“ഹായ് ഇത്ത ഇതാണ് വിനയ്,” മുനീറ വന്ന സ്ത്രീയുടെ അടുത്തുകൂടി.
“ഹലോ,” അവർ വിനയിനെ നോക്കിക്കൊണ്ട് തുടർന്നു, ” ഞാൻ ഷംന, മുനീറയുടെ ബ്രദർ നിസാമിന്റെ…”
“കരളിന്റെ കരളായ ഷംനത്ത,” പൂരിപ്പിച്ചത് മുനീറയാണ്.
“ഒന്നു പോടീ പെണ്ണേ,” ഷംന മുനീറയെ ശാസിച്ചു.
അവൻ അവരെ നോക്കി പുഞ്ചിരിച്ചു, അവരും.
ഭക്ഷണവും അത്യാവശ്യം വർത്തമാനങ്ങളുമായി ഏതാണ്ട് രണ്ടുമണിക്കൂർ കടന്നുപോയി. സമയം രണ്ടുമണികഴിഞ്ഞപ്പോൾ വിനയ് ഇറങ്ങാൻ തുടങ്ങി. അപ്പോഴേക്കും അവനെ നന്നായി ബോധിച്ചിരുന്ന മുനീറയുടെ വീട്ടുകാർ ചായകുടിച്ചിട്ടു പോകാമെന്ന് നിർബന്ധിച്ചെങ്കിലും പോയിട്ട് അത്യാവശ്യകാര്യമുണ്ടെന്ന് പറഞ്ഞ വിനയ് ഇനിയും വരാമെന്നു വാക്കുകൊടുത്തു. അപ്പോഴാണ്
“ഇതാ ഇത് വിനയിനുള്ളതാണ്,” എന്നുപറഞ്ഞുകൊണ്ട് ഷംന ഒരു കവർ വിനയിനുനേരെ നീട്ടിയത്.
അതിനകത്ത് അലുവയായിരുന്നു.
“താങ്ക്സ്,” വിനയ് പറഞ്ഞതുകേട്ട് മുനീറ ഇടപെട്ടു, “താങ്ക്സ് ഇത്തയ്ക്കല്ല എനിയ്ക്കാണ്. ഞാനാണ് നിനക്കലുവ ഇഷ്ടമാണെന്ന് ഇത്തയോട് പറഞ്ഞത്. ഇനി ഇതുപോലെ എന്തെങ്കിലും തിന്നാൻ വേണമെങ്കിൽ പറഞ്ഞാൽ മതി, എല്ലാം ഞാൻ റെഡിയാക്കാം”
“ആര് റെഡിയാക്കും??” സൈനബ ചിരിച്ചുകൊണ്ട് ചോദിച്ചു.
“അതിപ്പോ ഷംനത്തയും ഉമ്മയും റെഡിയാക്കുന്നത് ആർക്കുവേണ്ടിയാ എനിക്കുവേണ്ടി എന്റെ ഫ്രണ്ടായതുകൊണ്ടല്ലേ, എന്നുപറഞ്ഞാൽ അത് ഞാൻ റെഡിയാക്കുന്നപോലെയല്ലേ…” അവൾ ചിരിച്ചു.
“ആരുപറഞ്ഞു ഞങ്ങളിത് നിനക്കുവേണ്ടി ഉണ്ടാക്കുന്നതാണെന്ന് ഞങ്ങൾ ഇത് അവനുവേണ്ടി തന്നെ ഉണ്ടാക്കിയതാ. ”
“ഓ അപ്പൊ ഞാൻ പുറത്തായോ,” മുനീറ പരിഭവിച്ചു, എല്ലാവരും ചിരിച്ചു.
“മോൻ ഇനിയും വരണം,” വിനയിന്റെ കൈപിടിച്ചുകൊണ്ട് സൈനബ പറഞ്ഞു. വിനയ് പുഞ്ചിരിച്ചു ” ഭംഗിവാക്ക് പറഞ്ഞതല്ല,” സൈനബ കൂട്ടിച്ചേർത്തു, “മോനേ, നിന്റെ കഥയൊക്കെ ഓൾ പറഞ്ഞിട്ടുണ്ട്. കേട്ടപ്പോൾ ഉമ്മാടെ നെഞ്ച് പെടഞ്ഞുപോയി. ഇനി മോന് ആരുമില്ല എന്ന തോന്നൽ വേണ്ട. മുനീടെ ആങ്ങളായുടെ സ്ഥാനത്ത് തന്നെയാണ് മോനെ ഞങ്ങൾ കാണുന്നത്. ഇനിയും വരണം, ദിവ്യാമോളേയും കൊണ്ടുവരണം.”
വിനയ് പുഞ്ചിരിച്ചുകൊണ്ട് തലകുലുക്കി.
“അതേ മോൻ ഉമ്മ ഉണ്ടാകുന്ന ഉണ്ണിയപ്പം കഴിച്ചിട്ടില്ലല്ലോ. ഇടയ്ക്കൊക്കെ ഇതിലെവന്ന് അതൊക്കെ കഴിക്ക്. പകരം അവൾ അവിടെ കാണിക്കുന്ന കുസൃതികളൊക്കെ അവളുടെ ഇക്കാക്കയുടെ സ്ഥാനത്ത് നിന്നുകൊണ്ട് ഗുണദോഷിച്ചു തിരുത്തുക. അനുസരിക്കുന്നില്ലെങ്കിൽ ഇവിടെ വന്ന് ഞങ്ങളെ അറിയിചാൽ മതി. ” അബൂബക്കർ പറഞ്ഞു.
“ശരി ഉപ്പാ..”
“എന്തോന്ന് ശരി ഉപ്പാ.. അതേയ് എനിക്ക് പണി തരാനല്ല നിന്നെ വിളിച്ചത്. നിനക്ക് പോയിട്ടേന്തോ കാര്യമുണ്ടെന്നല്ലേ പറഞ്ഞത്. പോ പോ പോ.. സമയം കളയണ്ട,” തമാശയോടെ മുനീറ പറഞ്ഞു.
“ആഹാ അത്രയ്ക്കായോ.. എന്നാൽ ഞാനിനി ഇടയ്ക്കിടെ ഇവിടെ വന്നിട്ടുതന്നെ കാര്യം. ഉമ്മയുടെ അപ്പവും ഇത്തയുടെ അലുവയുമൊക്കെ കഴിച്ച് ഇവിടെ തന്നെ കൂടാനാണ് പ്ലാൻ,” അവൻ പൊട്ടിച്ചിരിച്ചു. കൂടെ ബാക്കിയുള്ളവരും.
“അങ്ങനെ പറഞ്ഞുകൊടുക്ക് മോനേ. ഇവന്റെയടുത്ത് നിന്റെ കളികൾ നടക്കില്ല,” അബൂബക്കർ പൊട്ടിച്ചിരിച്ചു.
“ക ക ക ക…. ” അവൾ ഉപ്പയെ കളിയാക്കി.
അന്ന് രാത്രി മുനീറയ്ക്ക് വിനയുടെ ഫോണ് വന്നു. പല റിങ്ങുകൾക്ക് ശേഷം അവളെടുത്തു.
“അവിടെയെത്തിയോ?” അവൾ ചോദിച്ചു.
“ഇല്ല ഞാനിപ്പോഴും കോഴിക്കോടുണ്ട്. ”
“ഇവിടെയോ?”
“അതേ, ബട്ട് വൈ?”
“അതു പറയാം. നീ നാളെയല്ലേ തിരിച് ഹോസ്റ്റലിൽ പോകുന്നത്? തിങ്കളാഴ്ച അല്ലല്ലോ.”
“അല്ല ഞാൻ എപ്പോഴും സണ്ടേ തന്നെ
“ആ. അങ്ങനെ ആണെങ്കിൽ വേണമെങ്കിൽ നമുക്ക് ഒരുമിച്ചുപോകാം. ബുള്ളറ്റിൽ ഒരു കൊച്ചി റൈഡ് . നിനക്ക് ബുള്ളറ്റ് ഇഷ്ടമല്ലേ?”
“സത്യം! എനിക്ക് ബുള്ളറ്റ് ഇഷ്ടമാണ് എന്നറിഞ്ഞിട്ടും നീ ബുള്ളറ്റ് വാങ്ങുന്ന ഒരു സൂചന പോലും എനിക്ക് തന്നില്ലല്ലോ എന്നാലോചിച്ച് എനിക്ക് നിന്നോട് ചെറിയ ദേഷ്യമുണ്ടായിരുന്നു ഇപ്പൊ അതുമാറി.അല്ല നിനക്ക് എവിടുന്ന ഇതിനുള്ള പൈസ?”
