“ഇനി വാരി തന്നാലേ കഴിക്കത്തൊള്ളോ..??” അല്പം തമാശ രൂപേണയാണ് ഞാൻ അവളോട് പറഞ്ഞത്..
ഉടനെ തന്നെ അവൾ കഴിക്കാൻ തുടങ്ങി.. അവളുടെ മുഖത്തെ വിഷമം മാറി ചിരി വന്നത് ഞാൻ ശ്രദ്ധിച്ചു.. ഒന്നും ചോദിക്കാൻ പോയില്ല, പാവം, എന്തോ പ്രശ്നമുണ്ട്.. പതിയെ ചോദിക്കണം.. എന്ന് ഞാൻ മനസ്സിൽ പറഞ്ഞു..
ഭക്ഷണം കഴിഞ്ഞ് പൈസയും കൊടുത്ത് കോളജിലേക്ക് നടക്കുമ്പോഴും അവളെന്നോട് ഒന്നും മിണ്ടുന്നില്ലായിരുന്നു.. രണ്ടു ദിവസം മാത്രം കണ്ടു പരിചയം ഉള്ള ആൾ തൻ്റെ അവസ്ഥ മനസ്സിലാക്കിയല്ലോ എന്നോർത്തുള്ള സങ്കടമോ ചമ്മലോ ആയിരിക്കാം.. എന്നാലും ഞാൻ കൂടുതൽ ചോദിക്കാൻ പോയില്ല..
പിറ്റേന്ന് ഉച്ചക്ക് ചോറുണ്ണുന്ന സമയം ആയപ്പോൾ ഞാൻ അവളുടെ അടുത്തേക്ക് വെച്ചു പിടിപ്പിച്ചു.. കഴിച്ചോ, അതോ ഇന്നും പട്ടിണിയാണോ എന്ന് അറിയണമല്ലോ..
എൻ്റെ വരവ് പ്രതീക്ഷിച്ചമാതിരി അവൾ വാതിൽക്കലേക്ക് നോക്കി ഇരിപ്പുണ്ടായിരുന്നു.. എന്നെ കണ്ടതും അവളൊന്നു നിവർന്ന് ഇരുന്ന് ചിരിച്ചു കാണിച്ചു..
ചിരിച്ചുകൊണ്ട് തന്നെ ഞാൻ അവളുടെ എതിർവശത്ത് ആയിട്ട് ഇരുന്നു.. ഞാൻ ഇരുന്നതും അവൾ അവളുടെ ബാഗിൽ നിന്നും രണ്ടു പൊതിച്ചോറ് പുറത്തെടുത്തു.. ഒന്ന് എൻ്റെ മുന്നിലേക്ക് വെച്ച് അവൾ തന്നെ പൊതിയഴിച്ച് എനിക്ക് കഴിക്കാൻ പാകത്തിന് കറികളും ചോറും ഒരുക്കി വെച്ചു. അതുകഴിഞ്ഞ് അവളുടെ പൊതിയും അഴിച്ച് കഴിക്കാൻ ഇരുന്നു..
“ചേട്ടായി കഴിക്ക്..!!” നിറഞ്ഞു തുളുമ്പുന്ന സ്നേഹമായിരുന്നു അവളുടെ ആ പറച്ചിലിൽ ഉണ്ടായിരുന്നത്.. കൂടുതൽ ഒന്നും മിണ്ടാതെ ഞാൻ കഴിക്കാൻ തുടങ്ങി.. ഒരുപാട് കറികൾ ഒന്നും ഇല്ലായിരുന്നു ഊണിന്, ബീൻസ് തോരനും തേങ്ങ ചമ്മന്തിയും ലൂബിക്ക ഉപ്പിലിട്ടതും പിന്നെ ഒരു മുട്ട പൊരിച്ചതും.. എന്നാലും അതിയായ രുചി അതിനുണ്ടായിരുന്നു.. നിറഞ്ഞ മനസ്സോടെ ഞാൻ അവളോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു.. കഴിച്ചു കഴിഞ്ഞ് കൈ കഴുകി പുറത്തുള്ള മരച്ചുവട്ടിൽ അവളെന്നോടൊപ്പം ഇരുന്നു..
“നല്ല സ്വാദുണ്ടായിരുന്നു കേട്ടോ കറികൾക്ക്..” ചിരിച്ചുകൊണ്ട് ഞാൻ അവളോട് പറഞ്ഞു..
“ഞാൻ തന്നെ ഉണ്ടാക്കിയത് ആണ്..!!” ഉത്സാഹത്തോടെ അവളെന്നോട് പറഞ്ഞു..
“എന്തേ ഇന്നലെ.. ഇന്നലെ മാത്രമല്ല കഴിഞ്ഞ ദിവസങ്ങളിലും..??” ചോദിക്കാൻ വന്നത് ഞാൻ മുഴുവനാക്കിയില്ല.. അല്ലാതെ തന്നെ അവൾക്ക് മനസിലായി കാണണം..
“അത് ചില ദിവസങ്ങളിൽ ഇങ്ങനെ തന്നെ ആണ്..”
“അതെന്താണ് എന്നാണ് ഞാൻ ചോദിച്ചത്..??
“സിനിമകളിൽ മാത്രമല്ലേ എല്ലാവരും കണ്ടിട്ടുള്ളൂ, വീട്ടിലെ പ്രാരാബ്ധങ്ങളും കഷ്ടപ്പാടുകളും സഹിച്ച് കര കയറി വരുന്ന ജീവിതങ്ങൾ.. ഞാൻ കര കയറി വരുന്നതേയുള്ളൂ.. പൂർത്തി ആയിട്ടില്ല..!!”
“താൻ മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ പറ കുഞ്ഞേ..!!” ഞാൻ അവളോട് ചൂടായി..
“അതൊക്കെ വല്യ വല്യ കഥ ആണ് ചേട്ടാ.. പറഞ്ഞാൽ ഉൾക്കൊള്ളണം എന്നില്ല..
“പറയാൻ പറ്റുന്നത് ആണെങ്കിൽ പറ..!!”
“അപ്പൻ്റെ മദ്യപാനം, അതു കഴിഞ്ഞ് വീട്ടിൽ വന്നുള്ള വഴക്ക്, ഉറക്കമില്ലാത്ത രാത്രികൾ, ദാരിദ്ര്യം.. ഇതൊക്കെ തന്നെ ആണ് പ്രശ്നങ്ങൾ..!!” അവൾ പറഞ്ഞു.
“അമ്മ..??”
“അമ്മ തൊഴിലുറപ്പിനും വീടുകളിലും പോകുന്നുണ്ട്. പിന്നെ ഞാൻ ട്യൂഷൻ ഒക്കെ എടുക്കുന്നുണ്ട്. അതുകൊണ്ട് ഒക്കെ തന്നെയാണ് ഞങ്ങളുടെ കാര്യങ്ങളും നടന്നു പോകുന്നതും.. അപ്പൻ പണിക്ക് ഒന്നും അങ്ങനെ പോകാറില്ല.. പോയി കിട്ടുന്നത് മുഴുവനും കുടിച്ചും തീർക്കും.. തികയാതെ വരുമ്പോൾ ഞങ്ങളുടെ കയ്യിൽ നിന്നും ചോദിക്കും. കൊടുക്കാതെ ഇരുന്നാൽ പിന്നെ അന്നു രാത്രി വീട്ടിൽ വഴക്ക് ആണ്..” നിറ കണ്ണുകളോടെ അവളെന്നോട് പറഞ്ഞു..
“കീർത്തന ഒറ്റ മകൾ ആണോ..??”
“അല്ല ചേട്ടാ.. എനിക്ക് ഒരു അനിയത്തി കൂടിയുണ്ട്. ഇപ്പൊ പ്ലസ് വൺ പഠിക്കുന്നു..!!”
“ശരി.. എന്നാലും നീ പട്ടിണി കിടക്കേണ്ട ആവശ്യം എന്താണ്.. അടുപ്പ് പുകയാത്ത വീട്ടിൽ നിന്നല്ലല്ലോ വരുന്നത്..??”
“അതെയെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ..??” വേദന നിറഞ്ഞ പുഞ്ചിരിയോടെയാണ് അവളത് എന്നോട് പറഞ്ഞത്..
