അവർ തന്നെ ഷോപ്പിംഗിന് പോയവരെ വിളിച്ച് കാര്യംപറഞ്ഞു, എല്ലാവരും കരഞ്ഞുവിളിച്ചു ഹോസ്പിറ്റലിൽ എത്തി,
രുദ്രും ഭൈരവും പറഞ്ഞപോലെ തന്നെ കാവ്യയും മറ്റുള്ളവരും അവരോട് പറഞ്ഞു, എല്ലാവരും പരുക്ക് പറ്റി കിടക്കുന്നതിനാൽ കൂടുതൽ ചോദ്യങ്ങളുണ്ടായില്ല,
അർജുനും ആരോഹിനും നിവിനും ശരീരത്തിൽ മൂന്നോ അതിൽ കൂടുതലോ പൊട്ടലും ഒടിവുകളുമുണ്ടായിരുന്നു, ശ്രീജേഷിന് ബോധം വന്നെങ്കിലും നട്ടെല്ലിനേറ്റ പ്രഹരം അല്പം കുഴപ്പമാണെന്നും അരയ്ക്ക് താഴേക്ക് തളർന്നുപോയെന്നും, നല്ല ട്രീറ്റ്മെന്റ് കൊണ്ട് ഇമ്പ്രൂവ്മെന്റ് ഉണ്ടായേക്കാമെന്ന് ഡോക്ടർമാർ വിധിയെഴുതി, പിന്നീട് കൂടുതൽ ചികിത്സക്കായി വിദേശത്തേക്ക് തിരികെ കൊണ്ടുപോകാൻ തീരുമാനമായി,
••❀••
കാവിൽ വിളക്ക് വയ്ച്ച് തിരിയുമ്പോൾ, കാക്കാത്തിയമ്മ അവിടെയുണ്ടായിരുന്നു, അവരെക്കണ്ട വൃന്ദ ഓടിച്ചെന്ന് അവരെക്കെട്ടിപ്പിടിച്ചു കരഞ്ഞു, കണ്ണനും ഒപ്പമുണ്ടായിരുന്നു,
“കരയാതെ മോളേ, പോട്ടെ സാരോല്ല… മോക്ക് അപകടമൊന്നും വന്നില്ലല്ലോ… അതിനുമുന്നേ മോളുടെ രാജകുമാരൻ എത്തിയില്ലേ…”
അവർ അവളെ അശ്വസിപ്പിക്കുമ്പോലെ പറഞ്ഞു,
“കാക്കാത്തിയമ്മ എങ്ങനറിഞ്ഞു…?”
അവളൊരു മറുചോദ്യം ചോദിച്ചു
അതിനു കാക്കാത്തിയമ്മ ഒന്ന് ചിരിച്ചു
“ഞാനറിയാത്തതായി എന്തെങ്കിലുമുണ്ടോ…?”
അവർ പറഞ്ഞു
വൃന്ദ മനസ്സിലാകാത്തപോലെ അവരെ നോക്കി
“ഞാനൊരു നാടോടിയല്ലേ…? അപ്പൊ ഈ നാട്ടിലെ എല്ലാ കാര്യങ്ങളും ഞാനറിയും, ഇവിടുത്തെ കാര്യം കുറച്ചൊക്കെ കേട്ടു, കുറച്ച് ഞാൻ ഊഹിച്ചു…”
അവർ ചിരിച്ചുകൊണ്ട് പറഞ്ഞു,
“അപ്പൊ രുദ്രേട്ടനാണോ ഉണ്ണിയേച്ചീടെ രാജകുമാരൻ…”
എല്ലാം കേട്ട് നിന്ന കണ്ണൻ ചോദിച്ചു,
“മോനെന്ത് തോന്നുന്നു…?”
കാക്കാത്തിയമ്മ ചോദിച്ചു
“രുദ്രേട്ടൻ നല്ലതാ… എന്നോടും ഉണ്ണിയേച്ചീയോടും നല്ല സ്നേഹാ… കാണാനും സൂപ്പറാ… ഉണ്ണിയേച്ചിക്ക് ചേരുന്ന രാജകുമാരൻ…”
കണ്ണൻ തിളങ്ങുന്ന കണ്ണുകളോടെ ആവേശത്തോടെ പറഞ്ഞു,
അത് കണ്ട് വൃന്ദയുടെയും മനസ്സ് നിറഞ്ഞു, അവളുടെ മുഖം ചുവന്നു, അവൾക്കപ്പോൾ രുദ്രിനെ കാണാൻ തോന്നി,
അന്ന് വീട്ടിലെത്തിയിട്ടും രുദ്രിനെ തിരഞ്ഞെങ്കിലും കാണാൻ പറ്റിയില്ല, പിന്നീടാരോ പറഞ്ഞുകേട്ടു പുറത്ത് പോയി എന്ന്, അവനെ കാണാൻ അവൾക്ക് വല്ലാതെ കൊതിയായി…
••❀••
പിറ്റേന്ന് നല്ല ഉത്സാഹത്തിലാണ് വൃന്ദ ഉറക്കമുണർന്നത്, ജോലികളെല്ലാം ചുണ്ടിലെ പുഞ്ചിരിയോടെ ചുറുചുറുക്കോടെ ചെയ്യുന്നവളെ കൺകെ ലത കൗതുകത്തോടെ നോക്കി, അവളിലെ ആ ഭാവങ്ങൾ ലതയ്ക്ക് പുതിയതായിരുന്നു,
ഇന്നലെ പിന്നെ രുദ്രിനെ കാണാൻ അവൾക്ക് കഴിഞ്ഞില്ല, അപ്പോഴാണ് സീതലക്ഷ്മി അവിടേക്ക് വന്നത്,
“മോളേ ഗ്രീൻ റ്റി രുദ്രിനും ചായ ഭൈരവിനും കൊടുക്കോ…? ഞാനൊന്ന് ചേച്ചിക്കൊപ്പം ക്ഷേത്രത്തിൽ പോയി വരാം… പിന്നെ കുഞ്ഞി ഉറക്കമാ ഒന്ന് നോക്കിക്കോളണെ…”
സീതാലക്ഷ്മി പറഞ്ഞു
അതുകേട്ട് വൃന്ദയുടെ കണ്ണുകൾ തിളങ്ങി, രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് എന്നപോലെയായി, അവൾ പതിയെ തലകുലുക്കിയിട്ട് ചായ ട്രെയിൽ വച്ച് പതിയെ രുദ്രിന്റെ മുറിയിലേക്ക് നടന്നു,
ഡോറിൽ മുട്ടുമ്പോൾ ഭൈരവ് വന്ന് വാതിൽ തുറന്നു,
“ആഹാ… ഇന്ന് ഉണ്ണിമോളാണോ ചായ കൊണ്ടൊന്നത്… നല്ല കണി…”
അവൻ ചിരിച്ചുകൊണ്ട് ചായക്കപ്പ് എടുത്തുകൊണ്ടു പറഞ്ഞു,
വൃന്ദ നിറഞ്ഞൊരു ചിരി നൽകി,
അവൾ മുറിക്കകത്തേക്ക് എത്തിവലിഞ്ഞു നോക്കുന്ന വൃന്ദയെകണ്ട ഭൈരവ് പതിയെ പുഞ്ചിരിച്ചു,
“എന്താ മോളെന്തെങ്കിലും ഇതിനുള്ളിൽ വച്ച് മറന്നോ…?? എന്തോ തിരയുന്നപോലെ നോക്കുന്നു…”
ഒരു കുസൃതിചിരിയോടെ അവൻ ചോദിച്ചു,
അത് കേട്ട് അവളൊന്ന് ചമ്മി
“ഏയ്… ഇല്ലേട്ടാ… കുഞ്ഞീടേട്ടൻ… ഗ്രീൻ റ്റി…”
അവൾ നിന്ന് വിക്കി
“മ്.. മ്.. മനസ്സിലായി… അവൻ രാവിലെ ഓടാൻ പോയി… ഇപ്പൊ വരും… മോളത് ആ മേശയുടെ മുകളിൽ വച്ചേരെ…”
ഭൈരവ് പറഞ്ഞുകൊണ്ട് ഉമ്മറത്തേക്ക് നടന്നു,
വൃന്ദ ചായയുമായി മുറിക്കുള്ളിലേക്ക് കയറി,
അവൾ ചുറ്റുമോന്ന് നോക്കി, അവൾ ചായ മേശപ്പുറത്തു വച്ചിട്ട്, അവൾ മേശയുടെ മുകളിലിരുന്ന പുസ്തകങ്ങളും മറ്റു സാധനങ്ങളും നന്നായി അടുക്കിവച്ചു, കട്ടിൽ കുടഞ്ഞു വിരിച്ചു, അവിടെയും ഇവിടെയുമായി കിടന്ന രുദ്രിന്റെയും ഭൈരവിന്റെയും വസ്ത്രങ്ങൾ നന്നായി ഹാങ്കറിൽ തൂക്കി,
