“താൻ വല്ലതും കഴിച്ചോ..??”
“മ്മ്മ്.. കഴിച്ചു..” ഒരു പുഞ്ചിരിയോടെ അവൾ മറുപടി പറഞ്ഞു..
ഹാ.. അടിപൊളി ശബ്ദം. പാട്ട് പാടുന്നവരുടെ ശബ്ദം പോലെയുണ്ട്.. ഇഷ്ട്ടപ്പെട്ടു..
“ഒറ്റക്ക് ഇരുന്നാണോ കഴിക്കുന്നെ..?? ആരെയും അടുത്ത് കണ്ടില്ല. അതാണ് ചോദിച്ചത്..”
“അവരൊക്കെ കഴിച്ചിട്ട് പോയി ചേട്ടാ. ഞാൻ ഇവിടെ ഇങ്ങനെ കിടക്കും..” എന്നും പറഞ്ഞ് അവൾ ചിരിച്ചു..
“എന്താ ഇയാളുടെ പേര്..??” ഞാൻ അവളോട് ചോദിച്ചു..
“കീർത്തന.. ചേട്ടൻ്റെയോ..??”
“അതുൽ.. എങ്കിൽ പോട്ടെ.. താൻ കിടക്കുന്നത് കണ്ടപ്പോൾ വന്നെന്നെ ഉള്ളൂ..”
“ശരി” എന്നും പറഞ്ഞ് അവൾ പുഞ്ചിരിച്ചു..
പിറ്റേന്ന് ഉച്ചക്ക് ഭക്ഷണ സമയം ആയപ്പോൾ ഞാൻ ഹോട്ടലിൽ പോകാതെ നേരെ അവളുടെ ക്ലാസ്സിലേക്ക് ആണ് പോയത്.. അവളവിടെ ഉണ്ടായിരുന്നു. പക്ഷേ, ഭക്ഷണം കഴിക്കുക ആയിരുന്നില്ല.. ചുറ്റും കുട്ടികൾ ഇരുന്ന് കഴിക്കുമ്പോൾ അവളവിടെ കിടക്കുക തന്നെ ആയിരുന്നു..
എനിക്കെന്തോ പന്തികേട് തോന്നി.. ഞാൻ നേരെ അവളുടെ അടുത്ത് ഇരുന്നു..
“കീർത്തന..!!” അവൾക്ക് കേൾക്കാവുന്ന ശബ്ദത്തിൽ ഞാൻ വിളിച്ചു..
പെട്ടെന്നവൾ ഞെട്ടി എഴുന്നേറ്റു.. എന്നെ ഈ സമയത്ത് പ്രതീക്ഷിച്ചു കാണില്ല..
“താനെന്താ ഭക്ഷണം കഴിക്കുന്നില്ലേ..?? എന്താ ഇങ്ങനെ കിടക്കുന്നത്..??”
“ഓഹ് ഇന്ന് കഴിക്കുന്നില്ല ചേട്ടാ..” അവളുടെ മറുപടി. പക്ഷേ ആ ശബ്ദത്തിൽ എന്തൊക്കെയോ വ്യത്യാസങ്ങൾ..
“അതെന്താ..?? താൻ ഭക്ഷണം കൊണ്ടു വന്നില്ലേ..??”
അവിടുന്ന് മറുപടി ഒന്നുമില്ല..
“എടോ ഇയാളോട് ആണ് ചോദിച്ചത്..!!”
“കൊണ്ടുവന്നു, വിശപ്പില്ല.. അതുകൊണ്ട് കഴിച്ചില്ല..” സൗമ്യതയോടെ അവൾ മറുപടി നൽകി..
“ഓഹോ, എന്നാൽ അതിങ്ങ് എടുക്ക്. എനിക്ക് നല്ല വിശപ്പുണ്ട്. എന്നും പുറത്തുനിന്നും കഴിച്ചാൽ ശരിയാവില്ല..” ചിരിയോടെ ഞാൻ അവളോട് പറഞ്ഞു..
ചിരിച്ചു നിന്ന അവളുടെ മുഖഭാവം പെട്ടെന്ന് മാറി.. അത് ഞാനും ശ്രദ്ധിച്ചു..
“ഞാൻ ചോറ് കൊണ്ടുവന്നിട്ടില്ല..” തല താഴ്ത്തി, മെല്ലെ അവൾ പറഞ്ഞു..
“ഏഹ്.. അപ്പോൾ താൻ പട്ടിണി ഇരിക്കുക ആയിരുന്നോ..??” പതിയെ ഞാൻ ചോദിച്ചു..
മറുപടിയില്ല..
“ഇന്നലെയും കഴിഞ്ഞ ദിവസങ്ങളിലും ഒക്കെ താൻ ഇങ്ങനെ ഇരുന്നത് ഭക്ഷണം കഴിക്കാതെ ആയിരുന്നോ..??” അത് ചോദിച്ചപ്പോൾ അറിയാതെ എൻ്റെ ശബ്ദം അൽപ്പം കൂടിപ്പോയി..
“മ്മ്..!!” അവളുടെ മൂളൽ മാത്രം കേട്ടു..
എനിക്കെന്തോ വല്ലാത്തൊരു സങ്കടം തോന്നി.. പട്ടിണി കിടക്കാൻ മാത്രം എന്താ അവളുടെ പ്രശ്നം.. എന്തായാലും പട്ടിണി കിടക്കാൻ മാത്രം ഗതികേട് ഉള്ള വീട്ടിൽ നിന്നാണ് അവൾ വരുന്നത് എന്ന് തോന്നുന്നില്ല..
ചിന്തയിൽ നിന്നും ഉണർന്ന ഞാൻ കണ്ടത് കണ്ണീർ ഇറ്റ് വീഴുന്ന അവളുടെ മുഖമാണ്.. എനിക്കെന്തോ ഒരു വല്ലായ്മ തോന്നി.. എൻ്റെ ആകെയുള്ള ബലഹീനത ആണ് കണ്ണുനീർ.. ആരു കരയുന്നത് കണ്ടാലും എനിക്കും കരച്ചിൽ വരും. അത് ഒരു അപരിചിതൻ ആണെങ്കിൽ പോലും. എൻ്റെ വീട്ടിൽ ഒരു കള്ളൻ മോഷ്ടിക്കാൻ കയറിയാൽ അവൻ എന്നെയൊന്നു കരഞ്ഞു കാണിച്ചാൽ ചിലപ്പോൾ ഞാൻ തന്നെ അവനു വീട്ടിൽ ഉള്ള മുതലുകൾ എടുത്തു കൊടുക്കും, അത്രക്ക് മനക്കട്ടിയുള്ള ആളാണ് ഞാൻ 😅
പിന്നെയൊന്നും ചിന്തിച്ചില്ല.. അവളോട് “വാ..” എന്നു മാത്രം പറഞ്ഞു ഞാൻ..
അവൾ ഇരുന്നിടത്ത് നിന്നും അനങ്ങിയത് പോലുമില്ല..
“കീർത്തനാ, തന്നോട് ആണ് വരാൻ പറഞ്ഞത്..!!” അല്പം ഗൗരവത്തോടെ ഞാൻ പറഞ്ഞു..
വീണ്ടും അതേ ഇരുപ്പ്..
ഇത്തവണ അവളുടെ പ്രതികരണം എന്തായിരിക്കും എന്നുപോലും ചിന്തിക്കാതെ ഞാൻ അവളുടെ കയ്യിൽ പിടിച്ച് വരാൻ പറഞ്ഞു.. ഒന്നും മിണ്ടാതെ അവളെൻ്റെ കൂടെ എഴുന്നേറ്റ് നടന്നു.. നടന്നു നടന്ന് റഹ്മത്ത് ഹോട്ടലിൽ ആണ് നടത്തം നിന്നത്, അപ്പോൾ മാത്രമാണ് അവളുടെ കയ്യിൽ നിന്നും ഞാൻ എൻ്റെ കൈ എടുത്തതും..
“തനിക്ക് എന്താണ് കഴിക്കാൻ വേണ്ടത്..??” അവളോട് ഞാൻ ചോദിച്ചു..
മറുപടി ഒന്നുമില്ല..
ഇനിയും ചോദിച്ചിട്ട് കാര്യമില്ല എന്ന് അറിയാവുന്നതുകൊണ്ട് ഞാൻ തന്നെ രണ്ടു ഊണ് ഓർഡർ ചെയ്തു.. ഭക്ഷണം മുന്നിൽ കൊണ്ട് വെച്ചപ്പോഴും പ്രതിമ കണക്കെ ആയിരുന്നു അവൾ ഇരുന്നത്..
