തുളസിദളം – 8അടിപൊളി  

അവൻ പതിയെ അവളുടെ കവിളിൽ ചുംബിച്ചു, പിന്നീട് ആ തുടുത്ത കവിളുകളിൽ പതിയെ കടിച്ചു… വൃന്ദ ഒരു നിമിഷം ആ ചെയ്തികളിൽ ലയിച്ചു നിന്നു, അവന്റെ ചുണ്ടുകൾ പതിയെ താഴെക്കിഴഞ്ഞു അവളുടെ ചുണ്ടുകൾ സ്വന്തമാക്കി, അവളുടെ കൈകൾ അവന്റെ ഷർട്ടിൽ പിടിച്ചു മുറുക്കി, എത്രനേരം അങ്ങനെ നിന്നെന്നറിയില്ല, ഒരു ശബ്ദം കേട്ട് ശ്രദ്ധിക്കുമ്പോഴാണ് കണ്ണ് തള്ളി വായ തുറന്ന് അവരെ നോക്കി നിൽക്കുന്ന ഭൈരവിനെ കാണുന്നത്,

“യ്യോ… ന്റെ കാവിലമ്മേ…”

എന്ന് വിളിച്ചുകൊണ്ടു വൃന്ദ ചമ്മലോടെ രുദ്രിന്റെ പിന്നിലൊളിച്ചു,

രുദ്ര് അവനെ നോക്കി നന്നായൊന്ന് ഇളിച്ചു,

“ന്തോന്നാടാ ഇത്…”

ചളിപ്പോടെ ഭൈരവ് ചോദിച്ചു

“അത് ഉണ്ണിക്കുട്ടന്റെ കണ്ണില് പൊടി വീണപ്പോ… ഞാനത് എടുക്കാൻ… വായിലൂടെ ഊതി…”

രുദ്ര് വാക്കുകൾ തപ്പിപെറുക്കി

“സ്സ്…ഹാ…”

വൃന്ദ രുദ്രിന്റെ പുറത്ത് നന്നായൊന്ന് പിച്ചി, രുദ്ര് എരിവ് വലിച്ചു,

ഭൈരവ് രുദ്രിന് പിന്നിൽ നിൽക്കുന്ന വൃന്ദയെ നോക്കി, കണ്ണുകൾ ഇറുകെ അടച്ച് കൈകൾ കൂട്ടിതിരുമി ചമ്മലോടെ നിൽക്കുകയാണ് കക്ഷി,

“ഇങ്ങോട്ട് മാറി നിൽക്ക്…”

കപട ദേഷ്യത്തോടെ ഭൈരവ് പറഞ്ഞു

അവൾ ഇല്ലാന്ന് തലയാട്ടിക്കൊണ്ട് രുദ്രിന്റെ കയ്യിൽ തൂങ്ങി നിന്നു

“എന്തായിരുന്നു രണ്ടിനും ഇവിടെ പരിപാടി…?”

ഭൈരവ് കുസൃതിയോടെ ചോദിച്ചു

വൃന്ദ പെട്ടെന്ന് രുദ്രിനെ വിട്ട് നാണിച്ചു അടുക്കളയിലേക്കോടി,

ഭൈരവ് ആക്കി ചിരിയോടെ അത് നോക്കി നിന്നു

പിന്നീട് തിരിഞ്ഞ് രുദ്രിന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് ചുമരിലേക്ക് ചേർത്തു

“എന്തോന്നാടാ നാറി… ആ പാവപ്പെട്ട പെങ്കൊച്ചിനെ പെഴപ്പിക്കാൻ നോക്കുന്നോ…”

ഭൈരവ് ശബ്ദം അമർത്തിക്കൊണ്ട് ചോദിച്ചു

“വിഡ്രാ… ഞാനെന്തിനാ അവളെ പെഴപ്പിക്കുന്നത്, അവളെന്റെയാടാ, എന്റെ മാത്രം…”

രുദ്ര് അവന്റെ കൈ തട്ടി മാറ്റിക്കൊണ്ട് പറഞ്ഞു,

“ആണല്ലോ…? അപ്പൊ ഇനി ഇമ്മാതിരി വേലകൾ കാണിച്ചാലുണ്ടല്ലോ… പള്ളയ്ക്ക് മുട്ട് കേറ്റിത്തരും ഞാൻ… ഇവിടെ നിങ്ങൾ രണ്ടുപേർ മാത്രമല്ല പറഞ്ഞേക്കാം…”

ഭൈരവ് ചിരിയോടെ മുട്ടുയർത്തിക്കൊണ്ട് പറഞ്ഞു, പിന്നീട് അവർ പരസ്പരം നോക്കി ചിരിച്ചു

••❀••

“ഡീ.. ഉണ്ടക്കണ്ണി…”

അന്ന് വൈകിട്ട് കാവിൽ വിളക്ക് വയ്ക്കാൻ പോകുകയായിരുന്ന വൃന്ദയും കണ്ണനും കുഞ്ഞിയും പിറകിൽ നിന്നും ആരോ വിളിക്കുന്നത് കേട്ട് തിരിഞ്ഞു നോക്കി,

സുമുഖനായ ഒരു ചെറുപ്പക്കാരൻ മുഖത്ത് ചിരിയുമായി അവർക്കരികിലേക്ക് വരുന്നുണ്ടായിരുന്നു,

ഒരു നിമിഷം അത്ഭുതവും പിന്നേ നിറഞ്ഞ ചിരിയും, വൃന്ദയുടെയും കണ്ണന്റെയും മുഖത്ത് വിരിഞ്ഞു

“വിവേകേട്ടാ… ഇതെപ്പോ വന്നു നാട്ടിൽ… ലതേച്ചി ഒന്നും പറഞ്ഞില്ലല്ലോ…”

വൃന്ദ ചിരിയോടെ ചോദിച്ചു,

“ഇന്ന് രാവിലെ, ഞാനാ അമ്മയോട് പറഞ്ഞത് നിങ്ങളോട് പറയണ്ടാന്ന്, ഒരു സർപ്രൈസ്‌ തരാൻ…”

വിവേക് അവരുടെ അടുത്തെത്തി പറഞ്ഞു

“ടാ… കണ്ണാ നീയങ്ങ് വലുതായല്ലോ… ഇതാരാ കൂടെ…?”

വിവേക് വാത്സല്യത്തോടെ കണ്ണനോട് ചോദിച്ചു

“ഇത് കുഞ്ഞി, വിശ്വനാഥൻ മാമന്റെ മോളാ…”

കണ്ണൻ പറഞ്ഞു

“അമ്മ പറഞ്ഞാരുന്നു… പണ്ട് പുറപ്പെട്ടുപോയ…?”

അവർ അതേയെന്ന് തലയാട്ടി

“അപ്പൊ കണ്ണന്റെ മുറപ്പെണ്ണ്… കൊള്ളാലോ സുന്ദരിക്കുട്ടിയാണല്ലോ…”

വിവേക് അവരെ നോക്കി പറഞ്ഞു

കുഞ്ഞി നാണത്തോടെ കണ്ണന്റെ കയ്യിൽ ചുറ്റിപ്പിടിച്ചു,

“പിന്നേ… എന്തൊക്കെയാ വിശേഷങ്ങൾ… പറ…”

വിവേക് വൃന്ദയോട് ചോദിച്ചു

അവളതിനൊന്ന് ചിരിച്ചു

“പിന്നേ… നമ്മുടെ കോമൺ ശത്രുക്കൾ എന്ത് പറയുന്നു…? കല്യാണ നിശ്ചയം കഴിഞ്ഞല്ലേ…?”

അവൻ ഓരോന്നായി ചോദിച്ചു

“അതൊക്കെ വിട്ടേക്ക് ഇനിയൊന്നിനും പോകണ്ട… കഴിതൊക്കെ കള…”

വൃന്ദ അവനോട് പറഞ്ഞു

“ഏയ്‌… ഞാനൊന്നിനും പോകുന്നില്ല… പക്ഷേ എന്നെ ഈ വിധമാക്കിയ അവൾക്കും അവളുടെ തന്തക്കും ഒരു പണി കൊടുക്കണം… ഇല്ലേൽ ഈ മീശയും വച്ചു നടക്കുന്നതിൽ അർത്ഥമില്ല…”

അവൻ പറഞ്ഞു,

“നോക്കിക്കോ ഞാൻ പോണേനു മുന്നേ അവർക്കിട്ട് ഒരടാറ് പണി കൊടുത്തിരിക്കും ഞാൻ,”

വിവേക് പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞു.

••❀••

ഇനി ഉത്സവകാലം

കാവിലെ ഉത്സവത്തിന് ഏഴ് ദിവസം മുന്നേ നിലവറയിൽനിന്നും ദേവി വിഗ്രഹവും കിരീടവും ആചാരാനുഷ്ടാനങ്ങളോടെ പുറത്തെടുക്കും, പിന്നീട് അഞ്ചുദിവസത്തെ കൃത്യമായ പൂജാ വിധികൾക്കൊപ്പം ആറാം ദിവസം ഘോഷയാത്രയോടെ കാവിലെ കുളത്തിൽ നീരാടിച്ചു കാവിൽ പ്രതിഷ്ടിക്കും, പിന്നീട് രണ്ടുനാൾ കഴിഞ്ഞ് പൂജാവിധികളോടെ പത്തുദിവസത്തെ ഉത്സവത്തിന് നട തുറന്ന് നാട്ടുകാർക്ക് ദർശനം നൽകും, ഇതാണ് ദേവടം കാവിലെ രീതി,

••❀••

ഇന്ന് തറവാട്ടിലെ നിലവറയിൽ നിന്നും ദേവി വിഗ്രഹം പുറത്തെടുത്ത് ദേവടത്തെ പൂജാമുറിയിൽ അഞ്ചു ദിവസം യഥാവിധി പൂജകൾ നടത്തും, അതിനുശേഷമാണ് ഉത്സവത്തിനായി കാവിൽ പ്രതിഷ്ടിക്കുന്നത്, പൂജാരിമാരും തന്ത്രിയുമെല്ലാം എത്തിയിട്ടുണ്ട്,

ആദ്യം പ്രപഞ്ചത്തിലെ സർവ ചരാചരങ്ങൾക്ക് വേണ്ടിയും, സർവ മനുഷ്യർക്ക് ഐശ്വര്യവും സമാധാനത്തിനും വേണ്ടിയും, വസിക്കുന്ന രാജ്യത്തിനു കീർത്തിക്കുവേണ്ടിയും, ചക്രവർത്തിമാർക്ക് പുകല്പറ്റാൻവേണ്ടിയും, നാടിന് വരൾച്ചയും രോഗങ്ങളും വരാതിരിക്കാൻവേണ്ടിയും, രാജാവ് നീണാൾ വാഴാൻവേണ്ടിയും, പ്രജകൾക്ക് നന്മയ്ക്ക് വേണ്ടിയും, ക്ഷേത്രത്തിന് വേണ്ടിയും, തറവാടിന് സമ്പൽസമൃദ്ധി ഉണ്ടാകാനും, തറവാട്ടഗംങ്ങൾക്ക് രോഗ ബാധയും ജരാനരകളും ഉണ്ടാകാതിരിക്കാനും ദീർഘായുസ്സിന് വേണ്ടിയും ദേവിക്ക് പൂജനടത്തി അപേക്ഷിക്കും,

പിന്നീട് ക്ഷേത്ര കാവലിനായി കാവിലമ്മ തന്നെ നിയോഗിച്ചത് എന്ന് സങ്കൽപ്പിക്കുന്ന കാവിന് അക്കരെയുള്ള കരിമ്പനയുടെ മുകളിൽ വസിക്കുന്ന തേവി എന്ന യക്ഷിയമ്മയെ താമ്പൂലം, കൊഴുന്ന്, നെല്ല്, ചുവന്ന പട്ട്, കുങ്കുമം എന്നിവകൊണ്ട് പ്രീതിപ്പെടുത്തി, തറവാട്ട് പടിയിൽ നിന്ന് ദേവിക്ക് അകമ്പടിക്ക് ക്ഷണിക്കും, ദേവി വിഗ്രഹം കാവിലെത്തി പ്രതിഷ്ടിച്ചാൽ ദേവിയുടെ ദാസിയും, കാവിന്റെ കാവൽക്കാരിയുമായി തേവി എന്ന യക്ഷി മാറും എന്നാണ് സങ്കല്പം,

വൃന്ദ അന്ന് രാവിലെ എഴുന്നേറ്റ് കെടാവിളക്കിൽ എണ്ണയൊഴിച്ച് അടുക്കളയിൽ വന്നപ്പോൾ ലതയുണ്ട് അടുക്കളയിൽ, ലത തന്നെ എല്ലാവർക്കുമുള്ള ചായയും മറ്റും ഉണ്ടാക്കിയിരുന്നു, വൃന്ദ ചിരിച്ചുകൊണ്ട് ലതയോട് വിശേഷങ്ങൾ തിരക്കി, തിരികെ മുറിയിലേക്ക് ചെന്നു, കണ്ണനും കുഞ്ഞിയും ഉണർന്നിട്ടില്ല, ഇപ്പൊ കുഞ്ഞിയും കണ്ണനോപ്പമാണ് ഉറങ്ങുന്നത്, കണ്ണനെ കെട്ടിപ്പിടിച്ച് ഒരു കാല് അവന്റെ ദേഹത്തേക്കിട്ട് സുഖമായുറങ്ങുന്നു, കണ്ണനും നല്ല ഉറക്കത്തിലാണ്, വൃന്ദ രണ്ടുപേരെയും നോക്കി പുഞ്ചിരിച്ച്, രണ്ടു പേരെയും പതിയെ തലോടി,

കുഞ്ഞി ഉറക്കത്തിലെന്തോ പറയുന്നുണ്ട് അതിൽ കണ്ണേട്ടാ എന്ന് മാത്രം വ്യക്തമായി കേൾക്കാം, കണ്ണൻ അതിന് ഉത്തരമെന്നവണ്ണം ഉറക്കത്തിൽ മൂളുന്നുണ്ട്,

Leave a Reply

Your email address will not be published. Required fields are marked *