“അഞ്ചുകൊല്ലമായി കിട്ടാത്ത സമയം ആണോ അഖിലേ ഇനി നിനക്ക്. ഇത് ശരിയാവില്ല. ഇന്നെനിക്കു ഒരു തീരുമാനം അറിയണം. എന്നെ നിനക്ക് വേണമെങ്കിൽ ഇന്ന് തന്നെ നീ വീട്ടുകാരോട് പറയുന്നു. അവര് സമ്മതിച്ചില്ലെങ്കിൽ നമ്മൾ രജിസ്റ്റർ മാര്യേജ് ചെയ്യുന്നു. ഇല്ല എങ്കിൽ നമുക്കിത് ഇവിടെ നിർത്താം.” അവൾ തന്റെ തീരുമാനം തറപ്പിച്ചു പറഞ്ഞു.
“എന്റെ സാറ, ഇപ്പോൾ ചോദിച്ചാൽ അവര് നോ പറയുകയേ ഉള്ളു. തന്നെയല്ല ചേട്ടൻ വീതം ചോദിച്ചു ചെറിയ പ്രശ്നം ആയി നിൽക്കുവാ. ഞാനെങ്ങാനും ഇപ്പോൾ ഇതും കൊണ്ടു അങ്ങോട്ട് ചെന്നാൽ സ്വത്തുമുഴുവൻ എപ്പോ ചേട്ടന്റെ പേരിലായെന്നു ചോദിച്ചാൽ മതി.”
“ഓഹോ, ഇനി വീതം വെപ്പും കഴിഞ്ഞു നിന്റെ സൗകര്യം പോലെ പറയും. അതുവരെ നിനക്കിങ്ങനെ എന്നെ ആവശ്യത്തിന് ഉപയോഗിക്കണം. ഇനി അവര് സമ്മതിച്ചില്ലെങ്കിലോ?”
“ഞാനെങ്ങനെ എങ്കിലും സമ്മതിപ്പിച്ചോളാം എന്റെ സാറ. പ്ലീസ് നീയൊന്നു പറയുന്നത് മനസ്സിലാക്ക്”.
“ഞാൻ പറഞ്ഞു കഴിഞ്ഞു അഖിൽ. ഒന്നുകിൽ ഇന്നൊരു തീരുമാനം. അല്ലെങ്കിൽ ഇതിവിടെ സ്റ്റോപ്പ്. എന്താ നിന്റെ അഭിപ്രായം, എനിക്കത് അറിഞ്ഞാൽ മതി.”
ഇപ്പോൾ എനിക്ക് പറയാൻ കഴിയില്ല സാറ. ഞാൻ പറഞ്ഞില്ലേ, അവിടെ ആകെ വിഷയം ആകും. ”
“അപ്പോൾ അഖിൽ നീ പ്രോപ്പർട്ടിയും നോക്കി ഇരുന്നോ. എന്നിട്ട് കിട്ടി കഴിയുമ്പോൾ വീട്ടുകാര് കാണിച്ചു തരുന്ന ഏതിനെ എങ്കിലും കെട്ട്. എന്നെ വെറുതെ വിട്ടേക്ക്.” ആവളുടെ കണ്ണുകളിൽ നിന്നും ഒരുതുള്ളി കണ്ണുനീർ കവിലൂടെ ഒഴുകിയിറങ്ങി.
“എന്റെ സാറ നീയെന്താ ഈ പറയുന്നത്. ഞാനങ്ങോട്ടു വരാം. നമുക്ക് സംസാരിക്കാം. ഒക്കെ ശരിയാവും പ്ലീസ്.”
എന്റെ ബിൽഡിങ്ങിന്റെ അടുത്തെങ്ങാനും നിന്നെ കണ്ടാൽ ഞാൻ തന്നെ തല്ലും നിന്നെ. നിനക്ക് വന്നു കയറി നിന്റെ പാടും നോക്കി ഇറങ്ങി പോയാൽ മതി. എനിക്കിവിടെ ജീവിക്കണ്ടതാ. സംസാരം ഒക്കെ ഒരുപാടു കേട്ടതാ ഞാൻ. ഇനി മതി.
“സാറാ…. പറയുന്നത്…”. അവൻ മുഴുവൻ പറയാൻ അവൾ സമ്മതിച്ചില്ല.
“അഖിൽ നോക്ക്. നിന്റെ വീട്ടുകാരോട് സംസാരിക്കാൻ നിന്നെ കൊണ്ട് ആവില്ല. അവരെ പിണക്കി എന്റൊപ്പം വരാനുള്ള ആണത്തവും നിനക്കില്ല. അങ്ങനെ ഉള്ള ഒരാളുമായി റിലേഷൻ വെക്കുന്നതിൽ ഒരർദ്ധവുമില്ല. എനിക്കൊട്ടു ഇന്ട്രെസ്റ്റും ഇല്ല.”
“അതേ ഇന്ട്രെസ്റ് ഇല്ല, അത് തന്നെ കാര്യം. എന്നാൽ അത് തെളിച്ചു പറ “. അതുവരെ പിടിച്ചു വച്ചിരുന്ന ദേഷ്യവും സങ്കടവും ഒരു പൊട്ടിത്തെറിയിലൂടെ സാറ അവനോടു തീർത്തു. ഫോൺ കട്ട് ചെയ്തിട്ട് അവൾ കുനിഞ്ഞിരുന്നു കണ്ണുകൾ പൊത്തി എങ്ങലടിച്ചു. എന്തുചെയ്യണം എന്നറിയാതെ ജിത്തുവും സ്ഥബ്ധനായി ഇരുന്നു.
അവൻ സാവധാനം എണിറ്റു ചെന്ന് അവളുടെ അടുത്തിരുന്നു. ഒന്ന് കൈ പിടിച്ച് ആശ്വസിപ്പിക്കണം എന്നുണ്ട്. പക്ഷേ അല്പം മുൻപ് മാത്രം കണ്ട് പരിചയപ്പെട്ട അവളെ എങ്ങനെയാ ശരീരത്തിൽ സ്പർശിക്കുന്നത്.
ഒന്നും പറ്റാതെ ഇരുന്ന ജിത്തിനെ അദ്‌ഭുദപ്പെടുത്തികൊണ്ട് അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു. ആകെ ഷോക്ക് ആയി അവനല്പ്പനേരം അനങ്ങാതെ ഇരുന്ന് പോയി. പതിയെ അവൻ ഒരുകൈ അവളുടെ തോളിലൂടെ ഇട്ട് അവളെ ചേർത്ത് പിടിച്ചു. ഒരു കുഞ്ഞിനെ പോലെ കരഞ്ഞുകൊണ്ട് അവന്റെ മാറിലേക്ക് ചാഞ്ഞു.
കരഞ്ഞു തീർക്കട്ടെ എന്നവനും വിചാരിച്ചു. കുറേ നേരം ആ ഇരുപ്പു അവർ അവിടെ ഇരുന്നു. കുറേ കഴിഞ്ഞ് അവന്റെ നെഞ്ചിൽനിന്നും മുഖം മാറ്റി അവൾ എഴുനേറ്റു. പോയി മുഖം കഴുകി വന്നു.
“ചേച്ചി വന്നാൽ എന്ത് വിചാരിക്കും. നീ വാ ജിത്തേ ഈ ലഗ്ഗ്യേജ് ഒന്ന് പൊട്ടിക്കാൻ കൂട്.” അവൾ മുഖം എല്ലാം തുടച്ചുകൊണ്ട് അവനെ നോക്കി. അവളുടെ കണ്ണുകൾ ഒക്കെ കരഞ്ഞു കലങ്ങി ഇരിക്കുന്നു.
അവൻ ചെന്ന് പാക്കറ്റ് പൊട്ടിക്കാൻ അവളുടെ ഒപ്പം കൂടി. അതിൽ ഉള്ളത് എല്ലാം ചേച്ചിയുടെ വീട്ടിലേക്ക് തന്നെ . മോന് ടോയ്‌സ്, ചേച്ചിക്ക് ഡ്രസ്സ്, അളിയനുള്ളത്, എന്തൊക്കെയോ ഡ്രൈ ഫ്രൂട്ട്സ്, ചോക്ലേറ്റ്.
അതിനിടെ ചേച്ചിയും മോനും കയറി വന്നു. അവരുടെ മുൻപിൽ ഹാപ്പി ആയി ഇരിക്കാൻ സാറ കഴിവതും ശ്രമിച്ചു. എന്നാലും അവളുടെ കരഞ്ഞു ചുവന്ന കണ്ണുകൾ ചേച്ചിയുടെ ശ്രദ്ധയിൽ പെട്ടു. പൊടി കാരണം തുമ്മി എന്ന് പറഞ്ഞവൾ രക്ഷപെട്ടു.
