നീലക്കൊടുവേലി – 1 Like

പരമ്പരാഗതമായി കൃഷിയും അനുബന്ധക്കാര്യങ്ങളിലും മുഴുകി ജീവിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ചിറക്കൽ കുടുംബത്തിൽ 4ആം തലമുറയിൽ ഉണ്ടായ ആളാണ് വാസുദേവ കൈമൾ, ചെറുപ്പം തൊട്ടേ ഗണിതക്കാര്യങ്ങളിൽ പ്രാവീണ്യം കൂടുതലായിരുന്നു അയാൾക്ക്, അതുപോലെ മറ്റൊരു വിനോദം രാത്രിയിലെ തെളിഞ്ഞ ആകാശത്തു നോക്കി ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കി മണിക്കൂറുകളോളം ചിലവഴിക്കുക എന്നതായിരുന്നു…

പിന്നീട് അതിനെക്കുറിച്ചുള്ള സംശയങ്ങൾക്കു ഉത്തരം പറഞ്ഞു മടുത്തപ്പോൾ അയാളുടെ മാതാപിതാക്കൾ കുറച്ചകലെയുള്ള ഒരു പഴയ ഗുരുകുലത്തിൽ കൊണ്ടുപോയി തുടർ വിദ്യാഭ്യാസത്തിനു ചേർത്തു…

സത്യത്തിൽ വ്യത്യസ്തമായി ചിന്തിക്കുന്ന മകന്റെ ഉള്ളിൽ കുറച്ചു കാറ്റും വെളിച്ചവും കടന്നു വന്നോട്ടെ എന്നായിരുന്നു ആ ചേർക്കലിന്റെ ഉദ്ദേശ്യമെങ്കിലും കുഞ്ഞുവാസുദേവനെ സംബന്ധിച്ചിടത്തോളം അയാൾക്ക് കിട്ടിയ നല്ലൊരു ഗുരു തന്നെയായിരുന്നു വിശ്വമിത്രൻ എഴുത്തച്ഛൻ.. ഒരു ഗുരുവിനു വേണ്ട എല്ലാ ഗുണങ്ങളും അടങ്ങിയ പുള്ളിക്കാരന് ചെറുതെങ്കിലും ഉണ്ടായിരുന്ന ഒരു ബലഹീനതയാണ് ഈ കഥയുടെ തന്തു…

വിശ്വാമിത്രൻ എഴുത്തച്ഛൻ വാസുദേവനിൽ നല്ലൊരു ശിഷ്യനെ കണ്ടു, പുലർച്ചെ 5 മണിക്ക് തുടങ്ങി ഉച്ചക്ക് 12 വരെ നീളുന്നതായിരുന്നു അവരുടെ വിദ്യാഭ്യാസം… അതിൽ സൂര്യനമസ്കാരം മുതലുള്ള യോഗയും സാധാരണ പഠനവും ഉണ്ടായിരുന്നു…. പിന്നെ മറ്റൊന്ന് ജ്യോതിഷം എന്ന വിഷയവും….ഇതെല്ലാം തീരുന്ന ഉച്ചയോടു കൂടി ഗുരുവിന്റെ ഭാര്യയോടൊപ്പം ഭക്ഷണക്കാര്യങ്ങൾക്കുള്ള സഹായി ആയും മറ്റു വീട്ടു ജോലികളിലും അയാൾ സഹായം ചെയ്യേണ്ടി വന്നു…

എങ്കിലും വാസുദേവന് ഗുരുകുലം ഒരു സ്വർഗമായിരുന്നു… അവിടെയുള്ള എന്തും അത് പഠനമാണെങ്കിലും അതിനു ശേഷം ചെയ്യുന്ന ജോലികളാണെങ്കിലും അയാൾ സന്തോഷത്തോടെ ചെയ്തുപോന്നു….കാരണം അയാളുടെ സംശയങ്ങൾക്ക് ഗുരുവിന്റെ കയ്യിൽ ഉത്തരമുണ്ട്… വൈകുന്നേരം അടുത്തുള്ള മലമുകളിൽ ഒറ്റക്കിരുന്നു വാസുദേവൻ പക്ഷികളുടെയും ചെടികളുടെയും ചുരുക്കം ലഭ്യമായ മൃഗങ്ങളുടെയുമെല്ലാം പ്രത്യേകതകൾ പഠിച്ചുകൊണ്ടിരുന്നു….

വാസുദേവന്റെ അറിവിനോടുള്ള ഈ അടങ്ങാത്ത ദാഹം ഗുരു വിശ്വമിത്രന് ആദ്യമെല്ലാം അത്ഭുതമായിരുന്നു…. ഒരു ആരംഭശൂരത്വം ആണെന്ന് കരുതിയിരുന്ന അയാൾ അയാളുടെ കഴിവ് കൊണ്ട് അതിലെ വാസ്തവം തിരിച്ചറിഞ്ഞു.. അതോടെ വാസുദേവന്റെ ഉദ്യമത്തെ അയാൾ സന്തോഷത്തോടെ പ്രോത്സാഹിപ്പിച്ചു… ഒടുവിൽ ഒട്ടേറെ കണക്കുകൂട്ടലുകൾക്ക് ശേഷം എന്നോ ഒരുനാൾ അയാൾക്ക് അയാളുടെ ഗുരുവിൽ നിന്നും പകർന്നു കിട്ടിയ ഒരു അത്ഭുതസിദ്ധി വാസുദേവന് കൂടി പകർന്നു കൊടുക്കാൻ വിശ്വമിത്രൻ തീരുമാനിച്ചു….

 

മറ്റുള്ളവരുടെ മനസ് നിയന്ത്രിക്കാൻ സാധിക്കുക എന്ന വല്ലാത്തൊരു കഴിവായിരുന്നു അത്.. എന്ന് വെച്ചാൽ എതിര് നിക്കുന്നവരുടെ കണ്ണിലൂടെ അവരുടെ ചിന്തകളെ സ്വാധീനിക്കുക, അത് വഴി അവരെ താൻ വിചാരിക്കുന്ന ഏതൊരു പ്രവൃത്തിക്കും സന്നദ്ധരാക്കാം….. ഇങ്ങനെയൊരു കഴിവ് പകർന്നു കൊടുത്താൽ ലോകത്തിനു ഉണ്ടായേക്കാവുന്ന ഭവിഷ്യത്ത് ഇത് പഠിക്കുന്ന ഓരോ ശിഷ്യനെയും മനസിലാക്കിക്കുക എന്ന വലിയൊരു ജോലി ഓരോ ഗുരുവിലും ഉണ്ട്…. വാസുദേവൻ ഇതൊരു മോശം കാര്യത്തിനായി ഉപയോഗിക്കില്ല എന്ന ബോധ്യം വിശ്വമിത്രന് ഉണ്ടായിരുന്നു…ഇതിലെ മറ്റൊരു കാര്യം ഇത് മറ്റൊരാൾക്ക്‌ പറഞ്ഞുക്കൊടുക്കുന്നതോടെ തങ്ങൾക്കുള്ള ഈ കഴിവ് അവർ മറന്നു പോകും… പിന്നീട് ഒരിക്കലും അവർക്ക് ഇങ്ങനെയൊരു കഴിവ് ശിഷ്യനിൽ നിന്നും തിരിച്ചു സ്വീകരിച്ചാൽ പോലും ലഭിക്കില്ല..

വിശ്വമിത്രൻ ആദ്യമെല്ലാം ഇത് നല്ല കാര്യങ്ങൾക്കായി ഉപയോഗിച്ചിരുന്നതെങ്കിലും ഇടക്ക് എപ്പഴോ അയാൾ സ്ത്രീകളെ വശീകരിക്കുവാനായി ഉപയോഗപ്പെടുത്തി….. വര്ഷങ്ങളോളം അതിലാണ് സുഖം എന്ന് കരുതിയ അയാൾക്ക് പതിയെ അത് മടുപ്പായി..അങ്ങനെ അതിൽ നിന്നും ഒരു തിരിച്ചറിവ് വന്നപ്പോളാണ് എല്ലാത്തിൽ നിന്നും മാറി ദൂരെ ഒരു ചെറിയ വീടു വെച്ച് പാവപ്പെട്ട വീട്ടിൽ നിന്നും വിവാഹവും കഴിച്ച്‌ അറിയാവുന്ന ബാക്കി കാര്യങ്ങൾ ഒരു ഗുരുകുലം രീതിയിൽ വിദ്യാർത്ഥികൾക്ക് പകരുന്ന സമ്പ്രദായം സ്വീകരിച്ചത്…. തിരിച്ചറിവ് വേണം എന്നുള്ളതാണ് പ്രധാനം…

വാസുദേവന് ഗുരു എല്ലാം തികഞ്ഞ ആളായിരുന്നു… പഴയ കാര്യങ്ങൾ അറിയാത്തത് കൊണ്ട് തന്നെ ഗുരുവിനെ ആകാശത്തോളം ഉയരത്തിൽ തന്നെ കണ്ടു…

വിശ്വമിത്രൻ പകർന്നു കൊടുത്ത വിദ്യക്ക് വേണ്ടി കഠിനമായ തയ്യാറെടുപ്പുകൾ വാസുദേവന് വേണ്ടി വന്നിരുന്നു… കാരണം 100% ഏകാഗ്രതയും മനശക്തിയും ചേരുമ്പോൾ മാത്രമേ ഇത്തരമൊരു ക്രിയക്ക് പ്രകൃതിപോലും സമ്മതിക്കൂ….എന്നാൽ ഇതിനെ മറ്റൊരു പരീക്ഷണമായി കണക്കാക്കിയ വാസുദേവൻ നന്നായി തന്നെ ആ ഘട്ടം പൂർത്തിയാക്കി. ഒടുവിൽ ഗുരുവായ വിശ്വമിത്രനിൽ നിന്നും ആ അത്ഭുതസിദ്ധി വാസുദേവകൈമൾ എന്ന ചിറക്കൽ സന്തതിയിലേക്ക് വന്നു ചേർന്നു…

 

പഠനം പൂർത്തിയാക്കി ചിറക്കലിലേക്ക് തിരിച്ചെത്തിയ കൈമൾ സംഭവിച്ചതൊന്നും എവിടെയും പറഞ്ഞില്ല… ആരെങ്കിലും അറിഞ്ഞാൽ അത് തനിക്ക് അപകടമാകുമെന്ന് അയാൾക്ക് അറിയാമായിരുന്നു…എന്നാൽ നല്ല കാര്യങ്ങൾക്കായി അയാൾ ആരും അറിയാതെ ഈ സിദ്ധി ഉപയോഗിച്ച് പോന്നു… നാടിനും നാടിന്റെ നല്ല മാറ്റങ്ങൾക്കും വിലങ്ങുതടി നിൽക്കുന്നവരെ സംസാരിച്ചു അനുകൂലമാക്കാനുള്ള കൈമളിന്റെ കഴിവ് വളരെ വേഗം പ്രശസ്തമായി, വഴക്കുകൾക്കിടയിൽ ഇടനില നിന്നു പ്രശ്നം പരിഹരിക്കാനും, സ്വരച്ചേർച്ചയില്ലാത്ത ഭാര്യഭർത്താക്കന്മാരെ രമ്യതയിൽ എത്തിക്കാനും, കുട്ടികളിൽ വരുന്ന മാനസിക പ്രശ്നങ്ങളെ സംസാരിച്ച ശെരിയാക്കുന്ന കൈമൾ യഥാർത്ഥത്തിൽ സംസാരിച്ചല്ല ഇതെല്ലാം ചെയ്യുന്നതെന്ന് മറ്റാരും അറിഞ്ഞില്ല എന്നതാണ് സത്യം… ഒരിക്കൽപോലും മോശമായ ഒരു കാര്യം പോലും ഈ സിദ്ധി വെച്ച് നേടിയെടുക്കാൻ ആഗ്രഹിക്കാത്ത അയാൾക്കു തന്നിൽ നാട്ടുകാർക്കുള്ള സ്നേഹം സന്തോഷം നൽകി… ആ നാട്ടിൽ അയാൾ കാരണം സന്തോഷവാന്മാരായ ഒരുപാട് പേർ ഉണ്ടായി എന്നുള്ളതാണ് മറ്റൊരു വിജയം..

30 വയസായപ്പോൾ മുറപ്രകാരം വിവാഹം കഴിച്ച് വാസുദേവ കൈമൾ കുടുംബസ്ഥനായി… അവർക്ക് ഉണ്ടായ ഒരേ ഒരു ആൺതരിയായിരുന്നു സിദ്ദുവിന്റെ അച്ഛൻ… പക്ഷെ തന്റെ ഈ സിദ്ധി പകർന്നു കൊടുക്കാൻ തക്ക കാര്യപ്രാപ്തിയും നക്ഷത്രയോഗവും ഇല്ല എന്നുള്ള കാരണത്താൽ അയാൾ സ്വന്തം മകന് ഇത് പകർന്നു നൽകിയില്ല പകരം ജ്യോതിഷസിദ്ധി വെച്ച് കണക്ക് കൂട്ടിയപ്പോൾ മകന് വിവാഹം കഴിക്കേണ്ട പെൺകുട്ടിയെ കണ്ടെത്തി അവളിൽ മകനുണ്ടാവുന്ന കൊച്ചുമകന് ഈ സിദ്ധി തന്റെ മരണശേഷവും പകരാൻ വേണ്ടുന്ന കാര്യങ്ങളും ആലോചിച്ചു… ഒടുവിൽ അതിനുള്ള പരിഹാരമായത് മണിക്കൂറുകളോളം നീണ്ട പ്രശ്നം വെയ്പ്പിലൂടെയാണ്….പക്ഷെ സിദ്ധു ജനിക്കുന്നതിനു കൂടി മാതാപിതാക്കളുടെ സമയം എണ്ണപ്പെടും എന്ന ദോഷവും മറ്റൊരു സാധ്യതയും (അത് വഴിയേ പറയാം )അയാൾ മനഃപൂർവം തിരസ്കരിച്ചു…ഒരുപക്ഷെ അയാളുടെ ജീവിതത്തിൽ അയാളെടുത്ത ഒരേ ഒരു സ്വാർത്ഥ തീരുമാനം അതായിരിക്കാം..തന്നെ പോലെ നാടിനു ഉപയോഗമാകാൻ ഉതകുന്ന കൊച്ചുമകനിലായിരുന്നു അയാളുടെ ഹൃദയം…

Leave a Reply

Your email address will not be published. Required fields are marked *