വീട്ടിലെത്തി കഴിഞ്ഞും എൻ്റെ ചിന്ത മുഴുവനും അവളെപ്പറ്റി ആയിരുന്നു. എന്തൊരു അവസ്ഥയാണ് ഈ പെണ്ണിൻ്റെ. ഈ ചെറിയ പ്രായത്തിൽ തന്നെ എന്തുമാത്രം അനുഭവിച്ചു കഴിഞ്ഞു ഇവൾ. ആദ്യം ചെറിയൊരു അട്ട്രാക്ഷൻ മാത്രമാണ് അവളോട് തോന്നിയതെങ്കിലും ഇപ്പൊ അവളോട് എനിക്ക് എന്തോ വല്ലാത്തൊരു ഇഷ്ടം തോന്നുന്നു. പക്ഷേ അതൊരിക്കലും അവളുടെ അവസ്ഥ കണ്ടുള്ള സഹതാപമല്ല. ശരിക്കും ഇഷ്ടമാണ്. എങ്കിലും ഇതെങ്ങനെ ഞാൻ അവളോട് പറയുമെന്നും പറഞ്ഞാൽ അവളുടെ പ്രതികരണം എന്തായിരിക്കും എന്നും ഒരു പിടിയുമില്ല. എങ്കിലും ഇത് അധികംനാൾ നീട്ടിക്കൊണ്ട് പോകുന്നത് ശരിയല്ല. ഉടനെ തന്നെ അവളോട് എല്ലാം തുറന്ന് പറയണം..
രണ്ടു ദിവസം അങ്ങനെ കടന്നുപോയി. അന്ന് വൈകുന്നേരം ഞാൻ അവളുടെ വീട്ടിലെത്തി. അമ്മ അന്ന് വീട്ടിൽ ഉണ്ടായിരുന്നില്ല, തൊഴിലുറപ്പിന് പോയിരിക്കുകയായിരുന്നു. ചിരിയും വർത്തമാനവും ഒക്കെയായി നല്ല രസത്തിൽ പഠിച്ചുകൊണ്ട് ഇരിക്കുന്നത്തിൻ്റെ ഇടയിലാണ് പെട്ടെന്ന് അവളുടെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചത്. നല്ലപോലെ സംസാരിച്ചുകൊണ്ട് ഇരുന്നവൾ പെട്ടെന്ന് നിശ്ശബ്ദയായി. മുഖത്ത് എന്തോ പരിഭ്രമം.. വേദന കടിച്ചമർത്തുന്ന പോലെ ശബ്ദം.. ഒന്നും മിണ്ടാതെ വയറും പൊത്തിപ്പിടിച്ച് അവൾ എഴുന്നേറ്റ് റൂമിൽ കയറി വാതിൽ അടച്ചു. എന്താണ് സംഭവം എന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി. അവൾക്ക് പിരിയഡ്സ് തുടങ്ങി. കുറച്ച് നേരം ഞാൻ അവിടങ്ങനെ ഇരുന്നു. അവള് ഉടനെയൊന്നും പുറത്തേക്ക് വരുന്ന ലക്ഷണം കാണുന്നില്ല. ഞാനെഴുന്നേറ്റ് അവളുടെ റൂമിൻ്റെ അടുത്ത് ചെന്ന് വാതിലിൽ മുട്ടി..
“ ഡീ, എന്തുപറ്റി..?? നീയെന്താ വാതിൽ അടച്ചിരിക്കുന്നത്..??” മനസിലായെങ്കിലും ഒന്നും അറിയാത്ത രീതിയിൽ ഞാൻ അവളോട് വിളിച്ചു ചോദിച്ചു. അവളെന്തെങ്കിലും പറയുമോ എന്ന് അറിയാമല്ലോ..
മറുപടിയൊന്നും ഇല്ല..
“ഡീ കുഞ്ഞേ, നിന്നോടാ ചോദിച്ചേ, എന്തേലും പ്രശ്നമുണ്ടോ..?? എന്തുപറ്റി പെട്ടെന്ന് എഴുന്നേറ്റ് പോയത്..??”
“എടാ അതൊന്നുമല്ല. ഇന്നിനി പഠിത്തം വേണ്ട. എനിക്ക് നല്ല സുഖമില്ല. നീ പൊയ്ക്കോ.. നാളെ കോളജിൽ കാണാം. ഞാനൊന്ന് കിടക്കട്ടെ..”
“ഏഹ്. വയ്യേ..?? ഇത്രയും നേരം കുഴപ്പം ഇല്ലായിരുന്നല്ലോ..?? ഇത്ര പെട്ടെന്ന് എവിടുന്നാ വന്നത് വയ്യാഴിക. നീ വാതിൽ തുറന്നേ..!!”
“എടാ അത്..!!”
“നിന്നോട് തുറക്കാനാ പറഞ്ഞത്..!!”
അഞ്ചാറ് സെക്കൻഡ് കഴിഞ്ഞപ്പോ അവളു വന്ന് വാതിൽ തുറന്നു. മുഖം വല്ലാതെ ഇരിക്കുന്നു. ആ അവസ്ഥ കണ്ടപ്പോ എനിക്ക് നല്ല സങ്കടം തോന്നി. അവളോട് തുറന്ന് പറഞ്ഞില്ലെങ്കിലും എൻ്റെ കാമുകിയല്ലേ മുന്നിൽ നിൽക്കുന്നത്..
ഞാൻ അവളുടെ നെറ്റിയിൽ കൈവെച്ച് നോക്കി. “ഹെയ്, പനിയൊന്നും ഇല്ലല്ലോ.. പിന്നെന്നാ പറ്റി..??”
“എടാ അത്..!” അവള് നിന്ന് പരുങ്ങി..
“എന്താ കുഞ്ഞേ എന്തു പറ്റി..??”
“എടാ എനിക്ക് പിരീഡ്സ് തുടങ്ങി. പെട്ടെന്ന് ഒരു പെയിൻ. അതാണ് പെട്ടെന്ന് കയറി പോയത്..” അവളല്പം ചമ്മലോടെ എന്നോട് പറഞ്ഞു.
“ഓഹ് അതായിരുന്നോ.. ഞാനങ്ങ് പേടിച്ചു പോയി.. ഇതൊക്കെ നാച്ചുറൽ ആയി നടക്കുന്നതല്ലേ.. ഇത് പറയാനെന്താ ഇത്ര മടി.. പണ്ടത്തെ പോലെയല്ല ഇപ്പൊ.. ഇപ്പോൾ എല്ലാവർക്കും ഇതിനെപ്പറ്റി അറിയാം.. എല്ലാവരും നല്ല ബോധവാന്മാരും ആണ്.. അതുകൊണ്ട് എൻ്റെ കുഞ്ഞിമോൾ നാണിക്കണ്ട കേട്ടോ..!!” എന്നും പറഞ്ഞ് ഞാൻ അവളുടെ തോളത്ത് മെല്ലെയൊന്ന് തട്ടി..
കേട്ടത് അവൾക്ക് നന്നായി പിടിച്ചിട്ടുണ്ട്.. മുഖത്തെ ചമ്മൽ ഇത്തിരി കുറഞ്ഞിട്ടുണ്ട്..
“എടാ അതല്ല പ്രശ്നം..!”
“എന്തേ, പ്രിക്കോഷൻ ഒന്നും ഇല്ലേ..??” ഞാനവളോട് ചോദിച്ചു..
“ഇല്ല.. ഇത്തവണ എന്തോ നേരത്തെ ആണ്.. വാങ്ങി വെച്ചില്ല..!!”
“അപ്പോൾ ഇപ്പൊ..!!” എനിക്കും എന്തോപോലെ..
“ഇല്ല.. തുണിയാണ്..” മടിയോടെ എന്നോട് പറഞ്ഞ് അവള് തല താഴ്ത്തി..
“കണ്ട തുണിയൊക്കെ വെച്ചാൽ വല്ല ഇൻഫെക്ഷനും വരില്ലേ കുഞ്ഞേ. ഇതൊക്കെ ആരെങ്കിലും പറഞ്ഞിട്ട് വേണോ അറിയാൻ..?? എൻ്റെ ശബ്ദം ഇത്തിരി കൂടി..
