ഗീതാഗോവിന്ദം – 7അടിപൊളി  

 

“ഏയ് അധികമൊന്നും പറഞ്ഞിട്ടില്ല….ഇങ്ങനെ ഓരോന്ന്…”

 

അത് കേട്ട് ദുർഗ്ഗ മെല്ലെ ചിരിച്ചു പിൻവാങ്ങി.

 

അവർ വാതിലിനരികെ എത്തി. ഇപ്പോൾ മിന്നാമിനുങ്ങുകൾ ദൂരെ പിറകിലാണ്. അന്ന് രാത്രിയുണ്ടായ അനുഭവങ്ങളൊന്നും കാണാത്തത് ഗീതുവിനെ തെല്ലമ്പരപ്പിച്ചു. വാതിലിനു മുകളിലെ ചുവന്ന പ്രകാശവുമില്ല.

 

കയ്യിലുണ്ടായിരുന്ന തുണി വച്ച് ദുർഗ്ഗ ആ വാതിലിലെ പൊടി തുടച്ചു. വാതിലിൽ രചിച്ചിരുന്ന അക്ഷരങ്ങൾ തെളിഞ്ഞു വന്നു. ഒപ്പം ആ വാതിലിന്റെ താഴും . പത്തിവിടർത്തിയ ആ പാമ്പിന്റെ ഫണം കണ്ട് ദുർഗ്ഗയുടെ കണ്ണ് തിളങ്ങി. ആ ഫണത്തിൽ തൂങ്ങി നിന്ന മൃഗങ്ങളുടെ തലയാൽ തീർത്ത താഴിന്റെ രൂപം ഗീതുവിനെ വാടക വീട്ടിലെ ഓർമ്മയിലേക്ക് കൊണ്ടെത്തിച്ചു.

 

 

“ചാവി … ?!”

 

ഗീതുവിന്റെ ചോദ്യം കേട്ട് ഒരു ഗൂഢ മന്ദഹാസത്തോടെ തോളിൽ കുറുകെ തൂക്കിയിരുന്ന ചെറു ബാഗിൽ നിന്നും ദുർഗ്ഗ ആ താക്കോൽ പുറത്തെടുത്തു.

 

നക്ഷത്രത്തലയുള്ള താക്കോൽ. പഞ്ചകോണോടു കൂടിയത്. അത് കണ്ടതും ഗീതുവിന്റെ കണ്ണ് നക്ഷത്രം പോലെ തിളങ്ങി. എന്തോ ഒരു വശ്യത അതിനുണ്ടായിരുന്നു.

 

“ഏങ്ങനുണ്ട് ….? ”

 

 

“അടിപൊളി … ” എവിടെ നിന്നോ കിട്ടിയ ഉന്മേഷത്തിൽ ഗീതു പറഞ്ഞു. ചിലപ്പൊ ദുർഗ്ഗയുടെ കണ്ണിലെ ആവേശത്തിൽ നിന്ന് കിട്ടിയതാവാം.

 

“ആട്ടെ ഇതാരാ തന്നത് ? അമ്മാവനാ…?”

 

അത് കേട്ട് ദുർഗ്ഗ വാ പൊത്തി ചിരിയടക്കി. “ഇത്….. ഇത് അമ്മാവനെന്നും തന്നതല്ല…..”

 

“ഏഹ് പിന്നെ?”

 

“ഇത് ഞാൻ നിർമ്മിച്ചതാ …. ”

അത് കേട്ട് ഗീതു വാ പൊളിച്ചു..

 

“അതേയ് ഇനി ഞാനൊരു സത്യം പറയട്ടെ ? അമ്മാവൻ വൃത്തിയാക്കാൻ ഏൽപ്പിച്ച മുറി ഇതല്ല. അത് ദേ ആ വാതിൽപ്പടിയ്ക്ക് എതിരെയുള്ള റൂമാണ്. അവിടെയാ പൂജയൊക്കെ …. ”

 

“അപ്പൊ ഇവിടെ ?” ഗീതു പേടിയോടെ ചോദിച്ചു.

 

“അത് ശരി. അപ്പൊ ഗീതൂന് ഇതിനുള്ളിലെന്താന്നറിയണ്ടേ ?” ദുർഗ്ഗ വാതിലിൽ താഴിൽ തലോടി ചോദിച്ചു.

 

“അത് വേണം. പക്ഷെ ….എനിക്കൊന്നും മനസിലാവുന്നില്ല…”

 

“ശരി ഞാൻ ചുരുക്കി പറയാം. ഇതാണ് ഈ വീട്ടിലെ നിഷിദ്ധമായ മുറി. B നിലവറ എന്നൊക്കെ പറയും പോലെ ഇതിനകത്ത് ആരും കയറരുതെന്നാണ് മുത്തശ്ശീടെ ഉത്തരവ്. ഇതിനുള്ളിൽ ആരും പ്രവേശിക്കാതിരിക്കാനാണ് ഒരു സമയത്ത് എല്ലാവരും ഈ വീട് തന്നെ ഉപേക്ഷിച്ചു പോയത്. ”

 

“അപ്പൊ പിന്നെ . ”

 

“ഏയ്…. ചുപ്പ് … ഞാൻ മുഴുവൻ പറയട്ടെ എന്നിട്ട് ആവാം ചോദ്യം… ഇതിന്റെ താക്കോൽ മുത്തശ്ശീടെ കയ്യിലായിരുന്നു പണ്ട്. ഇപ്പോഴും കാണും. എവിടെയാണെന്ന് അറിയില്ല. പിന്നെ ഇത്. ഇത് ഞാൻ നിർമ്മിച്ചതാണ് UK യിൽ വച്ച്. പണ്ട് ഞാൻ മുത്തശ്ശീടെ പക്കൽ നിന്ന് ഒർജിനൽ താക്കോൽ അടിച്ച് മാറ്റിയിരുന്നു. അന്ന് ഞാൻ എന്റെ ഡയറിയിൽ വരച്ച് വച്ചതാ ഇതിന്റെ രൂപവും അളവും ആ കൃതിയുമൊക്കെ . ഞാനീ മുറി ആ താക്കോൽ വച്ച് അന്ന് തുറന്നു. പിടിക്കപ്പെട്ടു. താക്കോൽ മുത്തശ്ശി തിരികെ വാങ്ങി പിന്നെ കുറെ പ്രശ്നങ്ങളൊക്കെ ഉണ്ടായി. നമ്മൾ വിദേശത്ത് പോയി. ” അത് പറയുമ്പോൾ ദുർഗ്ഗയുടെ മുഖം വാടിയിരുന്നു.

 

“പക്ഷെ ഒരിക്കൽ എന്നന്നേക്കുമായ് ഉപേക്ഷിച്ച വീട്ടിലേക്ക് തിരിച്ച് വരുന്നു എന്ന് കേട്ടപ്പോൾ എനിക്ക് സംശയമായി. അതാണ് ഞാൻ ഇവിടേയ്ക്ക് തിരിച്ച് വന്നത്. ഇത്തവണ പഴയ താക്കോലിന്റെ പക്കാ ഡ്യൂപ്ലികേറ്റുമായി. ” താക്കോൽ ഉയർത്തി കാട്ടി അഭിമാന പുരസരം ദുർഗ്ഗ പറഞ്ഞു.

 

“ഒന്നും മനസിലായില്ലല്ലേ ഗീതൂന് ….. ”

 

“ഇല്ല… മനസിലായി … “ഗീതു തല കുലുക്കി.

 

“പിന്നെ പേടിയാണോ….?”

 

“ഏയ്….. അങ്ങനൊന്നുമില്ല…”

 

“പിന്നെ ….? ”

 

“അല്ലാ … അന്ന് ദുർഗ്ഗ ഇതിനകത്ത് കേറിയല്ലേ അപ്പൊ അകത്ത് എന്താണെന്ന് കണ്ട് കാണുമല്ലോ..പിന്നെന്തിനാ വീണ്ടും കയറുന്നത് ”

 

 

“ഗുഡ് കൊസ്റ്റ്യൻ. ഞാനിതിനുള്ളിൽ കയറിയ ദിവസം ഉണ്ടായ ഒരു കാര്യവും എന്റെ ഓർമ്മയിലില്ല – അന്ന് മുതൽ ഞാനോർത്തെടുക്കാൻ ശ്രമിക്കുന്നതാണ്. പക്ഷെ ഒന്നും എനിക്ക് ഓർമ്മിച്ചെടുക്കാൻ സാധിച്ചിട്ടില്ല. ”

 

“അന്ന് ദുർഗ ഒറ്റയ്ക്കാണോ കയറിയത്.?”

 

“അതും എനിക്കോർമയ്യില്ല. ഒറ്റയ്ക്കായിരിക്കണം. ”

 

“മ്… അപ്പൊ രണ്ട് പേർക്കും ഓർമ്മ നഷ്ടപ്പെടുമോ എന്ന് പരീക്ഷിനാണോ എന്നെയും കൂടെ കൂട്ടിയത്….”

 

“അയ്യോ അതിനൊന്നുമല്ല ബുദ്ധൂസേ… തന്നെ കണ്ട അന്നേ എനിക്ക് എന്തോ ഒരു സ്പാർക്ക് തോന്നി. എന്താണ്ട് എന്റെ അതേ ക്യാരക്ടർ പോലെ . ഒരു വേലിചാട്ടക്കാരി …. ” അത് പറഞ്ഞ് ദുർഗ്ഗ കണ്ണിറുക്കി ചിരിച്ചു.

 

 

“അപ്പൊ ഇത് പോലെയുള്ള രഹസ്യ ദൗത്യങ്ങളിലൊക്കെ പങ്കെടുക്കാനുള്ള ത്വര ഇദ്ദേഹത്തിന് കാണുമെന്ന് തോന്നി. അപ്പഴാ അമ്മാവന്റെ വക് സ്പെഷ്യൽ ഡ്യൂട്ടി. അപ്പൊ പിന്നെ കൂടെ കൂട്ടാമെന്ന് തോന്നി ക്രൈം പാർട്ട്നറായി …. ”

 

 

ദുർഗ്ഗേടെ എനർജിയും സൗന്ദര്യോം സംഭാഷണമൊക്കെ ഗീതു മയങ്ങിയിരുന്നു. പക്ഷെ താനും അവളും ഒരു പോലെയാണെന്ന വാദം ഗീതുവിന് അംഗീകരിക്കാൻ സാധിച്ചില്ല. ദുർഗ്ഗ വിദേശിയാണ്. അതിന്റെ ഒരു സ്റ്റൈലുണ്ട് , മുടി കളർ ചെയ്തിട്ടുണ്ട് , സ്ട്രെയ്റ്റ് ചെയ്ത് ക്രോപ്പ് ചെയ്തത്. വന്നപ്പോൾ ജീൻസും ഷർട്ടും വേഷം. ഞാനോ ഒരു നാട്ടുപുറത്ത്കാരി വീട്ടമ്മ. പണ്ട് താനും അല്പം മോഡേണ് ആയിരുന്നു. ഗീതു ചിന്തിച്ചു.

 

“ഇത്രേം വർഷം വിദേശത്തായിരുന്നിട്ടും ദുർഗ്ഗ എന്ന് ഭംഗിയായിട്ടാ മലയാളം പറയുന്നത്. ?”

 

“അതങ്ങനയാ ഗീതൂ.. ഇവിടുത്തെ ഒന്നും എന്റെ മനസ്സിന് ഉപേക്ഷിക്കാൻ സാധിച്ചിട്ടില്ല. അതിനൊരു ദ്ദാഹരണമാണ് ദേ ഇത്. ” ദുർഗ്ഗ വീണ്ടും ചിരിച്ച് കൊണ്ട് ആ താക്കോൽ ഉയർത്തി കാട്ടി. അതിന്റെ നക്ഷത്രകോൺ തിളങ്ങി.

 

 

“അപ്പൊ പിന്നെന്താ തുറക്കുവല്ലേ… നമ്മളരിയാത്ത ഒരു രഹസ്യവും ഇവിടെ വേണ്ട..” ദുർഗ്ഗ ആവേശത്തോടെ കയ്യുയർത്തി കാണിച്ചു.

 

“പിന്നല്ല. ” അതിലും ആവേശത്തിൽ ഗീതു ദുർഗ്ഗയുടെ കയ്യിൽ തട്ടി.

അടുത്ത നിമിഷം ദുർഗ്ഗ ചാവി താക്കോൽ ദ്വാരത്തിൽ മുട്ടിച്ചു.

 

“അയ്യോ ആരേലും വന്നാലോ …. ” ഗീതു പെട്ടെ നോർത്തപോലെ ചോദിച്ചു.

 

“ഏയ്. ഇവിടെങ്ങും ആരും വരില്ല… ഉറപ്പാ… അവർക്കൊകെ എന്തോ പേടിയാ… അമ്മാവന്മാര് പേടിക്കുന്നതിൽ അർത്ഥമുണ്ട് അവർക്കെന്തൊക്കെയോ അറിയാം പക്ഷെ എന്റെ കസിൻസ് പേടിക്കുന്നതെന്തിനാണെന്ന് അവർക്ക് പോലുമറിയില്ല. ” ദുർഗ്ഗ ചിരിയടക്കി പറഞ്ഞു. പക്ഷെ ഗീതൂന് അത് കേട്ട് ചിരി പൊട്ടിയിരുന്നു.

 

 

“അയ്യോ ഗീതു പതുക്കെ. അവരൊക്കെ കേട്ടാലുണ്ടല്ലോ ഇവിടുന്ന് യക്ഷിയിറങ്ങി എന്ന് കരുതി പേടിക്കും…..”