അങ്ങനെയിരിക്കെയാണ് നിയാസിന്റെ ബർത്ത്ഡേ വന്നത്. നിയാസ് മുനീറയുടെ കൂടെ കോച്ചിങ്ങിന് ഉണ്ടായിരുന്ന മലപ്പുറത്തുകാരൻ പയ്യനായിരുന്നു. എല്ലാ സാമ്പിൾ ടെസ്റ്റിനും ഒന്നാം റാങ്ക് വാങ്ങിയിരുന്ന , ഒരേ സമയം കേരളത്തിന്റെയും, തമിഴ്നാടിന്റെയും, കേന്ദ്രത്തിന്റെയും എൻട്രൻസുകൾ എഴുതിയിരുന്ന നിയാസ് അവിടത്തെ ഏറ്റവും ബ്രൈറ്റ് സ്റ്റുഡന്റും, തന്റെ ചങ്ങാതിമാരെല്ലാം എൻട്രൻസ് എഴുതുന്നതുകൊണ്ടു മാത്രം എൻട്രൻസ് എഴുതുന്ന മുനീറ അവിടത്തെ ബിലോ ആവറേജ് സ്റ്റുഡന്റുകളിൽ ഒരാളും ആയിരുന്നെന്ന് മാത്രം.
പക്ഷേ അതൊന്നും മുനീറയുടെ സ്മാർട്ട് ലൂക്കിലും വർത്തമാനത്തിലും വീഴുന്നതിൽനിന്ന് അവനെ വിലക്കിയില്ല എന്നുമാത്രം. ഒരേ ബാച്ചിൽ പഠിച്ചിരുന്ന അവളോട് നിയാസ് കോച്ചിങ് ടൈമിൽ കാര്യമായി ഒന്നും സംസാരിച്ചിരുന്നില്ലെങ്കിലും കോച്ചിങ് കഴിഞ്ഞ് പരീക്ഷകൾ എല്ലാം എഴുതിക്കഴിഞ്ഞപ്പോൾ ഫോണ് നമ്പർ ഒപ്പിച് അത്യാവശ്യം ചാറ്റിങ്ങും വിളിയും തുടങ്ങി.
എൻട്രൻസ് റിസൾട്ട് വന്നതിന്റെ പിറ്റേന്ന് എഴുതിയ എല്ലാ പരീക്ഷകൾക്കും മുന്തിയ റാങ്ക് വാങ്ങിയതിന് ഇൻസ്റ്റിറ്റ്യൂട്ടിൽ ലഡ്ഡുകൊടുക്കാൻ വന്നപ്പോഴാണ് നിയാസ് എൻട്രൻസ് ജസ്റ്റ് പാസ് ആയതിന് ജിലേബി കൊടുക്കാൻ വന്ന മുനീറയെ പ്രാപ്പോസ് ചെയ്തത്. കാര്യം അവൾ അതിനെപ്പറ്റി അങ്ങനെ കാര്യമായി ചിന്തിച്ചിരുന്നില്ലെങ്കിലും കോളേജിലൊക്കെ പോകുമ്പോൾ ഒരു ബോയ്ഫ്രണ്ട് ഉണ്ടാകേണ്ടത് ഒരു വിലകിട്ടാൻ അത്യാവശ്യമാണ് എന്ന് മനസ്സിലാക്കി വെച്ചിരുന്നു. അപ്പോൾ പിന്നെ ചെന്നൈ ഐ ഐ ടി യിൽ അഡ്മിഷൻ എടുക്കാൻ പോകുന്ന നിയാസിനെ കിട്ടിയാൽ പുളിക്കുമോ?
അവൾ ഇടം വലം നോക്കാതെ സമ്മതിച്ചു. അവൻ ചെന്നൈയ്ക്കും മുനീറ കൊച്ചിയ്ക്കും വണ്ടി കയറിയെങ്കിലും തമ്മിൽ ഒരു വർഷമായി കണ്ടില്ലെങ്കിലും ഒരു വർഷംകൊണ്ട് ഫോണിലൂടെയും മറ്റും ആ പ്രണയം വളർന്നിരുന്നു. കാര്യങ്ങളങ്ങനെപോകുമ്പോഴാണ് നിയാസ് പെരുന്നാളിന് നാട്ടിൽ വരുന്നതും, പെരുന്നാളിന്റെ പിറ്റേന്ന് മുനീറയ്ക്കൊപ്പം തന്റെ പിറന്നാളാഘോഷിക്കാൻ കൊച്ചിയിൽ വരുന്നതും.
അങ്ങനെ മുനീറ ആ ശനിയാഴ്ച നാട്ടിൽ പോകാതെ കൊച്ചിയിൽ നിയാസിനോടൊപ്പം ബർത്ത് ഡേ ആഘോഷിക്കുകയായിരുന്നു. രാവിലെ ഒരു സിനിമ, ഉച്ചയ്ക്ക് ലഞ്ച്, അതുകഴിഞ്ഞ് ഫോർട്ട്‌കൊച്ചി, മറൈൻ ഡ്രൈവിൽ കുലുക്കി, അങ്ങനെ ഒരു ദിവസം ആഘോഷിച്ച അവർ ഏതാണ്ട് വൈകിട്ട് ഏഴുമണിയോടെ ഷോപ്പിംഗിനായി ലുലു മോളിൽ കയറിയതായിരുന്നു. നിയാസിനുള്ള ബർത്തടെ ഗിഫ്റ്റും മറ്റും വാങ്ങിയ ശേഷം ഡിന്നർ കൂടി കഴിച്ചിട്ട് പിരിയാമെന്നോർത്ത് ഫുഡ് കോർട്ടിൽ ഭക്ഷണത്തിനായി അവളും നിയാസും കാത്തിരിക്കുമ്പോഴാണ് മുനീറ ഒട്ടും പ്രതീക്ഷിക്കാതെ അടുത്ത ടേബിളിൽ വിനയിനെ കണ്ടത്. മുനീറ ആദ്യമൊന്ന് അമ്പരന്നു.
ഇനി വിനയെങ്ങാൻ നിയാസിനെ കാണുമോ എന്നതായിരുന്നു അവളുടെ ചിന്ത. കണ്ടതുകൊണ്ട് എന്തെങ്കിലും ഉണ്ടായിട്ടല്ല, തന്റെ വീട്ടുകാർക്ക് പോലും അറിയാത്ത കാര്യം ഒരപരിചിതൻ അറിയുന്നതുകൊണ്ട് ഉള്ള സുഖക്കുറവ്. അതും പോരാഞ്ഞിട്ട് ഇനി ഇവനെങ്ങാൻ ആരോടെങ്കിലും പറഞ്ഞാൽ അങ്ങനെ പറഞ്ഞു പറഞ്ഞു വല്ലവരും പറഞ്ഞു വീട്ടിലറിഞ്ഞാൽ. ഓരോന്ന് ചിന്തിച്ചുകൊണ്ട് അവൾ ആളെ പെട്ടെന്ന് മനസ്സിലാകാതിരിക്കാൻ തന്റെ തട്ടം ഒന്നുകൂടി മുഖത്തേയ്ക്ക് താഴ്ത്തി തിരിഞ്ഞിരുന്നു.
“മുനീറയ്ക്ക് ഒരു സ്നേഹയെ അറിയാമോ? തന്റെ ഹോസ്റ്റലിലുള്ള…,” പെട്ടെന്ന് പുറകിൽ നിന്ന് ആ ചോദ്യം കേട്ടപ്പോൾ മുനീറ ഞെട്ടിത്തിരിഞ്ഞു. അതേ അവൻ തന്നെയായിരുന്നു. അവന് തന്നെ കണ്ടു എന്ന് മാത്രവുമല്ല മിണ്ടാനും വന്നും..ഒക്കെ പോരാഞ്ഞിട്ട് അവന് തന്റെ പേരും ഹോസ്റ്റലും വരെ അറിയാം എന്നത് അവൾക്ക് അലോസരമുണ്ടാക്കി.
“അ… അറിയാം… നിങ്ങൾ..” അവൾ തപ്പി തടയുന്നതിനിടയിൽ കയറി അവൻ പറഞ്ഞു,
“ഞാൻ വിനയ്, ഞങ്ങൾ , ഞാനും സ്നേഹവും ഒരേ ഡിപ്പാർട്മെന്റാണ്. ഒരേ ക്‌ളാസ്”
“ഓകെ.. ഫൈൻ..” അവൾ മുഖത്തുനോക്കാതെ പറഞ്ഞു.
