തുളസിദളം – 7അടിപൊളി  

“ഉണ്ണിക്കുട്ടാ…”

അവളുടെ നെറുകയ് മുകർന്നുകൊണ്ട് അവൻ ആർദ്രമായി അവളെ വിളിച്ചു

“മ്…”

അവൾ പതിയെ മൂളി

“ചെല്ല്… പോയി ഒന്ന് ഫ്രഷായി വേഷം മാറ്…”

അവൻ സ്നേഹത്തോടെ പറഞ്ഞു

“മ്ഹ്…”

ഇല്ലെന്ന് തലയാട്ടി അവളൊന്നുകൂടി അവനിലേക്ക് ചേർന്നു

“നിക്ക് അറിയാം, ഞാനിപ്പോ വിട്ടാ, പിന്നേം എന്നോട് പിണങ്ങും, ഞാൻ ആ മുഖത്ത് നോക്കി ചിരിച്ചാൽ പോലും ന്നോട് ചിരിക്കില്ല… ന്റെ മുഖത്ത് നോക്കുകപോലുല്ല… ന്നെ ഇഷ്ട്ടല്ലാത്തോണ്ടല്ലേ…??”

അവൾ തേങ്ങലോടെ അതേസമയം പരിഭവത്തോടെയും കുറുമ്പോടെയും ഒരു കൊച്ച് കുഞ്ഞിനെപ്പോലെ അവനോട് പറഞ്ഞു,

അവളിലെ ആ ഭാവം ആദ്യമായി കാണുകയായിരുന്ന രുദ്ര്, ഒരു നിമിഷം ഇഷ്ടത്തോടെ അവളെ നോക്കി നിന്നു, അവന്റെ അവഗണന അവളെ എന്ത് മാത്രം വിഷമിപ്പിച്ചുവെന്ന് അവൻ ചിന്തിച്ചു,

“നീയല്ലേ പെണ്ണേ, എന്നോട് പിണങ്ങിയത്… ഞാനെന്റെ മനസ്സ് അങ്ങനെതന്നെ നിനക്ക് തുറന്ന് തന്നതല്ലേ…? എന്നിട്ടും നിന്റെ മനസ്സിലുള്ളത് പൂട്ടി വച്ചിട്ട് എന്നോട് പിണങ്ങിയത് നീയല്ലേ…”

അവൻ അവളോട് ചോദിച്ചു

അതിന് മറുപടിയായി അവൾ അവന്റെ ഷർട്ടിൽ ഒന്ന് മുറുകെ പിടിച്ചു,

ഇന്നത്തെ സംഭവം അവളെ വല്ലാതെ ഉലച്ചിരുന്നു,

“ത്തിരി നേരം എന്റടുത്തിരിക്കോ…?”

അവൾ ചോദിച്ചു

“മ്…”

അവളെ ചേർത്തുപിടിച്ചു നെറ്റിയിൽ ഒരുമ്മകൊടുത്തുകൊണ്ട് രുദ്ര് മൂളി,

അവനെ മുറുകെ പിടിച്ചു കണ്ണടച്ച് അവൾ പതിയെ മയങ്ങി, രുദ്ര് അവളുടെ നെറ്റിയിൽ വാത്സല്യത്തോടെ ഒരുമ്മ കൊടുത്തു, അവളുടെ മൂക്കുത്തി തിളങ്ങിയിരുന്നു, അവൻ അതിൽ നോക്കി കുറച്ചുനേരം ഇരുന്നു പിന്നീട് അവളെ പുതപ്പിച്ച് വാതിൽ ചാരി പുറത്തേക്കിറങ്ങി,

കാവ്യ പുറത്ത് മുട്ടുകാലിൽ മുഖം പൂഴ്ത്തി അവിടെയിരിക്കുന്നുണ്ടായിരുന്നു, രുദ്ര് അവളുടെ അടുത്തെത്തി, മുടിക്കുത്തിൽ പിടിച്ച് പൊക്കിയെടുത്തു, അവൾ വേദനയോടെയും ഭയത്തോടെയും അവനെ നോക്കി,

“നീയൊരു പെണ്ണായിപ്പോയി അല്ലെങ്കിൽ മുകളിൽ കിടക്കുന്നവന്മാരുടെ അവസ്ഥയായെനെ നിനക്കും, മനസ്സിലായോടി…”

രുദ്ര് അലറി

അവൾ പേടിച്ചു തലയാട്ടി

“പിന്നെ… ഇവിടെയൊന്നും നടന്നിട്ടില്ല, ആരെങ്കിലും ചോദിച്ചാൽ അവന്മാർ പരസ്പരം തല്ലുകൂടി, അത്രേയുള്ളൂ, പിടിച്ച് മാറ്റാൻ ചെന്ന നിനക്കും തല്ലുകിട്ടി… മനസ്സിലായോടി…”

അവൻ പറഞ്ഞു, അവൾ കരഞ്ഞുകൊണ്ട് തലയാട്ടി,

അവളുടെ ഇരുപ്പ് കണ്ട് ഭൈരവിന് സഹതാപം തോന്നി, ഒന്നുമില്ലെങ്കിലും ഒരു പെണ്ണല്ലേ, അവന്റെയോക്കെ ട്രാപ്പിൽ വീണുപോയതാകാം…

അവൻ അവളുടെ അടുത്ത് ചെന്ന് അവളെ നോക്കി

“നീയുമൊരു പെണ്ണല്ലേ… എങ്ങനാടി അവളോട് ഇത് ചെയ്യാൻ തോന്നിയത്, ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത ഒരു സാധുവല്ലേ അവൾ… അതൊക്കെപ്പറഞ്ഞാൽ നിനക്കൊക്കെയെങ്ങനെ മനസ്സിലാവാനാ, അല്ലേ…? എന്തിനും ഏതിനും പണം… പിന്നീട് സ്വാതന്ത്ര്യം എന്ന പേരിൽ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം… നിനക്കൊന്നും ഒരിക്കലും മനസ്സിലാവില്ല വിഷമം പറഞ്ഞ് കരയാൻ പോലും ആരുമില്ലാത്ത ഒരു പെൺകുട്ടിയുടെ അവസ്ഥ… നിന്റെയൊക്കെ ആജ്ഞ അനുസരിച്ചു എല്ലാം ചെയ്ത് തരുന്നില്ലേ…? ഇതൊരു അവസരമായി നന്നാവാൻ നോക്ക്…”

അവളെ പതിയെ പിടിച്ചെഴുന്നേൽപ്പിച്ചു കസേരയിലിരുത്തിയിട്ട് അടുക്കളയിൽ നിന്നും ഒരു ഗ്ലാസിൽ വെള്ളമെടുത്ത് അവൾക്ക് കൊടുത്തുകൊണ്ട് പതിയെ പറഞ്ഞ് അവൻ മുകളിലേക്ക് നടന്നു

കാവ്യ ഒരു നിമിഷം അവനെ മുഖമുയർത്തി നോക്കിയിരുന്നു, പിന്നീട് വിതുമ്പിക്കരഞ്ഞു….

മുകളിലെത്തിയ രുദ്ര് അവിടെ ആകമാനം നോക്കി, ശ്രീജേഷിനൊഴിച്ച് ബാക്കിയെല്ലാത്തിനും ബോധമുണ്ടായിരുന്നു, കൈകൾക്കും കാലുകൾക്കുമെല്ലാം നല്ല പരിക്കുണ്ടായിരുന്നു, അവർ വേദനകൊണ്ട് ഞരങ്ങുന്നുണ്ടായിരുന്നു,

രുദ്ര് അവരുടെ മുന്നിലെത്തി പുച്ഛത്തോടെ ചിരിച്ചു

“അപ്പൊ അനിയന്മാർക്ക് കാര്യം മനസ്സിലായല്ലോ… അവൾ എന്റെ പെണ്ണാണ്… ഇനിയവളുടെ മുഖത്തേക്ക് വേണ്ടാത്തൊരു നോട്ടം നോക്കിയാൽ, ആ കണ്ണ് ഞാൻ ചൂഴ്ന്നെടുക്കും, മനസ്സിലായോടാ… (അവരെ ആകമാനം ഒന്ന് നോക്കിയിട്ട്) നിനക്കൊക്കെ ഭാഗ്യമുണ്ട് സാധാരണ ഇവന്റെ കയ്യീന്ന് കിട്ടിയാ, ഏഴിന്റന്നേ കണ്ണ് തുറക്കൂ…”

അവൻ അടുത്തേക്ക് ചെന്ന ഭൈരവിനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു

“അപ്പൊ അനിയന്മാർ ഇതങ്ങു മറന്നേക്കണം, എന്നിട്ട് ആര് ചോദിച്ചാലും തമ്മിൽ തല്ല് കൂടിയെന്നേ പറയാവൂ… മാറ്റി പറയാനാണെങ്കിൽ ഞാൻ ഒന്നൂടെ നിങ്ങളെ കാണും…പിന്നെ ശുഭം…”

ഭൈരവ് കണ്ണ് കൂർപ്പിച്ചു പറഞ്ഞു,

അവന്റെ മുഖ ഭാവം കണ്ട് അവർ പേടിയോടെ തലയാട്ടി,

രുദ്രും ഭൈരവും കൂടി ഒരു ആംബുലൻസ് വിളിച്ച് അവരെയെല്ലാം ഹോസ്പിറ്റലിൽ എത്തിച്ചു, അപ്പോഴേക്കും ലത വന്നതുകൊണ്ട് കുട്ടികളെയും വൃന്ദയെയും അവരെയെല്പിച്ച്, രുദ്രും ഭൈരവും കാറിൽ ആശുപത്രിയിൽ ചെന്നു

അവർ തന്നെ ഷോപ്പിംഗിന് പോയവരെ വിളിച്ച് കാര്യംപറഞ്ഞു, എല്ലാവരും കരഞ്ഞുവിളിച്ചു ഹോസ്പിറ്റലിൽ എത്തി,

രുദ്രും ഭൈരവും പറഞ്ഞപോലെ തന്നെ കാവ്യയും മറ്റുള്ളവരും അവരോട് പറഞ്ഞു, എല്ലാവരും പരുക്ക് പറ്റി കിടക്കുന്നതിനാൽ കൂടുതൽ ചോദ്യങ്ങളുണ്ടായില്ല,

അർജുനും ആരോഹിനും നിവിനും ശരീരത്തിൽ മൂന്നോ അതിൽ കൂടുതലോ പൊട്ടലും ഒടിവുകളുമുണ്ടായിരുന്നു, ശ്രീജേഷിന് ബോധം വന്നെങ്കിലും നട്ടെല്ലിനേറ്റ പ്രഹരം അല്പം കുഴപ്പമാണെന്നും അരയ്ക്ക് താഴേക്ക് തളർന്നുപോയെന്നും, നല്ല ട്രീറ്റ്മെന്റ് കൊണ്ട് ഇമ്പ്രൂവ്മെന്റ് ഉണ്ടായേക്കാമെന്ന് ഡോക്ടർമാർ വിധിയെഴുതി, പിന്നീട് കൂടുതൽ ചികിത്സക്കായി വിദേശത്തേക്ക് തിരികെ കൊണ്ടുപോകാൻ തീരുമാനമായി,

••❀••

കാവിൽ വിളക്ക് വയ്ച്ച് തിരിയുമ്പോൾ, കാക്കാത്തിയമ്മ അവിടെയുണ്ടായിരുന്നു, അവരെക്കണ്ട വൃന്ദ ഓടിച്ചെന്ന് അവരെക്കെട്ടിപ്പിടിച്ചു കരഞ്ഞു, കണ്ണനും ഒപ്പമുണ്ടായിരുന്നു,

“കരയാതെ മോളേ, പോട്ടെ സാരോല്ല… മോക്ക് അപകടമൊന്നും വന്നില്ലല്ലോ… അതിനുമുന്നേ മോളുടെ രാജകുമാരൻ എത്തിയില്ലേ…”

അവർ അവളെ അശ്വസിപ്പിക്കുമ്പോലെ പറഞ്ഞു,

“കാക്കാത്തിയമ്മ എങ്ങനറിഞ്ഞു…?”

അവളൊരു മറുചോദ്യം ചോദിച്ചു

അതിനു കാക്കാത്തിയമ്മ ഒന്ന് ചിരിച്ചു

“ഞാനറിയാത്തതായി എന്തെങ്കിലുമുണ്ടോ…?”

അവർ പറഞ്ഞു

വൃന്ദ മനസ്സിലാകാത്തപോലെ അവരെ നോക്കി

“ഞാനൊരു നാടോടിയല്ലേ…? അപ്പൊ ഈ നാട്ടിലെ എല്ലാ കാര്യങ്ങളും ഞാനറിയും, ഇവിടുത്തെ കാര്യം കുറച്ചൊക്കെ കേട്ടു, കുറച്ച് ഞാൻ ഊഹിച്ചു…”

അവർ ചിരിച്ചുകൊണ്ട് പറഞ്ഞു,

“അപ്പൊ രുദ്രേട്ടനാണോ ഉണ്ണിയേച്ചീടെ രാജകുമാരൻ…”

എല്ലാം കേട്ട് നിന്ന കണ്ണൻ ചോദിച്ചു,

“മോനെന്ത് തോന്നുന്നു…?”

കാക്കാത്തിയമ്മ ചോദിച്ചു

“രുദ്രേട്ടൻ നല്ലതാ… എന്നോടും ഉണ്ണിയേച്ചീയോടും നല്ല സ്നേഹാ… കാണാനും സൂപ്പറാ… ഉണ്ണിയേച്ചിക്ക് ചേരുന്ന രാജകുമാരൻ…”

Leave a Reply

Your email address will not be published. Required fields are marked *