തുളസിദളം – 7അടിപൊളി  

“നീയെന്താടി ഇവിടെ…?”

അവൾ വൃന്ദയോട് ദേഷ്യത്തോടെ ചോദിച്ചു,

“ഞാൻ… ഞാൻ… ചായ… കു… കുഞ്ഞീടേട്ടന്…”

വൃന്ദ പരിഭ്രമത്തോടെ പറഞ്ഞു,

“നശൂലം പിടിച്ചവൾ… എല്ലാം തറയിലിട്ട് പൊട്ടിച്ചിട്ട്… പോയി വേറെ കൊണ്ടു വാ… എന്നിട്ട് ഇവിടെയെല്ലാം ക്ലീൻ ചെയ്യ്…”

ശില്പ ആജ്ഞാപിച്ചു,

വൃന്ദ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി, വൃന്ദ പുറത്തു കാണിച്ചില്ലെങ്കിലും ഉള്ളിൽ ദേഷ്യം പുകയുന്നുണ്ടായിരുന്നു, രുദ്രിന്റെ മുറിയിൽ വച്ച് കണ്ടത് അവൾക്ക് അടങ്ങാത്ത ദേഷ്യമുണ്ടാക്കി, അടുക്കളയിൽ ചെന്ന വൃന്ദ പെട്ടെന്ന്തന്നെ ഗ്രീൻ ടീ ഉണ്ടാക്കാൻ സോസ്പാനിൽ വെള്ളം അടുപ്പിൽ വച്ചു, വീർപ്പിച്ച മുഖവുമായി നിൽക്കുന്ന വൃന്ദയെ ലത ആശ്ചര്യത്തോടെ നോക്കി, അവളുടെ ആ ഭാവം ലത ആദ്യമായി കാണുകയായിരുന്നു, അപ്പോഴാണ് ഉറക്കമുണർന്ന് കണ്ണനും കൂടെ വാലുപോലെ കുഞ്ഞിയും അടുക്കളയിലേക്ക് വന്നത്, കുഞ്ഞിയുടെ അഴിഞ്ഞുകിടക്കുന്ന മുടി വൃന്ദ ഒരക്ഷരം പോലും മിണ്ടാതെ കുഞ്ഞിയുടെ കയ്യിലിരുന്ന ഹെയർ ബൺ വച്ച് കെട്ടിക്കൊടുത്തു,

“ഉണ്ണിയേച്ചി എനിക്ക് ചായ…”

കണ്ണൻ വൃന്ദയോട് ചോദിച്ചു, അവൾ വീർപ്പിച്ച മുഖത്തോടെത്തന്നെ ചായ എടുത്ത് അവന് മുന്നിൽ വച്ചു, അവളുടെ മുഖത്തേക്ക് നോക്കി നിൽക്കുന്ന കണ്ണനെ കണ്ട് അവൾ കണ്ണ് കൂർപ്പിച്ചു

“എന്താടാ നോക്കുന്നെ…??”

അവൾ കലിപ്പോടെ ചോദിച്ചു

“മ്.. ചും…”

അവൻ ചുമൽ കൂച്ചി

പിന്നെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അടുക്കള സ്ലാബിൽ ചാരി ആലോചിച്ച് നിൽക്കുന്ന വൃന്ദയെ നോക്കി

“ദേ… ഉണ്ണിയേച്ചി വെള്ളം തിളച്ചു…”

കുഞ്ഞി വിളിച്ചുപറഞ്ഞത് കേട്ട് എന്തോ ആലോചനയോടെ ആ വെള്ളംഎടുത്ത് അരി ഊറ്റുന്നതുപോലെ കിച്ചൺ സിങ്കിലേക്ക് ഒഴിച്ചു, അത് കണ്ട് ലത അന്തംവിട്ട് അവളെ നോക്കി

“ഈ കുട്ടിക്കെന്താ… എന്താ ഈ കാണിക്കുന്നേ…?”

ലത അമ്പരപ്പോടെ ചോദിച്ചു

അപ്പോഴാണ് താൻ ചെയ്യുന്നത് വൃന്ദയ്ക്ക് ബോധ്യം വന്നത്, അവൾ ചമ്മലോടെ അവരെ നോക്കി വീണ്ടും വെള്ളം തിളപ്പിച്ച്‌ ഗ്രീൻ ടീ റെഡിയാക്കി രുദ്രിന്റെ മുറിയിലേക്ക് ചെന്നു, ചെല്ലുമ്പോൾ ശില്പ രുദ്രിന്റെ ബെഡിൽ ചാരി ഇരുന്ന് അവളുടെ ഫോണിൽ കുത്തുന്നുണ്ട്, രുദ്ര് കുളിച്ചിറങ്ങിയിട്ടില്ല, ചായയുമായി വന്ന വൃന്ദയേക്കണ്ട ശില്പ പതിയെ എഴുന്നേറ്റു,

“മ്… ആ ചായയിങ്ങ് തന്നിട്ട് ഇവിടെ ക്ലീൻ ചെയ്യ്….”

അവൾ ആജ്ഞാപിച്ചു,

വൃന്ദ ഒന്ന് മടിച്ചെങ്കിലും ആ കപ്പ്‌ അവളുടെ കയ്യിൽ കൊടുത്തിട്ട് പുറത്തേക്ക് പോയി മോപ്പ് കൊണ്ട് വന്ന് അവിടെ ക്‌ളീൻ ചെയ്യാൻ തുടങ്ങുമ്പോൾ രുദ്ര് കുളിച്ചിട്ട് ഇറങ്ങി വന്നു, ഒരു ത്രീ ഫോർത്ത് മാത്രമാണ് വേഷം, അവന്റെ ദേഹത്ത് ഇപ്പോഴും വെള്ളം പറ്റിയിരുന്നു, റൂമിൽ ശില്പയേക്കണ്ട് രുദ്ര് ഒന്ന് പകച്ചു,

“എന്താ… ശില്പ…?”

അവൻ അവളോട് ചോദിച്ചു

അവനെത്തന്നെ വല്ലാത്തൊരു ഭാവത്തോടെ നോക്കി നിന്ന ശില്പ ഒന്ന് ഞെട്ടി,

“അത്… രുദ്രേട്ടന് ചായ… ചായ തരാൻ…”

അവൾ പറഞ്ഞൊപ്പിച്ചു

രുദ്ര് ചിരിച്ചുകൊണ്ട് ചായ വാങ്ങി,

“രുദ്രേട്ടൻ എന്താ കുളിച്ചിട്ട് തല തുടച്ചില്ലേ… തല മുഴുവൻ നനഞ്ഞിരിക്കുന്നു…?”

ശില്പ അധികാരത്തോടെ അവനോട് ചേർന്ന് നിന്ന് അവന്റെ തലയിൽ തടവിക്കൊണ്ട് ചോദിച്ചു, രുദ്രിന് അസ്വസ്ഥത തോന്നി അവൻ കബ്ബോർഡിൽ നിന്ന് ഒരു റ്റി ഷർട്ട്‌ എടുത്ത് ധരിച്ചു, അവൻ കൂടുതലൊന്നും പറഞ്ഞില്ല,

ശിൽപയുടെ അവനോട് ചേർന്നുള്ള നിൽപ്പും സംസാരവും വൃന്ദയ്ക്ക് തീരെ ഇഷ്ടപെടുന്നില്ലായിരുന്നു, അവളുടെ മുഖം വീർത്തു, അവൾ ഒന്ന് ചുമച്ചു, അപ്പോഴാണ് രുദ്ര് വൃന്ദയെ കാണുന്നത്, അവന്റെ മുഖം ഒന്ന് തിളങ്ങി എന്നാൽ അടുത്ത നിമിഷം ആ മുഖമൊന്ന് കുറുകി, അവൻ കലിപ്പോടെ അവളെ നോക്കി, അവന്റെ നോട്ടം കണ്ട് വൃന്ദ ഒന്ന് ഞെട്ടി

“നീയെന്താ ഇവിടെ ചെയ്യുന്നേ…?”

അവൻ ഗൗരവത്തിൽ ചോദിച്ചു,

“ഞാ… ഞാൻ വൃത്തിയാക്കാൻ…”

അവന്റെ മുഖം കണ്ട് അവൾ പേടിയോടെ പറഞ്ഞു,

“അതിന് നീയാരാ ഇവിടുത്തെ വേലക്കാരിയോ…?”

അവൻ ശബ്ദമുയർത്തി

വൃന്ദ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു

“വൃന്ദ… തന്നോടാണ് ചോദിച്ചത്…?”

രുദ്ര് ശബ്ദമുയർത്തി

അതുകേട്ട് വൃന്ദ ഒന്ന് ഞെട്ടി

“അല്ല…”

അവൾ പതിയെ പറഞ്ഞു

അപ്പോഴേക്കും ഭൈരവ് അവിടേക്ക് വന്നു

“എന്താ…? എന്താ പ്രശ്നം…? എന്താ ഉണ്ണിമോളേ…?”

അവൻ വൃന്ദയോട് ചോദിച്ചു

“അല്ല, ഇവളിവിടെത്തെ വേലക്കാരിയാണോയെന്ന് ചോദിക്കയായിരുന്നു…”

രുദ്ര് പറഞ്ഞു

അപ്പോഴാണ് വൃന്ദ ചൂലും പിടിച്ച് നിൽക്കുന്നത് ഭൈരവ് ശ്രദ്ധിച്ചത്

“ഉണ്ണിമോളോട് ഇവിടുത്തെ ജോലികളൊന്നും ചെയ്യണ്ടാന്ന് അമ്മ പറഞ്ഞത് മറന്നുപോയോ…?”

അപ്പോഴും അവൾ മിണ്ടാതെ തലകുനിച്ചു നിന്നു

“താൻ പ്ലസ് ടുവിന് നല്ല മാർക്ക് വാങ്ങി പാസ്സായതല്ലേ…? പിന്നെന്താ പിന്നീട് പഠിക്കാൻ പോകാഞ്ഞത്…?”

രുദ്ര് ചോദിച്ചു

“അവളോട് ഞങ്ങളെല്ലാം പറഞ്ഞതാ രുദ്രേട്ടാ… പക്ഷേ അവൾക്ക് പോകാൻ വയ്യാന്നു പറഞ്ഞു…”

ശില്പ ഇടക്ക് കയറിപ്പറഞ്ഞു

“അതെന്താ…? അല്ലെങ്കിൽ താനീ ശില്പയെ നോക്ക്… എന്ത് നന്നായി പഠിക്കുന്നു, കാണാനും മിടുക്കിയാ… പെൺപിള്ളേരായാൽ ശില്പയെപ്പോലെ വേണം…”

രുദ്ര് ശില്പയെ നോക്കി പറഞ്ഞു, അത് കേട്ടതും ശിൽപയുടെ മുഖം പ്രകാശിച്ചു,

ഭൈരവ് അമ്പരപ്പോടെ രുദ്രിനെ നോക്കിയതും രുദ്ര് ആരും കാണാതെ അവനെ കണ്ണടച്ചു കാണിച്ചു, അത് കണ്ട് അവന് കാര്യം മനസ്സിലായി

“ശരിയാ… ശില്പയ്ക്ക് പഠിപ്പും സൗന്ദര്യവും എല്ലാം കിട്ടിയിട്ടുണ്ട്…”

ഭൈരവ് പിൻതാങ്ങി, അതോടെയായപ്പോൾ ശില്പ നിലത്തൊന്നുമല്ലായിരുന്നു

“ശില്പ…. താൻ തന്നെ മുൻകയ്യെടുത്തു ഈ കുട്ടിയെ ഏതെങ്കിലും കമ്പ്യൂട്ടർ കോഴ്‌സിന് ചേർക്കണം, അതുപോലെ ഒന്ന് രണ്ട് മാസം കഴിഞ്ഞാൽ കോളേജ് തുറക്കുമ്പോൾ ഇവളെ ചേർക്കുകയും വേണം…”

രുദ്ര് ശില്പയോട് പറഞ്ഞു, അത് അവൾക്കത്ര ഇഷ്ടപ്പെട്ടില്ലങ്കിലും രുദ്രിനെ പിണക്കണ്ടായെന്ന് കരുതി അവൾ സമ്മതിച്ചു

“അല്ലെങ്കിൽ നാളെത്തന്നെ റെഡിയായി നിന്നോ, ഞങ്ങൾക്ക് നാളെ ഒരിടം വരെ പോണം, ആ വഴിക്ക് കംപ്യൂട്ടർ കോഴ്‌സിന് ചേർത്തിട്ട്, തിരികെ ഉണ്ണിമോൾക്ക് കിച്ചയുടെ കൂടെ വരാം… ഞാൻ കിച്ചയെ വിളിച്ച് പറഞ്ഞോളാം…”

ഭൈരവ് പറഞ്ഞു, രുദ്ര് അവനെയൊന്ന് ഇരുത്തി നോക്കി

‘അതിനിടയിൽക്കൂടെ…’ എന്ന ഭാവത്തിൽ, അതിന് ഭൈരവ് ഒരു വളിച്ച ചിരി ചിരിച്ചു

“മ്… പൊയ്ക്കോ… എന്നിട്ട് ഇത് ക്ലീൻ ചെയ്യാൻ ആരെങ്കിലും അയക്ക്…”

രുദ്ര് വൃന്ദയെ നോക്കിപ്പറഞ്ഞു

“എന്തിന്…? ഇത് ഞാൻ ചെയ്തോളാം…”

ശില്പ വൃന്ദയുടെ കയ്യിൽ നിന്നും മോപ് വാങ്ങിക്കൊണ്ട് പറഞ്ഞു

“How simple you are…”

രുദ്ര് ശില്പയെ നോക്കി പറഞ്ഞു

അത് കേട്ട് ശിൽപയുടെ കണ്ണുകൾ വിടർന്നു, വേണമെങ്കിൽ ഈ തറവാട് മുഴുവൻ അടിച്ചു വാരിയിടാം എന്നാ ഭാവത്തിൽ ശില്പ നിന്ന് ചിരിച്ചു, ശിൽപയുടെ മുഖഭാവം കണ്ട് ഭൈരവ് പൊട്ടിവന്ന ചിരി കടിച്ച് പിടിച്ചു

Leave a Reply

Your email address will not be published. Required fields are marked *