“ശെരി ഡാ..!!” എന്ന് നീട്ടി വിളിച്ച് അവള് പൊട്ടിച്ചിരിച്ചു..
എൻ്റെ മോനെ, എന്തൊരു ഭംഗി ആണെന്നോ മുത്തു പൊഴിയുന്ന പോലുള്ള അവളുടെ ചിരി കാണാൻ..
“ആഹാ, ഇത്ര പെട്ടെന്ന് ഒരു എടാ വിളി ഞാൻ പ്രതീക്ഷിച്ചില്ല..!!”
എൻ്റെ മറുപടി കേട്ടിട്ട് അവളും ചിരിച്ചു..
“തൻ്റെ വീട് ഇവിടെ അടുത്താണോ..??”
അവൾ സ്ഥലപ്പേര് പറഞ്ഞു..
“ആഹാ, അടുത്താണല്ലോ.. എൻ്റെ വീട്ടിൽ നിന്നും ബൈക്കിന് ഒരു പതിനഞ്ച് മിനിറ്റ് യാത്ര ഉള്ളൂ. തൻ്റെ ട്യൂഷൻ സെൻ്ററിലെ ക്ലാസ്സ് എപ്പോൾ കഴിയും..??”
“അത് ആറു മണിക്ക് തുടങ്ങി എട്ട് വരെയുണ്ട്..!!”
“ഓഹോ, അപ്പോൾ മൂന്നരക്ക് ക്ലാസ് വിട്ടു കഴിഞ്ഞാൽ അത്രയും സമയം താൻ ഫ്രീയാണോ..??”
“അതേല്ലോ, ഈ സമയത്ത് ആണ് ഞാൻ ഇരുന്ന് പഠിക്കുന്നത്.. രാത്രി അച്ഛൻ്റെ കലാപരിപാടി ഉള്ളതുകൊണ്ട് ആ സമയത്ത് പഠിത്തം നടക്കില്ല..!!”
“എടോ എന്നാൽ ഞാൻ തൻ്റെ വീട്ടിലേക്ക് വരട്ടെ.. ഈ പ്രോബ്ലം പേപ്പർ ഒന്നും എനിക്ക് അങ്ങോട്ട് ക്ലിയർ ആകുന്നില്ല.. താനൊരു ബുജിയാണെന്ന് എനിക്ക് അറിയാം.. എനിക്ക് അതൊക്കെയൊന്ന് ക്ലിയർ ആക്കി താ.. ഒരുപാട് വേണ്ട.. ഒരു മണിക്കൂർ മതി.. ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട കേട്ടോ..!!”
“അയ്യോ എന്ത് ബുദ്ധിമുട്ട്. സന്തോഷമേയുള്ളൂ.. യൂ ആർ വെൽകം..!!
“എടോ വീട്ടിൽ എന്തെങ്കിലും പ്രശ്നം. അച്ഛൻ..??”
“ഓഹ് അച്ഛൻ രാത്രിയിലെ വരൂ. പിന്നെ അമ്മക്ക് നിന്നെ നന്നായി അറിയാം. ഞാൻ എപ്പോഴും പറയും. നിന്നെ ഒന്ന് പരിചയപ്പെടണമെന്നും അമ്മക്കുണ്ട്. ഒരു നാലുമണി കഴിയുമ്പോൾ പോര്. ആറുമണി ആകാറാകുമ്പോൾ എന്നെ സെൻ്ററിലും ആക്കി നിനക്ക് വീട്ടിലും പോകാം..!!”
“എന്നാൽ ഇന്നുതന്നെ തുടങ്ങാം. എന്തു പറയുന്നു..??”
“ആയിക്കോട്ടെ.. അപ്പോൾ വൈകുന്നേരം വീട്ടിൽ കാണാം..!!”
അവൾ പറഞ്ഞ വഴിയിലൂടെ ചെന്നു നിന്നത് ഒരു ചെറിയ വീടിൻ്റെ മുന്നിലാണ്. എൻ്റെ സങ്കല്പത്തിൽ ഉള്ള ഒരു വീടേയല്ലായിരുന്നു അത്. രണ്ടു മുറിയും ചെറിയൊരു ഡൈനിങ് ഹാളും അടുക്കളയും മാത്രമുള്ള ഷീറ്റ് മേഞ്ഞ ഒരു ചെറിയ വീട്. ഭിത്തിൽ വിള്ളൽ വീണിരിക്കുന്നു. തറ പരുക്കൻ മാത്രം ഇട്ടിരിക്കുന്നു. കണ്ടാൽ അറിയാം, നല്ല പഴക്കമുള്ള വീട് ആണെന്ന്.. ബാത്ത്റൂം വരെ വീടിനു കുറച്ച് മാറിയാണ് ഉള്ളത്.. അപ്പൻ വീട് നോക്കാറില്ല എന്ന് എനിക്ക് മനസ്സിലായി.. എങ്കിൽപ്പോലും അവളുടെ ആ ചെറിയ കൊട്ടാരത്തിലേക്ക് എന്നെ ക്ഷണിക്കാൻ അവൾക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല..
“എന്താ നോക്കി നിക്കുന്നെ. കയറി വാ..!!”
“അവളുടെ വിളിയാണ് ഓരോരോ ചിന്തയിൽ നിന്നും എന്നെ ഉണർത്തിയത്.. അമ്മയും അവളും വാതിൽക്കൽ നിക്കുന്നു.. അനിയത്തി സ്കൂളിൽ നിന്നും എത്തിയിട്ടില്ല എന്ന് തോന്നുന്നു.. ആദ്യമായി വരുന്നതുകൊണ്ട് ആണെന്ന് തോന്നുന്നു, രണ്ടുപേരുടെയും മുഖത്ത് നല്ല സന്തോഷമാണ്.. ആദ്യമായി ചെല്ലുന്നതു കൊണ്ട് ഞാനും ഒട്ടും കുറച്ചില്ല. ചെറിയ രീതിയിൽ ബേക്കറിയിൽ നിന്നും കുറച്ച് പലഹാരങ്ങൾ വാങ്ങിക്കൊണ്ട് ആണ് ഞാൻ പോയത്. നേരെ അത് അമ്മയുടെ കൈകളിൽ കൊടുത്ത് അകത്തേക്ക് കയറി ഞാൻ അവരുടെ വിശേഷങ്ങൾ അന്വേഷിച്ചു.. അവൾ പറഞ്ഞ കഥകൾ തന്നെയെ അമ്മക്കും പറയാൻ ഉണ്ടായിരുന്നുള്ളൂ. അമ്മയുടെ മുഖത്തും സങ്കടം. ഒന്നും ചോദിക്കേണ്ടിയിരുന്നില്ല. അപ്പോഴേക്കും അനിയത്തിയും വന്നു കയറി. എന്നെപ്പറ്റി ധാരാളം പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു, ആദ്യ കാഴ്ചയിൽ തന്നെ അവൾക്കെന്നെ മനസ്സിലായി..
അന്നത്തെ പഠിത്തം കഴിഞ്ഞ് ഞാൻ ഇറങ്ങി. അവളെ അവളുടെ സെൻ്ററിൽ കൊണ്ടുപോയി ഇറക്കിയ സമയത്ത്..
“നിൻ്റെ നമ്പർ തന്നെ. ഇത്ര കൂട്ട് ആയിട്ടും നിൻ്റെ നമ്പർ പോലും എൻ്റെ കയ്യിലില്ല..”
“അത്.. എനിക്ക് ഫോണില്ലടാ..” ഒരു മടിയോടെ അവള് പറഞ്ഞു..
“ഏഹ്. ഫോൺ ഇല്ലാന്നോ. വിശ്വസിക്കാൻ പറ്റുന്നില്ല. ഇക്കാലത്തും ഇതുപോലുള്ള പെണ്ണുങ്ങളോ..!!”
“ഉണ്ടായിരുന്നു. അപ്പൻ അതും കൊണ്ടുപോയി വിറ്റു കുടിച്ചു..!!”
എനിക്കൊന്നും ആ സമയത്ത് പറയാൻ തോന്നിയില്ല. എന്തൊരു അവസ്ഥയാണോ ഈ പെണ്ണിൻ്റെ.. യാത്ര പറഞ്ഞ് ഞാൻ വീട്ടിലേക്ക് പോന്നു.
