ അടുത്തുകണ്ട ബെഞ്ചിലേക്ക് കയറിയിരുന്നു, അവളുടെ കിതപ്പ് അപ്പോഴും കുറഞ്ഞിരുന്നില്ല, ഞാനവളെ പിന്നെയും നോക്കി,

എനിക്കിപ്പോൾ ഏറ്റവും വലിയ പേടി ഇപ്പൊ മറ്റൊന്നായിരുന്നു, ഇവളുടെ സ്നേഹം ഇങ്ങനെയൊക്കെ അക്രമപരമായാൽ എന്റെ അവസ്ഥ ഇനി എന്താവുമോ എന്ന ചിന്ത എന്നെ ശെരിയ്കും ഭയപ്പെടുത്താൻ തുടങ്ങിയിരുന്നു,. ഉടനെ കരാട്ടെ പഠിക്കണമെന്ന് ഞാൻ മനസാ ഉറപ്പിച്ചു, അല്ലേൽ ഇവളെന്നെ മിണ്ടുമ്പോൾ മിണ്ടുമ്പോൾ ചവിട്ടി കൂട്ടാൻ വരെ ചാൻസുണ്ടെ.!

ഞാനപ്പോഴാണ് നിലത്തു സംഭവിച്ചതിന്റെ എ ബി സി ഡി മനസ്സിലാവാതെ എന്നെയും അനുവിനെയും മാറി മാറി നോക്കി തലയിൽ കൈയും കൊടുത്തു ഇരിക്കുന്ന ഷമീറിനെ കുറിച്ചോർത്തതു,

ഞാൻ മെല്ലെ അവനെ പിടിച്ചു ബെഞ്ചിൽ ഇരുത്തി, അവനു ബുക്ക് വെച്ച് കിട്ടിയ അടിയിൽ ചെറുതായി തല കറങ്ങുന്നുണ്ടെന്നു എനിയ്ക്കു മനസിലായി

“എന്നാലും എന്റെ ഷമീറെ, ലൈബ്രറിയിൽ കേറിയ നീ ബോധം കേട്ട് പോവുമെന്ന് പറഞ്ഞെങ്കിലും, അത് ഇങ്ങനെ അച്ചട്ടാവുമെന്നു ഞാൻ സ്വപ്നത്തിൽ കരുതിയില്ല..” എനിയ്ക്കു അറിയാതെ ചിരിപൊട്ടി

അനുവും ചെറുതായി ചിരിക്കുണ്ടെന്നുള്ളത് എനിയ്ക്കു ആശ്വാസം നൽകി,

ഇപ്പഴും എന്തിനാ അടികൊണ്ടതെന്നു മനസിലാവാതെ അവൻ എന്നെയും അവളെയും കണ്ണ് മിഴിച്ചു നോക്കി

” എടാ സുനിയെ, ഈ പിരാന്തിയെന്തിനാ എന്നെ ആ തടിച്ച ബുക്ക് വെച്ച് വീക്കിയത് ?. ഇവൾക്കിതെന്തിന്റെ പ്രാന്താ..” അവൻ പെട്ടെന്ന് ബോധം വന്നപ്പോൾ ചൂടായി അനുവിനെ തല്ലാനായി ആഞ്ഞു

ഞാൻ പെട്ടെന്ന് അവനെ പിടിച്ചു ബെഞ്ചിലേക്ക് ഇരുത്തി

“ആ പിന്നെ തല്ലാണ്ട്, അവളുടെ കാമുകനെ വേറൊരുത്തി ഉമ്മ വെക്കണ കാര്യം പറഞ്ഞതും പോരാ,

പിന്നെ അത് വർണിക്കുക്ക കൂടി ചെയ്താൽ ,

അവള് പിന്നെ നിന്നെ കെട്ടിപിടിക്കുമോ ?

നിനക്കു ഇത്രയല്ലേ കിട്ടിയുള്ളൂ എന്ന് ആശ്വസിക്കു എന്റെ ഷമീറെ,

നീ ചോദിച്ചല്ലോ എന്റെ മുഖവും ഷർട്ടിനെയും പറ്റി, ഇതേപോലൊരു കുനിഷ്ട് ഞാനും പറഞ്ഞതിന്റെ ബാക്കിപത്രമാ ഇതൊക്കെ,

നിന്നെ ഒറ്റ അടിയിൽ നിർത്തിയല്ലോ, എന്നെ ഇവളിവിടെ ഇട്ടു ചവിട്ടി കൂട്ടിയതാ, അതൊക്കെ വെച്ച് നോക്കുമ്പോ ഇത് സാമ്പിൾ വെടിക്കെട്ടല്ലേ ആയുള്ളൂ..” ഞാൻ ചിരിച്ചുകൊണ്ട് അവന്റെ തലയിൽ തിരുമ്മികൊണ്ടു പറഞ്ഞു ,

ഞാൻ പറഞ്ഞതൊന്നും വിശ്വസിക്കാനാവാതെ ഷമീർ എന്നെ തന്നെ മിഴുങ്ങസ്യാ നോക്കിയിരുന്നു, പിന്നെ പെട്ടെന്ന് അനുവിനെയും നോക്കി, അവൾ പെട്ടെന്ന് മുഖത്തൊരു ചിരിയുമായി അവനെ നോക്കാൻ പറ്റാതെ കീഴ്പോട്ടു നോക്കി

” പ്രേമമാ, നിങ്ങളു തമ്മിലാ, ഇതെപ്പോ നടന്നു എന്റെ റബ്ബെ ..?” അവൻ വിശ്വസിക്കാൻ പറ്റാത്തപോലെ പറഞ്ഞു

” എല്ലാം പെട്ടെന്നായിരുന്നു അളിയാ, നീ ഇപ്പൊ അറിഞ്ഞപോലെതന്നെ വളരെ വേദനാജനകമായാണ് അതും ഇവള് എന്നോട് പറഞ്ഞത്,..” ഞാൻ അനുവിനെ നോക്കി ചിരിച്ചു, അവള് പെട്ടെന്ന് പരിഭവം ഭാവിച്ചു കീഴ്ച്ചുണ്ടു കോട്ടി, ഇനിയെന്നോട് മിണ്ടില്ല എന്ന ഭാവത്തിൽ തലയാട്ടി കീഴ്പോട്ടു നോക്കി .!
എന്റെ ദൈവമേ ഇവളുടെ എല്ലാ ഭാവവും ഒടുക്കത്തെ ഭംഗിയാണല്ലോ എന്ന് എനിയ്ക്കു തോന്നി, ഇനിയിപ്പോ അനുരാഗം അസ്ഥിയ്ക്കു പിടിച്ചോണ്ട് തോന്നണതാണോ.?

എന്തായാലും പ്രണയം ഇത്ര സുഖമുള്ള വികാരമാണെന്നു ഇപ്പോഴാണ് മനസിലായത്, ഇപ്പൊ എല്ലാത്തിനും എനിയ്ക്കു എന്തൊക്കെയോ ഭംഗി കാണാൻ സാധിക്കുന്നു, അതിപ്പോ അനു കൂടെ ആണെങ്കിൽ പറയുകയും വേണ്ട

” ആ നിങ്ങളിങ്ങനെ പെട്ടെന്ന് കിസ്മത്തിലാവുമെന്നു , ഞമ്മള് കരുതിയാ, അള്ളോ ഞാൻ ഉമ്മേമേല് നിർത്തിയത് നന്നായി, അല്ലേൽ ഓള് ഈ കാണണ വെല്ല അലമാരയും തള്ളിയിട്ടു എന്നെ കൊന്നേനെ..” ഞാനപ്പോഴാണ് അങ്ങനെയൊക്കെ ഉള്ള അവസരങ്ങളെ പറ്റി ഓർത്തത്, ഞാൻ ചുറ്റുപാടും ഒന്ന് നോക്കി, എമണ്ടൻ അലമാരകൾ, എന്റെ ശിവനെ , ഇതെങ്ങാനും വീണാൽ , പാണ്ടിലോറി കയറിയ തവള പോലിരിക്കും

” എന്റെ പൊന്നു ഷമീറെ, നീ വെറുതെ അവൾക്കു ഓരോ ഐഡിയകൾ കൊടുക്കല്ലേ..!” ഇതും പറഞ്ഞു ഞാൻ വെറുതെ ചിരിച്ചു, എന്റെ കൂടെ ഷമീറും , അനുവും പങ്കുചേർന്നു

” എന്ന വൈകണ്ട, ചെലപ്പോ അവിടെ എല്ലാരും നമ്മളെ കാത്തിരിക്കാവും., സോറിട്ടോ ഷമീറെ ഞാൻ പെട്ടെന്നുള്ള ദേഷ്യത്തിൽ ചെയ്തു പോയതാ.” അത്ര നേരം മൗനിയായിരുന്ന അനു പെട്ടെന്ന് എണീറ്റു , അവളുടെ കയ്യിൽ അപ്പോഴും ആ പുസ്തകം ഉണ്ടായിരുന്നു

“ആ സോറി വരവ് വെച്ചിരിക്കണു, ഇനിയും ആരെ തച്ചുകൊല്ലാനാ പെണ്ണേ ആ ബുക്കും പൊക്കി പിടിചോണ്ടു വരണേ ..?” അനുവിന്റെ കയ്യിരിക്കുന്ന ബുക്ക് കണ്ടു പെട്ടെന്ന് ഷമീർ ചിരിച്ചുകൊണ്ട് പറഞ്ഞു, ഞങ്ങൾ എല്ലാരും ആ ചിരിയ്ക്കു പങ്കുചേർന്നു,

അനു ആ ബുക്ക് തിരിച്ചെടുത്തു വെച്ചു , മെല്ലെ മുന്നിൽ നടന്നു, ഞാൻ ഷമീറിനെ താങ്ങിപിടിച്ചെഴുന്നെപ്പിച്ചു,

” ആ തല്ലികൊല്ലാൻ ഭീടരു, പിടിച്ചോണ്ട് നടക്കാൻ മാപ്പിള, എന്നെ ആരും പിടിക്കണ്ട , ഞാൻ നടന്നോളാം..” ഷമീർ എന്റെ കൈ തട്ടി മാറ്റി, ഞാൻ പിന്നെ അവനെ പിടിച്ചില്ല, അവന്റെ ഒപ്പം മെല്ലെ നടന്നു ക്ലാസിലെത്തി,

അനു ഞങ്ങളിലും മുന്നേ എത്തി കൂട്ടുകാരികളുടെ കൂടെ കൂടി കലപില തുടങ്ങിയിരുന്നു..

ഞങ്ങളെയും കാത്തു എല്ലാവരും ഇരിപ്പുണ്ടായിരുന്നു

രജിത ടീച്ചർ എന്നെയും ഷമീറിനെയും കണ്ടപ്പോൾ മേശയുടെ പുറത്തു നിന്ന് എണീറ്റു ഉഷാറായി

“ആ മെയിൻ നടൻ എത്തിയല്ലോ, ഞാൻ ഒരു കാര്യം ചോദിക്കാനാണ് വന്നത്, നിങ്ങൾക്ക് ആർക്കെങ്കിലും ഡയലോഗുകൾ വായിച്ചട്ടു കൂടുതലാണ് എന്ന് തോന്നുന്നുണ്ടോ.? ഉണ്ടേൽ ഇപ്പൊ പറയണം .” ടീച്ചർ വളരെ ഗൗരവത്തിൽ പറഞ്ഞു നിർത്തി എല്ലാവരെയും മാറി മാറി നോക്കി ,

എനിയ്ക്കടക്കം ആർക്കും കാര്യം മനസിലായില്ല, ഞങ്ങൾ എല്ലാവരും അങ്ങോടും ഇങ്ങോടും പരസ്പരം നോക്കി

” എനിയ്ക്കു ഇച്ചിരി പാടാണ് മിസ്സെ..” പെട്ടെന്ന് എന്റെ അടുത്ത് നിന്ന ഷമീർ വിളിച്ചു പറഞ്ഞു, അവൻ ഇപ്പൊ എന്നെ വിട്ടു നേരെ നിന്നു

“നിനക്കോ.?” രജിത ടീച്ചർ ഒരു ചോദ്യഭാവത്തിൽ അവനെ നോക്കി

അവൻ അതെയെന്ന ഭാവത്തിൽ തലയാട്ടി

” എഴുന്നേറ്റു പൊയ്ക്കോളണം, നീ ദുർവാസാവ് അല്ലേടാ.? നാടകത്തിൽ ഏറ്റവും ഡയലോഗ് കുറവുള്ളതെ നിനക്കാ, ഇതിലും ഡയലോഗ് കുറവ് പിന്നെ കാവൽ ഭടന് മാത്രമാണ്. നീ എന്തായാലും ഈ വേഷം ചെയ്യും, അല്ലേലെ നിന്നെക്കൊണ്ടു ഈ ക്ലാസ്സിനു വേറൊരു ഗുണവുമില്ല.! ഇതെങ്കിലും എന്നെയോർത്തെങ്കിലും ചെയ്യടാ ..!” ടീച്ചറുടെ മുഖത്തെ ഗൗരവഭാവമെല്ലാം മാറി ഒരു ദയനീയത വന്നു,

Leave a Reply

Your email address will not be published. Required fields are marked *