പെട്ടെന്ന് ക്ലാസ്സിൽ കയറാനുള്ള ബെല്ലടിച്ചു.. ഒരു തീരുമാനത്തിൽ എത്താതെ ഞങ്ങൾ ക്ലാസ്സിലേക്ക് കയറി..
ടൂർ പോകുന്നെങ്കില് അവളും എൻ്റെയൊപ്പം ഉണ്ടാകും. അത് ഞാൻ മനസ്സിൽ ഉറപ്പിച്ചു.. അന്ന് വൈകുന്നേരം ക്ലാസ് വിട്ടപ്പോൾ ഞാൻ നേരെ പോയത് നല്ലൊരു തുണിക്കടയിൽ ആണ്.. നേരെ ചെന്നത് ലേഡീസ് സെക്ഷനിലേക്ക് ആണ്.. കൗണ്ടറിൽ നിന്നത് അത്യാവശ്യം ഫ്രണ്ട്‌ലി ആയ ഒരു പെണ്ണാണ്. അതുകൊണ്ട് അധികം ചീയാതെ കാര്യം നടന്നു..
“21 വയസ്സുള്ള പെണ്ണിന് ഇടാൻ പറ്റിയ ഡ്രസ് വേണം..!!” ഞാൻ അവരോട് പറഞ്ഞു..
“സാർ സൈസ് പറയാതെ എങ്ങനെയാണ്..!!” അവരെന്നോട് പറഞ്ഞു..
പെട്ടു.. സൈസിനെ പറ്റി എനിക്ക് യാതൊരു ധാരണയുമില്ല.. ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു.. ഭാഗ്യത്തിന് അടുത്തുതന്നെ എൻ്റെ പെണ്ണിൻ്റെ അതേ ബോഡിഷേപ്പ് ഉള്ള ഒരു പെൺകൊച്ച് നിൽപ്പുണ്ടായിരുന്നു. ഞാൻ അതിനെ ചൂണ്ടിക്കാണിച്ച് ആ സൈസ് എന്ന് പറഞ്ഞു.. പുള്ളിക്കാരി ഒന്ന് പതിയെ ചിരിച്ചുകൊണ്ട് കുറെ ഡ്രസ് എടുത്ത് മുന്നിലേക്ക് ഇട്ടു. പണ്ടാരം ഇതിപ്പോ ഏതെടുക്കും. ആകെ കൺഫ്യൂഷൻ ആയല്ലോ.. അവസാനം, ടൂർ പോകാൻ ഉള്ളതല്ലേ, അപ്പോൾ അത്രയും നാളും ഇടാൻ കംഫർട്ടബിൾ ആയിക്കോട്ടെ എന്ന് കണക്കു കൂട്ടി ഞാൻ ജീൻസും പാൻ്റും ലെഗിംഗ്സും ടോപ്പും ഷർട്ടും ബനിയനും വേറെ എന്തൊക്കെയോ ഡ്രസ്സുകളും അവരെക്കൊണ്ട് മുന്നിലേക്ക് ഇടീപ്പിച്ചു.. എന്നിട്ട് അവളുടെ ഫോട്ടോ ഒരെണ്ണം കാണിച്ചുകൊടുത്ത് അവൾക്ക് ചേരുന്ന രീതിയിൽ അതിൽ നിന്ന് 5 ജോഡി എടുത്തു..
“അതേ. ഇന്നർ കൂടി വേണം..!!” ഞാൻ അവരോട് പതിയെ പറഞ്ഞു..
“അതിൻ്റെ സൈസും അറിയില്ലായിരിക്കാം അല്ലെ..??” അവരെന്നോട് ചിരിച്ചുകൊണ്ട് ചോദിച്ചു..
“ഇല്ല..!!” ഞാൻ മറുപടി കൊടുത്തു..
“സാരമില്ല. ഞാൻ എടുത്തുകൊള്ളാം.. എത്ര ജോഡി വേണം..??”
“അതും അഞ്ച് ജോഡി എടുത്തോ.. പിന്നെ നല്ലത് തന്നെ എടുത്തോ, ബ്രാൻഡഡ് ആയിക്കോട്ടെ..!!”
അവർ നേരെ ഇന്നേർ സെക്ഷനിലേക്കു പോയി ആവശ്യമുള്ളത് എല്ലാം എടുത്ത് എൻ്റെ അടുത്തേക്ക് വന്നു.. എല്ലാം എടുത്ത് കഴിഞ്ഞ് ബില്ല് അടിക്കാൻ പോയി. എല്ലാം പാക് ചെയ്തു കഴിഞ്ഞപ്പോൾ ആണ് ഓർത്തത് ബൈക്കിൽ ഇതെല്ലാം കൊണ്ടുപോകാൻ ബുദ്ധിമുട്ട് ആണല്ലോ എന്ന്. എല്ലാം ആ സെയിൽസ് ഗേളിനെ തന്നെ ഏൽപ്പിച്ച് ഇപ്പൊ വരാം എന്നും പറഞ്ഞ് അവിടുന്ന് ഇറങ്ങി തൊട്ട് അടുത്തുള്ള ബാഗ് വിക്കുന്ന കടയിൽ കയറി നല്ലൊരു ട്രവേൽ ബാഗ് വാങ്ങി.. അതുകൊണ്ട് തുണിക്കടയിലേക്ക് കയറി ബില്ല് അടിച്ചുവെച്ച ഡ്രസ്സുകൾ നന്നായി അടുക്കി ബാഗിലേക്ക് വെച്ചു.. ഇറങ്ങാൻ നേരം സെയിൽസ് ഗേളിന് നല്ലൊരു നന്ദിയും പറഞ്ഞു. ഇത്രയും സഹകരണം ഞാൻ പ്രതീക്ഷിച്ചില്ല.. അവർ ചിരിച്ചുകൊണ്ട് എന്നോട് സോറിയും പറഞ്ഞു, മുന്നേ ചിരിച്ചതിന്..
ലോഡുംകൊണ്ട് വീട്ടിലേക്ക് പോയില്ല. നേരെ അവളുടെ വീട്ടിലേക്ക് പോയി. ചെന്നപ്പോൾ അമ്മ വീട്ടിൽ ഉണ്ട്..
വലിയൊരു ബാഗുമായി കയറി ചെല്ലുന്ന എന്നെ അവളും അമ്മയും കണ്ണും മിഴിച്ച് നോക്കി. ഞാൻ എവിടേക്കെങ്കിലും പോകുവാണോ എന്നോർത്തുകാണും.. ചെന്നപ്പോ തന്നെ അമ്മയോട് കോളേജിലെ ടൂറിൻ്റെ കാര്യം പറഞ്ഞു.. ആദ്യം അമ്മക്ക് ചെറിയ പേടിയൊക്കെ ഉണ്ടായിരുന്നു.. പിന്നെ ഞാൻ കയ്യും കാലും പിടിച്ച് സമ്മതിച്ചു.. അച്ഛനെ അവര് പറഞ്ഞു മനസ്സിലാക്കിക്കോളാം എന്ന് പറഞ്ഞപ്പോൾ അതെനിക്ക് ഒരു ആശ്വാസമായി..
വീട്ടിൽ നിന്നും സമ്മതിച്ചപ്പോൾ എൻ്റെ പെണ്ണിൻ്റെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു.. പക്ഷെ ചെറിയൊരു സങ്കടം ആ മുഖത്ത് ഉണ്ടായിരുന്നു. അത് എന്താണെന്ന് എനിക്ക് മനസ്സിലാവുകയും ചെയ്തു..
“അമ്മേ ഇച്ചിരി വെള്ളം തന്നെ. നല്ല ദാഹം..!!” അമ്മ എനിക്കുള്ള വെള്ളമെടുക്കാനായി അടുക്കളയിലേക്കുപോയ സമയത്തുതന്നെ ഞാൻ ബാഗ് ഊരി അവളുടെ നേരെ നീട്ടി.. എന്താണെന്ന് മനസ്സിലാവാതെ നിന്ന അവളോട് ഞാൻ പറഞ്ഞു..
“ഇങ്ങോട്ട് ഒന്നും പറയണ്ട.. ഇത് നിനക്കുള്ള ഡ്രസ്സുകളാണ്. പറഞ്ഞാൽ നീ സമ്മതിക്കില്ല എന്ന് അറിയാം. അതുകൊണ്ട് കോളജ് വിട്ട സമയത്തുതന്നെ നേരെ പോയി ആവശ്യമുള്ളതെല്ലാം വാങ്ങി. ഈ ബാഗും നിനക്ക് ഉള്ളതാണ്. അമ്മ വരുന്നതിനു മുന്നേ ഇതുകൊണ്ട് അകത്ത് വെക്ക്. അമ്മയോട് ഇപ്പോഴൊന്നും പറയണ്ട..!!” ഞാൻ പറഞ്ഞതെല്ലാം കേട്ട് അവളുടെ കിളിപോയി നിൽക്കുകയാണ്..
