എൻ്റെ കീർത്തന 89അടിപൊളി  

ഒന്നും മിണ്ടാതെ ഞാൻ അവളെ നോക്കി നിന്നു..

“കഴിക്കുന്ന ഭക്ഷണത്തിന് വരെ കണക്ക് പറയുന്ന അച്ഛൻ ഉള്ളിടത്ത് മനസമാധാനത്തോടെ ഭക്ഷണം കഴിക്കാൻ പറ്റുമെന്ന് ചേട്ടന് തോന്നുന്നുണ്ടോ..?? ഞാൻ അവിടുന്ന് ആകെ ഭക്ഷണം കഴിക്കുന്നത് രാവിലെയും രാത്രിയും മാത്രമാണ്.. ചില രാത്രികളിൽ അതുമില്ല.. ആദ്യമൊക്കെ അമ്മ പൈസ തന്നു വിടുമായിരുന്നു. ഒരിക്കൽ അപ്പൻ അതും കണ്ടുപിടിച്ചു. അതിൽ പിന്നെ അതും നിന്നു. വഴക്ക് കാരണം കുറച്ചു നാള് മുന്നേ ട്യൂഷനും നിന്നു.. അന്നു മുതൽ ആണ് പൈസക്ക് ടൈറ്റ് വന്നത്. അനിയത്തിയെ പട്ടിണിക്ക് ഇടാൻ എനിക്കു പറ്റില്ല.. അതുകൊണ്ട് ഉള്ള പൈസ ഞാൻ അവൾക്ക് കൊടുക്കാൻ തുടങ്ങി. അങ്ങനെ ആണ് ഞാൻ..” പൂർത്തിയാക്കാതെ അവൾ വിങ്ങിപ്പൊട്ടി..

ഇതെല്ലാം പറയുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിരുന്നു.. ആ കണ്ണുകൾ തുടക്കാൻ എൻ്റെ കൈകൾ വെമ്പി.. അതിനു മുന്നേ അവളത് തുടച്ചു കളഞ്ഞു..

“ബെല്ലടിക്കാറായി, താൻ ക്ലാസ്സിൽ പൊയ്ക്കോ..” അവളെ മനഃപൂർവം പറഞ്ഞു വിടുന്നതാണെന്ന് അവൾക്ക് മനസ്സിലായി. ഒരു വിഷാദ പുഞ്ചിരി തന്നുകൊണ്ട് അവള് നടന്നകന്നു..

§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§

ദിവസങ്ങൾ കഴിഞ്ഞു. ഞങ്ങളിപ്പോ നല്ല കൂട്ട് ആണ്. ഭക്ഷണം കഴിപ്പ് പഴേപോലെ തന്നെയാണ്. ഓരോരോ അവസ്ഥ നോക്കണേ. പാവം. പക്ഷേ ഞാൻ എത്ര നിർബന്ധിച്ചാലും അവള് ഹോട്ടലിൽ കഴിക്കാൻ വരില്ല. പൈസ അനാവശ്യമായി ചിലവാക്കണ്ട എന്നാണ് അവളുടെ പക്ഷം. അതുകൊണ്ട് ഞാനിപ്പോൾ വീട്ടിൽ നിന്നും രണ്ടുപൊതിയാണ് കൊണ്ടുവരുന്നത്. അവൾക്ക് അതിൽ നല്ല ബുദ്ധിമുട്ടും ഉണ്ട്. ഒരുപാട് പറഞ്ഞിട്ടുണ്ട് എന്നോട് “എന്തിനാ എപ്പോഴും ഇങ്ങനെ കൊണ്ടുവരുന്നെ. എന്തിനാ ഇങ്ങനെ ബുദ്ധിമുട്ടുന്നെ..” എന്നൊക്കെ..

ഒരു ദിവസം ഉച്ച കഴിഞ്ഞ് മരച്ചുവട്ടിൽ വിശ്രമിക്കുമ്പോൾ അവളെൻ്റെ കയ്യിൽ നൂറിൻ്റെയും അമ്പതിൻ്റെയും കുറച്ച് നോട്ടുകൾ ചുരുട്ടി തന്നു. കാര്യം മനസ്സിലാകാതെ ഇരുന്ന എന്നോട് അവള് പറഞ്ഞു,

“ഞാൻ കുറച്ച് നാളായി ട്യൂഷൻ ക്ലാസ് വീണ്ടും എടുക്കാൻ തുടങ്ങി. എൻ്റെ വീട്ടിലല്ല. അടുത്ത് ഒരു ട്യൂഷൻ സെൻ്റർ ഉണ്ട്. പന്ത്രണ്ടാം ക്ലാസ്സുവരെ അവിടെ പഠിപ്പിക്കുന്നുണ്ട്. അവിടെ വൈകുന്നേരത്തെ ബാച്ചിനെ പഠിപ്പിക്കാൻ ഞാൻ കയറി. ഇന്നലെ ആദ്യ ശമ്പളം കിട്ടി..” സന്തോഷത്തോടെ അവളെന്നോട് പറഞ്ഞു..

“ആഹാ, നല്ല കാര്യം. പക്ഷേ ഈ പൈസ എനിക്കെന്തിനാണ്..??” ഞാൻ അവളോട് ചോദിച്ചു.

“അത് ഭക്ഷണത്തിൻ്റെ പൈസ..!!” ഒരു മടിയോടെ അവളെന്നോട് മറുപടി പറഞ്ഞു..

“അതിന് പൈസ വേണമെന്ന് ഞാൻ തന്നോട് പറഞ്ഞോ കുഞ്ഞേ.. ഒരു നേരത്തെ ഭക്ഷണത്തിൻ്റെ കാര്യത്തിൽ കണക്ക് പറയുന്നത് ശരിയല്ല.. അതൊരു നല്ല ശീലവുമല്ല..!!”

“എന്നാലും, ഇത്രയും ദിവസം..!!”

“ഒരെന്നാലുമില്ല, തൻ്റെ ആദ്യത്തെ ശമ്പളമല്ലേ.. ഇത് താൻ തന്നെ വെച്ചോ.. പിന്നെ ചിലവാക്കി കളയരുത്.. ബാങ്കിലോ മറ്റോ ഇട്.. അതാണ് നല്ലത്. പൈസയുടെ വില തന്നെ പറഞ്ഞു മനസ്സിലാക്കി തരേണ്ട ഒരു കാര്യവും എനിക്കില്ല.. എന്നാലും പറയുവായിരുന്നു..” ഞാൻ ആ പൈസ അവളെ തിരിച്ചേൽപ്പിച്ചു..

ചെറിയ വിഷമത്തോടെ അവളത് വാങ്ങി ചുരുട്ടി പിടിച്ചു.. കണ്ണും ചെറുതായി നിറയുന്നുണ്ടായിരുന്നു. പാവം..

അവളെപ്പറ്റി അവളുടെ ക്ലാസ്സിൽ ചെറിയ രീതിയിൽ ഞാനൊരു അന്വേഷണം നടത്തി, അവളറിയാതെ. എല്ലാവർക്കും അവളെപ്പറ്റി നല്ല അഭിപ്രായം ആണ്. നന്നായി പഠിക്കും, കൂടെ ഒരു ചിത്രകാരിയും കൂടിയാണെന്ന് അവളുടെ ക്ലാസ്സിലെ കൂട്ടുകാർ വഴി ഞാൻ മനസ്സിലാക്കി..

“ക്ലാസ്സിൽ എന്നെപ്പറ്റി അന്വേഷിച്ചു എന്ന് കൂട്ടുകാർ പറഞ്ഞു..!! എന്താ കാര്യം..” ഒരു കളിയാക്കി ചിരിയോടെ അവളെന്നോട് ചോദിച്ചു.

“ഹെയ് ഒന്നുമില്ല. വെറുതെ..!!” ചമ്മിയ മുഖഭാവത്തോടെ ഞാൻ അവളോട് പറഞ്ഞു..

“ഹ്മം..”

“സെൻ്ററിലെ ക്ലാസ് ഒക്കെ എങ്ങനെ പോകുന്നു..??””

“കുഴപ്പമില്ല. നന്നായി പോകുന്നു ചേട്ടായി..!!”

“എടോ താൻ എന്നെ ചേട്ടായി എന്നൊന്നും വിളിക്കണ്ട. ഞാൻ സീനിയർ ഒന്നുമല്ലല്ലോ. നമ്മൾ ഒരേ വർഷമല്ലേ.. എടാ എന്നു വിളിച്ചോ.. അല്ലെങ്കിൽ പേര് വിളി..!!”

Leave a Reply

Your email address will not be published. Required fields are marked *