എൻ്റെ കീർത്തന 89അടിപൊളി  

ഞങ്ങൾ തിരികെ കസേരയിൽ വന്നിരുന്നു. അന്നിനി പഠിക്കാൻ ഇരുന്നില്ല. ഞങ്ങൾ ഓരോരോ കാര്യങ്ങളും നാട്ടുവർത്തമാനങ്ങളും പറഞ്ഞ് അവിടെയിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവളുടെ അനിയത്തി വന്നു. കുറച്ച് സമയംകൂടി അവിടെ ഇരുന്നശേഷം ഞങ്ങൾ രണ്ടും ഇറങ്ങി. അവളെ ട്യൂഷൻ സെൻ്ററിലും വിട്ട് ഞാൻ വീട്ടിലേക്ക് തിരിച്ചു..

§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§§

അങ്ങനെ ഞങ്ങളുടെ പ്രണയം ആരുമറിയാതെ പൊയ്ക്കൊണ്ട് ഇരുന്നു.. ഞാൻ അറിയുക ആയിരുന്നു അവളുടെ സ്നേഹം.. ശാസിക്കേണ്ട ഇടത്ത് ശാസിച്ചും തിരുത്തേണ്ട ഇടത്ത് തിരുത്തിയും അവളെൻ്റെ കാമുകി മാത്രമല്ല അമ്മയും ആയി..

മാസങ്ങൾക്ക് ശേഷം..

“ഡി.. നീ ടൂറിന് വരുന്നില്ലേ..?? നിൻ്റെ ക്ലാസ്സിൽ നിന്ന് നീ മാത്രം പേരു കൊടുത്തില്ല എന്നറിഞ്ഞു..!!” കോളജിൽ നിന്ന് മൈസൂർക്ക് ടൂർ പോകുന്നുണ്ട്. അതിന് അവളുടെ ക്ലാസ്സിൽ നിന്ന് ഇവൾ മാത്രം പേര് കൊടുത്തിട്ടില്ല എന്ന് ഞാൻ അറിഞ്ഞു..

“ഓഹ് ഞാൻ പോണില്ലട.. എനിക്ക് വല്യ താൽപര്യം ഒന്നുമില്ല. മാത്രമല്ല വീട്ടിൽ നിന്നും മാറി നിന്നാൽ ശരിയാവില്ല..!!” അല്പം സങ്കടത്തോടെയാണ് അവളത് പറഞ്ഞത്. അപ്പോ വേറെ എന്തോ ആണ് പ്രശ്നം..

“എന്നാ ഞാനും പോകുന്നില്ല.. ഇതുവരെ നമ്മളൊന്നിച്ച് എങ്ങും പോയിട്ടില്ല. നിനക്ക് പേടിയാണല്ലോ വരാൻ.. അത് ഇങ്ങനെയെങ്കിലും നടക്കുമല്ലോ എന്നോർത്ത് ഇരിക്കുവായിരുന്നു ഞാൻ.. നീ ഇല്ലാതെ ഞാൻ മാത്രം പോയിട്ട് എന്തെടുക്കാൻ ആണ്. ഞാൻ പേര് വെട്ടാൻ പോകുവാ..!!” നിരാശയോടെ ഞാൻ പറഞ്ഞു..

“അയ്യോ.. നീ എന്തിനാ പേര് വെട്ടുന്നത്..?? അതൊന്നും വേണ്ട.. നീ സന്തോഷത്തോടെ പോയി വാ.. ഇനി ഞാൻ ഇല്ലാത്തത് ആണ് നിൻ്റെ പ്രശ്നമെങ്കിൽ പോയിട്ട് വന്നു കഴിഞ്ഞ് നമുക്ക് എവിടെങ്കിലും ഒന്ന് പോകാം. നിൻ്റെ പരാതി കൂടി തീരട്ടെ..!!” എന്നെ ഒന്ന് സന്തോഷിപ്പിക്കാൻ അവൾ പറഞ്ഞു..

“അങ്ങനെ എൻ്റെ സന്തോഷം ഉണ്ടാക്കാൻ മാത്രം നീ വരണമെന്നില്ല.. നീ എന്താ വരാത്തത് എന്ന് പറ. വേറെ എന്തോ ആണ് കാര്യമെന്ന് എനിക്ക് മനസ്സിലായി.. അത് നീയായിട്ട് പറ..!!” എനിക്ക് ശരിക്കും ദേഷ്യം വന്നു..

അവള് ഒന്നും മിണ്ടാതെ താഴോട്ട് നോക്കി നിന്നു.. അവളുടെ വിഷയം എന്താണെന്ന് എനിക്ക് മനസ്സിലായി..

“ഡീ..!!” മറുപടിയില്ല…

“കുഞ്ഞേ..!!”

“ഉം..!!” അവൾ മെല്ലെയൊന്ന് മൂളി.. ഞാൻ ദേഷ്യപ്പെട്ടത്തിൻ്റെ സങ്കടമുണ്ട് പുള്ളിക്ക്..

“പൈസ ഞാൻ കൊടുത്തുകൊള്ളാം.. നീ അതോർത്ത് വിഷമിക്കണ്ട.. നമ്മൾ ഒന്നിച്ച് സമയം സ്‌പെൻഡ് ചെയ്യുന്നത് വിട്. അല്ലാതെ ചിന്തിച്ചു നോക്കിക്കേ.. കോളേജിലെ എല്ലാവരും ടൂർ പോകുമ്പോൾ നീ മാത്രമില്ലാതെ.. എല്ലാവരുടെയും കൂടെ അടിച്ചുപൊളിച്ച്.. അതൊക്കെ ഒരു സന്തോഷമല്ലേ.. പൈസയില്ല എന്നോർത്ത് എൻ്റെ കുഞ്ഞ് ആ സന്തോഷം കളയണ്ട കേട്ടോ..!!” ഞാൻ അവളോട് പറഞ്ഞു..

“അയ്യോ അത് വേണ്ട വേണ്ട.. ഒന്നാമതെ നീ എനിക്കുവേണ്ടി എന്തുമാത്രം പൈസയാണ് ചിലവാക്കുന്നത്. ഞാൻ അപ്പോഴെല്ലാം മിണ്ടാതെ ഇരിക്കുന്നത് നിന്നെക്കൊണ്ട് ചിലവാക്കിക്കണം എന്നോർത്ത് അല്ല. വേണ്ട എന്ന് പറയുമ്പോൾ നിൻ്റെ ദേഷ്യം കാണണ്ട എന്നോർത്ത് മാത്രമാണ്. അക്കൂട്ടത്തിൽ ഇതൊരു അധിക ചിലവ് തന്നെയാണ്. മാത്രമല്ല, വീട്ടിലും സമ്മതിക്കില്ല.. അമ്മ പിന്നെയും കുഴപ്പമില്ല, അച്ഛനാണ് പ്രശ്നം.. പറഞ്ഞു മനസ്സിലാക്കാൻ നല്ല ബുദ്ധിമുട്ടാണ്.. വേണ്ടട.. ഞാൻ വരുന്നില്ല.. നീ പോയി വാ.. വന്നിട്ട് വിശേഷമൊക്കെ എന്നോട് പറഞ്ഞാൽ മതി..!!”

“നീയിനി എന്തൊക്കെ പറഞ്ഞാലും എൻ്റെ തീരുമാനത്തിൽ മാറ്റമില്ല. പോകുന്നെങ്കിൽ നമ്മൾ ഒന്നിച്ച്. അല്ലെങ്കിൽ രണ്ടു പേരും പോകുന്നില്ല.. നിൻ്റെ വീട്ടിൽ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളാം.. നീ അതോർത്ത് വിഷമിക്കണ്ട..!!” ഞാൻ അവളെ ആശ്വസിപ്പിക്കാൻ എന്ന മട്ടിൽ പറഞ്ഞു..

“ഡാ, അത് മാത്രമല്ല പ്രശ്നം..!!” അവള് സങ്കടത്തോടെ എന്നെനോക്കി..

“ഇനിയെന്താ പ്രശ്നം..??”

“എനിക്ക് ഇടാൻ ഡ്രസ് പോലുമില്ല.. ടൂർ അഞ്ചുദിവസം.. എനിക്ക് ആകെയുള്ളത് മൂന്നു ജോഡിയാണ്.. കോളജിൽ യൂണിഫോം ഉള്ളതുകൊണ്ട് ആണ് ഞാൻ വല്യ ബുദ്ധിമുട്ട് ഇല്ലാതെ പോകുന്നത്. അല്ലെങ്കിൽ അതുകൂടി എനിക്ക് പ്രശ്നം ആയേനെ..!!” ചിരിച്ചുകൊണ്ടാണ് അവളത് പറഞ്ഞതെങ്കിലും ഉള്ളിൽ നല്ല വിഷമം ഉണ്ടെന്ന് എനിക്ക് മനസ്സിലായി..!!”

Leave a Reply

Your email address will not be published. Required fields are marked *