” രസ്ന കൊണ്ടുവന്നതിരിപ്പുണ്ട് ചേച്ചീ ..എല്ലാർക്കുമെടുത്തോ ?”
മഹേഷ് അവളോട് വിളിച്ചുപറഞ്ഞിട്ട് മേശപ്പുറത്തിരുന്ന ലാൻഡ് ഫോൺ ബെല്ലടിച്ചപ്പോൾ അതെടുക്കാനായി നീങ്ങി .
”’ ആരാടാ ..?”
” അളിയനാ … ചേച്ചി വന്നോയെന്ന് ചോദിച്ചു .. വന്നെന്ന് പറഞ്ഞപ്പോ അപ്പോൾ തന്നെ വെച്ചു . എന്നാലിതുവരെ കണ്ടിട്ടില്ലാത്ത ആകെയുള്ള ഒരു അളിയനാ … ഒന്ന് മിണ്ടാൻ പോലും അങ്ങേരു നിന്നില്ല ”’
” ക്‌ളാസ് ടൈമിൽ ഓഫീസിൽ പെട്ടന്ന് വന്നു വിളിച്ചതാവും മഹി ….അമ്മ ഇതുവരെ ഇങ്ങെത്തിയില്ലേ ?”
കാവേരി ജ്യൂസ് അവനുനേരെ നീട്ടിക്കൊണ്ട് വിഷയം മാറ്റി .
” അമ്മയവിടെ പാതി വഴിയില്‍ സെലീനാമ്മയോട് കത്തിവെച്ചോണ്ട് നിപ്പുണ്ട് . ഇതിനും മാത്രമെന്തിരിക്കുന്നോ ? ഇന്നലേം മിനിങ്ങാന്നുമൊക്കെ കണ്ടു ഈ സംസാരം ” മഹി പടിക്കെട്ടിന് താഴെ വേലിപ്പടര്‍പ്പിനിപ്പുറം നില്‍ക്കുന്ന അമ്മയെ നോക്കിക്കൊണ്ട് പറഞ്ഞു . അപ്പുറത്ത് നില്‍ക്കുന്ന സെലീനാമ്മയെ കൊങ്ങിണിചെടികള്‍ പൂത്തു നില്‍ക്കുന്ന വേലിക്കെട്ടിനാല്‍ കാണാനാവില്ല .
” ഹഹ … പാവം ആടാ … നമ്മൾ രണ്ടും ഇല്ലാത്തപ്പോ അമ്മക്ക് കൂട്ട് സെലീനാമ്മയാ . അവിടേം ഒന്ന് മിണ്ടിപ്പറയാൻ ആരുമില്ലല്ലോ . ജോസൂട്ടി ആഴ്‌ചയിൽ ഒന്നല്ലേ വരൂ ”
”’ ഹമ് .. നിനക്ക് ഇടക്ക് ഒന്ന് വന്ന് നിന്നൂടെ ചേച്ചീ . അളിയൻ സ്‌കൂളിൽ പോയിക്കഴിഞ്ഞു വന്നാലും വന്നുപോകാനുള്ള ദൂരമല്ലേ ഉള്ളൂ . വരുന്നത് പോട്ടെ നീയൊന്ന് വിളിക്കാറുകൂടിയില്ലന്ന് അമ്മ പറഞ്ഞു .അമ്മ അങ്ങോട്ട് വിളിച്ചാൽ എന്തേലും മിണ്ടുമെന്ന് . അതും വിഷമിച്ചു ഒന്നോ രണ്ടോ മൂളലിൽ ഒതുക്കുമെന്ന് .അമ്മ സങ്കടത്തോടെയാ പറഞ്ഞത് . അടുത്തൊരാലോചന വന്നപ്പോ വിളിപ്പുറത്ത് ഉണ്ടാകൂല്ലോ എന്നോര്‍ത്താണ് ചോദിച്ച പൈസയും ഉണ്ടാക്കി കല്യാണം കഴിപ്പിച്ചതെന്നമ്മ കരഞ്ഞോണ്ട് പറഞ്ഞത് ”
” അതല്ലടാ …അവിടുത്തെ അമ്മക്ക് പ്രെഷറും ഷുഗറുമൊക്കെയുണ്ട് .ഇന്നാളൊന്ന് രണ്ട് പ്രാവശ്യം തല കറങ്ങിവീഴുകയും ചെയ്തു . പിന്നെ രെജീഷേട്ടനും എന്ത് കാര്യത്തിനും ഞാൻ പുറകെ വേണം ”
” ഇവിടേം അമ്മ മാത്രമുള്ളൂവെന്നോർമ വേണം … ഹമ് ..ഞാൻ പറഞ്ഞെന്നേയുള്ളൂ . ” കാവേരിയുടെ മുഖം മ്ലാനമായപ്പോൾ മഹേഷ് കൂടുതൽ പറയാതെ നിർത്തി .
” നീയെന്താ ചേച്ചി ഡ്രെസ് മാറാതെ നിക്കുന്നെ ?” കറുപ്പിൽ പ്രിന്റുള്ള കോട്ടൺ സാരിയുമുടുത്തു വന്ന ഡ്രെസ്സിൽ നിൽക്കുകയായിരുന്നു കാവേരി
”രെജീഷേട്ടൻ വരുന്നെന് മുന്നേ പോകണോടാ . നീയാ ജോസിന്റെ ഓട്ടോയൊന്നു വിളിച്ചുതരനെ വിളിച്ചു തരണേ മൂന്നേമുക്കാൽ ആകുമ്പോ ”
”ആഹാ … ഞാന്‍ വന്നിട്ടോരാഴ്ചയായി. കല്യാണത്തിനിനി പത്തു ദിവസം കൂടിയേ ഉള്ളൂ . എന്തെല്ലാം പണികളുണ്ട് . ചരക്കെടുക്കണം , വിളിക്കാനുള്ള ലിസ്റ്റെടുക്കണം അങ്ങനെയങ്ങനെ ഓരോന്ന് .ആകെയുള്ള കൂടപ്പിറപ്പ് നീയാ . എന്നിട്ടിപ്പോഴാണ് വരുന്നത് തന്നെ .എന്നിട്ട് വന്നയന്നു തന്നെ പോകണോന്നും… കൊള്ളാം ചേച്ചീ ”’ മഹേഷിന്റെ മുഖമിരുണ്ടു
” അത് മോനെ … ഞാൻ ..ഞാൻ കല്യാണത്തിന് മൂന്നാലു ദിവസം മുൻപേ എത്തൂല്ലോ . ” കാവേരി അവനിൽ നിന്നും മുഖം മറക്കാൻ നോക്കി .
” കല്യാണം നീയില്ലെലും നടക്കും . നീ വല്ലാതെ മാറി പോയി ചേച്ചീ . ഓർക്കുന്നുണ്ടോ അച്ഛൻ മരിച്ചു കഴിഞ്ഞ് അമ്മ നമ്മളെ വളർത്താൻ പെട്ട പാട് . നമ്മളെ തനിച്ചാക്കിയിട്ടാണ് ‘അമ്മ അവധി ദിവസങ്ങളിൽ പണിക്ക് പോയിരുന്നത് . അന്നൊക്കെ നീയായിരുന്നു എന്റെ എല്ലാം . ആഹാരമുണ്ടാക്കി തരുന്നതും , ഹോം വർക്ക് ചെയ്യിക്കുന്നതും , പാഠം പറഞ്ഞുതരുന്നതും എല്ലാം നീയായിരുന്നു . പഠിക്കാൻ മിടുക്കിയായിട്ടും എനിക്ക് ഹോട്ടൽ മാനേജ്‌മെന്റ് പഠിക്കാൻ വേണ്ടി നീ പഠിത്തം നിർത്തി . പണയം വെച്ചും നീ തയ്ച്ചുണ്ടാക്കിയതും അമ്മയുടെ വിയർപ്പിന്റെ ബാക്കികൊണ്ട് ചിട്ടി പിടിച്ചതുമെല്ലാം കൊണ്ട് ഞാൻ പഠിച്ചതും ദുബായിക്ക് പോയതും എല്ലാം നിങ്ങക്ക് രണ്ടാൾക്കും വേണ്ടിയായിരുന്നു . വീണ്ടും നിങ്ങടെ സ്നേഹം എന്ന് പങ്കുപറ്റാനുള്ള ദിവസവും കാത്തു കാത്തിരിക്കുവായിരുന്നു ഇത്ര നാളും. നിനക്കൊരു നല്ല ജീവിതമാകട്ടെ എന്ന് കരുതിയാണ് ആദ്യ ലീവ് ക്യാൻസൽ ആക്കി ആ ശമ്പളം കൂടി ഞാൻ കല്യാണത്തിന് വേണ്ടി ചിലവഴിച്ചത് . അടുത്തായതു കൊണ്ട് നിന്നെ വന്നാലും കാണാല്ലോന്ന് ഓർത്തു . ഈ കല്യാണം നടന്നില്ലേൽ ദൂരെ വല്ലയിടത്തുമാണെൽ പറ്റുമോ ….അമ്മേടേം നിന്റെം എന്തേലും നിർദ്ദേശങ്ങൾ ഞാൻ അനുസരിക്കാതിരുന്നിട്ടുണ്ടോ.? എന്തിന് ഈ കല്യാണം പോലും അമ്മക്കിഷ്ടമായ പെൺകുട്ടിയെ ആണ് .നീ വന്നിട്ട് , നിന്നെയും കൂട്ടി അവരുടെ വീട്ടില്‍ ഒന്ന് പോകണമെന്ന് കരുതി ഇരുന്നതാ . അപ്പൊ നീ ആണേൽ ചടങ്ങുപോലെ വന്നെന്ന് ഒന്ന് വരുത്തിത്തീർത്തിട്ട് ഉടനെയങ്ങു പോകാൻ തുടങ്ങുന്നു ”
