തുളസിദളം – 7അടിപൊളി  

അവൻ കുസൃതിയോടെ അവളോട് ചോദിച്ചു, അവൾ അവനിൽനിന്നും കുതറി മാറി പുറത്തേക്കൊടി, വാതിലിൽ വന്ന് നിന്നിട്ട് അവനെ തിരിഞ്ഞു നോക്കി നാണത്തോടെ ചിരിച്ചു, പിന്നീട് പുറത്തേക്കോടി…

അവളുടെ ആ നോട്ടവും ഭാവവും അവനിൽ പ്രണയം നിറച്ചു,

അവൾ ചിരിച്ചുകൊണ്ട് ഓടി ചെന്ന് നിന്നത് ഭൈരവിന്റെ മുന്നിലാണ്, പെട്ടെന്നവൾ പിടിച്ചു നിർത്തിയപോലെ നിന്നു, ഭൈരവ് ഒരു പുഞ്ചിരി ചുണ്ടിൽ നിറച്ചു നെറ്റി ചുളിച്ച് അവളെ നോക്കി, അവൾ പുഞ്ചിരിയോടെ തല താഴ്ത്തി, പിന്നീട് അവനെകടന്ന് കുഞ്ഞിയുടെ മുറിയിലേക്ക് നടന്നു,

വൃന്ദ ചെല്ലുമ്പോൾ കുഞ്ഞി ഉറക്കമായിരുന്നു, വൃന്ദ അവളെ ഒന്ന് നോക്കിയിട്ട് പുറത്തുപോയി ചൂല് കൊണ്ട് വന്ന് അവിടെയെല്ലാം അടിച്ചുവാരി, കർട്ടൻ എല്ലാം തുറന്നിട്ടു,

അപ്പോഴേക്കും കുഞ്ഞി ഉണർന്നു, കണ്ണ് തിരുമി നോക്കിയത് വൃന്ദയെയാണ്,

“ഗുഡ് മോർണിംഗ് ഉണ്ണിയേച്ചി…”

കുഞ്ഞി ഉറക്കച്ചടവോടെ പറഞ്ഞു,

“ആ… കുഞ്ഞിപ്പെണ്ണ് ഉണർന്നോ…”

അവൾ കുഞ്ഞിക്കരികിലേക്ക് നടന്നുകൊണ്ട് ചോദിച്ചു

കുഞ്ഞി അവളെ നോക്കി ചിരിച്ചു, പിന്നീട് രണ്ട് കയ്യും മുകളിലേക്കുയർത്തി

“എന്നെ എടുക്കോ… ഉണ്ണിയേച്ചി…”

കുഞ്ഞി പറഞ്ഞു

“പിന്നെന്താ…”

വൃന്ദ അവളെ എടുത്ത് തോളിലേക്കിട്ടു,

“കുഞ്ഞിക്ക് ഒരു ഭാരോം ഇല്ലല്ലോ…”

അവൾ കളിയാക്കി പറഞ്ഞുകൊണ്ട് ബാത്റൂമിനടുത്തേക്ക് നടന്നു, കുഞ്ഞിയുടെ ബ്രഷിൽ പേസ്റ്റ് തേച്ചു കൊടുത്തു

“പോയി ഫ്രഷ് ആയി വാ, ഉണ്ണിയേച്ചി ചായ തരാം…”

വൃന്ദ കുഞ്ഞിയോട് പറഞ്ഞു

“കണ്ണേട്ടൻ എവിടെ ഉണ്ണിയേച്ചി…?”

“കണ്ണേട്ടൻ ഉണർന്നിട്ടില്ല, കുഴിമടിയൻ…”

വൃന്ദ ചിരിച്ചുകൊണ്ട് പറഞ്ഞു

കുഞ്ഞി ഫ്രഷായി വരുമ്പോൾ വൃന്ദ അവിടെത്തന്നെയുണ്ടായിരുന്നു, അവൾ കുഞ്ഞിയെ വസ്ത്രം മാറ്റി, മുടി കെട്ടിവച്ച് പുറത്തേക്ക് നടന്നു, വൃന്ദയുടെ കയ്യും പിടിച്ചു വരുന്ന കുഞ്ഞിയെ കണ്ട്, ഉമ്മറത്തുണ്ടായിരുന്ന ഭൈരവ് ചിരിച്ചു,

തറവാട്ടിലെ മിക്കവരും അവിടെയുണ്ടായിരുന്നു, വൃന്ദ അവരോട് ഇടപെടുന്നതൊന്നും ആർക്കും ദഹിക്കുന്നുണ്ടായിരുന്നില്ല,

ഓരോരുത്തരും ഒളിഞ്ഞും തെളിഞ്ഞും ഓരോന്ന് പറഞ്ഞു

“ജാതകദോഷമുള്ള പെണ്ണാ, തൊടുന്നിടം മുടിക്കുന്നവൾ, ആ പെണ്ണിനോട് കൂടുതൽ അടുക്കണ്ട… പിന്നീട് ദുഖിക്കേണ്ടിവരും, പറഞ്ഞില്ലാന്ന് വേണ്ട…”

സീതലക്ഷ്മിയോട് ആരോ പറഞ്ഞു,

അവൾ അതൊന്നും കാര്യമാക്കിയില്ല

ദിവസങ്ങൾ കഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു, രുദ്രും വൃന്ദയും തറവാട്ടിൽ ആരുമറിയാതെ പ്രേമിച്ചു നടന്നു,

ഒറ്റയ്ക്കുള്ള കൂടിക്കാഴച കുറവായിരുന്നു എങ്കിലും, രുദ്രിനെ കാണുമ്പോൾ തിളങ്ങുന്ന വൃന്ദയുടെ കണ്ണുകളും, പരിഭ്രമത്താൽ പിടക്കുന്ന കൺപീലികളും രുദ്രിന് അത്രമേൽ പ്രീയപ്പെട്ടതായിരുന്നു,

ഭൈരവ് കിച്ചയ്ക്ക് ഫോണിൽ മെസേജ് അയച്ച് നടക്കുന്നു, കിച്ച അവന് ഇതുവരെ പിടികൊടുത്തിട്ടില്ല, എന്നാലും ഭൈരവ് കട്ടക്ക് നിക്കുന്നുണ്ട്, അതിനിടയിൽ വൃന്ദയുടെ അനുവാദത്തോടെ വേണുവിന്റെ യെസ്ടി ഭൈരവ് കൊണ്ടുപോയി നന്നാക്കി സർവീസ് ചെയ്ത് സുന്ദരക്കുട്ടപ്പനാക്കി, ഇപ്പൊ ഭൈരവ് അതിലാണ് കറക്കം, കൂടെ മിക്കപ്പോഴും കുഞ്ഞിയും കണ്ണനും പിറകിലുണ്ടാകും,

കാവിലമ്മ കണ്ണന് കൂടെ കളിക്കാനും നിഴലുപോലെ കൂടെ നടക്കാനും കുഞ്ഞിയെ കൊടുത്തു, കണ്ണനിപ്പോ പഴകിയതും നരച്ചതുമായ വസ്ത്രങ്ങൾ മാറ്റി പുതിയ വസ്ത്രങ്ങൾ ഇട്ടു തുടങ്ങി, മറ്റുള്ള കുട്ടികൾ അവരോട് കൂട്ടുകൂടാൻ വന്നെങ്കിലും കുഞ്ഞി ആരെയും കണ്ണനോട് മിണ്ടാൻ പോലും അനുവദിച്ചില്ല,

“ന്റെ കണ്ണേട്ടനാ… കണ്ണേട്ടന് കൂട്ടുകൂടാൻ ഞാനുണ്ട്, വേറെ ആരും വേണ്ട…”

കുഞ്ഞി അവനോട് ചേർന്ന് അവനെ ചുട്ടിപ്പിടിച്ചു അവരോട് പറഞ്ഞു

കുട്ടൂസന് തറവാട്ട് മുറ്റത്ത് പ്രവേശനം അനുവദിച്ചു, മറ്റുള്ളവർക്ക് അതൊരു മുറുമുറുപ്പ് ആയിരുന്നുവെങ്കിലും, കുഞ്ഞിയെയും കണ്ണനെയും രക്ഷിക്കാൻ കുട്ടൂസൻ കാണിച്ച പരിശ്രമവും സ്നേഹവും… രുദ്രും വിശ്വനാഥനും ഭൈരവും മാധവനുമൊക്കെ കട്ടക്ക് പറഞ്ഞത് കൊണ്ട് മുറുമുറുപ്പ് ഇല്ലാതായി, അങ്ങനെ കണ്ണനും കുഞ്ഞിയും എവിടേക്ക് പോയാലും കുട്ടൂസൻ കൂടെ നടക്കും, അതുകൊണ്ട് ഭൈരവ് അവരെ ബോബനും മോളിയുമെന്നാണ് വിളിക്കുന്നത്,

ഒരു ദിവസം രാത്രി അത്താഴം കഴിഞ്ഞ് കൈ കഴുകാൻ ചെന്ന രുദ്രിന്റെ മുന്നിൽ വൃന്ദ ചെന്നുപെട്ടു, കൈ കഴുകി തിരിഞ്ഞ രുദ്ര് കൈ തുടക്കാൻ ടവൽ നോക്കിയിട്ടും കാണാത്തത് കണ്ട് വൃന്ദ ചുറ്റും ആരുമില്ലെന്ന് ഉറപ്പിച്ചിട്ട്, തന്റെ സാരിയുടെ തുമ്പ് അവന് നേരെ നീട്ടി, അവനൊരു പുഞ്ചിരിയോടെ അതുകൊണ്ട് മുഖം തുടച്ചു, അവളുടെ മുഖത്തേക്ക് പ്രേമത്തോടെ നോക്കി, അത് കണ്ട് അതുകണ്ട വൃന്ദയുടെ മുഖം നാണം കൊണ്ട് ചുവന്ന് താണു, രുദ്ര് പതിയെ വിരലുകൊണ്ട് അതുയർത്തി,

“ഉണ്ണിക്കുട്ടാ… ഇന്നെല്ലാവരും ഉറങ്ങിയിട്ട് കുളക്കടവിലേക്ക് വരോ…?”

രുദ്ര് പതിയെ ചോദിച്ചു

അവൾ ഞെട്ടി അവന്റെ മുഖത്ത് നോക്കി

“പൊയ്ക്കോ അവിടുന്ന്… ഞാൻ വരില്ല… ആരെങ്കിലും കണ്ടാ… എന്റെ കാവിലമ്മേ…”

അവൾ നെഞ്ചത്ത് കൈ വച്ചുകൊണ്ട് പറഞ്ഞു

“ഏയ്‌… ആരും കാണില്ലന്നെ… എനിക്ക് ഒരുപാട് സംസാരിക്കാനുണ്ട്…”

അവൻ പതിയെ പറഞ്ഞു

“ഞാൻ വരില്ല…”

“അതൊക്കെ ഉണ്ണിക്കുട്ടന്റെ ഇഷ്ടം… ഞാനെന്തായാലും കാത്തിരിക്കും…”

അവൻ പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് അവളെക്കടന്ന് പോയി

“സത്യായിട്ടും ഞാൻ വരില്ല…”

അവൾ പിറകിൽ നിന്നും പതിയെ വിളിച്ച് പറഞ്ഞുകൊണ്ടിരുന്നു

“വരണ്ടന്നേ… അത് ഉണ്ണിക്കുട്ടന്റെ ഇഷ്ടം…”

അവൻ നടന്ന് മറഞ്ഞു

വൃന്ദ തന്റെ വിരലുകടിച്ച് ആലോചനയോടെ നിന്നു

“ഇല്ല.. ഞാൻ പോവില്ല…”

അവൾ കുറുമ്പോടെ ആത്മഗതിച്ചു,

രാത്രി ഏറെ നേരമായിട്ടും വൃന്ദയ്ക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല, എന്തോ ഒരു വേവലാതി അവളുടെ ഉള്ളിൽ മുളപൊട്ടിയിരുന്നു,

“ന്റെ കാവിലമ്മേ, ആളിപ്പോ വന്നിട്ടുണ്ടാവോ…? എന്താ ഇപ്പൊ ചെയ്യാ… ആളിനെ പേടിയുണ്ടായിട്ടല്ല, ആരെങ്കിലും കണ്ടാ, പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല… ഒന്ന് പോയി നോക്കാം, എന്തോ പറയാനുണ്ടന്നല്ലേ പറഞ്ഞത്, അതെന്താണെന്ന് കേട്ടിട്ട് ഓടിയിങ്ങ് പോരാം… ശ്ശോ… കയ്യും കാലും വിറച്ചിട്ട് വയ്യ…”

അവൾ ആലോചിച്ച് തിരിഞ്ഞും മറിഞ്ഞും കിടന്നു, പിന്നീടെന്തോ ആലോചിച്ചപോലെ, തൊട്ടടുത്ത് ഉറങ്ങികിടക്കുന്ന കണ്ണനെ ഒന്ന് നോക്കി അവൾ പതിയെ മുറിക്ക് പുറത്തേക്കിറങ്ങി…

ഓരോ അടിയും വയ്ക്കുമ്പോൾ അവൾ പേടിയോടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു, എങ്ങനെയോ കുളപ്പുരയ്ക്ക് മുന്നിലെത്തി, പരിഭ്രമത്താൽ വിയർത്ത മുഖം സാരിത്തുമ്പ് കൊണ്ട് തുടച്ചു, പതിയെ അകത്തേക്ക് നോക്കി, ആള് അവിടെ കുളത്തിലേക്ക് നോക്കിയിരിപ്പുണ്ട്, അവൾ പതിയെ അകത്തേക്ക് കയറി, രുദ്ര് അവളെ തലതിരിച്ചു നോക്കി, അവന്റെ നീല കണ്ണുകൾ വിടർന്നു അതിനൊപ്പം ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു,

Leave a Reply

Your email address will not be published. Required fields are marked *