തുളസിദളം – 8അടിപൊളി  

നന്ദൻ പറഞ്ഞു

അത് കേട്ട് വിവേക് ഒന്ന് ചിരിച്ചു

“വൈകിപ്പോയി നന്ദൻ… ഒരുപാട് വൈകിപ്പോയി… അവളിന്ന് മറ്റൊരുത്തന് സ്വന്തമാണ്… അവളുടെ ജീവനും ജീവിതവുമെല്ലാം അവനാണ്…. അവനും അവളെ ജീവനെക്കാളേറെ സ്നേഹിക്കുന്നു… ഞാൻ മനസ്സിലാക്കിയടത്തോളം തനിക്ക് അവളോട് ഒരു പ്രണയവും ഉണ്ടായിരുന്നില്ല… ഉണ്ടായിരുന്നെങ്കിൽ താനൊരിക്കലും അവളെ തള്ളി പറയില്ലായിരുന്നു… ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് അവളെ സംശയിക്കില്ലായിരുന്നു… ആ കുട്ടി ആ നരകത്തിൽ കിടന്ന് അനുഭവിച്ചത് എന്തായിരുന്നുവെന്ന് എനിക്കറിയാം… പിന്നേ… താൻ പറഞ്ഞപോലെ ദേവടത്തെ ഒരു മുറിയിൽ നിന്നും ഒരു വല്ലാത്ത സമയത്ത് ഒരു പെൺകുട്ടിയോടൊപ്പം ഞാൻ ഉണ്ടായിരുന്നു… പക്ഷേ അത് ഒരിക്കലും ഉണ്ണിയല്ല… അത് ശില്പയായിരുന്നു…”

നന്ദൻ ഞെട്ടലോടെ കേട്ടിരുന്നു

“അതേ നന്ദൻ… ഞാനും ശില്പയും തമ്മിൽ ഇഷ്ടത്തിലായിരുന്നു… അവൾക്ക് വേണ്ടി മരിക്കാൻ പോലും തയ്യാറായിരുന്നു ഞാൻ, ഒരിക്കൽ എന്റെ ബുദ്ധിമോശം കൊണ്ട് ശില്പ വിളിച്ചിട്ട് ഞാൻ അവളുടെ അടുത്ത് ദേവടത്ത് ചെന്നു… അത് കണ്ടുപിടിച്ച അവളുടെ അച്ഛൻ എന്നെ പൊതിരെ തല്ലുമ്പോഴും, ഞാൻ അവൾക്ക് വേണ്ടി അതെല്ലാം സഹിച്ചു… പിന്നീട് അവളുടെ അച്ഛന്റെ ഗുണ്ടകൾ എന്നെ തല്ലി അവശനാക്കിയപ്പോൾ പിന്നേ നാട്ടിൽ നിക്കാൻ കഴിയാതെ രാജ്യം വിടുമ്പോൾ… അറിഞ്ഞിരുന്നില്ല ശില്പക്ക് എല്ലാമൊരു നേരമ്പോക്കായിരുന്നു എന്ന്… താൻ വിശ്വസിക്കണം ഞാനീപ്പറയുന്നതെല്ലാം സത്യമാണ്… ഉണ്ണിമോളേ എന്റെ ഒരു സഹോദരിയായല്ലാതെ ഞാൻ കണ്ടിട്ടില്ല…”

വിവേക് പറഞ്ഞു നിർത്തിക്കൊണ്ട് ഫോൺ എടുത്ത് നമ്പർ ഡയൽ ചെയ്ത് ലൗഡ്സ്പീക്കറിൽ ഇട്ടു

“ഹലോ… എന്താ മോനേ…?”

ഫോണിലൂടെ കേശു നായരുടെ ശബ്ദം പുറത്ത് വന്നു, നന്ദൻ ശ്രദ്ധയോടെ അത് കാതോർത്തു

“അച്ഛനോട് ഞാനൊരു കാര്യം ചോദിക്കാനാണ് വിളിച്ചത്…”

വിവേക് ഗൗരവത്തോടെ മുഖവുരയിട്ടു

“എന്താ മോനേ കാര്യം…?”

“എന്നെങ്കിലും അച്ഛനെ അന്വേഷിച്ച് ദേവടത്തെ ശില്പയെ കെട്ടാൻ പോകുന്ന പയ്യൻ വന്നിരുന്നോ…?”

ഒരു നിമിഷം അപ്പുറം നിശബ്ദമായി

“ഇ… ഇല്ലല്ലോ…”

കേശുനായർ ഒന്ന് വിക്കി

“അച്ഛൻ നുണപറയാൻ നിൽക്കണ്ട… എല്ലാം അറിഞ്ഞിട്ടാണ് ഞാൻ വിളിക്കുന്നത്…”

വിവേക് ദേഷ്യത്തോടെ ഒച്ചയെടുത്തു

“മോനേ… ഞാൻ… ആ ശില്പ കുഞ്ഞ് വന്ന് പറഞ്ഞ് ഒരു അമ്പയിനായിരം രൂപ തന്നപ്പോ…”

അയാൾ പതിയെ പറഞ്ഞ് നിർത്തി

“നിങ്ങളൊരു മനുഷ്യനാണോ…? ഒരുപാവം പിടിച്ച പെൺകുട്ടിയെപ്പറ്റി… ഛെ… ഞാൻ നിങ്ങളുടെ സ്വന്തം മോനല്ലേ… നിങ്ങൾ ഈ പറഞ്ഞതിനൊക്കെ അനുഭവിക്കും നോക്കിക്കോ…”

വിവേക് അസ്വസ്ഥതയോടെ ഫോൺ കട്ട്‌ ചെയ്തു,

നന്ദൻ എല്ലാം കേട്ട് മരവിച്ച് ഇരിക്കുകയായിരുന്നു,

പിന്നീടവൻ ശിൽപയുടെ ഫോണിലേക്ക് വിളിച്ചു

“ഹലോ… ഇത് ശില്പയാണോ…?”

ഫോൺ കണക്ട് ആയതും അവൻ ചോദിച്ചു,

“അതേ… ആരാണ്…?”

മറുപ്പുറത്തു നിന്നും മറുപടി വന്നു

“ഞാൻ വിവേകാണ്…”

അവൻ പറഞ്ഞതും, അപ്പുറം ഒരു നിമിഷം നിശബ്ദമായി

“ഹെലോ… ശില്പ… കേൾക്കുന്നില്ലേ…”

അവൻ ചോദിച്ചു

“ഉവ്വ്…”

“താനെന്തിനാ എന്നെയും ഉണ്ണിമോളെയും ചേർത്ത് അനാവശ്യം പറയാനായി എന്റച്ഛന് പണം കൊടുത്തത്…?”

അവൻ ചോദിച്ചു

അവളൊന്നും മിണ്ടിയില്ല

“ഞാൻ ശില്പയോടാണ് ചോദിക്കുന്നത്…”

അവൾ പെട്ടെന്ന് കാൾ കട്ട്‌ ചെയ്തു

വിവേക് നന്ദനെ നോക്കി

നന്ദൻ എല്ലാം കേട്ട് ഞെട്ടിത്തരിച് ഇരിക്കുന്നുണ്ടായിരുന്നു,

“ഇനീം നന്ദന് തെളിവ് വേണോ…?”

വിവേക് ചോദിച്ചു, നന്ദൻ വേണ്ടായെന്ന് തലയാട്ടി, വിവേക് പതിയെ എഴുന്നേറ്റു

“നന്ദൻ… താൻ ഇനിയൊരു സെക്കന്റ്‌ ചാൻസിന് ഉണ്ണിമോൾടെ അടുത്തേക്ക് പോകരുത്, ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് കണ്ണിൽ നിറയേ കുസൃതിയും ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയുമായി ഉണ്ണിമോളേ കാണുന്നത്, അത് അവളുടെ രാജകുമാരന്റെ മാജിക്‌ ആണ്… അവൾ അവനുള്ളതാണ്… അവൻ അവൾക്കുള്ളതും…”

വിവേക് നന്ദനോട് പറഞ്ഞുകൊണ്ട് പുറത്തേക്ക് നടന്നു

നന്ദൻ അത് നോക്കി പുഞ്ചിരിച്ചു, ചതിക്കപ്പെട്ടവന്റെ പുഞ്ചിരി…

••❀••

നന്ദൻ വല്ലാതെ തകർന്നടിഞ്ഞാണ് നന്ദനത്തിലേക്ക് കയറിചെന്നത്,

ചെല്ലുമ്പോൾ ശോഭയും സാബുവും ലിവിങ് റൂമിൽ സംസാരിച്ചുകൊണ്ടിരിപ്പുണ്ട്, നന്ദന്റെ മുഖഭാവം ശ്രദ്ധിച്ച അവർ അവനരികിലേക്ക് ചെന്നു

“എന്താ നന്ദൂട്ടാ…? മുഖമെന്താ വല്ലാതിരിക്കുന്നത്…?”

ശോഭ ആവലാതിയോടെ ചോദിച്ചു,

നന്ദൻ ഒരു നിമിഷം ശോഭയുടെ മുഖത്തേക്ക് നോക്കി അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി,

ശോഭയുടെയും സാബുവിന്റെയും മുഖങ്ങളിൽ വെപ്രാളം നിറഞ്ഞു

“എന്താ നന്ദൂട്ടാ… എന്തിനാ അമ്മേടെ കുട്ടി കരയണേ… പറ നന്ദൂട്ടാ…”

ശോഭ വെപ്രാളത്തോടെ അവനെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു, സാബുവും അവന്റെ മുഖത്ത് നോക്കി നിന്നു

നന്ദൻ ശോഭയെ കെട്ടിപ്പിടിച്ച് തേങ്ങി

“ചതിക്കയായിരുന്നു എല്ലാരും എന്നെ…”

അവൻ വിതുമ്പിക്കൊണ്ട് പറഞ്ഞു

“എന്തുപറ്റി നന്ദൂട്ടാ…?”

സാബു അവനോട് ചോദിച്ചു

നന്ദൻ വിവേക് പറഞ്ഞതും അവൻ കേട്ടതുമായുള്ള എല്ലാം അവരെ പറഞ്ഞു കേൾപ്പിച്ചു, എല്ലാപേർക്കും അതൊരു ഷോക്ക് ആയിരുന്നു

കുറച്ച് നേരം ആരും ഒന്നും മിണ്ടിയില്ല… നന്ദൻ പതിയെ മുറിയിലേക്ക് നടന്നു, ശോഭയുടെ കണ്ണുകൾ നിറഞ്ഞിരുന്നു,

“സാബുവേട്ടാ… ഇന്നേവരെ ഞാൻ ഒന്നും സാബുവേട്ടനോട് ആവശ്യപ്പെട്ടിട്ടില്ല… പക്ഷേ… ഇപ്പൊ ഞാൻ ഒരാഗ്രഹം പറയുന്നു… ഉണ്ണിമോളേ എനിക്ക് വേണം… എന്റെ നന്ദന്റെ പെണ്ണായി… എന്റെ മരുമോളായി… ഈ നന്ദനത്തിന്റെ പടികയറി അവൾ വരണം…. എനിക്ക് എന്റെ നന്ദൂട്ടന്റെ വിഷമം കാണാൻ വയ്യ…”

ശോഭ കിതച്ചുകൊണ്ട് പറഞ്ഞു

സാബുവിന്റെ മുഖത്ത് എന്തോ നിശ്ചയിച്ചുറപ്പിച്ച ഭാവം നിറഞ്ഞു

••❀••

തറവാട്ടിലെ പൂജാമുറിയിൽ നിന്നും ക്ഷേത്രം തന്ത്രി പകർത്തിയ നിലവിളക്ക് ആചാരനുഷ്ടാനങ്ങളോടെ വൃന്ദയുടെ കൈകളിൽ ഏൽപ്പിച്ചു… ഒരുനിമിഷം കണ്ണടച്ച് പ്രാർത്ഥിച്ചുകൊണ്ട് വിളക്ക് തൊട്ട് തൊഴുത് അവൾ കയ്യിൽ വാങ്ങി

ചുവന്ന ബ്ലൗസും സെറ്റ് സാരിയിലും അവൾ അതിസുന്ദരി ആയിരുന്നു, വിളക്കിന്റെ പ്രകാശം അവളുടെ മുഖത്തെ കൂടുതൽ സുന്ദരിയാക്കി, നെറ്റിയിൽ തൊട്ട കുങ്കുമം വല്ലാത്ത ഭംഗി തോന്നിച്ചു,

കത്തിച്ച തൂക്കുവിളക്കുമായി തറവാട് കാരണവർ വിശ്വനാഥൻ വഴികാട്ടിയായി മുന്നേ നടന്നു… ചെണ്ടമേളത്തിന്റെയും വായ്ക്കുരവയുടെയും അകമ്പടിയോടെ അവർ കാവിലേക്ക് തിരിച്ചു,

കരിമ്പനയ്ക്ക് അടുത്തെത്തി കാവിലമ്മയുടെ ദാസിയായ തേവി എന്ന യക്ഷിയെ കൂട്ടുവിളിക്കുന്ന ചടങ്ങ് പൂർത്തിയാക്കി… പിന്നീട് ഒരു പാവവിളക്കിൽ ദീപം പകർന്ന് തന്ത്രി അനുഷ്ടാനത്തോടെ വൃന്ദയെ ഏൽപ്പിച്ചു… ഭക്തരുടെ വായ്ക്കുരവയോടെ അവൾ ഭക്തിയോടെ വിളക്ക് വാങ്ങി കാവിലേക്ക് നടന്നു… അത് കണ്ടു നിന്ന ശിൽപയുടെ ചുണ്ടിൽ ഒരു പുച്ഛചിരി വിടർന്നു.

Leave a Reply

Your email address will not be published. Required fields are marked *