തിണ്ണയിലിരിക്കുന്ന കലമോൾ. അഭിയെ കണ്ടില്ല. അടുക്കളയിലാവും. എല്ലാവരുടേയും മുഖത്ത് അമ്പരപ്പിന്റെ ഭാവം.
‘ എന്തിനാ ചന്ദ്രാ.. രാവിലേ നീയീ വെള്ളം എല്ലാം കോരുന്നത്… ഇവിടെന്താ.. കല്യാണമോ മറ്റോ ഉണ്ടോ? ….’ കുമാരേട്ടൻ ചോദിച്ചു.
‘ നോക്കിയപ്പം പാത്രത്തില് ഒട്ടും ഇല്ലാരുന്നു… വെള്ളം എല്ലാവരക്കും വേണ്ടേ? …’ ഞാൻ
ഭവ്യതയോടെ പറഞ്ഞു.
‘ ഇവിടെ പെണ്ണുങ്ങളു കൊണ്ടു വന്നോളുമല്ലോ… നിന്റെ അമ്മയെങ്ങാനുമറിഞ്ഞാ… ‘
‘ ഓ… ഇതെനിയ്ക്കോരു വ്യായാമാ കുമാരേട്ടാ…. അല്ലെങ്കിലും വീട്ടില് ഞാനും ജോലിയൊക്കെ ചെയ്യുന്നതാ… ‘
‘ ങൂം … മതി.. ചൊമന്നോണ്ടു നിക്കാതെ ഒഴിക്ക്… “
‘ വൈകുന്നേരം … വ്യായാമത്തിനു പകരം…. വെറക്ക് വെട്ടിത്തരാം… എനിക്കിഷ്ടപ്പെട്ട
പണിയാ….’
‘ നീയെന്താ… ഇവിടെ വെള്ളം കോരാനും വെറകു വെട്ടാനുമാണോ വന്നത്… പോയിരുന്നു പഠിക്കാൻ നോക്ക്….’
‘ സാരമില്ല കുമാരേട്ടാ… എന്നേക്കൊണ്ട്… ആകാവുന്ന സഹായം… അത്രേയൊള്ളു….’ ഞാൻ ചായ്പിലേക്കു കയറി.
പ്രാതലിനു കൊള്ളി പുഴുങ്ങിയതും കാന്താരി മുളകു ചമ്മന്തിയുമായിരുന്നു. എന്റെ പ്രിയപ്പെട്ട വിഭവങ്ങള്. കുമാരേട്ടനു കഞ്ഞി, കാരണം കൊള്ളി കഴിച്ചാല് പുള്ളിക്കാരനു ഗ്യാസുണ്ടാകുമത്രെ. ഞാനും കലയും കുമാരേട്ടനും കഴിക്കാനിരുന്നു. എളേമ്മ ഭിത്തി ചാരി വെറുതേ നിന്നു. അഭിയേ അപ്പോഴും കണ്ടില്ല. ഇടക്ക് എളേമ്മ ചോദിച്ചു.
‘ അല്ലാ….. ചന്ദ്രൻ….. തെങ്ങേ കേറുവോ…?…’
‘ ങേ….? എന്താടീ …നീ ഇവനെ തെങ്ങേലും കേറ്റാൻ പോകുവാണോ…’ കുമാരേട്ടൻ ദേഷ്യപ്പെട്ടു.
‘ വീട്ടുമുറ്റത്ത് അമ്മ നട്ടുവളർത്തിയ രണ്ടു തെങ്ങൊണ്ട്… അധികം പൊക്കമില്ല….
അതേലൊക്കെ കേറും…. കൊന്നത്തെങ്ങേല് കേറീട്ടില്ല…’ ഞാൻ പറഞ്ഞു.
‘ ചെലപ്പം ഇവിടെ അരക്കാൻ നേരം തേങ്ങാ കാണത്തില്ല…. അങ്ങനെ വരുമ്പം ആ പെണ്ണ്
തോട്ടിയേല് അരിവാളു വെച്ച് പറിക്കും… കഴിഞ്ഞ ദിവസം ഭാഗ്യത്തിനു തേങ്ങാ തലേ
വീണില്ലെന്നേ ഉള്ളു…. ഈ നാട്ടിലാണെങ്കി കേറാനാളുമില്ല….എന്തൊരു പട്ടിക്കാടാ ഇത്…’
എളേമ്മ പറഞ്ഞു.
‘ എന്നു കരുതി ഈ പാവത്തിനെ നീ…. മോനേ നീ വേണ്ടാത്ത പണിയ്ക്കോന്നും പോകണ്ട കേട്ടോ….’ കുമാരേട്ടൻ കഞ്ഞികുടിച്ചിട്ടെഴുന്നേറ്റു. എളേമ്മ പാത്രമെടുത്തുകൊണ്ട് അടുക്കളയിലേക്കു പോകാനൊരുങ്ങി.
‘ അതൊരു പ്രശ്നമല്ലെന്നേ…വീട്ടിലാണെങ്കി അമ്മ രാവിലെ മീൻകൊട്ടേമായിട്ടെറങ്ങിയാ
പിന്നെ വരുമ്പം നല്ല ക്ഷീണം കാണും… അന്നേരം….ബാക്കി എല്ലാ പണികളും ഞാനല്ലേ ചെയ്തോണ്ടിരുന്നേ…..’
‘ അതാരിക്കും അങ്കിളിന്റെ അടുത്തു വരുമ്പം മീനിന്റെ ഒരു ഉളുമ്പു മണം….’ പറഞ്ഞിട്ട് കല
പൊട്ടിച്ചിരിച്ചു.
‘ കലമോളേ….’ പെട്ടെന്ന് അടുക്കളയില് നിന്നും താക്കീതിന്റെ സ്വരത്തില് ഒരു വിളി കേട്ടു. അഭിരാമിയായിരുന്നു അത്. കലയുടെ മുഖം വിവർണ്ണമായി.
‘ സോറി അങ്കിൾ… ഞാനൊരു ജോക്കു പറഞ്ഞതാ കേട്ടോ…’
‘ മോളെന്തും പറഞ്ഞോ… അങ്കിളിന്റെ ഈ തടി… എന്റമ്മേടെ വിയർപ്പും മീനുളുമ്പും കൊണ്ടാ ഇത്രേമായേ… അതോണ്ട് സത്യം പറഞ്ഞു കളിയാക്കിയാ… അങ്കിളിനു സന്തോഷേ ഒള്ളു….’
‘ എന്നാലും സോറി…’
‘ ങാ.. അതു വിട്….അല്ലാ കലമോളേ….ഇവിടൊരു മരം കേറി പെണ്ണൊണ്ടാരുന്നല്ലോ…. പണ്ട്
ഇലുമ്പിപ്പുളിമരത്തേലൊക്കെ ചാടിക്കേ റിക്കൊണ്ടിരുന്ന ഒരു സാധനം…അതിനോടു പറഞ്ഞാ തെങ്ങേക്കേറി ഇട്ടു തരുകേലേ…?..’ ഞാൻ ശബ്ദം അല്പമൊന്നൊതുക്കി കലമോളോടു ചോദിച്ചു.
‘ ചേച്ചീടെ കാര്യാണോ അങ്കിളു പറേന്നേ….’
‘ ആ… അതു തന്നേ….’
‘ ഇവിടെ മരംകേറി പെണ്ണുങ്ങളൊന്നുമില്ല….’ പെട്ടെന്ന് അടുക്കളയിൽനിന്നും ഒരു പരിഭവം
നിറഞ്ഞ ശബ്ദം, അഭിരാമിയുടെ. ഞാനോർത്തു, അഭി ഇവിടത്തേ സംഭാഷണം കാതുകൂർപ്പിച്ചു കേട്ടുകൊണ്ടിരിക്കുകയാണല്ലോ. അമ്പടി കേമി. അപ്പോൾ എളേമ്മ കടന്നു വന്നിട്ടു പറഞ്ഞു.
‘ അഭിരാമി ആ പുളിയേല് കേറുവാരുന്നു. ഒരീസം വീണെന്നോ പാവാട കീറീന്നൊ ഒക്കെ പറേന്ന കേട്ടു. പിന്നെ അവളാ ഭാഗത്തേക്കു പോയിട്ടില്ല. ഇപ്പം താഴെ നിന്ന് കിട്ടുന്നതു പറിച്ചാ വല്ല അച്ചാറൊക്കെ ഇടുന്നേ…’
‘ ശാരദേ….’ കുമാരേട്ടന്റെ വിളി കേട്ടു.
‘ ദാ വരുന്നേ….’ എളേമ്മ പുറത്തേക്കിറങ്ങി.
ഞാൻ ഇളിഭ്യതയോടെ കലയേ നോക്കി. അവൾ വാപൊത്തി ചിരിച്ചു.
