ഇണക്കുരിവികള്‍

എടാ നീ അന്ന് ഞാൻ താരയുടെ വീട്ടിൽ വെച്ച് ചോദിച്ചതിന് മറുപടി തന്നില്ലാല്ലോ..!

ആഹ്, ആ ചോദ്യമല്ലേ, അതിനു സമയമാവുമ്പോൾ ഞാൻ മറുപടി നൽകികോളാം.! ഞാൻ മനപ്പൂർവം അവളെ ശുണ്ഠികയറ്റാനായി പറഞ്ഞു

ഹ്മ്മ് മതി, ഞാൻ നിനക്കായി ഒരു സമ്മാനം കരുതി വെച്ചട്ടുണ്ട്, അത് തരുമ്പോൾ നീ പറഞ്ഞാൽ മതി.! അവൾ പിന്നെയും എന്നെ അമർത്തി പിടിച്ചു

എന്ത് സമ്മാനം .

അതും സമയമാവുമ്പോൾ തരാം..! അവൾ ഒരു കൊച്ചുകുട്ടിയെ പോലെ ചിരിച്ചു, ഈ മഴയത്തു അവളുടെ ചിരി എനിക്ക് മുത്തുമണികളുടെ ഇടയിലുള്ള വൈരം പോലെ തോന്നിച്ചു

ആയിക്കോട്ടെ !

ഞാൻ സൈക്കിൾ ചവിട്ടിക്കൊണ്ടേ ഇരുന്നു,
ചവിട്ടി ചവിട്ടി സൈക്കിൾ എന്റെ വീടിന്റെ അടുത്ത് എത്തിയിരുന്നു, എന്നെയും കാത്തു എന്റെ ചേച്ചി ഒരു കുടയുമായി പുറത്തു തന്നെ നില്പുണ്ടായിരുന്നു,
ഈ മഴയത്തു സൈക്കിളും ചവിട്ടി കെട്ടിപിടിച്ചു വരുന്ന എന്നെയും അവളെയും കണ്ടു അവൾ ചിരിച്ചു, അവളെ കണ്ടപ്പോൾ ഞാൻ വേഗം സൈക്കിൾ നിർത്തി ഇറങ്ങി
പെട്ടെന്ന് എന്താ സംഭവിച്ചതെന്ന് മനസിലാവാതെ അനു സ്വപ്നലോകത്തു നിന്നു ഞെട്ടിയെണീറ്റു, പെട്ടെന്ന് ചേച്ചിയെ കണ്ടപ്പോൾ അവളും ചമ്മി

ആഹാ ഈ മഴയത്തു, രണ്ടും കൂടി കെട്ടിപിടിച്ചിതു എങ്ങോട്ടാ.? അവൾ കളിയെന്നോണം ചോദിച്ചു

ഞാൻ ഒരു വളിച്ച ചിരി മാത്രം ചിരിച്ചു, ചേച്ചിയെ നോക്കാനുള്ള മടി കാരണം അനുവിന് എത്രയും പെട്ടെന്ന് അവിടുന്ന് പോയാൽ മതിയെന്നായിരുന്നു

” എന്ന ഞാൻ പോയിട്ട് വരാം.” അവൾ ഞങ്ങളോട് രണ്ടുപേരോടുമായി പറഞ്ഞു സൈക്കിൾ എടുത്തു പോവാൻ ഭാവിച്ചു

“ഇനിയിപ്പോ മഴ മാറിയിട്ട് പോവാം, വാ അനു ഇവിടിരിക്കാം.!”

“അയ്യോ വേണ്ട ചേച്ചി, ഇതുവരെ മഴ നനഞ്ഞല്ലേ വന്നത് , ഇനി കുറച്ചുകൂടെയല്ലേ വീട്ടിലേയ്ക്കുള്ളു.” അവൾ ഞങ്ങളോട് യാത്ര പറഞ്ഞു സൈക്കിൾ ചവിട്ടി പോയി,

അപ്പോഴും മഴ ചാറുന്നുണ്ടായിരുന്നു

അവൾ കണ്ണിൽ നിന്ന് മറയുന്നതു വരെ ഞാൻ നോക്കി നിന്നു

” കേറി വാടാ ദുഷ്യന്ത..” ചേച്ചിയെന്നെ കളിയാക്കി വിളിച്ചു

ഞാൻ അകത്തു കയറി ഒന്ന് കുളിച്ചു വസ്ത്രമെല്ലാം മാറി ,

ഒടുക്കത്തെ വിശപ്പുകാരണം ഞാൻ അടുക്കളയിലിരുന്ന കപ്പ പുഴുങ്ങിയതും കയറ്റി ടി.വി. കണ്ടുകൊണ്ടിരുന്നു ,

പക്ഷെ എന്റെ മനസ് കാരണമില്ലാതെ പിടയ്ക്കാൻ തുടങ്ങിയിരുന്നു , മഴ നനഞ്ഞതിനാൽ ആവാമെന്ന് കരുതി ഞാൻ വേഗം റൂമിൽ കയറി കിടന്നു, കിടന്ന പാടെ ഞാൻ മയക്കത്തിലേക്ക് വീണു

രാത്രി എട്ടരയോടെ വീട്ടിലെ ഫോൺ ബെല്ലടിക്കുന്നതു കേട്ടാണ് ഞാൻ എണീറ്റത്, അച്ഛനെ ആരെങ്കിലും വിളിക്കുന്നതാവുമെന്നു കരുതി ഞാൻ തിരിഞ്ഞു കിടന്നു,

കുറച്ചു കഴിഞ്ഞപ്പോൾ എന്റെ റൂമിലെ ലൈറ്റ് തെളിഞ്ഞപ്പോഴാണ് ഞാൻ എണീറ്റ് നോക്കിയത്, അമ്മയും ചേച്ചിയും എന്റെ റൂമിൽ നിൽപ്പുണ്ട്, ഉറക്കച്ചടവിൽ ആയതുകൊണ്ടു എന്തിനാണ് അവര് വന്നതെന്ന് എനിയ്ക്കു മനസിലായില്ല

അമ്മ മെല്ലെ എന്റെ കട്ടിലിൽ വന്നിരുന്നു എന്റെ തലമുടിയിലൂടെ കയ്യോടിച്ചു, അമ്മയുടെ കണ്ണുകൾ ചെറുതായി നിറഞ്ഞട്ടുണ്ട് ,

ചേച്ചി അപ്പോഴും വാ പൊത്തി പിടിച്ചു വരുന്ന കരച്ചിൽ അടക്കി പിടിക്കുകയാണ്,

എനിയ്ക്കു കാര്യം എന്താണെന്നു മനസിലായില്ല .!

‘അമ്മ മെല്ലെ എന്റെ തലമുടി തടവി, ഞാനും അമ്മയും ചേച്ചിയും കൂട്ടുകാരെ പോലെ ആയിരുന്നു, അതുകൊണ്ടു തന്നെ ഇവരുടെ പ്രവർത്തി എന്നെ ഭയപ്പെടുത്തി

” മോൻ ‘അമ്മ പറയുന്നത് കേട്ട് ഒച്ചപ്പാടൊന്നും വെക്കരുത്,.!” ‘അമ്മ എന്നോട് പറഞ്ഞു

” എന്താമ്മേ..!” ഞാനും കരച്ചിലിന്റെ വക്കോളം എത്തിയിരിന്നു

” അതേ, മോനെ ഇവിടെ ആക്കിയിട്ടു അനു പോയില്ലേ, അവൾക്കു ചെറിയൊരു ആക്സിഡന്റ് സംഭവിച്ചു, അവളുടെ സൈക്കിൾ ഒരു കാറുമായി ചെറുതായി മുട്ടി, മോൻ പേടിക്കുന്ന പോലെ ഒന്നുമില്ല, അവളെ നമ്മുടെ സുധീന്ദ്ര ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയട്ടുണ്ട്..!” ‘അമ്മ ഇതും പറഞ്ഞു എന്നെ അമ്മയുടെ മാറിലേക്ക് അടുപ്പിച്ചു

സത്യത്തിൽ എനിയ്ക്കു എന്ത് പറയണമെന്ന് അറിയാൻ പറ്റാത്ത അവസ്ഥ ആയിരിന്നു.!
കരയണമെന്നുണ്ട് പക്ഷെ കരച്ചിൽ പുറത്തേയ്ക്കു വരുന്നില്ല, തലയാകെ പെരുക്കുന്നു,

ഞാൻ എന്ത് ചെയ്യണമെന്നറിയാതെ അമ്മയുടെ മാറിലേക്ക് ഒരു മരപ്പാവ കണക്കെ കിടന്നു

” അച്ഛൻ ഇപ്പൊ വരും, അച്ഛന്റെ കൂട്ടുകാരനാണ് അനുവിന്റെ അച്ഛൻ രംഗനാഥൻ അങ്കിൾ, അച്ഛൻ ഹോസ്പിറ്റലിൽ പോവുന്നുണ്ട്, ഞങ്ങളും എല്ലാരും പോവുന്നുണ്ട്, സീരിയസൊന്നും ഇല്ലാന്നാ പറഞ്ഞേ , മോൻ വരുന്നുണ്ടോ..!”

അമ്മ എന്റെ തലയിൽ തടവിക്കൊണ്ട് ചോദിച്ചു

ഞാൻ പെട്ടെന്ന് ഒര്കക്ഷരം മിണ്ടാതെ അമ്മയെ തള്ളി മാറ്റി ,

കട്ടിലിൽ നിന്ന് ഇറങ്ങി ,

ഞാൻ ഇടയ്ക്കു വേച്ചു പോയപ്പോൾ എന്റെ ചേച്ചി പിടിക്കാൻ വന്നു,

ഞാൻ അവളുടെ കൈ തട്ടി മാറ്റി ,

ഞാൻ വേഗം ഒരു യന്ത്രം കണക്കെ എന്റെ ഡ്രെസ്സെല്ലാം എടുത്തിട്ടു,

ഞാൻ എന്തെക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു ,

ഞാൻ ഡ്രെസ്സെല്ലാം ഇട്ടു കഴിഞ്ഞപ്പോൾ തന്നെ അച്ഛൻ ഒരു കാറുമായി വന്നു ,

അമ്മയും ചേച്ചിയും നേരത്തെ ഡ്രെസ്സെല്ലാം മാറ്റിയിരുന്നു,

അച്ഛൻ വന്ന പാടെ ഞാൻ ഒന്നും മിണ്ടാതെ പോയി കാറിന്റെ മുൻസീറ്റിൽ ഇരുന്നു,

ഞാൻ എന്തെക്കെയോ പിറുപിറുത്തുകൊണ്ടേ ഇരുന്നു,

ഇത് കണ്ടു എന്റെ ചേച്ചി പെട്ടെന്ന് പൊട്ടി കരഞ്ഞു , ‘അമ്മ അവളെ ശാസിച്ചു, ഞാൻ കാറിന്റെ വിൻഡോയിലൂടെ അവളെ ഒന്നു നോക്കുക മാത്രം ചെയ്തു, അച്ഛൻ വന്നു എന്റെ അടുത്തിരുന്നു,

അമ്മയും ചേച്ചിയും പുറകിലായി ഇരുന്നു, കാർ അതിവേഗം ഹോസ്പിറ്റലിലേക്ക് പാഞ്ഞു,

അച്ഛൻ മെല്ലെ എന്റെ തലയിൽ തടവി, ആദ്യമായാണ് അച്ഛൻ അങ്ങനെ ചെയ്യുന്നത്,

ഞാൻ പുറത്തേയ്ക്കു തലയുമിട്ടു അങ്ങനെ ഇരുന്നു,

എനിയ്ക്കു സത്യത്തിൽ തലയ്ക്കാകെ ഒരു പെരുപ്പായിരുന്നു,

പത്തു മിനിറ്റുകൊണ്ട് കാർ ഹോസ്പിറ്റലിൽ എത്തി, വണ്ടി നിർത്തിയ ഉടനെ ഞാൻ ഒരു വെറിളി പിടിച്ചവനെ പോലെ ഹോസ്പിറ്റലിന്റെ ഉള്ളിലേയ്ക്ക് ഓടി, അച്ഛനും അമ്മയും എന്റെ പുറകെയും, താഴെ റിസപ്ഷനിൽ എന്റെ കൂട്ടുകാരും, ഷമീറും, ടീച്ചർമാരും നിൽപ്പുണ്ടായിരുന്നു ,

ഞാൻ ഷമീറിനെ നോക്കി , അവനാകെ കരഞ്ഞു കലങ്ങിയ കണ്ണുമായി എന്നെ നോക്കി,

” അനു എവിടാ .” ഞാൻ ആ വാർത്ത കേട്ട് കഴിഞ്ഞു ആദ്യമായി വായ തുറന്നതു അപ്പോഴാണ്

” ഐ.സി.യു , ഒന്നാം നിലയിലാ..!” അവൻ എന്റെ ഭാവമില്ലായ്മ്മ കണ്ടു പേടിച്ചു പറഞ്ഞു,

ഞാൻ അവനെ തള്ളി മാറ്റി അങ്ങോട്ടേയ്ക്ക് ഓടി , മുറിയുടെ പുറത്തു അവളുടെ അമ്മയും അച്ഛനും ചേച്ചിയും കരഞ്ഞുകൊണ്ടു നിൽപ്പുണ്ട്, പിന്നെ കുറച്ചു ടീച്ചർമാരും,

പടികൾ ഓടിക്കയറി എത്തിയ ഞാൻ ഒരു മൂലയിലുള്ള ഐ.സി.യു കണ്ടു അൽപനേരം നിന്നു,

എനിയ്ക്കു പെട്ടെന്ന് എന്റെ തലയിലെ പെരുപ്പെല്ലാം ഒരു വേദന പോലെ കണ്ണിലേക്കു വന്നു ,

Leave a Reply

Your email address will not be published. Required fields are marked *