കിച്ച അവളെ ചേർത്തു നിർത്തിക്കൊണ്ട് പറഞ്ഞു, വൃന്ദയ്ക്ക് അവളുടെ വാക്കുകൾ അല്പം ആശ്വാസം നൽകി
“പറഞ്ഞപോലെ എന്റെ ചെറുക്കൻ എവിടെ…?”
കിച്ച വൃന്ദയോട് ചോദിച്ചു,
“ഇന്ന് കണ്ടതേയില്ല, ചെലപ്പോ അകത്ത് കാണും,”
വൃന്ദ ചിരിച്ചുകൊണ്ട് പറഞ്ഞു
“അപ്പൊ ഞാനൊന്ന് പോയി കണ്ടിട്ട് വരട്ടെ…”
അവൾ വൃന്ദയുടെ കവിളിൽ ഒരുമ്മയും കൊടുത്ത് ഭൈരവിന്റെ മുറിയിലേക്ക് ഓടി,
ഭൈരവ് കുളി കഴിഞ്ഞ് വസ്ത്രം മാറുകയായിരുന്നു, ഒരു മുണ്ടുടുത്ത് ഷർട്ട് ഇടാൻ കയ്യിലെടുക്കുമ്പോഴാണ് എന്തോ ഒന്ന് അവനെ വന്ന് അവനെ ഇടിച്ചത്, ഭൈരവ് അതിനെയും കൊണ്ട് ബാലൻസ് തെറ്റി കട്ടിലിലേക്ക് വീണു, അവൻ ഞെട്ടി നോക്കുമ്പോൾ കാണുന്നത് ഉടുമ്പ് പിടിച്ചപോലെ അവനെയും ചുറ്റിപ്പിടിച്ചു അവന്റെ നെഞ്ചിൽ അമർന്ന് കിടക്കുന്ന കിച്ചയെയാണ്, ഒരു നിമിഷം അവനൊന്ന് പകച്ചെങ്കിലും പിന്നീട് അവൻ അവളെ തള്ളിമാറ്റാൻ നോക്കി, അപ്പോഴേക്കും കിച്ച അവനിലുള്ള പിടിച്ചു ഒന്നുകൂടി മുറുക്കിയിരുന്നു,
“പെണ്ണേ മാറ്… ആരെങ്കിലും കണ്ടോണ്ട് വരും പറഞ്ഞേക്കാം…”
അവൻ വെപ്രാളത്തോടെ പറഞ്ഞു
“വരട്ടെ…”
അവൾ മുഖമുയർത്തി പറഞ്ഞുകൊണ്ട് അവന്റെ നെറ്റിയിൽ ചുംബിച്ചു, ഭൈരവ് ഒന്ന് ഞെട്ടി
“കളിക്കാതെ മാറ് പെണ്ണേ, ഞാൻ ഷർട്ടിടട്ടെ…”
അവൻ വീണ്ടും പറഞ്ഞു
“വേണ്ട…”
അവൾ പറഞ്ഞുകൊണ്ട് അവന്റെ കവിളിൽ ചുംബിച്ചു
അവൻ ഒന്നും മിണ്ടാതെ അവളെ നോക്കി കിടന്നു, അവൾ അവന്റെ നെഞ്ചിൽ തല ചേർത്തു
“കിച്ചേ…”
അവൻ ആർദ്രമായി വിളിച്ചു
“മ്..”
അവൾ ആ കിടപ്പിൽ തന്നെ പതിയെ മൂളി
“നിനക്ക് എന്നെക്കുറിച്ച് എന്തേലുമാറിയാമോ…?”
അവൻ ശാന്തനായി ചോദിച്ചു,
അവൾ പതിയെ മുഖമുയർത്തി എഴുന്നേറ്റ് അവന്റെ വയറിൽ ഇരുവശത്തേക്കും കാലുകൾ ഇട്ട് ഇരുന്നു അവനെ നോക്കി
“എന്താപ്പോ അറിയേണ്ടത്… എനിക്കൊന്നും അറിയണ്ട… ഇതെന്റെ ചെക്കനാണെന്ന് മാത്രമറിഞ്ഞാ മതിയെനിക്ക്…”
അവനെ ഒന്നുകൂടി കവിളിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു
“അതല്ല… ഞാൻ… ഞാൻ… ഇവരുടെ ആരുമല്ല… ഞാനൊരു അനാഥനാണ്…”
“അറിയാം…”
അവൾക്ക് സാധരണപോലെ പറഞ്ഞുകൊണ്ട് അവനെ വീണ്ടും ചുംബിച്ചു
“അറിയാമോ…?”
ഭൈരവ് അമ്പരപ്പോടെ ചോദിച്ചു
“മ്..”
അവൾ അവളുടെ ഓരോ വാക്കിലും അവനെ ചുംബിച്ചുകൊണ്ടിരുന്നു,
“എങ്ങനെ…? ആര് പറഞ്ഞു നിന്നോട്…?”
അവൻ ചോദിച്ചു
“ആര് പറഞ്ഞാലെന്താ അറിഞ്ഞാപ്പോരെ…?”
വീണ്ടും അവന്റെ കവിളിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു
“നിനക്കതിൽ വിഷമമൊന്നുമില്ലേ…?”
വീണ്ടും ചുമ്പിക്കാനാഞ്ഞ അവളുടെ ചുണ്ടിൽ കൈ വച്ചുകൊണ്ട് ചോദിച്ചു
“എന്തിന്…? വിഷമിക്കുന്നതെന്തിനാ…? ഇയാളുടെ അമ്മയുടേം സഹോദരി കുഞ്ഞീടേം ഒക്കെ സ്നേഹം ഞാൻ തരാം… എന്റെ ജീവിതാവസാനംവരെ ഞാൻ ചേർത്ത് പിടിച്ചു സ്നേഹിച്ചോളാം… അവർക്ക് കൊടുക്കേണ്ട സ്നേഹം കൂടി എനിക്ക് തന്നാ മതി…”
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേക്ക് ചേർന്ന് ഇറുക്കെ പുണർന്നു, ഭൈരവിന്റെ ചുണ്ടിലും ഒരു ചിരി തെളിഞ്ഞു, അവനും അവളെ തന്നോട് ചേർത്ത് പിടിച്ചു
“നിന്നെപ്പോലെ ഒരു പെണ്ണിനേ കിട്ടിയത് എന്റെ ഭാഗ്യമാ…”
അവൻ അവളെ ഒന്നുകൂടി ഇറുക്കി പറഞ്ഞു.
“സുഖിപ്പിക്കല്ലേ മോനേ…”
അവൾ അവനെ വീണ്ടും ഉമ്മവച്ചുകൊണ്ട് പറഞ്ഞു
അതിന് അവൻ പതിയെ ചിരിച്ചു,
“നീയെന്തിനാ കവിളിൽ ഉമ്മ വയ്ക്കുന്നത്, ചുണ്ടിൽ ഒരുമ്മ താ…”
ഭൈരവ് പറഞ്ഞു
“അയ്യടാ മോനേ… അതൊക്കെ നമ്മുടെ ആദ്യരാത്രിയിലേക്ക് വച്ചിരിക്കുന്നതാ…”
അവൾ അവന്റെ കവിളിൽ ചൂണ്ടുവിരൽ കൊണ്ട് കുത്തിയിട്ട് പറഞ്ഞു,
“എനിക്കങ്ങനെയൊന്നുമില്ല എനിക്ക് ഉമ്മവയ്ക്കണമെന്ന് തോന്നിയാ ഞാൻ വയ്ക്കും ദാ… ഇതുപോലെ…”
അവൻ പറഞ്ഞുകൊണ്ട് അവളുടെ മുഖത്തേക്ക് മുഖമടുപ്പിച്ചു, കിച്ച ഞെട്ടി അവനെത്തള്ളിമാറ്റി പുറകിലേക്ക് മാറി ചുമരിൽ ചാരി നിന്നു, ഭൈരവ് അവളുടെ അടുത്തേക്ക് പതിയെ നടന്നു, കിച്ച മുഖം കുനിച്ച് കണ്ണുകൾ ഉയർത്തി നാണത്തോടെ നോക്കി, ഭൈരവ് അവളുടെ രണ്ടു വശത്തും കൈകൾ ചുമരിലൂന്നി അവളെ നോക്കി പതിയെ അവളുടെ മുഖത്തേക്ക് മുഖമടുപ്പിച്ചു, അവന്റെ നിശ്വാസം അവളുടെ മുഖത്ത് പതിച്ചപ്പോൾ അവൾ ഒന്ന് വിറച്ച് കണ്ണുകളടച്ചു നിന്നു, കുറച്ച് കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാത്തതിനാൽ അവൾ പതിയെ കണ്ണുകൾ തുറന്നു, അവളെത്തന്നെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന ഭൈരവിനെയാണ് കണ്ടത്,
