തുളസിദളം – 8അടിപൊളി  

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേക്ക് ചേർന്ന് ഇറുക്കെ പുണർന്നു, ഭൈരവിന്റെ ചുണ്ടിലും ഒരു ചിരി തെളിഞ്ഞു, അവനും അവളെ തന്നോട് ചേർത്ത് പിടിച്ചു

“നിന്നെപ്പോലെ ഒരു പെണ്ണിനേ കിട്ടിയത് എന്റെ ഭാഗ്യമാ…”

അവൻ അവളെ ഒന്നുകൂടി ഇറുക്കി പറഞ്ഞു.

“സുഖിപ്പിക്കല്ലേ മോനേ…”

അവൾ അവനെ വീണ്ടും ഉമ്മവച്ചുകൊണ്ട് പറഞ്ഞു

അതിന് അവൻ പതിയെ ചിരിച്ചു,

“നീയെന്തിനാ കവിളിൽ ഉമ്മ വയ്ക്കുന്നത്, ചുണ്ടിൽ ഒരുമ്മ താ…”

ഭൈരവ് പറഞ്ഞു

“അയ്യടാ മോനേ… അതൊക്കെ നമ്മുടെ ആദ്യരാത്രിയിലേക്ക് വച്ചിരിക്കുന്നതാ…”

അവൾ അവന്റെ കവിളിൽ ചൂണ്ടുവിരൽ കൊണ്ട് കുത്തിയിട്ട് പറഞ്ഞു,

“എനിക്കങ്ങനെയൊന്നുമില്ല എനിക്ക് ഉമ്മവയ്ക്കണമെന്ന് തോന്നിയാ ഞാൻ വയ്ക്കും ദാ… ഇതുപോലെ…”

അവൻ പറഞ്ഞുകൊണ്ട് അവളുടെ മുഖത്തേക്ക് മുഖമടുപ്പിച്ചു, കിച്ച ഞെട്ടി അവനെത്തള്ളിമാറ്റി പുറകിലേക്ക് മാറി ചുമരിൽ ചാരി നിന്നു, ഭൈരവ് അവളുടെ അടുത്തേക്ക് പതിയെ നടന്നു, കിച്ച മുഖം കുനിച്ച് കണ്ണുകൾ ഉയർത്തി നാണത്തോടെ നോക്കി, ഭൈരവ് അവളുടെ രണ്ടു വശത്തും കൈകൾ ചുമരിലൂന്നി അവളെ നോക്കി പതിയെ അവളുടെ മുഖത്തേക്ക് മുഖമടുപ്പിച്ചു, അവന്റെ നിശ്വാസം അവളുടെ മുഖത്ത് പതിച്ചപ്പോൾ അവൾ ഒന്ന് വിറച്ച് കണ്ണുകളടച്ചു നിന്നു, കുറച്ച് കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാത്തതിനാൽ അവൾ പതിയെ കണ്ണുകൾ തുറന്നു, അവളെത്തന്നെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന ഭൈരവിനെയാണ് കണ്ടത്,

“എന്തേലും പ്രതീക്ഷിച്ചോ…?”

കുസൃതി നിറച്ച പുഞ്ചിരിയുമായി അവൻ ചോദിച്ചു

ഒന്ന് ചമ്മിയെങ്കിലും പെട്ടെന്ന് മുഖഭാവം നേരെയാക്കി അവൾ നിന്നു,

“എന്ത് പ്രതീക്ഷിക്കാൻ…?? പിന്നേ… എന്റനുവാദമില്ലാതെ എന്നെ തൊട്ടാ അപ്പൊ അറിയാം…”

അവൾ ഗമയോടെ പറഞ്ഞു

“അത് എനിക്ക് മനസ്സിലായി…”

അവൻ പതിയെ പറഞ്ഞു

“മാറങ്ങോട്ട്…”

കിച്ച അവനെ തള്ളിമാറ്റി പുറത്തേക്ക് ഓടി

അത് കണ്ട് ഭൈരവ് ചിരിച്ചുപോയി

••❀••

ഇന്ന് മുതൽ തറവാട്ടിലെ ഊട്ടുപുരയിലാണ് ഭക്ഷണം വിളമ്പുന്നത്,

ആദ്യം ബ്രാഹ്മണർക്കും പിന്നീട് തറവാട്ടിലെ ആണുങ്ങൾക്കും അതിഥികൾക്കും, അതിനു ശേഷം സ്ത്രീകൾക്കും അങ്ങനെയാണ് ഭക്ഷണം വിളമ്പുന്നത്, നാട്ടുകാർക്കും ജോലിക്കാർക്കും, തറവാട്ട് പറമ്പിലിട്ട നീളൻ പന്തലിനുള്ളിലും…

ഉത്സവം കഴിയും വരെ വിഭവ സമൃദ്ധമായ സദ്യ ഉണ്ടാകും, ഭക്ഷണം തയ്യാറാക്കാൻ പാലക്കാട്ടു നിന്നും തൃശ്ശൂർ നിന്നും പാചകക്കാർ എത്തിയിരുന്നു, അതുകൊണ്ട് വൃന്ദയ്ക്ക് വലിയ തിരക്കൊന്നുമില്ലായിരുന്നു, മാത്രമല്ല എന്തെങ്കിലും ജോലി ചെയ്യുന്നത് കണ്ടാൽ സീതയും രുദ്രും ഭൈരവുമൊക്കെ വഴക്ക് പറയും, എങ്കിലും വൃന്ദ അടുക്കളയിലും മറ്റുമായി ഓടി നടന്നു,

ഉച്ചയ്ക്ക് ഊട്ടുപുരയിൽ ഭക്ഷണം വിളമ്പി, ബ്രാഹ്മണർ കഴിച്ച് കഴിഞ്ഞതിനു ശേഷം, തറവാട്ടിലെ ആണുങ്ങൾക്ക് ഇലയിട്ടു, അതിന്റെ കൂട്ടത്തിൽ കുട്ടികളെയും ഇരുത്തി, കുഞ്ഞി കണ്ണനെ കഴിക്കാൻ വിളിച്ചപ്പോൾ, താൻ ആക്കൂട്ടത്തിലിരുന്നാൽ ആർക്കും ഇഷ്ടമാവില്ലായെന്ന് അറിയാവുന്നത് കൊണ്ട് അവൻ ഇരിക്കാൻ കൂട്ടക്കാതെ നിന്നു, പിന്നീട് കുഞ്ഞി പിണങ്ങുമെന്നായപ്പോൾ അവൻ മനസ്സില്ല മനസ്സോടെ അവളുടെ അടുത്തിരുന്നു,

ഉപ്പേരിയും മറ്റും വിളമ്പിയപ്പോൾ കുഞ്ഞി അതിൽ നിന്നും ഓരോന്നെടുടുത്ത് കണ്ണന്റെ വായിൽ വച്ചുകൊടുക്കുന്നുണ്ട് കണ്ണനും അവന്റെ ഇലയിൽ നിന്നും കുഞ്ഞിക്കും കൊടുക്കുന്നുണ്ട്, അപ്പോഴേക്കും എല്ലാവരും ഇരുന്നിരുന്നു, ഊട്ടുപുര ഏകദേശം നിറഞ്ഞു, അപ്പോഴേക്കും ഭക്ഷണം വിളമ്പി തുടങ്ങിയിരുന്നു… അപ്പോഴാണ് രാജേന്ദ്രനും മഹിയും സുരേഷും അവിടേക്ക് വന്നത്, രാജേന്ദ്രൻ അത്യാവശ്യം മദ്യപിച്ചിട്ടുണ്ടായിരുന്നു, അയാളുടെ കണ്ണുകൾ ചുവന്നു കിടന്നു,

“അളിയനെന്താ വൈകിയത്…?”

വിശ്വനാഥൻ ചോദിച്ചു

“ഇവരെന്റെ സുഹൃത്തുക്കളാ അളിയാ, ഇവരെ കാത്തുനിന്ന് താമസിച്ചുപോയി…”

അയാൾ ചിരിയോടെ പറഞ്ഞു

“എന്നാപ്പിന്നെ എല്ലാപേരും കഴിക്കാനിരിക്ക്…”

വിശ്വനാഥൻ പറഞ്ഞു,

അയാളൊന്ന് മൂളിക്കൊണ്ട് ചുറ്റും നോക്കി, ഊട്ടുപുര ഏകദേശം നിറഞ്ഞിരുന്നു, ഒന്നോ രണ്ടോപേർക്കുള്ള സ്ഥലം മാത്രമേ അവശേഷിക്കുന്നുള്ളു, അപ്പോഴാണ് അയാൾ കുഞ്ഞിയുടെ അടുത്തിരുന്ന് കഴിക്കുന്ന കണ്ണനെ കാണുന്നത്, അയാളുടെ കണ്ണുകൾ ഒന്ന് കുറുകി, രാവിലെ ശില്പ പറഞ്ഞ കാര്യങ്ങളും ഉള്ളിലെ മദ്യത്തിന്റെ ലഹരിയും അയാൾ പരിസരം മറന്ന് അലറി,

“ഡാ…”

എല്ലാവരും ഒന്ന് ഞെട്ടി, അയാളുടെ തുറിച്ചുനോട്ടം തന്റെ നേരെയാണെന്ന് മനസ്സിലായ കണ്ണന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി,

“ക്ഷണിച്ചു വരുത്തിയവരെ ഇരുത്തിയിട്ട് പോരേ നിന്റെ അമൃതേത്ത്… നിന്നോടാരാടാ പറഞ്ഞത് ഇപ്പൊ ഇവിടെ കേറിയിരിക്കാൻ, ഛീ എഴുന്നേക്കട അവിടുന്ന്…”

അയാൾ കണ്ണനോടായി അലറി, കണ്ണൻ പേടിച്ച് വിറച്ചുകൊണ്ട് എഴുന്നേറ്റു, അവൻ ചുറ്റും നോക്കി അവന് വല്ലാത്ത അപമാനം തോന്നി അവൻ ആരെയും നോക്കാൻ കഴിയാതെ തല കുനിച്ചു, അവന്റെ കണ്ണുകൾ നിറഞ്ഞു, അവൻ തന്റെ ഭക്ഷണം പുരണ്ട കൈവിരലുകൾ കൂട്ടിതിരുമി, എല്ലാവരും സ്തംഭിച്ചു നോക്കിയിരിക്കുകയാണ്, കുഞ്ഞി കരഞ്ഞുകൊണ്ട് കണ്ണന്റെ കയ്യിൽ പിടിച്ചു

“കണ്ണേട്ടാ….”

അവൾ അവനെ നോക്കി വിതുമ്പി, കണ്ണൻ അവളെ മുഖത്ത് വരുത്തിയ ചിരിയോടെ ഒന്ന് നോക്കി അപ്പോഴും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു, അപ്പോഴേക്കും വൃന്ദ അവനരുകിൽ വന്നിരുന്നു, കണ്ണൻ സങ്കടം സഹിക്കാനാവാതെ അവളെ ചുറ്റിപ്പിടിച്ചു തേങ്ങി, അവൾ അവനെ അലിവോടെ നോക്കി അവന്റെ മുന്നിലുണ്ടായിരുന്ന ഇല മടക്കിയെടുത്ത് അവനെയും കൂട്ടി പുറത്തേക്ക് പോയി, രാജേന്ദ്രനെ എല്ലാപേരും ഒരു വല്ലാത്ത ഭാവത്തിൽ നോക്കി, ഒരുനിമിഷം താൻ ചെയ്തത് അബദ്ധമായോ എന്ന് അയാൾക്ക് തോന്നി,

പെട്ടെന്ന് അയാളുടെ നെറ്റിയിൽ ശക്തമായെന്തോ വന്നു കൊണ്ടു, അയാൾ നെറ്റി പൊത്തിപ്പിടിച്ച് നോക്കി വിരലുകൾക്കിടയിലൂടെ ചൂട് ചോര ഒലിച്ചിറങ്ങി, എന്താണ് സംഭവിച്ചതെന്നറിയാൻ അയാൾ മുഖമുയർത്തി നോക്കുമ്പോൾ, ദേഷ്യം കൊണ്ട് ജ്വാലിച്ചുകൊണ്ട് കുഞ്ഞി നിൽക്കുന്നു, അവൾ അയാളുടെ നെറ്റിയിലേക്ക് വലിച്ചെറിഞ്ഞ ചില്ലുഗ്ലാസ് പൊട്ടി തകർന്ന് നിലത്തപ്പോഴും കിടക്കുന്നുണ്ടായിരുന്നു,

വീണ്ടും അയാളുടെ നേർക്ക് ദേഷ്യത്തോടെ പായാൻ നോക്കിയ കുഞ്ഞിയെ കിച്ച തടഞ്ഞു നിർത്തി,

“വിട് എന്നെ…”

കുഞ്ഞി കുതറി, കിച്ച അവളെ സമാധാനിപ്പിച്ചു

പിന്നീട് കിച്ച അയാളുടെ നേർക്ക് നടന്നു,

“താനക്കെയൊരു മനുഷ്യനാണോടോ…? ഒരു ചെറിയ കുഞ്ഞ് അതിനെ അന്നത്തിന്റെ മുന്നേന്ന് എഴുന്നേൽപ്പിച്ചു വിട്ട തന്നെ മനുഷ്യനെന്നു വിളിക്കാൻ അറപ്പ് തോന്നുന്നു, തന്റെ ചെകിട് തീർത്തു ഒരെണ്ണം തരാനാ എനിക്ക് തോന്നുന്നത്, പക്ഷേ ഇത് തന്റെ വീടും താൻ എന്നെക്കാളും മൂത്തതും ആയിപ്പോയി, താനീകാണിച്ചതിന് താൻ അനുഭവിക്കും… ഒരു നേരത്തെ ഭക്ഷണത്തിനായി താൻ എരക്കും, നോക്കിക്കോ…”

Leave a Reply

Your email address will not be published. Required fields are marked *