തുളസിദളം – 8അടിപൊളി  

“ഡീ…”

പെട്ടെന്നൊരലർച്ചകേട്ട് അവർ ഞെട്ടി മാറി, നോക്കുമ്പോൾ കോപം കൊണ്ട് ജ്വലിച്ച് അവരേതന്നെ നോക്കി നിൽക്കുന്ന ശില്പ,

വൃന്ദ അടിമുടി വിറച്ചു, രുദ്രിന് പറയത്തക്ക ഭാവവ്യത്യാസമൊന്നും ഉണ്ടായില്ല,

പെട്ടെന്ന് ശില്പ പാഞ്ഞു വന്ന് രുദ്രിന്റെ പിന്നിൽ നിന്ന വൃന്ദയെ കയ്യിൽപിടിച്ചു വലിച്ച് മുന്നിലേക്ക് നിർത്തിയിട്ട് അവളുടെ കവിളിലേക്ക് തല്ലാനായി വലതുകൈ ആഞ്ഞു വീശി, വൃന്ദ പേടിച്ച് കണ്ണുകൾ ഇറുക്കെയടച്ചു തല്ലാനോങ്ങിയ കൈ പാതിയിൽ വച്ച് രുദ്ര് തടഞ്ഞു, വൃന്ദ കണ്ണ് തുറന്നു നോക്കുമ്പോൾ പോര്കോഴികളെപ്പോലെ നിൽക്കുന്ന ശില്പയെയും രുദ്രിനെയുമാണ് കാണുന്നത്

“ഹാ… തല്ലാൻ വരട്ടെ… അതിനു മുൻപ് എന്തിനാ തല്ലുന്നതെന്ന് പറ…”

രുദ്ര് തെല്ല് പരിഹാസത്തോടെ ശില്പയോട് ചോദിച്ചു,

“തല്ലുകല്ല…കൊല്ലും ഞാനിവളെ…”

ശില്പ വീറോടെ പറഞ്ഞുകൊണ്ട് വീണ്ടും വൃന്ദയ്ക്ക് നേരെ തിരിഞ്ഞു

“തൊടില്ല നീയിവളെ… നീയന്നല്ല ഒരുത്തരും… ഇവൾ എന്റെ പെണ്ണാണ്… ഈ രുദ്രിന്റെ ജീവൻ… അവളെ നീ നുള്ളി വേദനിപ്പിച്ചൂന്ന് ഞാനറിഞ്ഞാൽ, കൊത്തിയരിഞ്ഞുകളയും ഞാൻ…”

വല്ലാതെ മുറുകിയ മുഖത്തോടെ രുദ്ര് ശിൽപയുടെ കൈ കുടഞ്ഞെറിഞ്ഞു, ശില്പ ഒരു നിമിഷം അവന്റെ മുഖത്ത് ഉറ്റുനോക്കി പല്ലുകടിച്ചു

“എന്നാൽ നീയൊന്നറിഞ്ഞോ… നീ എന്റെയാണ്… ഈ ശിൽപയുടെ… ഒരുത്തിക്കും കൊടുക്കില്ല നിന്നെ ഞാൻ… ഈ ശില്പ ഒന്നാഗ്രഹിച്ചിട്ടുണ്ടെൽ അത് നടത്തിയിരിക്കും…”

ശില്പ രുദ്രിന്റെ ബനിയനിൽ കൂട്ടിപ്പിടിച്ചുകൊണ്ട് ഒരു ഭ്രാന്തിയെപ്പോലെ മുരണ്ടു,

അവൾ പറഞ്ഞത് കേട്ട് വൃന്ദയും രുദ്രും ഒരു നിമിഷം തറഞ്ഞു നിന്നുപോയി,

ഒരു വല്ലാത്ത ചിരിയോടെ രുദ്ര് രണ്ട് കൈകളും ബലമായി പിടിച്ചുമാറ്റി

“പ്ഫാ… നീയാരാടി ചൂലേ… നിന്റെ മനസ്സിലിരിപ്പ് കൊള്ളാലോ… എന്നാ നീയും കേട്ടോ… ഈ രുദ്രിന്റെ ജീവിതത്തിൽ ഒരേ ഒരു പെണ്ണേ ഉള്ളു, അത് ഈ നിൽക്കുന്ന ഇവളാണ്…”

കരഞ്ഞുകൊണ്ട് നിന്ന വൃന്ദയെ അവൻ പിടിച്ച് മുന്നിലേക്ക് നിർത്തിക്കൊണ്ട് പറഞ്ഞു

“അത് നിന്റെ മോഹം മാത്രമാണ്… ഈ ശില്പ മോഹിച്ചിട്ടുള്ളതൊന്നും ഇന്നേവരെ നേടാതിരുന്നിട്ടില്ല… അതിൽ ഏറ്റവും വിലപിടിച്ചതാണ് എനിക്ക് നീ… അപ്പൊ ഞാൻ നിന്നെ വിട്ടുകളയോ… ഈ നിക്കുന്നവളെ കൊന്നിട്ടായാലും നിന്നെ ഞാൻ നേടിയിരിക്കും…”

അവൾ വീറോടെ പറഞ്ഞു,

“നീയും നിന്റെ തന്തയും ഒരു നുള്ള് മണ്ണ് ഇവളുടെ ദേഹത്ത് ഇട്ടാൽ… പിന്നേ നീ രുദ്രിന്റെ മറ്റൊരു മുഖം കാണും…”

രുദ്ര് പറഞ്ഞു നിർത്തി

“കാണാം… നീയെണ്ണിക്കോ…, കാവിലെ ഉത്സവത്തിന്റെ പത്താം ദിവസത്തിനു മുൻപ് നീ എന്റെ കഴുത്തിൽ താലി കെട്ടിയിരിക്കും… പറയുന്നത് ഞാനാ… ഈ ശില്പ…”

ശില്പ വെല്ലുവിളിപോലെ അവനോട് പറഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു, രുദ്രിന്റെ ചുണ്ടിൽ ഒരു പുച്ഛച്ചിരി വിടർന്നു, ശില്പ ഒരു നിമിഷം നിന്നു, പതിയെ വൃന്ദയുടെ മുന്നിൽ അന്ന് നിന്നു, വൃന്ദയപ്പോഴും പേടിച്ച് വിറച്ച് നിൽക്കുകയായിരുന്നു, ശില്പയെ കണ്ട് അവൾ പേടിയോടെ രുദ്രിന്റെ കൈത്തണ്ടയിൽ മുറുക്കിപ്പിടിച്ചു,

“ഈ ശില്പയെ വേദനിപ്പിച്ചു നീയിവനൊപ്പം ജീവിക്കില്ലടി… ശില്പയാ പറയുന്നേ… നീയറിഞ്ഞോ… ഇവൻ എന്റെതാ… ഈ ശിൽപയുടെ… നീയല്ല നിന്റെ കാവിലമ്മ വന്നപ്പോലും ഞാൻ വിട്ടു തരില്ല… നോക്കിക്കോ…”

അവസാന വാചകം രുദ്രിനെ നോക്കി പറഞ്ഞിട്ട് ശില്പ പുറത്തേക്ക് പോയി,

അത്രെയും നേരം പേടിച്ച് വിറച്ച് കണ്ണീർപൊഴിച്ചു നിന്നിരുന്ന വൃന്ദയെ അവൻ തന്റെ ദേഹത്തേക്ക് ചേർത്തു, അവൾ അവന്റെ നെഞ്ചിൽ മുഖം ചേർത്ത് വിമ്മികരഞ്ഞു

“ഉണ്ണിക്കുട്ടാ…”

രുദ്ര് പതിയെ അവളെ വിളിച്ചു, അവൾ ഒന്നുമിണ്ടാതെ കരഞ്ഞുകൊണ്ടിരുന്നു

“ഇവിടെനോക്ക്…”

രുദ്ര് പതിയെ അവളുടെ മുഖം വിരലുകൾക്കൊണ്ട് ഉയർത്തി പറഞ്ഞു

“എന്തിനാടി എപ്പോഴും ഇങ്ങനെ കരയുന്നെ…? എന്റടുത്തു ചട്ടമ്പിത്തരോം കൊണ്ട് വരാറുണ്ടല്ലോ… ഇപ്പോഴാ നീ ഒന്ന് സ്ട്രോങ്ങ്‌ ആകേണ്ടത്… നീയിപ്പോ പഴയപോലല്ല, നിനക്കിപ്പോ എല്ലാരുമുണ്ട്, പോരാത്തതിന് എന്തിനും ഏതിനും ഈ ഞാനും… ഉണ്ണിക്കുട്ടൻ പേടിക്കണ്ട എന്ത് സംഭവിച്ചാലും ദേവടം കാവിലമ്മയും പിന്നേ ഞാനും ഒപ്പമുണ്ടാകും നിനക്ക്… അതുപോരെ…”

അവൾ അവന്റെ മുഖത്ത് നോക്കി കുഞ്ഞുങ്ങളെപ്പോലെ തലയാട്ടി

“പിന്നേ കണ്ണീർ തുടക്ക്… എന്നിട്ട് പോയി സുന്ദരിക്കുട്ടിയായി വാ… ഇന്നെന്റെ ഉണ്ണിക്കുട്ടന്റെ ഭംഗി കണ്ട് ഇന്നാട്ടിലുള്ള എല്ലാവന്മാരുടേം കണ്ണടിച്ചുപോണം…”

രുദ്ര് അവളുടെ താടിയിൽ പിടിച്ച് കൊഞ്ചിച്ചുകൊണ്ട് പറഞ്ഞു

അവന്റെ പറച്ചിൽ കേട്ട് കണ്ണീരിനിടയിലും വൃന്ദ ചിരിച്ചുപോയി,

“പോ അവിടുന്ന്…”

അവൾ അവനെ തള്ളിമാറ്റി ചിരിച്ചുകൊണ്ട് മുറിയിൽനിന്നും ഇറങ്ങിപ്പോയി,

വൃന്ദ പോയതും രുദ്രിന്റെ ചുണ്ടിലെ ചിരി മാഞ്ഞു, മുഖം ഗൗരവമായി, അവൻ തന്റെ താടിയൊന്നുഴിഞ്ഞു ഫ്രഷാവാനായി പോയി,

••❀••

രാവിലത്തെ ചടങ്ങുകൾ കഴിഞ്ഞ് ദേവടത്തെ നിലവറയിൽ നിന്നും ദേവീ വിഗ്രഹവും കിരീടവും നിലവറയിൽ നിന്നും യഥാവിധി കർമത്തോടെ പൂജമുറിയിലേക്ക് എത്തിച്ചു, ദേവടത്തെ കുടുംബാംഗങ്ങൾ മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കുകയുള്ളു, എല്ലാവരും തൊഴുകൈകളോടെ നിന്നു, അപ്പോഴേക്കും രുദ്രും അവിടേക്ക് വന്നിരുന്നു, ഒരു കടും പച്ച നിറത്തിലുള്ള കുർത്തയും അതേ നിറത്തിലുള്ള കരയുള്ള മുണ്ടുമുടുത്ത് ആ കൂട്ടത്തിലേക്ക് വന്നു, ആ വേഷത്തിൽ അവന് നല്ല ഭംഗി തോന്നിച്ചു, അവന്റെ കണ്ണുകൾ ആ കൂട്ടത്തിൽ ഒരാളെ തിരഞ്ഞു, അപ്പോൾ കണ്ടു, പട്ട് ദാവണിയുടുത്ത് കണ്ണടച്ച് തൊഴുതു നിൽക്കുന്ന അവന്റെ പെണ്ണിനെ, അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു, ഈ ലോകത്തിലെ ഏറ്റവും സുന്ദരി അവളാണെന്ന് അവന് തോന്നി, അവൻ അവളെ കണ്ണെടുക്കാതെ നോക്കി നിന്നു, കണ്ണടച്ച് തൊഴുത് ചുണ്ടുകൾ പതിയെ അനക്കി എന്തോ പ്രാർത്ഥിക്കുന്ന അവളെ കണ്ട് രുദ്രിന് വല്ലാത്ത സ്നേഹം തോന്നി, എപ്പോഴോ കണ്ണ് തുറന്ന് നോക്കിയ വൃന്ദയുടെ കണ്ണുകളും അവന്റെ കണ്ണുകളുമായി ഇടഞ്ഞു, രണ്ടുപേരുടെ കണ്ണുകളിലും പ്രണയം അലയടിച്ചു, രണ്ടുപേരുടെയും ചുണ്ടുകളിൽ അവർക്ക് വേണ്ടി മാത്രമായി പുഞ്ചിരി വിരിഞ്ഞു, അവരുടെ രണ്ടുപേരുടെയും ഭാവങ്ങൾ ശ്രദ്ധിച്ചു നിന്ന ശില്പ കടപ്പല്ല് ഞെരിച്ചു,

••❀••

പൂജാമുറിയിൽ വിഗ്രഹം പ്രതിഷ്ഠിച്ചു രാവിലത്തെ പൂജയെല്ലാം കഴിഞ്ഞു രാജേന്ദ്രൻ ഉമ്മറത്ത് നിൽക്കുമ്പോഴായിരുന്നു ശ്രീകുമാറിന്റെ കാറ് ഗേറ്റ് കടന്ന് വരുന്നത് അയാൾ കാണുന്നത്, അയാളുടെ മുഖമൊന്നു മുറുകി, മുറ്റത്ത് കാറ് നിർത്തി ശ്രീകുമാറും മായയും കിച്ചയും ഇറങ്ങി, അവർ ചിരിയോടെ നടന്ന് രാജേന്ദ്രന്റെ അടുത്ത് ചെന്നു,

Leave a Reply

Your email address will not be published. Required fields are marked *