“ഇതെന്താ കുളിക്കുമ്പോൾ ആ കൂട്ടത്തിൽ സംസാരവും കഴുകി കളഞ്ഞോ,?”. ജിത്തിന്റെ ചോദ്യത്തിൽ അവൾ തലപൊക്കി അവനെ നോക്കി എന്താ ചോദിച്ചത് എന്ന് കണ്ണ് കൊണ്ട് ചോദിച്ചു.
“അല്ല, കുളി കഴിഞ്ഞു വന്നപ്പോൾ ആകെ മൂഡ്ഓഫ്. അതാ ചോദിച്ചത്.”
“എടാ നിനക്ക് പ്രേമം ഉണ്ടോ?”. എടുത്തടിച്ചത് പോലെ അവളുടെ മറുചോദ്യം.
“ഹേയ് ഇല്ല, ഉള്ളതൊക്കെ അവസാനിപ്പിച്ചിട്ടാ നാട്ടിന്നു വണ്ടി കയറിയത് “എന്തേ?. അവൻ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു.
“ഹാ, അതാ നല്ലത്. പറ്റുമെങ്കിൽ ഇനി പ്രേമിക്കാനും പോകരുത് “. അവളുടെ വാക്കിലെ നിരാശ അവൻ ശ്രദ്ധിച്ചു. അപ്പോ അതാണ് കാര്യം.
“ഹും, എന്തു പറ്റി?. എന്തോ പണി കിട്ടിയ ലക്ഷണമുണ്ടല്ലോ.” അവന്റെ ചോദ്യത്തിൽ അവളവനെ നോക്കി മിണ്ടാതെ ഇരുന്നു.
“ഇല്ല ചോദിച്ചന്നേയുള്ളു. പറയാൻ ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിൽ പറയണ്ട.” ഒന്നും മിണ്ടാതിരിക്കുന്ന സാറയെ നോക്കി അവൻ പറഞ്ഞു.
“ഒന്നുമില്ല ജിത്തേ, ഒരു റിലേഷൻ ഉണ്ടായിരുന്നു. അതിപ്പോൾ ആകെ തലവേദന ആകുന്നുണ്ട്. ഇപ്പോൾ അവന്റെ കോൾ വന്നു. അതാ ഞാൻ മൂഡോഫ് ആയിപോയത് “. അവളുടെ വാക്കുകളിൽ ആകെ ദേഷ്യവും വിഷമവും അവൻ ശ്രദ്ധിച്ചു.
“ഇപ്പോൾ എന്താ പ്രശ്നം?. ജിത്ത് ആരാഞ്ഞു.
“എല്ലാം പ്രശ്നം തന്നെ. ഞാൻ ദുബായ് പോയത് പ്രശ്നം, അവിടെ നിന്നത് പ്രശ്നം, എന്തിന് ഇപ്പോൾ ഞാനിങ്ങോട്ടു വന്നത് തന്നെ പ്രശ്നമായി “. അവൾ ഇടംകൈ കൊണ്ട് നെറ്റി തിരുമി.
“ഇങ്ങോട്ട് വന്നത് എന്ത് പ്രശ്നം?. ജിത്ത് ആകാംഷയോടെ തിരക്കി.
“ഓഹ്, അവന്റെ ഒടുക്കത്തെ സംശയരോഗം, ചേച്ചി ഇല്ലന്നും, നീയിവിടെ ഉണ്ടെന്നും അറിയാതെ എന്റെ വായിന്നു വീണുപോയി “.
“അല്ല,നിങ്ങൾ കല്യാണം കഴിക്കാൻ തീരുമാനിച്ചതല്ലേ, പിന്നെന്താ പ്രശ്നം?”
അവന്റെ ചോദ്യത്തിൽ തെല്ലതിശയത്തോടെ അവൾ അവനെ നോക്കി.
“നിനക്കെങ്ങനെ അറിയാം ജിത്തേ ഇതിനെ കുറിച്ച്, ചേച്ചി പറഞ്ഞോ നിന്നോട്?”. അവൾക്കു അറിയാൻ ആകാംഷയേറി.
“ഹേയ്, ചേച്ചി അങ്ങനെ ആരുടേയും കാര്യം ഒന്നും ആരോടും പറയില്ല. ഇത് ഞാൻ ചേച്ചിയുടെയും അളിയന്റെയും പലപ്പോളുള്ള സംസാരങ്ങളിൽനിന്ന് പിടിച്ചെടുത്തതാ”. അവനൊരു ചെറുചിരിയോടെ പറഞ്ഞു.
“ഉം, കോപ്പാ, അവൻ കല്യാണം ഒന്നും കഴിക്കാൻ പോണില്ല ജിത്തേ, വർഷം അഞ്ചു കഴിഞ്ഞു. ഇത് വരെ അവനു വീട്ടിൽ പറയാൻ പേടി. തറവാട്ടുകാരല്ലേ, ക്രിസ്ത്യാനി പെണ്ണിനെ കെട്ടാൻ സമ്മതിക്കില്ലെന്ന്. പോരാത്തതിന് ഇപ്പോൾ സംശയരോഗവും. മടുത്തു എനിക്ക്”.. അവൾ തലയിൽ കൈ വച്ചു.
“എങ്കിൽ ഒറ്റയടിക്ക് ഈ റിലേഷൻ അവസാനിപ്പിക്കാതെ കാര്യങ്ങൾ പറഞ്ഞു ക്ലിയർ ആക്ക്. ആ പുള്ളിയോട് ചോദിക്ക് എന്താ മുന്നോട്ടുള്ള പ്ലാൻ എന്ന്. വീട്ടുകാരുടെ കാര്യം അറിഞ്ഞുകൊണ്ടു തന്നെ അല്ലേ പ്രേമിക്കാൻ തുടങ്ങിയത്. അഞ്ചുവർഷമായുള്ള റിലേഷൻ ആണന്നല്ലേ പറഞ്ഞത്.
അതിങ്ങനെ ഒരു നിമിഷം കൊണ്ട് മറന്നുകളയാൻ പറ്റുമോ നിങ്ങൾക്ക്. സംസാരിച്ചു ക്ലിയർ ആക്കിയിട്ടു ഒരു തീരുമാനത്തിലെത്ത്.” ജിത്ത് പറഞ്ഞ അഭിപ്രായം അവൾക്കും ഏറെ പിടിച്ചു, ഒരാൾ കൂടെ നിന്ന് പറഞ്ഞു തരാൻ ഉള്ളതിന്റെ ആശ്വാസം അവളുടെ മുഖത്ത് തെളിഞ്ഞു.
“അത് ശരിയായ കാര്യമാണ് ജിത്തേ നീ പറഞ്ഞത്. ഇന്ന് തന്നെ സംസാരിച്ച് ക്ലിയർ ആക്കണം. എനിക്ക് വയ്യ ഇങ്ങനെ അവന്റെ….” അവൾ മുഴുമിപ്പിക്കാതെ നിർത്തി.
കഴിച്ച പത്രങ്ങൾ ജിത്തിന്റെ കയ്യിന്നും വാങ്ങി അവൾ അടുക്കളയിലേക്ക് നടന്നു. പത്രങ്ങൾ ഓരോന്നായി അവൾ കഴുകി വച്ചു.
ജിത്ത് കയ്യും കഴുകി സോഫയിൽ വന്നിരുന്നു. അവളും കൈ കഴുകി വന്ന് അവന്റെ അരികിലായിരുന്നു. പിന്നെ അവരുടെ റിലേഷൻ വളർന്നുവന്ന കാര്യങ്ങൾ ഓരോന്നായി വള്ളി പുള്ളി തെറ്റാതെ സകലതും അവനോടാവൾ തുറന്നു പറഞ്ഞു. നല്ല ഒരു കേഴ്‌വിക്കാരൻ ആയി ജിത്തും അവളുടെ കഥകൾ കേട്ടിരുന്നു. ശരീരം വരെ പങ്കിട്ടു എന്നവൾ അവനോട് പറയാതെ പറഞ്ഞു.
ആ സംസാരം നീണ്ടു പോകുന്നതിന്റെ ഇടയിലാണ് കാളിങ് ബെൽ അടിച്ചത്. സാറതന്നെ ഓടി പോയി കതക് തുറന്നു. പ്രതീക്ഷിച്ചപോലെ ചേച്ചിയും, കാർത്തിക് മോനും ആയിരുന്നു. പിന്നെ കെട്ടിപിടിക്കലും ഉമ്മവപ്പും ഒക്കെയായി ബഹളമായി അവിടെ.
