ബാബാ അവരുടെ കയ്യില്‍ നിന്നും ചെക്ക് വാങ്ങി.
“മേഡം കാശിനു വേണ്ടി ആയിരുന്നെങ്കില്‍ അനിയെ ഞാന്‍ ചികില്സിക്കില്ലായിരുന്നല്ലോ. പക്ഷെ ഈ കാശ് ഞാന്‍ വാങ്ങും. ഇനിയും ഇത് പോലെ അനാഥമായി അപകടത്തില്‍ പെട്ട് കിടക്കുന്നവരെ സഹായിക്കാന്‍ ഈ കാശ് എനിക്ക് ഉപകരിക്കും. മേഡം വിഷമിക്കണ്ട. അനിക്ക് ഒരു കുറവും വരാതെ ഞാന്‍ ചികില്സിച്ചോളം. “
“എന്നാല്‍ ശരി.. ബാബാ.. അനീ… ഞാന്‍ ഇറങ്ങട്ടെ. ഓഫീസില്‍ പോകണം. “ മേഡം യാത്ര പറഞ്ഞിറങ്ങി.
പിറകെ ചെന്നു മേഡത്തോട് എന്തോ പറഞ്ഞ ശേഷം ബാബ കതകുകള്‍ അടച്ചു എനിക്കരികില്‍ വന്നു.
“അനീ. എന്തായി? അവര്‍ വല്ലതും പറഞ്ഞോ? “
“ഹ്മം. പറഞ്ഞു….നമ്മള്‍ കരുതിയതിനേക്കാള്‍ കൂടുതല്‍. “
ഞാന്‍ എല്ലാം ബാബയോട് വിശദമായി പറഞ്ഞു.
“ഹ്മം…അപ്പോള്‍ അങ്ങനെയാണ് കാര്യങ്ങള്‍. ഞാന്‍ പറഞ്ഞില്ലേ അവര്‍ക്ക് നീയുമായി കാര്യമായ ബന്ധം ഉണ്ടെന്നു. ഇനിയിപ്പോള്‍ എന്താ അടുത്ത പരിപാടി? “
“അത്. ബാബാ…..എനിക്ക് ഓഫീസിലെ ഓരോരുത്തരെയും കാണണം. ചിലപ്പോള്‍ അവര്‍ക്ക് ഈ കഥയുടെ മറു വശം പറയാന്‍ കഴിഞ്ഞേക്കും. പ്രത്യേകിച്ചു ഹീര. “
“എങ്കില്‍ പിന്നെ അവളെ വിളിക്ക്. “
“വിളിക്കാം…ബാബ. കുറച്ചു കഴിയട്ടെ. നമ്പര്‍ ആ ഫോണില്‍ ഉണ്ട്. പക്ഷെ മേഡം പറഞ്ഞത് വച്ചു നോക്കുമ്പോള്‍ അവള്‍ ഞാനുമായി പ്രണയത്തില്‍ ആണ്. ഇത്രയും നാളായി കാണാതിരുന്നിട്ടു എന്നെ ഇങ്ങനെ ഒരു അവസ്ഥയില്‍ കാണുമ്പോള്‍ അവള്‍ എങ്ങനെ പ്രതികരിക്കും എന്ന് എനിക്കറിയില്ല… പിന്നെ ശില്‍പ…. “
“അതും ശരിയാണ്. അനീ. ഇത് വളരെ ആലോചിച്ചു ചെയ്യേണ്ടുന്ന ഒരു കാര്യം ആണ്. “
“ആ. ബാബ ഞാന്‍ മറന്നു. ഞാന്‍ പുകച്ചുരുളുകളില്‍ തെളിയുന്ന മുഖങ്ങളെ സ്വപ്നം കണ്ടതായി പറഞ്ഞില്ലേ. ആ രഹസ്യം കണ്ടു പിടിച്ചു. “
“ഉവ്വോ? എങ്ങനെ? “
“ബാബ ആ ഫോണ്‍ ഇങ്ങെടുത്തെ.. അതില്‍ ഉണ്ട് ആ പുകച്ചുരുളുകള്‍. “
ബാബ എന്‍റെ ബ്ലാക്ക് ബെറി ഫോണ്‍ എടുത്തു തന്നു. ഞാന്‍ അതില്‍ നിന്നും ആ ഫോട്ടോ ബാബയെ കാണിച്ചു.
“ഇവരാണ് ആ മൂന്ന് പേര്…..മേഡം, acp, പിന്നെ ഡോ. ലക്ഷ്മി റായ്. “
ബാബയുടെ മുഖത്ത് ഒരു ആശ്ചര്യം നിറയുന്നത് ഞാന്‍ കണ്ടു. ആ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി അദ്ദേഹം പറഞ്ഞു…
“അനീ നീ വിചാരിക്കുന്ന പോലെ ഒരു ക്രൂരയായ സ്ത്രീ ഒന്നും അല്ല ഈ ലക്ഷ്മി റായി. എനിക്ക് അവരെ നേരത്തെ അറിയാം. “
“ങേ…ബാബയ്ക്ക് ഇവരെ എങ്ങനെ അറിയാം? “
“നല്ല ചോദ്യം. ഇവര്‍ ഈ മുംബൈയിലെ ബിസിനസ് മാഗ്നറ്റ് ആണ്. മിക്കവാറും എല്ലാ മുംബൈ നിവാസികള്‍ക്കും ചിര പരിചിത. പക്ഷെ എനിക്ക് ഇവളുമായുള്ള ബന്ധം അങ്ങനെ അല്ല. ഇവളുടെ അച്ഛന് ഡോ. രത്തന്‍ റായി എന്‍റെ ഒരു സുഹൃത്ത് ആയിരുന്നു. പലപ്പോഴും എന്നെ സഹായിച്ചിട്ടുള്ള വ്യക്തി. അയാളിലൂടെ മകള്‍ ലക്ഷ്മിയും എന്നെ അറിഞ്ഞു. എന്നോട് വലിയ കാര്യമാണ് അവള്‍ക്കു. അച്ഛന്‍ മരിച്ചെങ്കിലും അവള്‍ അച്ഛന്‍റെ ബന്ധങ്ങളെ മറന്നില്ല. അത് കൊണ്ടാണല്ലോ ഇത്രയും വലിയ ഹോസ്പിടലിന്‍റെ ഉടമയായിട്ടും അവള്‍ എന്‍റെ ഈ ചെറിയ സ്ഥാപനത്തിന് വേണ്ടുന്ന സഹായങ്ങള്‍ ചെയ്യുന്നത്. മാത്രവുമല്ല.. ശില്‍പ…. “
“ശില്‍പ….ശില്‍പയും അവരുമായി എന്ത് ബന്ധം? “
“പറയാം. നീ ടെന്‍ഷന്‍ അടിക്കല്ലേ. ശില്പയുടെ അച്ഛന്‍ ലക്ഷ്മിയുടെ അച്ഛന്‍ രത്തന്‍ റായിയുടെ മാനേജര്‍ ആയിരുന്നു. അദ്ദേഹത്തിന്‍റെ മരണ ശേഷം ലക്ഷ്മി ഒത്തിരി നിര്‍ബന്ധിച്ചെങ്കിലും അയാള്‍ ജോലിയൊക്കെ വിട്ടു നാട്ടിലേക്ക് പോയി. രത്തന്‍ റായിയുമായി അത്ര അടുപ്പത്തില്‍ ആയിരുന്നു അയാള്‍. അത് കൊണ്ടാകാം രത്തന്‍ റായിയുടെ മരണം അയാളെ തളര്‍ത്തിയത്.
