തുളസിദളം – 7അടിപൊളി  

“ആണോ…?”

അവൻ അശ്ചര്യത്തോടെ ചോദിച്ചു

“അല്ല…”

കിച്ച പെട്ടെന്ന് കലിപ്പോടെ പറഞ്ഞു

“അല്ലേ…??”

അവളുടെ കൂട്ടുകാരികൾ ചോദിച്ചു

“അല്ല…”

അവൾ വീണ്ടും പറഞ്ഞു

“ഹോ… രക്ഷപ്പെട്ടു… നിന്റെ ഭൈരവേട്ടനാണെന്ന് വിചാരിച്ച് ഞാൻ വിഷമിച്ചിരിക്കയായിരുന്നു… താങ്ക്യൂ മുത്തേ…”

മാളവിക കിച്ചയുടെ കവിളിൽ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു

“ഭൈരവേട്ടാ എന്റെ പേര് മാളവിക… ഇഷ്ടമുള്ളവർ മാളൂന്ന് വിളിക്കും, അവൾക്ക് താത്പര്യമില്ലാത്ത സ്ഥിതിക്ക് ചേട്ടന് വേണേ എന്നെ പ്രേമിച്ചോ…”

ഭൈരവിനെ നോക്കി പറഞ്ഞത് കേട്ട് അവനൊന്ന് ഞെട്ടി അവളുടെ മുഖത്തേക്ക് നോക്കിയപ്പോ മാളവിക കണ്ണടച്ചു കാണിച്ചു, അത് കണ്ട് ഭൈരവ് ഒന്ന് ചിരിച്ചു

“അത് ശരിയാ… മാളു… അതൊരു മികച്ച തീരുമാനമായിരിക്കും…”

ബാക്കിയുള്ള കൂട്ടുകാരികളും ഊറിചിരിച്ചുകൊണ്ട് പിൻതാങ്ങി..

“ശരിയാ…. മാളവിക കാണാനും മിടുക്കിയാ…”

ഭൈരവ് ചിരി കടിച്ച് പിടിച്ച് പറഞ്ഞു

അത് കേട്ടതും കിച്ച ദേഷ്യത്തോടെ ബാഗ് കൊണ്ട് ഭൈരവിനെ ഒരടി കൊടുത്തിട്ട് ചാടിത്തുള്ളി വെളിയിലേക്കിറങ്ങി പോയി, അത് കണ്ട് എല്ലാവരും പൊട്ടിച്ചിരിച്ചു

“പിറകെ വിട്ടോ ഭൈരവേട്ടാ… കുശുമ്പ് കുത്തിയ പോയേക്കുന്നെ, പല്ലും നഖോം തിരിച്ചു കിട്ടിയാ ഭാഗ്യം… ആറ്റം ബോംബാ ആ പോയ സാധനം…”

മാളവിക ചിരിച്ചുകൊണ്ട് ഭൈരവിനോട് പറഞ്ഞു, ഭൈരവ് ചിരിച്ചുകൊണ്ട് കിച്ചയ്ക്ക് പിറകെ പോയി

കിച്ച പോയി നിന്നത് ബസ് സ്റ്റോപ്പിന് പുറകിലുള്ള പുതുതായി നിർമിക്കുന്ന കടകൾക്ക് മുന്നിലാണ്, ദേഷ്യവും സങ്കടവും കൊണ്ട് അവളുടെ മുഖം വീർത്തിരുന്നു,

“ഹലോ… ഉണ്ണിയാർച്ചേ…”

ഭൈരവ് പതിയെ വിളിച്ചു

അവൾ മിണ്ടിയില്ല

“ഹ… ഇങ്ങോട്ട് നോക്ക് പെണ്ണേ…”

“എന്ത് വേണം…?”

അവൾ കലിപ്പോടെ ചോദിച്ചു

“ഒരു കാര്യം വേണമായിരുന്നു… സമയമാകട്ടെ അപ്പൊ ചോദിക്കാം…”

“പോയി അവളുമാരോട് ചോദിക്ക്…”

“അത് പറ്റില്ല… അതെന്റെ പെണ്ണിന് മാത്രേ തരാൻ പറ്റു…”

അത് കേട്ട് അവൾക്ക് ചിരി വന്നു … ചിരിയടക്കാൻ വേണ്ടി നാക്ക് കൊണ്ട് കവിളിൽ കുത്തി നെല്ലിക്ക വരുത്തി

“ഈ കവിളിലേ നെല്ലിക്ക എനിക്ക് തരോ… പ്ലീസ്…”

അവൻ കൊച്ച് കുട്ടികളെപ്പോലെ ചോദിച്ചു

“ഓ… ഒരു തമാശക്കാരൻ വന്നിരിക്കുന്നു… ഇനിയേതെങ്കിലും പെൺപിള്ളേരെ നോക്കുന്ന കണ്ടാൽ… എന്റെ തനിക്കൊണം കാണും പറഞ്ഞേക്കാം…”

“ഓ… ഉത്തരവ്… പക്ഷേ എന്നെക്കെട്ടി പത്തു പിള്ളേരെ പെറ്റ് തന്നേക്കണം…”

“ആ… ആലോചിക്കാം…”

“അത് മതി… അതുകേട്ടാ മതി…”

കുറച്ച് നേരം രണ്ടുപേരും മിണ്ടിയില്ല,

“നല്ല സുന്ദരിയായിട്ടുണ്ട്…”

അവൻ പറഞ്ഞു

“ഭൈരവേട്ടനും കിടു ലുക്ക്‌…”

ഭൈരവ് ഒന്ന് ഞെട്ടി

“എന്താ വിളിച്ചേ…?”

“എന്താ കൊള്ളില്ലേ…?”

“ഒന്നൂടെ വിളിച്ചേ…”

“ഭൈരവേട്ടൻ…”

അവൾ നാണത്താൽ നിന്നാടി

“എന്റെ ഭൈരവസാമി… ഉണ്ണിയാർച്ചക്ക് നാണോ…”

അവൾ മിണ്ടാതെ തലകുനിച്ച് നിന്നു

“മതി നാണിച്ചത്… വാ പോകാം…”

അവൻ ചിരിച്ചോണ്ട് പറഞ്ഞു

അവർ തിരിച്ച് കോഫീഷോപ്പിലെത്തുമ്പോൾ എല്ലാവരും കിച്ചയെ കളിയാക്കി, ആ കളിയാക്കലൊന്നും അവൾക്കേറ്റില്ല എന്ന് മാത്രമല്ല അവൾ കുറച്ചുകൂടെ ഭൈരവിനെ ചേർന്ന് നിന്നു,

തിരികെ ഭൈരവാണ് അവളെ വീട്ടിൽ കൊണ്ടുചെന്നാക്കിയത്, അതിനിടയിൽ വൃന്ദയുടെ അഡ്മിഷന്റെ കാര്യവും അവളോട് പറഞ്ഞു…

❀•••••••••••••••❀••••••••••••••❀

വൃന്ദ അന്ന് മുഴുവൻ രുദ്രിനെ കാണുമ്പോൾ മുഖവും വീർപ്പിച്ചു നടന്നു, അന്ന് കാവിൽ വിളക്ക് വയ്ക്കാൻ വൃന്ദ ഒറ്റയ്ക്കാണ് പോയത്, കാവിന് ചുറ്റും വൃത്തിയാക്കി നിൽക്കുമ്പോൾ ആരോ പിറകിൽ നിന്നും അവളെ ചേർത്ത് പിടിച്ചു, അവളൊന്ന് ഞെട്ടിയെങ്കിലും അവളേറെ ഇഷ്ടപെടുന്ന സുഗന്ധം കൊണ്ട് തന്നെ പിറകിൽ ആരാണെന്ന് അവൾക്ക് മനസ്സിലായിരുന്നു, അവൾ ആ പിടി വിടുവിക്കാൻ വേണ്ടി കുതറി

“വിട്… മര്യാദക്ക് വിട്ടോ… ഇല്ലേ ഞാനൊച്ചയുണ്ടാക്കും…”

അവൾ കലിപ്പോടെ പറഞ്ഞു

“അടങ്ങി നിക്കടി പെണ്ണേ…”

അവൻ അവളെ അവനഭിമുഖമാക്കി ഒന്നുകൂടി ചേർത്തു പിടിച്ചു

“എന്നെ തൊടണ്ട… എന്നെക്കാൾ കാണാൻ സുന്ദരിയായ വേറെ ആളുണ്ടല്ലോ… അവിടെപ്പോയി തൊട്ടാ മതി…”

അവൾ കുതറിക്കൊണ്ട് പറഞ്ഞു

“എന്റെ ഉണ്ണിക്കുട്ടനെക്കാൾ സുന്ദരി… അതാരാ…?”

രുദ്ര് ആലോചിക്കുന്നപോലെ പറഞ്ഞു

“സുഖിപ്പിക്കണ്ട… എന്നെ വഴക്ക് പറഞ്ഞില്ലേ ഇന്ന്… എനിക്കെത്ര വെഷമം ആയന്നറിയോ…?”

രുദ്ര് ഒരു നിമിഷം അവളെ നോക്കി

“അതിന് സോറി പറയാൻ എത്ര പ്രാവശ്യം ഞാൻ വന്നു, അപ്പോഴെല്ലാം മുഖം വീർപ്പിച്ച് നടന്നതാരാ…?”

അവളൊന്നും മിണ്ടാതെ അവന്റെ കയ്യിൽ നിന്നും കുതറി മാറി ഒന്നും മിണ്ടാതെ കാവിലെ കൽവിളക്കുകളിൽ ദീപം പകർന്നു, പിന്നീട് അവൾ കൈ കൂപ്പി നിന്നു, തിരിഞ്ഞു നോക്കുമ്പോൾ അവളെത്തന്നെ നോക്കി കൈ മാറിൽ പിണച്ചുകെട്ടി പുഞ്ചിരിയോടെ നിൽക്കുന്ന രുദ്രിനെയാണ് കണ്ടത്,

വൃന്ദ പെട്ടെന്ന് തന്നെ അവനരികിലേക്ക് വന്ന് അവന്റെ കയ്യിൽ പിടിച്ചു വലിച്ച് കാവിന് മുന്നിൽ കൊണ്ട് വന്നു നിർത്തി കൈകൾ കൂപ്പി പ്രാത്ഥിക്കാൻ അവനോട് ആംഗ്യം കാണിച്ചു, രുദ്ര് പുഞ്ചിരിയോടെ കണ്ണടച്ച് കാവിലേക്ക് കൈ കൂപ്പി നിന്നു, അത് കണ്ട് വൃന്ദ ഒന്ന് പുഞ്ചിരിച്ച് അവളും കണ്ണടച്ചു പ്രാർത്ഥിച്ചു നിന്നു…

“എന്റെ കാവിലമ്മേ… എന്റെ വലതു ഭാഗത്ത്‌ നിൽക്കുന്ന ഈ മൊതലിനെ താലികെട്ടി സ്വന്തമാക്കാൻ പെട്ടെന്ന് കഴിയണേ… എന്റെ പ്രേമം മുഴുവൻ പകുത്തു നൽകി അവളോട് ഇണ ചേർന്ന് എന്റെ കുഞ്ഞുങ്ങളെ കണ്ട്, അവരോടൊപ്പം ഒരു നൂറ് കൊല്ലം കഴിയാൻ കഴിയണേ…”

രുദ്ര് തെല്ലുറക്കെ പ്രാർത്ഥിച്ചു, അത് കേട്ട് വൃന്ദ പൊട്ടിച്ചിരിച്ചു അവളുടെ ചിരി കണ്ട് അവനും ചിരിച്ചു

“കാവിന് മുന്നിൽ വന്ന് വൃത്തികേട് പറയുന്നോ…?”

വൃന്ദ ചിരിച്ചുകൊണ്ട് അവന്റെ വയറിൽ കുത്തി,

പിന്നീട് പോകാൻ തിരിഞ്ഞപ്പോൾ രുദ്ര് അവളുടെ കയ്യിൽ പിടിച്ചു നിർത്തി,

“അങ്ങനെ പോകാതെ… എനിക്ക് തരാനുള്ളത് തന്നിട്ട് പോ…”

അവളെ ചേർത്ത് പിടിച്ച് പറഞ്ഞു

“രാവിലേ പുകഴ്ത്തിയവളോട് ചോദിക്ക്…”

അവനിൽ നിന്നും കുതറി മാറിക്കൊണ്ട് പറഞ്ഞു

“ചോദിക്കട്ടെ…? അതുപോലെ നിന്നോട് ചെയ്തതെല്ലാം അവളോട് ചെയ്യട്ടെ…?”

അവൻ ഒരു കുസൃതിചിരിയോടെ ചോദിച്ചു

ഒരു നിമിഷം വൃന്ദ നിന്നു, അവളുടെ മുഖം കുനിഞ്ഞു, കണ്ണുകളിൽ നീർമുത്തു പൊടിഞ്ഞു,

അവളുടെ അനക്കം കാണാഞ്ഞിട്ട് രുദ്ര് അവളുടെ മുന്നിൽ വന്ന് അവളുടെ മുഖത്തേക്ക് നോക്കി, അവൾ കരയുന്ന കണ്ട് അവന് വേദന തോന്നി, പെട്ടെന്ന് അവൻ അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു,

“അയ്യേ ഇത്രേ ഉള്ളോ എന്റെ ഉണ്ണിക്കുട്ടൻ…? ഞാൻ വിചാരിച്ചു ഉണ്ണിക്കുട്ടൻ പണ്ടത്തേക്കാളും മാറിയെന്ന്… ശേ… മോശം.. മോശം…”

അവൻ അവളെ കളിയാക്കി പറഞ്ഞു

അവളൊന്നുകൂടി അവനോട് ചേർന്ന് അവനെ മുറുകെ പിടിച്ച് തേങ്ങി

Leave a Reply

Your email address will not be published. Required fields are marked *