തുളസിദളം – 8അടിപൊളി  

‘രണ്ടും പറ്റിയ കൂട്ടാണ്…’

വൃന്ദ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,

“പിള്ളേര് എണീറ്റില്ലേ മോളെ…?”

സീതലക്ഷ്മി മുറിയിലേക്ക് വന്നുകൊണ്ട് ചോദിച്ചു, വൃന്ദ പെട്ടെന്നെഴുന്നേറ്റ് ഇല്ല എന്ന് തലയാട്ടി

“ഇന്ന് പൂജ തുടങ്ങുവല്ലേ… വിളിച്ച് എഴുന്നേൽപ്പിക്ക്…”

സീതലക്ഷ്മി അവരുടെ കിടത്തം കണ്ട് ചിരിച്ചുകൊണ്ട് പറഞ്ഞു,

സീതലക്ഷ്മി അവരെ പതിയെ തട്ടി വിളിച്ചു, കുഞ്ഞി ഒന്നുകൂടി കുറുകിക്കൊണ്ട് കണ്ണന്റെ ദേഹത്തേക്കൊട്ടി, കണ്ണൻ അവളെ ചേർത്ത് പിടിച്ച് കിടന്നു,

അത് കണ്ട് വൃന്ദയ്ക്കും സീതലക്ഷ്മിക്കും ചിരി പൊട്ടി

“എന്റെ ചൂടില്ലെങ്കിൽ ഉറങ്ങാത്ത പെണ്ണാ… ഇപ്പൊ കണ്ണേട്ടനെ കിട്ടീപ്പോ ആരേം വേണ്ട അവൾക്ക്… കള്ളി…”

സീതലക്ഷ്മി ചിരിച്ചുകൊണ്ട് കുഞ്ഞിയുടെ തുടയിൽ പതിയെ തല്ലി, വൃന്ദയും പതിയെ പുഞ്ചിരിച്ചു

“സീതാമ്മ പൊയ്ക്കോ, കുഞ്ഞീയെ ഞാൻ റെഡി ആക്കിക്കോളാം…”

വൃന്ദ പറഞ്ഞു,

സീതലക്ഷ്മി പുഞ്ചിരിയോടെ ഒന്ന് മൂളിയിട്ട് പുറത്തേക്ക് പോയി,

വൃന്ദ രണ്ടുപേരെയും പതിയെ തട്ടി എഴുന്നേൽപ്പിച്ചു, കുഞ്ഞി എഴുന്നേറ്റങ്കിലും കണ്ണൻ വീണ്ടും ചുരുണ്ടുകൂടി,

വൃന്ദ കുഞ്ഞിയെ പല്ലുതേപ്പിച്ചു കുളിപ്പിച്ച് വരുമ്പോഴും കണ്ണൻ മൂടിപ്പുതച്ചു ഉറക്കമായിരുന്നു, കുഞ്ഞി കണ്ണന്റെ അടുത്തെത്തി കണ്ണന്റെ പുതപ്പ് മാറ്റി

“എണീക്ക് കണ്ണേട്ടാ…”

കുഞ്ഞി അവനെ കുലുക്കി വിളിച്ചു, എന്നിട്ടും അനക്കമില്ലാത്തതിനാൽ കുഞ്ഞി അവളുടെ നനഞ്ഞ മുടിയിൽ നിന്നും വെള്ളമെടുത്ത് കണ്ണന്റെ കവിളിൽ തേച്ചു കൊടുത്തു, കണ്ണനൊന്ന് മുഖം ചുളിച്ചു,

“പ്ലീസ് കുഞ്ഞി… ഇത്തിരി നേരംകൂടെ ഒറങ്ങട്ടെ…”

കണ്ണൻ ദയനീയമായി പറഞ്ഞ് തിരിഞ്ഞു കിടന്നു

“മടിയൻ കണ്ണേട്ടൻ…”

കുഞ്ഞി ചിരിച്ചുകൊണ്ട് പറഞ്ഞു

“കുഞ്ഞി… മോള് പോയി ഡ്രസ്സ്‌ ചെയ്തിട്ട് വാ… നമുക്ക് തൊഴാൻ പോണം…”

അവിടേക്ക് വന്ന വൃന്ദ പറഞ്ഞു

“കണ്ണേട്ടൻ ഏത് കളർ ഡ്രസ്സാ ഇടുന്നെ ഉണ്ണിയേച്ചി…?”

കുഞ്ഞി ചോദിച്ചു

“അറിയില്ലല്ലോ കുഞ്ഞി…”

വൃന്ദ പറഞ്ഞു

അത് കേട്ട് കുഞ്ഞി കബോർഡിൽ നിന്നും ചുവന്ന നിറത്തിലുള്ള കണ്ണന്റെ ഡ്രസ്സ്‌ എടുത്ത് കട്ടിലിൽ വച്ചു

“കണ്ണേട്ടനോട് ഇതിട്ടാ മതീന്ന് പറേണെ ഉണ്ണിയേച്ചി…”

കുഞ്ഞി പറഞ്ഞിട്ട് പുറത്തേക്ക് പോയി,

വൃന്ദ പുഞ്ചിരിച്ചുകൊണ്ട് അതെല്ലാം നോക്കി നിന്നു, പിന്നീട് കണ്ണനെ തട്ടിയുണർത്തി ഫ്രഷാവാൻ പറഞ്ഞു വിട്ടു ,

അപ്പോഴേക്കും കുഞ്ഞി ഒരു ചുവന്ന ഉടുപ്പും ക്രീം നിറത്തിലുള്ള പട്ടുപാവാടയും ഇട്ടുകൊണ്ട് തുള്ളിചാടി അകത്തേക്ക് വന്നു,

“ഉണ്ണിയേച്ചി, എന്റെ മുടിയൊന്ന് കെട്ടിതരോ…?”

കുഞ്ഞി ചോദിച്ചു

“പിന്നെന്താ…”

വൃന്ദ ചിരിച്ചുകൊണ്ട് പറഞ്ഞു

വൃന്ദ കുഞ്ഞിയുടെ തലമുടി നന്നായി ഒതുക്കി കെട്ടിക്കൊടുക്കുമ്പോൾ കുഞ്ഞി എന്തെക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു, എല്ലാത്തിനും വൃന്ദ മൂളി കേൾക്കുന്നുണ്ട്, അപ്പോഴാണ് കണ്ണൻ കുളികഴിഞ്ഞ് മുറിയിലേക്ക് വന്നത്, വൃന്ദ അവന് പുറം തിരിഞ്ഞിരിക്കുന്നതിനാൽ കുഞ്ഞിയെ അവൻ കണ്ടില്ല, മുറിയിൽ കയറിയ ഉടനെ അരയിലുണ്ടായിരുന്ന തോർത്ത്‌ അഴിച്ച് ദൂരേക്കെറിഞ്ഞ് ഏതോ പാട്ടുപാടി ചാടിതുള്ളാൻ തുടങ്ങി, പെട്ടെന്ന് ‘അയ്യേ..’ എന്ന് കുഞ്ഞിയുടെ ഒച്ചകേട്ട് കണ്ണൻ ഞെട്ടിതിരിഞ്ഞു നോക്കി,

“അയ്യേ… കണ്ണേട്ടാ കൂയ്…”

കുഞ്ഞി മൂക്കത്തു വിരൽ വച്ച് കണ്ണനെ കളിയാക്കി ചിരിച്ചു

ചമ്മി നിന്ന കണ്ണൻ ഓടിച്ചെന്നു കട്ടിൽ കിടന്ന തോർത്ത്‌ എടുക്കുന്നതിനു മുന്നേ കുഞ്ഞി അത് കൈക്കലാക്കി അവളുടെ പിറകിൽ ഒളിപ്പിച്ചു നിന്ന് കണ്ണനെ കളിയാക്കി, കണ്ണൻ ഓടി വൃന്ദയുടെ പിന്നിൽ ഒളിച്ച് അവളുടെ പാവാടകൊണ്ട് നാണം മറക്കാൻ ശ്രമിച്ചു

“നോക്കട്ടെ കണ്ണേട്ടാ… ഞാൻ കണ്ടില്ല… ഹ.. നോക്കട്ടെന്നേ…”

കുഞ്ഞി വൃന്ദടെ മുന്നിൽ ചേർന്ന് നിന്ന് കണ്ണനെ എത്തി നോക്കി പറയുന്നുണ്ട് ,

“അയ്യേ… പോ കുഞ്ഞി… ഉണ്ണിയേച്ചി ഇവളോട് ഇറങ്ങി പോകാൻ പറ…”

കണ്ണൻ നാണം കൊണ്ട് വൃന്ദയുടെ പാവാട അവന്റെ ദേഹത്തേക്ക് ചുറ്റി കുഞ്ഞിയോട് പറഞ്ഞു, ഇതെല്ലാം കണ്ട് വൃന്ദ ചിരിച്ചുകൊണ്ട് നിന്നു, പിന്നീട് കുഞ്ഞി ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങിപ്പോയി,

കണ്ണൻ വേഗം ഡ്രസ്സ്‌ ചെയ്തു, വൃന്ദ അവന്റെ മുടി നന്നായി ചീകി ഒതുക്കി വച്ചു, അപ്പോഴേക്കും കുഞ്ഞി കയറി വന്നു, ചുവന്ന ഷർട്ടും ക്രീം നിറത്തിലുള്ള പാന്റും ധരിച്ചു നിൽക്കുന്ന കണ്ണനെ നോക്കി പതിയെ അടുത്ത് വന്നു,

“ന്ത്‌ ചന്താ ന്റെ കണ്ണേട്ടനെ കാണാൻ…”

കുഞ്ഞി ഇമവെട്ടാതെ കണ്ണനെ നോക്കികൊണ്ട് അവന്റെ കവിളിൽ കൈ വച്ചുകൊണ്ട് പറഞ്ഞു

“കുഞ്ഞീം ചുന്ദരിയായിട്ടുണ്ട്…”

കണ്ണൻ കുഞ്ഞീടെ താടിയിൽ പിടിച്ചുകൊണ്ട് പറഞ്ഞു, കുഞ്ഞി അത് കേട്ട് നാണത്തോടെ നിന്നു,

“ഞങ്ങള് പൊയ്ക്കോട്ടേ ഉണ്ണിയേച്ചി…”

കണ്ണൻ അവരെനോക്കി പുഞ്ചിരിച്ച് നിൽക്കുന്ന വൃന്ദയോടായി ചോദിച്ചു, അതിന് വൃന്ദ ചിരിച്ചുകൊണ്ട് തലയാട്ടി

••❀••

രുദ്രിനുള്ള ചായയുമായി വൃന്ദ അവന്റെ മുറിയിലേക്ക് നടന്നു, രുദ്രിന്റെ മുറിയുടെ വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു, വൃന്ദ പതിയെ അകത്തേക്ക് കടന്നു, രുദ്ര് കട്ടിലിൽ മൂടിപ്പുതച്ച് കിടക്കുന്നുണ്ട്, വൃന്ദ കപ്പ്‌ ടേബിളിൽ വച്ച്, പതിയെ ഒരു കുസൃതി ചിരിയുമായി അവനടുത്തേക്ക് വന്നു, പതിയെ കുനിഞ്ഞു അവന്റെ മുഖത്തേക്ക് നോക്കി, പെട്ടെന്ന് അവളെ ഞെട്ടിച്ചുകൊണ്ട് രുദ്ര് അവളെ കെട്ടിപ്പിടിച്ച് കട്ടിലിലേക്കിട്ട് അവളെ അവന്റെ അടിയിലേക്കാക്കി,

“യ്യോ… ന്റെ കാവിലമ്മേ…”

അല്പം ഉറക്കെത്തന്നെ വൃന്ദ ഞെട്ടി വിളിച്ചുപോയി

വൃന്ദ നോക്കുമ്പോൾ ചുണ്ടിലൊരു പുഞ്ചിരിയുമായി അവളെത്തന്നെ നോക്കി കിടക്കുന്ന രുദ്ര്, ആ നീലക്കണ്ണുകളിൽ ഒളിപ്പിച്ച കുസൃതിയോടെ അവളെ നോക്കി, അവളുടെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു

“ദേ… മാറങ്ങോട്ട്… ആരേലും വരും.. പറഞ്ഞേക്കാം…”

വൃന്ദ പെട്ടെന്ന് തുറന്നുകിടന്ന വാതിലിൽ നോക്കികൊണ്ട് പറഞ്ഞു

“വരട്ടെ… എന്നാലും ഞാൻ വിടില്ല…”

രുദ്ര് അവളിൽ ഒന്നുകൂടി അമർന്നുകൊണ്ട് പറഞ്ഞു,

അവൾ ഒരുനിമിഷം അവനെ നോക്കിക്കിടന്നു പിന്നീട് കയ്യുയർത്തി അവന്റെ മുഖത്തേക്ക് കിടന്ന മുടി പതിയെ മാടി ഒതുക്കി

“ഇന്നെന്താ രാവിലെ ഓടാൻ പോയില്ലേ…?”

അവൾ പതിയെ ചോദിച്ചു

“ഇല്ല… ഇന്ന് ഒരു മൂഡ് തോന്നിയില്ല…”

അവൻ അവളുടെ നെറുകയിൽ മുത്തിക്കൊണ്ട് പറഞ്ഞു, ഒരു നിമിഷം അവളത് കണ്ണടച്ച് സ്വീകരിച്ചു

“മാറിയേ… ഇന്ന് തറവാട്ടിൽ പൂജ തുടങ്ങുവാ… എനിക്ക് തൊഴാൻ പോണം… മോനും പോയി കുളിച്ച് സുന്ദരനായി വാ…”

അവൾ അവനിൽനിന്നും പിടഞ്ഞു മാറിക്കൊണ്ട് പറഞ്ഞു, അവൾ പുറത്തേക്ക് പോകാൻ തുനിഞ്ഞതും രുദ്ര് അവളുടെ കയ്യിൽ പിടിച്ചു നിർത്തി അവന്റെ നെഞ്ചിലേക്ക് ചേർത്തു, ഒരു നിമിഷം അവർ പരിസരം മറന്ന് ഒന്നിച്ചു ചേർന്ന് നിന്നു,

Leave a Reply

Your email address will not be published. Required fields are marked *