കണ്ണന്റെ അനുപമ – 9 2

“അതൊക്കെ എന്റെ അമ്മക്കുട്ടി പറഞ്ഞ് സമ്മതിപ്പിച്ചാൽ മതി..

ഞാൻ വീണ്ടും പതപ്പിച്ചു….

പതിയെ പതിയെ ഞങ്ങൾ തമ്മില് പഴയ പോലെ തന്നെ അടികൂടാനും കൊഞ്ചാനും തുടങ്ങി. എന്നാലും ലച്ചു ഇത്ര പെട്ടന്ന് സമ്മതിച്ചത് എന്നെ അതിശയിപ്പിച്ചു. പാവം എന്റെ സന്തോഷം മാത്രേ അതിനുള്ളൂ…

“കുളിച്ചു വേഗം പോവാൻ നോക്ക്!

സമയം ആറര കഴിഞ്ഞപ്പോൾ ലച്ചു ആജ്ഞാപിച്ചു.സത്യം പറഞ്ഞാൽ പോവാൻ തോന്നുന്നുണ്ടാരുന്നില്ല.ആഹ് എന്തായാലും പോവാം. മിണ്ടൂലെങ്കിലും കണ്ടോണ്ടിരിക്കാലോ…

“ദേ കല്യാണത്തിന് മുന്നേ വല്ല തോന്ന്യാസം കാണിച്ച് മാനം കെടുത്തിയാൽ അരിഞ്ഞു കളയും ഞാൻ.. “

ഛെ !
ലച്ചുവിന്റെ വർത്താനം കേട്ട് ആകെ ചൂളിപ്പോയി. എസ്‌കേപ്പ്..

തറവാട്ടിലെത്തുമ്പോൾ അമ്മു എന്നെ തന്നെ നോക്കിയിരിക്കുകയാണ്.
കരഞ്ഞ് കരഞ്ഞ് അതിന് വയ്യാണ്ടായിട്ട്ണ്ട് പാവം.
എന്ത് പാവം രണ്ട് ദിവസം അങ്ങനെ നടക്കട്ടെ..
കണ്ട്രോൾ തരണേ ഈശ്വരാ… !

ഞാൻ മനസ്സിൽ ഓർത്തുകൊണ്ട് ഉമ്മറത്തേക്ക് കയറി.

“ഞാൻ വരൂല്ലാന്ന് കരുതി

അമ്മു പതിഞ്ഞ ശബ്ദത്തിൽ
എന്നെ നോക്കാതെ പറഞ്ഞു.

“അതിന് നിന്റെ സംസ്കാരം അല്ലല്ലോ എന്റേത്.. “

“കണ്ണേട്ടാ ഞാൻ…

“എന്നോട് മിണ്ടണ്ട.എനിക്കൊന്നും കേള്ക്ക്കേം വേണ്ടാ.. !

അതോടെ കണ്ണ് തുടച്ചു കൊണ്ട് അവൾ അകത്തേക്ക് പോയി. ഞാൻ അച്ഛമ്മയുടെ എടുത്തേക്കും. സത്യം പറഞ്ഞാൽ അവളോട് പിണങ്ങുമ്പോഴാണ് പാവം അച്ഛമ്മയെ ശ്രദ്ധിക്കുന്നത് തന്നെ. ഞാനും അച്ഛമ്മയും സംസാരിച്ചിരിക്കുമ്പോൾ അമ്മു ചുറ്റി പറ്റി അടുത്ത് വന്നിരുന്നു. അവൾ ശരിക്കും ഒറ്റപെടുന്നുണ്ട്
ചോറുണ്ടപ്പോഴും എന്റെ നിലപാടിന് മാറ്റം ഒന്നും ഉണ്ടായില്ല. ശീലത്തിന്റെ ഭാഗമെന്നോണം ചോറുരുള യുമായി അവളുടെ കൈ ഉയരുന്നതും പിന്നെ അവൾ അത് വിഷമത്തോടെ പിൻവലിക്കുന്നതും ഞാൻ കണ്ടു. പക്ഷെ മൈൻഡ് ചെയ്തില്ല.ഇത്തരം ചെറിയ പിണക്കങ്ങൾ ഇടക്ക് നല്ലതാണ്. ഞാൻ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.

ചോറുണ്ട് കഴിഞ്ഞ് രണ്ട് പേരും ഉമ്മറത്തു വന്നിരുന്നു.പിണക്കത്തിലാണെന്നോർക്കാതെ പരസ്പരം നോക്കുന്നുണ്ടായിരുന്നെങ്കിലും മൊത്തം നിശബ്ദതയായിരുന്നു. ആ സമയത്താണ് അവളുടെ ഫോൺ ശബ്ദിക്കുന്നത്. വിളിച്ചത് ലച്ചു ആണെന്ന് സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായി.

“ഞാനെന്ത് ചെയ്തിട്ടാ അമ്മേ
മിണ്ടുന്നും കൂടി ഇല്ലാ….

അതുവരെ പിടിച്ച് നിന്ന അവൾ നിയന്ത്രണം വിട്ട് പൊട്ടികരഞ്ഞു.

അതെന്റെ മനസ്സിൽ നീറ്റലുണ്ടാക്കിയെങ്കിലും ഞാൻ പിടിച്ച് നിന്നു. ഉച്ചക്ക് നടന്നത് ഓർത്തു കൊണ്ട് ഞാൻ വീണ്ടും ദേഷ്യം സമാഹരിച്ചു.

അവൾ ഫോൺ വെച്ച തൊട്ടടുത്ത നിമിഷം ലച്ചു എന്റെ ഫോണിലേക്ക് വിളിച്ചു. തെറി പറയാനാണെന്ന് മനസിലായ ഞാൻ ഫോൺ എടുത്തില്ല.

“നാളെ വാട്ടോ ശരിയാക്കി തരാം പന്നീ !

ലച്ചുവിന്റെ ടെക്സ്റ്റ്‌ മെസ്സേജ്..

കുറച്ച് നേരം കൂടി ഇരുന്ന് അവൾ റൂമിലേക്ക് എണീറ്റു പോയി. ഇന്നൊരുമിച്ച് കിടത്തം ഉണ്ടാവില്ലെന്ന് മുൻകൂട്ടി കണ്ട് താഴെ എനിക്ക് കിടക്ക വിരിച്ചിരുന്നു.പക്ഷെ എന്റെയുള്ളിലെ ബാലിശമായ വാശി അത് അംഗീകരിച്ചില്ല.

“ഞാൻ ഉമ്മറത്താണ് കിടക്കുന്നെ..”

അവൾ കേൾക്കാനായി പറഞ്ഞു കൊണ്ട് ഞാൻ തിരിഞ്ഞു നടന്നു.

ഉമ്മറത്ത്‌ തിണ്ടിന്മേൽ പോയി കിടന്നു. ഒരാൾക്ക് കിടക്കാനുള്ള വീതി പോലും ഇല്ല. ഒന്ന് ചരിഞ്ഞാൽ ഒന്നുകിൽ മുറ്റത്തേക്ക് വീഴും അല്ലെങ്കിൽ ഉമ്മറത്തേക്കും. കാവിയിട്ടതായതുകൊണ്ട് ഭയങ്കര തണുപ്പും പോരാത്തതിന് കൊതുകും . ഇനിയിപ്പോ പുതപ്പ് ചോദിക്കാനും പറ്റൂലല്ലോ.

എന്റെ മനസ്സ് വായിച്ചറിഞ്ഞപോലെ പുതപ്പും തലയിണയുമായി അമ്മു ഉമ്മറത്തേക്ക് വന്നു.

“ഞാൻ വിരിച്ചു തരാം…

നിലത്തേക്ക് നോക്കി അവൾ പതിയെ പറഞ്ഞു.

ഞാനതിന് മറുപടിയൊന്നും പറഞ്ഞില്ല.

പ്രതികരണം ഒന്നും ഇല്ലാതെ വന്നപ്പോൾ അവൾ പുതപ്പും തലയിണയും എന്റെ അടുത്തേക്ക് വെച്ചു. അത് എടുത്ത് എറിയാനാണ് എന്റെ ഉള്ളിലെ ദുരഭിമാനം എന്നോട് പറഞ്ഞത്. അത് തന്നെ ചെയ്തു.
കണ്ണ് തുടച്ചു കൊണ്ട് അവൾ ഉള്ളിലേക്ക് പോയി.ഞാൻ ഉറങ്ങാനുള്ള ശ്രമവും തുടങ്ങി.കൊതുകിനോടുള്ള പോരാട്ടത്തിനൊടുവിൽ എപ്പഴോ ഉറങ്ങി. അടിവയറ്റിൽ മൂത്ര ശങ്ക കലശലായപ്പോഴാണ് കണ്ണ് തുറന്നത്.തിണ്ണയിൽ നിന്ന് ഉമ്മറത്തേക്ക് ഇറങ്ങാൻ കാല് താഴ്ത്തിയതേ ഒള്ളൂ.എന്റെ താഴെ എന്തോ രൂപം വെറും നിലത്ത് കിടക്കുന്ന പോലെ തോന്നി. ഇപ്പൊ തന്നെ ചവിട്ടേണ്ടതായിരുന്നു.ഞാൻ ലേശം പരിഭ്രമത്തോടെ പോയി ലൈറ്റിട്ടു.

Leave a Reply

Your email address will not be published. Required fields are marked *