“ആ ഫോട്ടോയിൽ ഉള്ളതാണ് എന്റെ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടതെല്ലാം.”
“നിന്റെ പാരന്റ്സും സിസ്റ്ററുമാണോ?’
“പാരൻറ്‌സ്! അച്ഛന് പണ്ട് ചില ബിസിനസുണ്ടായിരുന്നു . വിശ്വസിച്ച ചിലർ അച്ഛനെ ചതിച്ചു. ആ ചതി താങ്ങാനാവാതെ അച്ഛൻ ആത്‍മഹത്യ ചെയ്യുമ്പോൾ ഞാൻ അമ്മയുടെ വയറ്റിലാണ്. അച്ഛന്റെ മരണം അമ്മയെ ഡിപ്രഷണിലാക്കി. എന്റെ പ്രസവം വരെ ഒരുവിധത്തിൽ ഉന്തിത്തള്ളിക്കൊണ്ടുപോയ അമ്മ എന്നെ പ്രസവിച്ചതോടെ മുഴുഭ്രാന്തിയായി. അന്ന് ഞങ്ങളെ ഏറ്റെടുത്തത് അച്ഛന്റെ ഒരേയൊരു ആത്മാർഥ സുഹൃത്താണ് വിശ്വൻ മാമൻ. മാമനും ഭാര്യ മല്ലിക മാമിയും ഞങ്ങളെ സംരക്ഷിച്ചു. മാമൻ അമ്മയെ പലയിടത്തും ചികിൽസിപ്പിച്ചെങ്കിലും ഒന്നും ഫലിച്ചില്ല. ഒടുവിൽ ഒരുദിവസം അമ്മ ആരോടും പറയാതെ ഇറങ്ങിപ്പോയി.
പിന്നെ ആരും അമ്മയെ കണ്ടിട്ടില്ല. ആദ്യം ഗുരുവായൂരിലും, പിന്നീട് രാമേശ്വരത്തും അവസാനം കാശിയിലും കണ്ടെന്ന് കേട്ട് മാമന് അന്വേഷിച്ചുപോയെങ്കിലും ആളെ കിട്ടിയില്ല. ജീവനുണ്ടോ മരിച്ചോ എന്നറിയില്ല, ഇനി ഉണ്ടെങ്കിൽതന്നെ താൻ ആരാണെന്നോ എന്താണെന്നോ പറയാൻ അറിയാത്ത ഒരു സ്ത്രീയെ ഇത്രവര്ഷം കഴിഞ്ഞ് എവിടെ തിരയാനാണ്. അഛനെ ഞാൻ കണ്ടിട്ടില്ല അമ്മയെ കണ്ട ഓർമ്മയുമില്ല, എന്തിനധികം ഇവരെ ഓർക്കാൻ ഒരു ഫോട്ടോ പോലും അമ്മ ബാക്കിയാക്കിയില്ല, ഭ്രാന്തിന്റെ ഉച്ചത്തിൽ എവിടെയോ അമ്മ ഞങ്ങളുടെ വീടിന് തീവെച്ചതിൽ എല്ലാം എരിഞ്ഞടങ്ങി,” അവനൊന്നു നിർത്തി മുനീറയെ നോക്കി.
അവനെപ്പോലെ മുനീറയുടെ കണ്ണും നിറഞ്ഞിരുന്നു. അവൻ തുടർന്നു, ” അന്നുമുതൽ എന്നെ വളർത്തുന്നത് മാമനും മാമിയുമാണ്. അവരാണ് ഈ ഫോട്ടോയിൽ ഉള്ളത്. പിന്നെ ഈ പെണ്കുട്ടി. അവൾക്കുവേണ്ടിയാണ് ഞാൻ മാമനേയും മാമിയെയും അച്ഛനെന്നുമമ്മയെന്നും വിളിക്കാത്തത്. എന്റെ ദിവ്യ, മാമന്റെയും മാമിയുടെയും മകൾ, എനിക്കുള്ളതാണെന്ന് അവർ പണ്ടേ തീരുമാനിച്ചതാണ്. മരിച്ചുപോയ അച്ഛനും അമ്മയ്ക്കും വേണ്ടി അവരുടെ ആഗ്രഹങ്ങൾ നിറവേറ്റി ഇനിയുള്ള കാലം അവർക്ക് വിശ്രമവും ആശ്വാസവും നിറഞ്ഞ ജീവിതം കൊടുക്കലാണ് തന്റെ ആഗ്രഹം,”
എന്ന് വിനയ് പറഞ്ഞത് അതുകേട്ടതോടെ അവൻ അനുഭവിക്കേണ്ടിവന്ന ദുഃഖത്തെ ഓർത്ത് അവൾക്ക് അവനോട് വലിയ അനുകമ്പയും അത്രയും ഡാർക്ക് ആയ ഒരു പാസ്റ്റുണ്ടായിട്ടുപോലും എല്ലാവർക്കും സ്നേഹവും സന്തോഷവും കൊടുക്കുന്ന അവന്റെ പോസിറ്റിവിറ്റിയോട് മതിപ്പും തോന്നി. അവൾ നിശ്ശബ്ദം തന്റെ കൈയ്യിൽ അവന്റെ കൈകൾ എടുത്തുവെച്ച് മുറുക്കിപ്പിടിച്ചു.
മൂന്നാല് വർഷം മുൻപ് മുനീറയുടെ ഉപ്പുപ്പ മരണപ്പെട്ടപ്പോൾ കാണാൻ വന്ന അവളുടെ ഒരു സ്‌കൂൾ ഫ്രണ്ട് അവളുടെ വിഷമം കണ്ടിട്ട് ഒന്നും മിണ്ടാതെ അവളുടെ കൈ ചേർത്തുപിടിച്ചതാണ് അപ്പോൾ അവളോർത്തത്. അത് അവൾക്കന്ന് എന്തോ ഒരാശ്വാസം കൊടുത്തിരുന്നു. “നിനക്കൊരു ഗോൾഡൻ മനസ്സുണ്ട്, ഏത് ഇരുട്ടിലും നീ തിളങ്ങും, അത് മറക്കണ്ട,” അന്ന് പിരിയുംമുന്നേ അവൾ അവനോട് പറഞ്ഞു.
അന്നത്തെ ആ തുറന്നുപറച്ചിലിനുശേഷം അവർതമ്മിൽ ഉറ്റ ചങ്ങാതിമാരായി. അതല്ലാതെ വേറെ വഴിയൊന്നും ഇല്ലായിരുന്നു. കാരണം അല്ലെങ്കിൽ അവൾക്ക് അവനോടുള്ള കമ്പനി വളരെ കംഫർട്ടബിളും എന്ജോയബിളുമായിരുന്നു. ധാരാളം തമാശ പറയുന്ന എന്നാൽ കസിനോടൊക്കെ തോന്നുന്നപോലെ ഒരടുപ്പം തോന്നിപ്പിക്കുന്ന ഒരാൾ. അവന്റെ കഥ കൂടി കേട്ടതോടെ അവൾക്ക് അടുപ്പമിരട്ടിച്ചു. അങ്ങനെയിരിക്കെയാണ് ഒരു ഞായറാഴ്ച വൈകുന്നേരം സർപ്രൈസ് ഉണ്ടെന്നും പറഞ്ഞുകൊണ്ട് അവനെയുംകൊണ്ട് മുനീറ മറൈൻ ഡ്രൈവിലേക്ക് പോയത്. അവർ ബസ്സിറങ്ങുമ്പോൾ അവരെ കാത്ത് അവിടെ നിയാസ് നിൽപ്പുണ്ടായിരുന്നു. മുനീറ തനിക്ക് കിട്ടിയ പുതിയ ചങ്ങാതിയെപ്പറ്റിയും അവന്റെ കഥകളും അതാത് സമയത്തുതന്നെ നിയാസിനെ അറിയിക്കുന്നുണ്ടായിരുന്നു.
“ഹലോ,” നിയാസ് കൈനീട്ടി.
“ഹലോ,” വിനയ് ആ കൈപിടിച്ചുകുലുക്കി.
ആദ്യത്തെ പരിചയപെടലിനും കുശാലാന്വേഷണങ്ങൾക്കും ശേഷം അവർ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു, സ്പോർട്സും സിനിമയും സംസാരിച്ചു. ചുരുങ്ങിയ സമയംകൊണ്ടുതന്നെ നിയാസിനും വിനയിനെ വല്ലാതെ ബോധിച്ചു. അല്ലെങ്കിൽ ഒരുപക്ഷേ ഒരു കാമുകന് തന്റെ കാമുകിയുടെ ആണ് സുഹൃത്തിനോട് തോന്നിയേക്കാവുന്ന ജലസിയൊന്നും അവന് വിനയിനോട് തോന്നിയില്ല. വിനയിനെ കണ്ടാൽ അങ്ങനെ തോന്നേണ്ട കാര്യവുമുണ്ടായിരുന്നില്ല. ഒടുവിൽ ഓരോ കുലുക്കിയും കുടിച്ചശേഷം പതിവുപോലെ നിയാസിനെ തിരിച്ചുബസ് കയറ്റിവിടാൻ ബസ്സ് കാത്തുനിൽക്കുമ്പോൾ അവൻ വിനയോട് പറഞ്ഞു ” ഇവൾ ആളൊരു പാവമാണ്. ചെറിയ കാര്യങ്ങൾക്ക് ടെന്ഷനടിയ്ക്കുകയും വിഷമിക്കുകയും ചെയ്യും. ബ്രോയ്ക്ക് അറിയാമല്ലോ എനിക്ക് ഇവളെ എന്തിഷ്ടമാണെന്ന്. സോ എനിക്ക് വേണ്ടി അവളുടെ നേർക്ക് ഒരു കണ്ണുവേണം.”
