ദുർഗ്ഗേടെ എനർജിയും സൗന്ദര്യോം സംഭാഷണമൊക്കെ ഗീതു മയങ്ങിയിരുന്നു. പക്ഷെ താനും അവളും ഒരു പോലെയാണെന്ന വാദം ഗീതുവിന് അംഗീകരിക്കാൻ സാധിച്ചില്ല. ദുർഗ്ഗ വിദേശിയാണ്. അതിന്റെ ഒരു സ്റ്റൈലുണ്ട് , മുടി കളർ ചെയ്തിട്ടുണ്ട് , സ്ട്രെയ്റ്റ് ചെയ്ത് ക്രോപ്പ് ചെയ്തത്. വന്നപ്പോൾ ജീൻസും ഷർട്ടും വേഷം. ഞാനോ ഒരു നാട്ടുപുറത്ത്കാരി വീട്ടമ്മ. പണ്ട് താനും അല്പം മോഡേണ് ആയിരുന്നു. ഗീതു ചിന്തിച്ചു.
“ഇത്രേം വർഷം വിദേശത്തായിരുന്നിട്ടും ദുർഗ്ഗ എന്ന് ഭംഗിയായിട്ടാ മലയാളം പറയുന്നത്. ?”
“അതങ്ങനയാ ഗീതൂ.. ഇവിടുത്തെ ഒന്നും എന്റെ മനസ്സിന് ഉപേക്ഷിക്കാൻ സാധിച്ചിട്ടില്ല. അതിനൊരു ദ്ദാഹരണമാണ് ദേ ഇത്. ” ദുർഗ്ഗ വീണ്ടും ചിരിച്ച് കൊണ്ട് ആ താക്കോൽ ഉയർത്തി കാട്ടി. അതിന്റെ നക്ഷത്രകോൺ തിളങ്ങി.
“അപ്പൊ പിന്നെന്താ തുറക്കുവല്ലേ… നമ്മളരിയാത്ത ഒരു രഹസ്യവും ഇവിടെ വേണ്ട..” ദുർഗ്ഗ ആവേശത്തോടെ കയ്യുയർത്തി കാണിച്ചു.
“പിന്നല്ല. ” അതിലും ആവേശത്തിൽ ഗീതു ദുർഗ്ഗയുടെ കയ്യിൽ തട്ടി.
അടുത്ത നിമിഷം ദുർഗ്ഗ ചാവി താക്കോൽ ദ്വാരത്തിൽ മുട്ടിച്ചു.
“അയ്യോ ആരേലും വന്നാലോ …. ” ഗീതു പെട്ടെ നോർത്തപോലെ ചോദിച്ചു.
“ഏയ്. ഇവിടെങ്ങും ആരും വരില്ല… ഉറപ്പാ… അവർക്കൊകെ എന്തോ പേടിയാ… അമ്മാവന്മാര് പേടിക്കുന്നതിൽ അർത്ഥമുണ്ട് അവർക്കെന്തൊക്കെയോ അറിയാം പക്ഷെ എന്റെ കസിൻസ് പേടിക്കുന്നതെന്തിനാണെന്ന് അവർക്ക് പോലുമറിയില്ല. ” ദുർഗ്ഗ ചിരിയടക്കി പറഞ്ഞു. പക്ഷെ ഗീതൂന് അത് കേട്ട് ചിരി പൊട്ടിയിരുന്നു.
“അയ്യോ ഗീതു പതുക്കെ. അവരൊക്കെ കേട്ടാലുണ്ടല്ലോ ഇവിടുന്ന് യക്ഷിയിറങ്ങി എന്ന് കരുതി പേടിക്കും…..”
“ശ്ശൊ പോടി എണീറ്റ് മനുഷ്യനെ ചിരിപ്പിച്ചിട്ട്. ” ഗീതു ചിരി മതിയാക്കാതെ ദുർഗ് യുടെ തോളിൽ തട്ടി പറഞ്ഞു.
“ബ്ലഡി ഫൂൾ നിന്നെ ചിരിക്കാനല്ല കൊണ്ട് വന്നത്. വായടക്ക് പെണ്ണെ …. ” അതും പറഞ്ഞ് ദുർഗ്ഗ താക്കോൽ പൂട്ടിൽ തിരുകി. അറ്റം ഉള്ളിൽ കടന്നതും ക്ലിക്ക് എന്നൊരു ശബ്ദം കേട്ടു. ബാക്കിയെല്ലാം നിശബ്ദമായി. അവർ പരസ്പരം നോക്കി. രണ്ട് പേരുടെയും മുഖത്ത് ഒരു തരം ത്രില്ല് പ്രകടമായിരുന്നു.
ദുർഗ്ഗ താക്കോൽ തിരിച്ചു. ഗീതു അത് കൗതുകത്തോടെ നോക്കായിരുന്നു. താക്കോലിൽ നക്ഷത്രത്തിന്റെ ഒരു കോൺ വാല് പോലെ ഉയർന്നിരുന്നു. ആ കോൺ പൂട്ടിലെ ഓരോ ഒരോ മൃഗങ്ങൾടെ തലയിൽ പോയിന്റ് ചെയ്യുമ്പോഴും ക്ലിക്കെന്ന ശബ്ദം കേൾക്കും. ആട്, മൂങ്ങ, പോത്ത്, നായ , അവസാനത്തെ മൃഗം ഏന്താ .. ഗീതു കണ്ണ് കൂർപ്പിച്ചു.
അത് ..അത് ഒരു മൃഗമല്ല. മനുഷ്യന്റെ തലയായിരുന്നു. കൊമ്പൻ പല്ലുള്ള വന്യമായ മൃഗത്തോട് സാമ്യം തോന്നിക്കുന്ന മനുഷ്യന്റെ തല . അവസാനത്തെ തലയ്ക്ക് നേരെ താക്കോൽ തിരിയാൻ പോയതും പെട്ടെന്ന് താഴെ നിന്നും ഒരു വിളി കേട്ടു നമ്മൾ രണ്ടും ഞെട്ടി കാരണം ആ ശബ്ദത്തിന് ഉടമ മുത്തശ്ശിയായിരുന്നു. ദുർഗ പെട്ടെന്ന് താഴിൽ നിന്നും താക്കോൽ ഊരി മാറ്റി. മുത്തശ്ശിയുടെ ശബ്ദം കേട്ടതും ദുർഗയിൽ ഉണ്ടായ മാറ്റമാണ് എന്നെ ഏറെ ഭയപ്പെടുത്തിയത്. അവളുടെ മുഖത്ത് നിന്നും ചോര വാർന്നു പോകുന്നത് പോലെ എനിക്ക് തോന്നി .അവളെന്നെയും വലിച്ചു കൊണ്ട് ശരിക്കും വൃത്തിയാക്കാൻ ഏൽപ്പിച്ച മുറിക്ക് മുന്നിലേക്ക് ഓടി .എന്നിട്ട് പെട്ടെന്ന് തന്നെ ആ മുറി തുറന്നിട്ടു. വീണ്ടും മുത്തശ്ശിയുടെ വിളി താഴെ നിന്നും കേട്ടു .ഇത്തവണ ദുർഗ മറുപടി നൽകി .പക്ഷേ അവളുടെ ശബ്ദം പതറിയിരുന്നു. പെട്ടെന്ന് അവൾ അവിടെ കിടന്ന ചൂലെടുത്ത് എന്നെ ഏൽപ്പിച്ചു. താക്കോൽ അവിടെ ഒളിപ്പിച്ചിട്ട് എന്നെയും വലിച്ച് പടികളിറങ്ങി. അതിനിടയിൽ മുടി മുകളിലേക്ക് കൂട്ടികെട്ടാനും അവൾ മറന്നില്ല.
ഞങ്ങളെയും കാത്ത് കോപത്തോടെ നിൽക്കുന്ന മുത്തശ്ശിയുടെ രൂപത്തെയാണ് നമ്മൾ താഴെ കണ്ടത്.
